Wednesday 19 September 2012

മാനനീയ സീതാറാം കേദിലായയുടെ ഭാരത പരിക്രമ പദയാത്രക്ക് ചെന്ദ്രാപ്പിന്നിയില്‍ നല്‍കിയ സ്വീകരണം






ഭാരത പദയാത്ര
വയസ്സ്‌ അറുപത്തിനാല്‌. ഈ പ്രായത്തില്‍ മറ്റുള്ളവര്‍ക്കിത്‌ അസാധ്യമായി തോന്നാം. ചിലര്‍ക്ക്‌ അവിശ്വസനീയവും. ഒരു ദിവസം ശരാശരി പത്ത്‌ കിലോമീറ്റര്‍ എന്ന കണക്കില്‍ വര്‍ഷംതോറും 3650 കിലോമീറ്റര്‍. നാല്‌ വര്‍ഷംകൊണ്ട്‌ പതിനാലായിരത്തിലേറെ കിലോമീറ്റര്‍ നടന്നുതീര്‍ക്കുക. പതിനെണ്ണായിരം ഗ്രാമങ്ങളുടെ ഹൃദയസ്പന്ദനങ്ങളറിഞ്ഞ്‌ കാല്‍നടയായി ഒരു ഭാരതപരിക്രമ. “ഗ്രാമങ്ങളുടെ രക്ഷയും സംരക്ഷണവുമാണ്‌ ഇന്ന്‌ ഭാരതത്തിനാവശ്യം. എന്റെ പദയാത്ര ഈ ലക്ഷ്യം വെച്ചുള്ളതാണ്‌”- സീതാറാം കേത്ലായയുടെ വാക്കുകളില്‍ കാര്യം നിസ്സാരം. ഏറ്റെടുത്തിരിക്കുന്ന ദൗത്യമോ, പുരുഷായുസ്സുകള്‍ എത്ര ലഭിച്ചാലും മറ്റ്‌ പലര്‍ക്കും പൂര്‍ത്തിയാക്കാനാവാത്തത്‌. എന്നാല്‍ കേത്ലായയെ അറിയുന്നവര്‍ അസാധാരണമായി എന്തെങ്കിലും ചെയ്യുകയാണ്‌ അദ്ദേഹമെന്ന്‌ കരുതുകയില്ല.

മംഗലാപുരത്തിനടുത്തെ പുത്തൂര്‍ സ്വദേശി. സംസ്കൃത-വേദ പണ്ഡിതന്‍. നാല്‌ പതിറ്റാണ്ടിലേറെക്കാലമായി ആര്‍എസ്‌എസ്‌ പ്രചാരകന്‍. സംഘടനയുടെ അഖിലഭാരതീയ സേവാ പ്രമുഖ്‌ എന്ന ചുമതലയൊഴിഞ്ഞത്‌ അടുത്തിടെ മാത്രം. സേവനരംഗത്ത്‌ രണ്ട്‌ പതിറ്റാണ്ട്‌ കാലത്തെ അനുഭവസമ്പത്ത്‌. ബാബ രാംദേവ്‌, ശ്രീ ശ്രീ രവിശങ്കര്‍, സിഖ്‌ പുരോഹിതന്മാര്‍, ബൗദ്ധ-ജൈന സന്ന്യാസിമാര്‍ എന്നിവരുമായി ആത്മസൗഹൃദം. ജല്‍, ജീവന്‍, ജാന്‍വര്‍(ജലം, ജീവന്‍, മൃഗങ്ങള്‍) എന്ന മുദ്രാവചനമുയര്‍ത്തിപ്പിടിക്കുന്ന പരിസ്ഥിതിയുടേയും ജൈവകൃഷിയുടേയും വക്താവ്‌. 2009 സെപ്തംബര്‍ മുതല്‍ 2010 ജനുവരി വരെ നടന്ന വിശ്വമംഗല ഗോഗ്രാമയാത്രയുടെ മുഖ്യ സംഘാടകന്‍, ഇരുപത്തിയഞ്ച്‌ വര്‍ഷമായി ഭക്ഷണം ദിവസത്തില്‍ ഒരു നേരം മാത്രം. ഇപ്പോഴത്തെ യാത്രയില്‍ പണം കൈകൊണ്ട്‌ തൊടില്ല. ദക്ഷിണ വാങ്ങുന്നതും കൊടുക്കുന്നതും മറ്റുള്ളവരുടെ കൈകളാല്‍….. വിശേഷണങ്ങള്‍ ഇങ്ങനെ നീളുമെങ്കിലും ധരിക്കുന്ന വസ്ത്രങ്ങള്‍ ഒന്ന്‌ തേയ്ക്കുകപോലും ചെയ്യാത്തത്ര ലളിതമാണ്‌ കേത്ലായയുടെ ജീവിതം.

2012 ആഗസ്റ്റ്‌ ഒമ്പതിന്‌ കന്യാകുമാരിയില്‍ നിന്നാണ്‌ കേത്ലായ യാത്ര തുടങ്ങിയത്‌. ആഗസ്റ്റ്‌ ഏഴിന്‌ ശംഖനാദം മുഴക്കി സൂര്യധ്വജാരോഹണം നടന്നു. എട്ടിന്‌ രാവിലെ ബംഗളൂരുവിലെ വേദവിജ്ഞാന ഗുരുകുലത്തില്‍ നിന്നെത്തിയ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടന്ന മഹാഗണപതിഹോമത്തിനുശേഷം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ ഒരു പ്രദക്ഷിണം. കന്യാകുമാരി ജില്ലയിലെ നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന വലിയമല രാമകൃഷ്ണ ആശ്രമത്തിലെ ചൈതന്യാനന്ദജി മഹാരാജാണ്‌ യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്‌.

