തോമാശ്ലീഹയുടെ വരവും ചേരമാന്റെ മതംമാറ്റവും കെട്ടുകഥ: എംജിഎസ്
കൊച്ചി: സെന്റ് തോമസ് കേരളത്തിലേക്ക് വന്നുവെന്നുള്ളതും ചേരമാന്‍ പെരുമാള്‍ മക്കയില്‍ പോയി മതം മാറിയെന്നതും കെട്ടുകഥകള്‍ മാത്രമാണെന്നും ഇതിന് ചരിത്രവുമായി യാതൊരു ബന്ധവുമില്ലെന്നും എം.ജി.എസ്. നാരായണന്‍. ക്രിസ്ത്യാനികള്‍ ഉണ്ടാക്കിയ വെറുമൊരു കഥയാണ് സെന്റ് തോമസിന്റെ കേരളത്തിലെ വരവ്, സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച മലയാളഭാഷാവാരാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവിന്റെ നേരിട്ടുള്ള ശിഷ്യനാണ് സെന്റ് തോമസ്. ഇത് ഒന്നാം നൂറ്റാണ്ടിലാണ്. ഇക്കാലത്ത് കേരളത്തില്‍ നമ്പൂതിരി സമുദായമില്ല. പിന്നെയെങ്ങനെ ഇവിടെയെത്തി സെന്റ് തോമസ് നമ്പൂതിരിമാരെ മതംമാറ്റും. സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്നതിനെ മാര്‍പാപ്പപോലും അംഗീകരിക്കുന്നില്ല. ലാറ്റിന്‍, അല്‍മായ, സിറിയ പിന്നിട്ട് സെന്റ് തോമസ് ഹിന്ദില്‍ എത്തിയതായും ഗോണ്ടകോറസ് രാജാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് കിഴക്കോട്ട് പോയതായും പറയുന്നു.
ഗോണ്ട കോറസ് രാജാവ് ഭരിച്ചിരുന്നത് ഇന്നത്തെ അഫ്ഗാനിസ്ഥാനിലാണ്. തക്ഷശിലയായിരുന്നു അത്.
പോര്‍ച്ചുഗീസ് ആധിപത്യത്തിന് ശേഷമാണ് ക്രിസ്ത്യാനികള്‍ കേരളത്തിലെത്തുന്നത്. ഇത്15-ാം നൂറ്റാണ്ടിന് ശേഷമാണ്. പോര്‍ച്ചുഗീസ് സുനഹദോസില്‍ പോലും സെന്റ് തോമസിന്റെ വരവിനെക്കുറിച്ച് പറയുന്നില്ല. പുരാതന ക്രിസ്ത്യാനികള്‍ മേന്മയ്ക്കായി മാത്രം ഈ പാരമ്പര്യം ഘോഷിക്കുന്നു.
ചേരമാന്‍ പെരുമാള്‍ മക്കയില്‍ പോയി മതംമാറിയെന്നത് മുസ്ലീങ്ങള്‍ ഉണ്ടാക്കിയ കെട്ടുകഥയാണ്. പ്രവാചകന്റെ കാലം ഏഴാം നൂറ്റാണ്ടാണ്. കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാന്‍മാരുടെ കലാഘട്ടം ഒന്‍പതാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ട് വരെയാണ്. പിന്നെയെങ്ങനെയാണ് ചേരമാന്‍ പെരുമാള്‍ പ്രവാചകനെ ചെന്ന് കണ്ട് മതംമാറുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസിനെ മാര്‍ക്സിസ്റ്റുകാരുടെ പോഷകസംഘടനയാക്കി മാറ്റിയതായും എംജിഎസ് പറഞ്ഞു. 1982 മുതല്‍ 1985 വരെ എംജിഎസ് ജനറല്‍ സെക്രട്ടറിയായിരുന്നു. അതിനുശേഷം സുമിത് സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമാണ് മാര്‍ക്സിസ്റ്റ്‌വല്‍ക്കരണം നടക്കുന്നത്. ഇപ്പോഴിത് പാര്‍ട്ടി പരിപാടിപോലെയായതായും എംജിഎസ് പറഞ്ഞു.
No comments:
Post a Comment