പൂങ്കാവനം
പമ്പയില്‍ നിന്ന് കഠിനമായ മലകയറ്റം കഴിഞ്ഞ് സ്വാമിയുടെ സന്നിധാനത്തിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അനിര്‍വ്വചനീയമായ അനുഭൂതിയാണ് ഉണ്ടാവുക. കുത്തനെയുള്ള നീലിമലകയറ്റം കഠിനമെങ്കിലും സ്വാമിയുടെ പൂങ്കാവനത്തിലൂടെയുള്ള ഈ യാത്ര അവരെ ആനന്ദചിത്തരാക്കുന്നു.പമ്പയില്‍ കുളിച്ച് പാപവിമുക്തരായി ഇരുമുടിക്കെട്ടുമേന്തി മലകയറ്റം ആരംഭിക്കുന്ന അയ്യപ്പന്മാര്‍ ആദ്യം നാളികേരമുടച്ച് പമ്പാഗണപതിയെ വന്ദിക്കുന്നു. ശക്തി, ശ്രീരാമന്‍, ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ആരാധന നടത്തി, പന്തളരാജാവിന്റെ സങ്കേതത്തിലെത്തി പ്രസാദം വാങ്ങിയ ശേഷം മല കയറിത്തുടങ്ങുന്നു. കുത്തനെയുള്ള നീലിമല കയറി അപ്പാച്ചിമേടിലെത്തുമ്പോള്‍ കന്നി അയ്യപ്പന്മാര്‍ അരിപ്പൊടി കൊണ്ടുള്ള ഉണ്ടകള്‍ താഴ്‌വാരത്തിലേക്ക് വലിച്ചെറിയുന്നു. ദുര്‍ദ്ദേവതകളെ പ്രീതിപ്പെടുത്താനാണിങ്ങനെ ചെയ്യുന്നത്.
കുറച്ചുദൂരംകൂടി കയറുമ്പോള്‍ ശബരീപീഠത്തിലെത്തുന്നു. ശബരിയുടെ സ്വര്‍ഗ്ഗാരോഹണം ഇവിടെ വച്ചായിരുന്നു എന്നു പറയുന്നു. അയ്യപ്പന്മാര്‍ ശബരീപീഠത്തില്‍ തേങ്ങയുടച്ച്, കര്‍പ്പൂരം കത്തിച്ച്, വഴിപാടര്‍പ്പിച്ച് മലകയറ്റം തുടരുന്നു. തുടര്‍ന്ന സമതലമായ മരക്കൂട്ടത്തിലെത്തുന്നു. പമ്പയില്‍ വെച്ചു പിരിയുന്ന സ്വാമി അയ്യപ്പന്‍ റോഡ് ഇവിടെയെത്തിച്ചേരുന്നു. തുടര്‍ന്നാണ് ശരംകുത്തി. കന്നി അയ്യപ്പന്മാര്‍ കയ്യില്‍ കരുതുന്ന ഇവിടെ കുത്തി വെച്ചശേഷമേ പതിനെട്ടാം പടി കയറാനും അയ്യപ്പദര്‍ശനം നടത്താനും പാടുള്ളൂ എന്നാണ് വിശ്വാസം.
തുടര്‍ന്ന് സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തന്മാര്‍ പതിനെട്ടാംപടിയ്‌ക്കിരുവശത്തുമുള്ള കറുപ്പുസ്വാമിയെയും കടുത്തസ്വാമിയെയും വണങ്ങി നാളികേരമുടച്ച് ശരണം വിളിച്ചുകൊണ്ട് പതിനെട്ടാം പടി കയറി അയ്യപ്പദര്‍ശനം നടത്തുന്നു. മാലയിട്ട്, വ്രതമെടുത്ത് ഇരുമുടിയേന്തി വരാത്ത അയ്യപ്പഭക്തര്‍ പതിനെട്ടാംപടി കയറാന്‍ പാടില്ല. വടക്കുവശത്തുള്ള പടികളിലൂടെ കയറി അവര്‍ക്ക് അയ്യപ്പദര്‍ശനം നടത്താം. സന്നിധാനത്തിലുള്ള ഭസ്‌മക്കുളത്തില്‍ മുങ്ങുന്ന ഭക്തര്‍ തിരുസന്നിധിയില്‍ ചെന്നു വണങ്ങി ശയനപ്രദക്ഷിണം നടത്തുന്നു. അയ്യപ്പദര്‍ശനത്തിനുശേഷം അയ്യപ്പന്മാര്‍ കന്നിമൂല ഗണപതിയെയും മാളികപ്പുറത്തെത്തി ദേവിയെയും വണങ്ങുന്നു.
No comments:
Post a Comment