“ഈ ദിനത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭം തുടങ്ങിയത്‌ 1942 ആഗസ്റ്റ്‌ ഒമ്പതിനാണ്‌. അഞ്ച്‌ വര്‍ഷത്തിനുശേഷം ബ്രിട്ടീഷ്‌ ഭരണം ഭാരതത്തില്‍ അവസാനിച്ചു”- യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ കേത്ലായ പറഞ്ഞു. ആഗസ്റ്റ്‌ ഒമ്പതിനാണ്‌ തന്റെ ജന്മദിനമെന്ന കാര്യം പക്ഷെ ആ ആത്മത്യാഗി പറഞ്ഞതേയില്ല. ഗോഗ്രാമയാത്രയ്ക്കെന്നപോലെ കേത്ലായയുടെ ഈ യാത്രയ്ക്കും ശ്രീ ശ്രീ രവിശങ്കര്‍, ബാബ രാംദേവ്‌ തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകളുണ്ട്‌. യാത്രാപഥങ്ങളില്‍ അദ്ദേഹം ഈ ഗുരുപ്രഭാവന്മാരെ വീണ്ടും കണ്ടുമുട്ടും. യാത്രയ്ക്ക്‌ ഒരാഴ്ച മുമ്പ്‌ കേരളത്തിലെത്തിയ കേത്ലായ വള്ളിക്കാവിലെ അമൃതാനന്ദമയീ മഠത്തില്‍ അഞ്ച്‌ ദിവസം അമ്മയുടെ ആത്മീയ സമ്പര്‍ക്കത്തില്‍ കഴിഞ്ഞിരുന്നു.
യാത്രാപഥം

ഭാരത യാത്രകള്‍ ഇതിനു മുമ്പും പലതുണ്ടായിട്ടുണ്ടെങ്കിലും അവയില്‍പ്പെടുത്താവുന്നതല്ല കേത്ലായയുടെ ഭാരതപരിക്രമ പദയാത്ര. സ്വാമിവിവേകാനന്ദനും ഗാന്ധിജിയും നടത്തിയ ഭാരതപര്യടനങ്ങള്‍ ഏറിയ കൂറും തീവണ്ടികളിലും മറ്റു വാഹനങ്ങളിലുമായിരുന്നുവെന്ന്‌ ഏവര്‍ക്കുമറിയാം. അന്തരിച്ച മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തി മൂന്നില്‍ നടത്തിയ ഭാരതയാത്ര കേത്ലായയുടേതുപോലെ സര്‍വതലസ്പര്‍ശിയായിരുന്നില്ല. കന്യാകുമാരിയില്‍നിന്ന്‌ ആരംഭിച്ച്‌ ദല്‍ഹിയിലെ രാജ്ഘട്ടില്‍ അവസാനിച്ച ഈ യാത്ര 4260 കിലോമീറ്റര്‍ മാത്രമായിരുന്നു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ അദ്വൈതാചാര്യനായ ശ്രീശങ്കരന്‍ കേരളത്തിലെ കാലടിയില്‍നിന്ന്‌ കാല്‍നടയായി സഞ്ചരിച്ച്‌ ചതുര്‍ധാമങ്ങള്‍ സ്ഥാപിക്കാന്‍ നടത്തിയ യാത്രയോട്‌ ഭാരതപരിക്രമ പദയാത്രയെ താരതമ്യപ്പെടുത്താം. ചതുര്‍ധാമങ്ങളായ പുരി, ദ്വാരക, ബദരി, രാമേശ്വരം എന്നീ തീര്‍ത്ഥസ്ഥാനങ്ങളിലൂടെയാണ്‌ പരിക്രമ പദയാത്രയും കടന്നുപോവുന്നത്‌.

പ്രചണ്ഡമായ പ്രചാരണ കോലാഹലങ്ങളില്ല. മുഴക്കം കെട്ടടങ്ങാത്ത മുദ്രാവാക്യങ്ങളില്ല. കൊടി പാറുന്ന അകമ്പടി വാഹനങ്ങളോ തിക്കിത്തിരക്കുന്ന ജനക്കൂട്ടങ്ങളുടെ ആരവങ്ങളോ ഇല്ല. കരഘോഷമുയര്‍ത്തുന്ന പ്രസംഗങ്ങളുമില്ല. ജനപഥങ്ങളുടെ ജീവല്‍ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ്‌ ഏകനായി ഒരു യാത്ര. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ തുടങ്ങി കേരളം, കര്‍ണാടക എന്നിവയിലൂടെ ഗോവയിലേയ്ക്കും തുടര്‍ന്ന്‌ മഹാരാഷ്ട്രയിലേയ്ക്കും പ്രവേശിക്കുന്നു. അവിടെനിന്ന്‌ മധ്യപ്രദേശ്‌, ഗുജറാത്ത്‌, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേയ്ക്ക്‌. പിന്നീട്‌ പഞ്ചാബ്‌, ജമ്മുകാശ്മീര്‍, ഹിമാചല്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളിലൂടെ സഞ്ചാരം. ബീഹാറും ബംഗാളും ത്രിപുരയും പിന്നിട്ട്‌ മേഘാലയയിലേക്കും അസമിലേയ്ക്കും പ്രവേശിക്കുന്നു. അവിടെനിന്ന്‌ അരുണാചല്‍പ്രദേശില്‍ കടന്ന്‌ പുണ്യതീര്‍ത്ഥമായ പരശുരാമ കുണ്ഡിലെത്തുമ്പോള്‍ ഭാരതത്തിന്റെ ഒരറ്റത്തുനിന്ന്‌ തുടങ്ങിയ പദയാത്ര മറ്റൊരറ്റത്തെ സ്പര്‍ശിക്കും. അരുണാചലില്‍നിന്ന്‌ വീണ്ടും അസമിലേക്ക്‌. പിന്നീട്‌ മേഘാലയ. ഒരിക്കല്‍ക്കൂടി ബംഗാളിലേക്ക്‌. തുടര്‍ന്ന്‌ ഒറീസ, ഝാര്‍ഖണ്ഡ്‌, ഛത്തീസ്ഗഢ്‌, ആന്ധ്രാപ്രദേശ്‌ വഴി തമിഴ്‌നാട്ടില്‍ കടന്ന്‌ കന്യാകുമാരിയില്‍ തിരിച്ചെത്തുന്നതോടെ മഹാപരിക്രമയും സീതാറാം കേത്ലായയും ലക്ഷ്യം കാണും.

കന്യാകുമാരിയില്‍നിന്ന്‌ പത്ത്‌ ദിവസമെടുത്താണ്‌ ഭാരതപരിക്രമ പദയാത്ര തിരുവനന്തപുരത്തെത്തിയത്‌. കൊല്ലവും ആലപ്പുഴയും കടന്ന്‌ തൃശ്ശൂരിലെത്താന്‍ വീണ്ടും ഇരുപത്‌ ദിവസം. ഓരോ ദിവസവും ഹൃദ്യവും ശ്രദ്ധേയവുമായ വരവേല്‍പ്പാണ്‌ യാത്രാനായകനായ കേത്ലായയ്ക്ക്‌ ലഭിച്ചത്‌. കോഴിക്കോട്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ വഴി കര്‍ണാടകയിലേയ്ക്ക്‌ പ്രവേശനം. കേരളത്തില്‍ എഴുപത്തിയഞ്ച്‌ ദിവസം പിന്നിടുന്ന യാത്ര നവംബര്‍ അഞ്ചിന്‌ അതിര്‍ത്തി കടന്ന്‌ കര്‍ണാടകയില്‍.

യാത്രാനായകനായ കേത്ലായയുടെ ഒരു ദിവസം ഇങ്ങനെ: രാവുണരും മുമ്പ്‌ പുലര്‍ച്ചെ നാലിന്‌ ഉറക്കമുണരുന്നു. കുളികഴിഞ്ഞ്‌ ഭാരതമാതാവിനെ സ്തുതിക്കുന്ന ഏകാത്മതാ സ്തോത്രം. പിന്നെ സൂര്യനമസ്ക്കാരം, യോഗ പരിശീലനം, ഗോമാതാ പൂജ. ആറ്‌ മണിയ്ക്ക്‌ യാത്ര തുടങ്ങുന്നു. പത്ത്‌ കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന ഗ്രാമത്തില്‍ ഫലവൃക്ഷത്തൈ നട്ടശേഷം വിശ്രമം. ഉച്ചയ്ക്ക്‌ പന്ത്രണ്ടരയോടെ മന്ത്രോച്ചാരണവുമായി ഏതെങ്കിലും വീട്ടുപടിക്കല്‍. അവിടെനിന്ന്‌ കിട്ടുന്നത്‌ അന്നത്തെ ആഹാരം. കൃഷിക്കാര്‍, ക്ഷീരകര്‍ഷകര്‍, പ്രകൃതി സ്നേഹികള്‍ എന്നിവരുമായി ആശയവിനിമയം. ഗ്രാമത്തിലെ നിരാലംബരും രോഗബാധിതരും വികലാംഗരുമായ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച്‌ സ്വാന്തനപ്പെടുത്തല്‍. സന്ധ്യയ്ക്ക്‌ ഭജന. പിന്നീട്‌ ഗ്രാമവാസികളും യുവതീയുവാക്കളും ഒത്തുചേരുന്ന സത്സംഗം. കുറഞ്ഞ വാക്കുകളില്‍ പ്രഭാഷണം.

സത്സംഗത്തില്‍ പങ്കെടുക്കുന്നവരുടെ മുന്നില്‍ ഗ്രാമവികാസത്തിനുള്ള എട്ടിന പരിപാടിയാണ്‌ കേത്ലായ മുന്നോട്ട്‌ വയ്ക്കുന്നത്‌. ~ഒന്ന്‌: ഗോപരിപാലനവും കൃഷി സംരക്ഷണവും. രണ്ട്‌: ജല സംരക്ഷണം മൂന്ന്‌: പരിസ്ഥിതി സംരക്ഷണം. നാല്‌: ഗ്രാമത്തിലെ ജൈവവൈവിധ്യം നിലനിര്‍ത്തല്‍. അഞ്ച്‌: പരമ്പരാഗതമായ ആരോഗ്യപരിപാലനം വഴി ഗ്രാമത്തിലെ ആരോഗ്യ സംരക്ഷണം. ആറ്‌: ജലസമ്പത്ത്‌ നിലനിര്‍ത്തല്‍. ഏഴ്‌: ഗ്രാമത്തിലെ തനതായ കലാ കായിക വിനോദങ്ങള്‍ നിലനിര്‍ത്തല്‍. എട്ട്‌: പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ കാലാനുസൃതമായി വികസിപ്പിച്ച്‌ മുന്നോട്ടു കൊണ്ടുപോകല്‍.

ആലപ്പുഴയില്‍ പദയാത്രയെ സ്വീകരിക്കാന്‍ ഒരു ക്രൈസ്തവ സഭയുമുണ്ടായിരുന്നു. മംഗലം സെന്റ്‌ മാക്സി മില്യണ്‍ കോള്‍ബി ചര്‍ച്ചില്‍ ഊഷ്മള വരവേല്‍പ്പാണ്‌ കേത്ലായയ്ക്ക്‌ ലഭിച്ചത്‌. യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും തന്റെ സ്വപ്നത്തിലെ ഭാവിഭാരതത്തെക്കുറിച്ചും കേത്ലായ ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചു. വൈദികരുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. എറണാകുളത്തെ നെട്ടൂരില്‍ യത്തീംഖാനയിലും കേത്ലായയ്ക്ക്‌ സ്വീകരണം ലഭിച്ചു. അവിടെ നടത്തിയ ചെറുപ്രഭാഷണത്തില്‍ ഭാരതത്തിന്റെ ആത്മാവ്‌ ഗ്രാമങ്ങളിലാണ്‌ കുടികൊള്ളുന്നതെന്നും ഗ്രാമീണനും കര്‍ഷകനും പ്രകൃതിയെ ദൈവമായി കാണുന്നവരാണെന്നും കേത്ലായ ഓര്‍മ്മപ്പെടുത്തി.

വിചാരപഥം
ഗ്രാമങ്ങളെ ഇന്ന്‌ ആര്‍ക്കും വേണ്ട. വികസനം നഗരകേന്ദ്രിതമായിട്ടാണ്‌ നടക്കുന്നത്‌. സര്‍ക്കാര്‍ വികസനത്തിനായി കോടികള്‍ ചെലവഴിക്കുന്നത്‌ നഗരങ്ങളില്‍ മാത്രമാണ്‌. ഗ്രാമത്തിലുള്ളവര്‍ തൊഴില്‍തേടി നഗരത്തില്‍ ചേക്കേറുന്നു. എല്ലാംകൊണ്ടും ഗ്രാമങ്ങള്‍ ദരിദ്രമാകുന്നു. എല്ലാം കൈമാറ്റം ചെയ്യുന്നതായിരുന്നു ഭാരത സംസ്കാരം. ഭക്ഷണവും ബുദ്ധിയും സംസ്ക്കാരവും എല്ലാം കൈമാറുന്നതിന്‌ ഭാരതത്തില്‍ മടിയുണ്ടായിരുന്നില്ല. ഗ്രാമങ്ങളില്‍ ഇന്നും ആ സംസ്കാരം നിലനില്‍ക്കുന്നു. അത്‌ തൊട്ടറിയണം. ഗ്രാമീണ സംസ്ക്കാരം ഊട്ടിയുറപ്പിച്ചാല്‍ മാത്രമേ ഭാരതത്തിന്റെ ഭാവി ഭദ്രമാകുകയുള്ളൂ. ആത്മീയതയാണ്‌ എല്ലാറ്റിനുമുള്ള മറുമരുന്ന്‌. നമ്മുടെ പൈതൃകവും സംസ്ക്കാരവും മറന്ന്‌ വിദേശസംസ്ക്കാരത്തിന്റെ പിറകെ പായുന്നത്‌ ആപല്‍ക്കരമാണ്‌. കൃഷിയും പശുക്കളും ക്ഷേത്രങ്ങളും പ്രകൃതിയും പക്ഷിമൃഗാദികളും സംരക്ഷിക്കപ്പെടണം.

നൂറ്‌ കണക്കിനാളുകള്‍ ഇപ്പോള്‍ നാടന്‍ പശുക്കളെ വീടുകളില്‍ വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നഗരങ്ങളില്‍ താമസിക്കുന്ന നിരവധിപേര്‍ ഗ്രാമങ്ങളില്‍ സ്ഥലം വാങ്ങി ജൈവകൃഷിക്ക്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌. രാസകൃഷിയില്‍നിന്ന്‌ ജൈവകൃഷിയിലേക്ക്‌ മാറുന്നവരുടെ എണ്ണവും പല മടങ്ങ്‌ വര്‍ധിച്ചു. പ്രകൃതിയെ സംരക്ഷിക്കുകയെന്ന മനോഭാവം രാജ്യമെമ്പാടും ശക്തിപ്പെട്ടിരിക്കുകയാണ്‌. പുരുഷന്മാര്‍ മറ്റ്‌ ജോലികള്‍ക്ക്‌ പോകുന്നതിനാല്‍ വീടുകളില്‍ വളരുന്ന പശുക്കള്‍ക്ക്‌ എല്ലാ പരിചരണവും നല്‍കുന്നത്‌ സ്ത്രീകളാണ്‌. ഗ്രാമ, പ്രകൃതി, ഗോ സംരക്ഷണത്തില്‍ സ്ത്രീകള്‍ സജീവമാകുന്നത്‌ നല്ല ലക്ഷണമാണ്‌. രാഷ്ട്രത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ കഴിയുന്ന മാധ്യമമാണ്‌ പശു. ഭാഷയിലും ദേശത്തിലും വസ്ത്രധാരണ രീതിയിലും ആരാധനയിലുമുള്ള വ്യത്യാസങ്ങള്‍ ഇതിന്‌ തടസ്സമേയല്ല.
ദിനംതോറും 20-25 ലിറ്റര്‍ പാല്‍ നല്‍കുന്ന നല്ലയിനം പശുക്കള്‍ ഉണ്ടാവണം. രാജ്യവ്യാപകമായി അയ്യായിരം കാളകള്‍ക്കായി ശ്രമം നടക്കണം. നല്ലയിനം പശുക്കളുടെ പ്രജനനത്തിനായി ഇവയെ ഗോശാലകള്‍ക്ക്‌ വിതരണം ചെയ്യണം. കൃത്രിമ ബീജസങ്കലനത്തിലൂടെ വിദേശയിനം പശുക്കളെ സൃഷ്ടിക്കുന്നത്‌ പൂര്‍ണമായും നിര്‍ത്തണം. സ്വയംപര്യാപ്ത ഗോശാലകള്‍ നിലവില്‍ വരണം. ആശ്രമങ്ങളില്‍ ഇതിനുള്ള പരിശീലനം ലഭ്യമാക്കണം. ഇതിന്‌ പുറമെ നല്ലയിനം പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. പശു കേന്ദ്രീകൃതമായ വ്യവസായം നടത്താന്‍ കഴിയുന്നവരെ കണ്ടെത്തണം. ബയോഗ്യാസ്‌ നിര്‍മിക്കുന്നവരേയും സൗരോര്‍ജ്ജം, കാറ്റില്‍നിന്നുള്ള ഊര്‍ജ്ജം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നവരേയും പ്രോത്സാഹിപ്പിക്കണം. ഇത്തരം വ്യവസായികളുടെ വന്‍ ശൃംഖല സൃഷ്ടിക്കണം..

ലോകത്ത്‌ ഇന്ന്‌ പലതരത്തിലുള്ള അശാന്തി നിലനില്‍ക്കുന്നു. വായുവും വെള്ളവും ഭൂമിയും മാത്രമല്ല, അവരവരെത്തന്നെ പണത്തിനായി വില്‍ക്കുന്ന സാഹചര്യം. ഇത്‌ പുരോഗമനമല്ല. അധഃപതനമാണ്‌. അമേരിക്ക ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഈ അധഃപതനത്തിന്റെ വെല്ലുവിളി നേരിടുന്നു. മറ്റു ചില രാജ്യങ്ങള്‍ തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും ഫലമായി വിഷമിക്കുകയാണ്‌. പലകാരണങ്ങള്‍കൊണ്ട്‌ ലോകത്താകമാനം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ അവസ്ഥയില്‍ ലോകത്തിന്‌ സമാധാനം കൊണ്ടുവരാന്‍ കഴിയുക ഭാരതത്തിനുമാത്രമാകും. ഇപ്പോഴും ഭാരതത്തിന്റെ ഗ്രാമങ്ങള്‍ തികച്ചും സമാധാനപൂര്‍വമായാണ്‌ ജീവിക്കുന്നത്‌.

വികസനത്തിന്റെ പേരില്‍ അന്ധമായ അനുകരണവും നശീകരണവും നടത്തുന്ന ഭരണകര്‍ത്താക്കളും പരിഷ്ക്കാരത്തിന്റെ പിറകെ ലക്കില്ലാതെ പായുന്ന ജനങ്ങളും അന്താരാഷ്ട്രതലത്തില്‍ ഭാരതത്തെ വിഘടിപ്പിക്കുന്ന ഗൂഢാലോചനയ്ക്ക്‌ പിന്തുണ നല്‍കുകയാണ്‌. പാക്കിസ്ഥാനും ബംഗ്ലാദേശും ഭീകരതയാല്‍ വീര്‍പ്പുമുട്ടുന്നു. അവര്‍ ഭാരതത്തില്‍ വീണ്ടും ചേരാന്‍ ആഗ്രഹിക്കുകയാണ്‌. അഖണ്ഡഭാരതം എന്നത്‌ ഒരു വിദൂര സ്വപ്നമല്ല. പക്ഷെ, നാം ഭാരതത്തെ ആ സ്വപ്നസാക്ഷാത്ക്കാരത്തിനായി ശക്തിപ്പെടുത്തണം. ഇതിന്‌ ഗ്രാമീണ ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കണം. ഗോഹത്യ ഇല്ലാതാകണം. ജൈവ കൃഷി പുനഃരുജ്ജീവിപ്പിക്കണം. നദികള്‍ മാലിന്യമുക്തമാക്കണം. എണ്ണമറ്റ ദേശഭക്തര്‍ മുന്നിട്ടിറങ്ങണം.

ഈ തിരിച്ചറിവുകളുടെ തെളിഞ്ഞ പാതയിലൂടെയാണ്‌ സീതാറാം കേത്ലായ സഞ്ചരിക്കുന്നത്‌. “ഭാരതം ജീവിക്കുന്നത്‌ ഗ്രാമങ്ങളിലാണ്‌. ഗ്രാമങ്ങള്‍ നശിച്ചാല്‍ ഭാരതവും നശിക്കും. ഭാരതം അതല്ലാതാവും” എന്ന ഗാന്ധിജിയുടെ വചനവും കേത്ലായയെ കൈപിടിച്ചു നടത്തുന്നു. 
മാനനീയ സീതാറാം കേദിലായയേ ഏറണാംകുളത്ത് സ്വീകരിക്കുന്നു 

ആ മഹായോഗി പ്രയാണം തുടരുകയാണ്.... 

ചരൈവേതി... ചരൈവേതി.... 

മാനനീയ സീതാറാം ജി എറണാകുളം ജില്ലയില്‍, നെട്ടൂരില്‍.....


സീതാറാം ജി മയ്യഴിയില്‍ (മാഹി) ഗാന്ധി പ്രതിമയില്‍ മാല 
ചാര്‍ത്തുന്നു. ഒപ്പം കോഴിക്കോട് സംഭാഗ് കാര്യവാഹ് പി പി 
സുരേഷ്ബാബു.


സീതാറാം ജി തലശേരിയില്‍എത്തിയപ്പോള്‍ 

Sunday 16 September 2012

ഋഷിപഞ്ചമി 20-Sep-2012




ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്.ഈ ദിവസമാണ് (ബഹ്മഋഷികളായ സപ് തര്‍ഷികളേയും, പഞ്ച ഋഷികളേയും പൂജിക്കേണ്ടത്.കശ്യപന്, അത്രി, ഭരദ്വാജന്, വിശ്വാമിത്രന്, ഗൗതമന്, ജമദഗ്നി, വസിഷ്ഠന് എന്നിവരാണു സപ് തര്‍ഷികള്.മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ എന്നിവരാണു പഞ്ച ഋഷികള്.

ഇന്നേ ദിവസം (വതം അനുഷ്ടിക്കുന്നവ൪ ഏതെഗിലും നദിയിലോ ജലാശയത്തിലോ പോയി കുളിച്ചുവന്ന് മുറ്റത്തു തറയുണ്ടാക്കണം.പിന്നീട് ചാണകം മെഴുകി മണ്ണ് കുടമോ,ചെമ്ബുകുടമോ വെള്ളം നിറച്ച് അഷ്ടദളപദ്മം നി൪മ്മിക്കണം.തുട൪ന്നു അരുന്ധതിയോടോപ്പം സപ് തര്‍ഷികളെ പുജിക്കണം.

കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസം കൂടിയാണിത്.പഞ്ച ഋഷികള്ക്ക് വിരാട് വിശ്വക൪മ്മാവ് ത൯റ്റെ വിശ്വരൂപം ദർശനം നല്കുന്ന ദിവസം.ദേവിദേവ൯ന്മാരും ഋഷീശ്വരന്മാരും സമസ്ത ചരാചരങ്ങളും വിശ്വക൪മ്മാവിനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസവുമാണ്
.

അക്ഷയപാത്രം



മഹാഭാരതം ആരണ്യപർവത്തിലെ ഒരു കഥയനുസരിച്ച്, സൂര്യൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു സമ്മാനിച്ച പാത്രമാണു അക്ഷയപാത്രം. പാഞ്ചാലിയുടെ ഭക്ഷണം കഴിയുന്നതുവരെ ദിവസവും അവർ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങൾ അതിൽനിന്നും ലഭിച്ചിരുന്നു.

കൗരവരോടു ചൂതിൽ തോറ്റ് വനവാസത്തിനു പുറപ്പെട്ട പാണ്ഡവരെ നിരവധി ബ്രാഹ്മണർ അനുഗമിച്ചു. അവർക്കു ഭക്ഷണം നല്കാൻ വഴികാണാതെ വിഷമിച്ച ധർമപുത്രർ‍ ‍ധൗമ്യമഹർഷിയുടെ ഉപദേശപ്രകാരം സൂര്യനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി. സൂര്യൻ

അഭീഷ്ടമെന്താണ് നിനക്കതൊക്കെക്കൈവരും പരം

ഞാനന്നം നല്കീടുമേഴുമഞ്ചു വർഷത്തിലേക്കുതേ

ഇച്ചെമ്പുപാത്രം കൈക്കൊൾക ഞാൻ തന്നതു നരാധിപ,

പാഞ്ചാലിയിതിലെ ചോറുണ്ണുംവരേയ്ക്കും ദൃഢവ്വത,

ഫലമൂലം ശാകമാംസം മടപ്പള്ളിയിൽവച്ചവ

ചതുർവിധാന്നങ്ങളുമങ്ങൊടുങ്ങാതേന്തി വന്നിടും

പതിന്നാലാമാണ്ടു പിന്നെ രാജ്യം നേടീടുമേ ഭവാൻ' 


എന്ന് ആശീർവദിച്ച് ധർമപുത്രർക്ക് പാത്രം ദാനം ചെയ്തു.

ഈ ദിവ്യപാത്രലബ്ധിയിൽ പാണ്ഡവരോട് അസൂയാലുവായിത്തീർന്ന ദുര്യോധനൻ അവരെ ആപത്തിൽ ചാടിക്കാൻ വേണ്ടി, 'പാഞ്ചാലി ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ ചെന്ന് ഭിക്ഷ ചോദിക്കണം' എന്ന നിർദേശത്തോടെ ദുർവാസാവിനെ അവരുടെ അടുക്കലേക്കു പറഞ്ഞയച്ചു. മഹർഷിയെയും ശിഷ്യൻമാരെയും സത്ക്കരിക്കാൻ നിർവാഹമില്ലാതായ പാഞ്ചാലി, രക്ഷയ്ക്കായി ശ്രീകൃഷ്ണനെ ധ്യാനിച്ചു. ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ടതു തനിക്ക് വിശപ്പിന് എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. പാഞ്ചാലി കൂടുതൽ വിഷമിച്ചു. ശ്രീകൃഷ്ണൻ അക്ഷയപാത്രം പരിശോധിച്ചതിൽ ഒരു ചീരയില കണ്ടുകിട്ടി. അതെടുത്ത് അദ്ദേഹം ഭക്ഷിച്ചു വിശപ്പടക്കി. അതോടെ, സ്നാനകർമത്തിനായി പോയിരുന്ന ദുർവാസസ്പ്രഭൃതികൾക്കു വയർനിറഞ്ഞു സംപൂർണ തൃപ്തി ലഭിച്ചു. ജ്ഞാനചക്ഷുസ്സുകൊണ്ടു യാഥാർഥ്യം ഗ്രഹിച്ച മഹർഷി പാണ്ഡവരെ അനുഗ്രഹിക്കയും കൗരവരെ ശപിക്കയും ചെയ്തു

അഭിമന്യു




മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു. പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്‍റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യു അച്ഛനോളം പോന്ന വില്ലാളിയാണ്.

ഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ അർജ്ജുനൻ പത്നിയെ സവിസ്തരം വിവരിച്ചുകേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ ചക്രവ്യൂഹത്തിൽ കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അർജ്ജുനൻ വിവരണം നിർത്തി. അതിനാൽ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തിൽനിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാൻ സാധിക്കാത്തത് പിൽക്കാലത്ത് മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.

അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണൻറെ പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്.

മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു.
എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.

തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.

ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു. ഭരതൻ വീണ്ടും യുദ്ധമുഖത്തെത്തിയപ്പോൾ അഭിമന്യു നിരായുധനായി അർദ്ധജീവനുമായി നിന്നു പോരാടുന്നതാണ്. ഈ സമയം ഒട്ടും പാഴാക്കാതെ ഗദയുമായി എത്തിയ ഭരതൻ അഭിമന്യുവിനെ വധിച്ചു.

മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ

നരകം



ത്രൈലോകത്തിനും തെക്ക്, ഗർഭോദകസമുദ്രത്തിനു മുകളിലായി, ഭൂമിയുടെ താഴെയായാണ് നരകം സ്ഥിതി ചെയ്യുന്നത്. ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻ‌വിധിയുണ്ട്.ഭാരതീയ ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ, ഭഗവദ് ഗീത എന്നിവയിൽ നരകത്തെക്കുറിച്ചുള്ള പ്രതിപാദ്യങ്ങളുണ്ട്. വേദാന്തസൂത്രത്തെപ്പറ്റിയുള്ള പഠനത്തിൽ ശങ്കരാചാര്യർ നരകത്തെക്കുറിച്ച് പ്രസ്താവിക്കുന്നുൻട്. പിതൃലോകത്തിന്റെ നാഥനായ കാലൻ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്നു.തെറ്റ് ചെയ്തവരെ തെറ്റിന്റെ സ്വഭാവം അനുസരിച്ച് അദ്ദേഹം വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നു. നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. ചിലർക്കിടയിൽ ഇവ ഇരുപത്തിയൊന്നണെറ്റ്ന്നും തർക്കമുണ്ട്. ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ വിശദമായി ഗരുഡപുരാണത്തിലും ഭാഗവതത്തിലുമുണ്ട്. വിഷ്ണുപുരാണത്തിലും നരകവർണ്ണനയുടെ അംശങ്ങൾ കാണാം. മഹാഭാരതത്തിൽ പാണ്ഡവർക്കു പോലും കുറച്ച് സമയത്തേക്ക് നരകപ്രവേശം ലഭിച്ചതായി പറയുന്നുണ്ട്.


ഇരുപത്തെട്ട് നരകങ്ങൾ

താമിസ്രം
അന്ധതാമിസ്രം
രൗരവം
മഹാരൗരവം
കുംഭീപാകം
കാലസൂത്രം
അസിഃപത്രം
സൂകരമുഖം
അന്ധകൂപം
കൃമിഭോജം സന്ദംശനവും
തപ്തമൂർത്തി
ശാല്‌മിനി
വജ്രകണ്ടകശാലി
വൈതരണി
പൂയോദകം
പ്രാണനിരോധകം
വിശസനം
ലാലഭക്ഷം
സാരമേയാശനം
അവീചി
അയഃപാനം
ക്ഷാരകർദ്ദമം
രക്ഷോഭക്ഷം
ശൂലപ്രോതം
ദന്ദശൂകം
വടാരോധം
പര്യാവർത്തനം
സൂചിമുഖം

------------------------------------------------------------------------------------------------------------
താമിസ്രം

പുരദ്രവ്യം, പരസ്ത്രീ എന്നിവരെ അപഹരിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് താമിസ്രനരകം. താമിസ്രവാസം വിധിച്ചവരെ മൃത്യുദൂതന്മാർ (കാലകിങ്കരന്മാർ) അവിടേക്ക് കെട്ടിവരിഞ്ഞെത്തിക്കും. ദാഹവും വിശപ്പും സഹിച്ച് പാപകർമ്മദോഷം തീരുന്നതുവരെയുള്ള താഡനമാണ് താമിസ്രത്തിലെ ശിക്ഷ. ഇതിലും കഠിനമാണ് അന്ധതാമിസ്രത്തിലെ ശിക്ഷ. ജീവജന്തുജാലങ്ങളെ ഹിംസിക്കുന്നവരെയാണ് അന്ധതാമിസ്രത്തിലേക്ക് അയക്കുന്നത്

രൗരവം

ജീവദ്രോഹം ചെയ്ത് ദാനകർമ്മാദികളിലേർപ്പെടാതെ ലുബ്ദനായി കഴിയുന്നവർക്കുള്ളതാണ് രൗരവനരകം. പുരുഷന്മാരാൽ കൊല്ലപ്പെട്ടവരെല്ലാം ഭൂതങ്ങളായി നരകത്തിലെത്തിചേരുന്നു. അവർ തങ്ങളെ പീഡിപ്പിച്ചതുപോലെ വിധേയനേയും യുഗങ്ങളോളം ഹിംസിക്കുന്നു. ഇവയിലും ക്രൂരമായപ്രവർത്തികൾ ചെയ്തവർക്കാണ് മഹാരൗരവം വിധിക്കപ്പെട്ടിരിക്കുന്നത്. രുരുക്കൾ (ക്രൂരസർപ്പങ്ങൾ) കൊത്തിവലിക്കുന്നതിനാലാണ് ഇവയ്ക്ക് ആ നാമം ലഭിച്ചത്.

കുംഭീപാകം

പശുക്കൾ (നാൽ‌ക്കാലികൾ), പക്ഷികൾ, പ്രാണികൾ മുതലായവയെ ഹിംസിക്കുന്നവർക്കുള്ളതാണ് കുംഭീപാകം. ഇതിലെ വാസത്തിനു യോഗ്യമായവരെ മൃത്യുദൂതന്മാർ തിളച്ച എണ്ണ നിറഞ്ഞ ചെമ്പിലിട്ട് തിളപ്പിക്കുന്നു. ശരീരം മുഴുവൻ പൊള്ളി വികൃതമാകുമ്പോൾ കൊടിലിൽ കൊരുത്ത് പുറത്തെടുത്ത് ഉടൽ ജലം തളിച്ച് പോഷിപ്പിക്കുന്നു. ശേഷം വീണ്ടും വറുക്കാനായി ചെമ്പിലേക്കിടുന്നു. ദുഷ്കർമ്മത്തിന്റെ പാപഫലത്തിനറുതി വരെ ഈ ശിക്ഷാരീതി തുടരുന്നു.

കാലസൂത്രം

പിതൃക്കൾ, ബ്രാഹ്മണർ (ബ്രഹ്മജ്ഞാനമുള്ളവർ) എന്നിവരോട് ദ്രോഹം ചെയ്യുന്നവർക്കുള്ളതാണ് കാലസൂത്രനരകം. ഇതിഒഎ ദണ്ഡനവിധേയനായവനെ മൃത്യുദൂതന്മാർ പതിനായിരം കാതം വിസ്താരമുള്ള കിഴുക്കാം തൂക്കായി കെട്ടിതൂക്കുന്നു. ശേഷം അതിന്നടിയിൽ അഗ്നി ജ്വലിപ്പിക്കുന്നു. വിശപ്പും ദാഹവും സഹിച്ച് ദുഷ്കർമ്മത്തിനറുതിയുണ്ടാകും വരെ ഈ നിലയിൽ തുടരേണ്ടി വരും

അസിഃപത്രം

സ്വധർമ്മത്തെ ഉപേക്ഷിച്ച് പരധർമ്മത്തെ സ്വീകരിക്കുന്ന പാപികളായ മനുഷ്യർക്കുള്ളതാണ് ഈ നരകം.

ഈ നരകത്തിൽ തള്ളുന്ന പാപികളെ യമകിങ്കരന്മാർ അസിപത്ര ചമ്മട്ടികൊണ്ട് ഓടിച്ചിട്ടടിക്കുന്നു. അടികൊണ്ടോടുന്ന സമയം അവർ കല്ലുകളിലും മുള്ളുകളിലും തട്ടി കമിഴ്ന്നു വീഴും. അപ്പോൾ ഭടന്മാർ അസിപത്രക്കത്തികൊണ്ട് അവരെ കുത്തി മുറിവേല്പിക്കും. അവർ മോഹാലസ്യപ്പെട്ടു വീഴും. പിന്നെ ബോധം വീണാൽ ഇതു തന്നെ ആവർത്തിക്കും

അന്ധകൂപം

കുംഭീപാകനരകത്തിൽ പറയാതെയുള്ള ജീവജന്തുക്കളെ ദ്രോഹിക്കുന്നവർക്കുള്ളതാണ് അന്ധകൂപം. അന്ധകൂപവാസത്തിനു വിധേയരായവരെ കാലകിങ്കരന്മാർ ആയിരകണക്കിനു യോജന വിസ്താരമുള്ള ഒരു കിണറ്റിൽ (കൂപം - കിണർ) പിടിച്ചിടുന്നു. ശ്വാസം പോലും ലഭിക്കാതെ പാപഫലം തീരുന്നതു വരെ അവിടെ കഴിയേണ്ടി വരും.

സന്ദംശം

സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കിൽ മൃത്യുദൂതന്മാർ ചുട്ടു പഴുത്ത കൊടിൽ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയിൽ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിപ്പിക്കുന്നു

ശാല്‌മിനി

കാമഭോഗത്തിൽ മാത്രം മനസ്സൂന്നി നടക്കുന്നവൻ വജ്രകണ്ഡകമായ ശാല്‌മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാൽ വിധേയനെ കൊമ്പുകളിൽ കോർത്ത് മേൽ‌പ്പോട്ടെറുഞ്ഞും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളാൽ ദംശനം നൽകുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങൾ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിലിടുന്നു

പൂയോദകം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) ശൂദ്രസ്ത്രീയെ പ്രാപിച്ചാൽ അയാൾക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

പ്രാണനിരോധകം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) നായാട്ട് നടത്തിയാൽ അയാൾക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാതനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗർത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവർഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും.

ലാലഭക്ഷം

ധർമ്മപത്നിയെക്കൊണ്ട് വദനസുരതം ചെയ്യിപ്പിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം.യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ അതിൽ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

അവീചി

കള്ളസാക്ഷി പറയുന്നുള്ളവർക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാർ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളിൽ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.

അയഃപാനം

ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) മദ്യസേവ ചെയ്താൽ അയാൾക്കുള്ളതാണ് അയഃപാനനരകം. പാപഫലം തീരുന്നതു വരെ മൃത്യുദൂതന്മാർ വിധേയനെ ബലമായി ഉരുലിയ കാരിരുമ്പ് കോരി കുടിപ്പിക്കുന്നു.

ക്ഷാരകർദ്ദമം

സജ്ജനനിന്ദയും ദ്രോഹവും ചെയ്യുന്നവർക്കുള്ളതാണ് ക്ഷാരകർദ്ദമനരകം. ഇതു പ്രകാരം വിധേയനെ മൃത്യുദൂതന്മാർ ക്ഷാരമയമുള്ള (ഉപ്പുരസം) ചെളിയിൽ തലകീഴായി കാലുകൾ മാത്രം വെളിയിൽ വരുന്ന രീതിയിൽ കെട്ടിതൂക്കുന്നു. പാപഫലം തീരുന്നതുവരെയാണ് ഈ ശിക്ഷാരീതി.

ശൂലപ്രോതം

വഞ്ചനകാട്ടുന്നവർക്കുള്ളതാണ് ശൂലപ്രോതനരകം. കാലകിങ്കരന്മാർ വിധേയനെ ശൂലാഗ്രത്തിൽ കൊരുത്തിടുന്നു. കാകനും കഴുകനുമെത്തി പാപിയുടെ ശരീരഭാഗങ്ങൾ കൊത്തിപറിച്ചുകൊണ്ട് പോകുന്നു. പച്ചജീവനിൽ നിന്നും പ്രാണൻ കൊത്തിപ്പറിക്കുന്ന വേദനയനുഭവിച്ച് കൊണ്ട് പാപം തീരുന്നതു വരെ വിധേയൻ കഴിയേണ്ടി വരും


ജീവികളുടെ മരണാനന്തരമുള്ള അവസ്ഥയെക്കുറിച്ച് പ്രാചീനകാലത്തു നടന്നിട്ടുള്ള ചിന്തയിൽനിന്നാണ് നരകസങ്കല്പം രൂപംകൊണ്ടത്‌ . ചരാചര പ്രപഞ്ചത്തെ മുഴുവനും ഭരിക്കുന്ന ദിവ്യശക്തിയെക്കുറിച്ചുള്ള സങ്കല്പംകൂടി ഈ ചിന്തയിൽ അന്തർഭവിച്ചിരിക്കുന്നു. അതിനാൽ ജീവിതകാലത്തു ജീവി ചെയ്യുന്ന പുണ്യകൃതികൾക്കു സമ്മാനവും പാപകൃത്യങ്ങൾക്കു ശിക്ഷയും മരണാനന്തരം അനുഭവിക്കേണ്ടിവരും എന്ന് മനുഷ്യൻ ചിന്തിച്ചതും സ്വാഭാവികമാണ്. പുണ്യാത്മാക്കൾ സ്വർഗത്തിലും പാപാത്മാക്കൾ നരകത്തിലും എത്തിച്ചേരുന്നു എന്നാണ് വിശ്വാസം. ആദ്യകാല മതചിന്തകളെല്ലാം വ്യത്യസ്ത രൂപങ്ങളിൽ ഈ സ്വർഗനരകസങ്കല്പങ്ങളെ അംഗീകരിക്കുന്നവയാണ്.

കർ‌ണ്ണൻ



മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അർജുനനോളം‍ മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമയിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാണ് കർണ്ണൻ വധിക്കപ്പെട്ടത്‌.

കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയും ചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ കർണ്ണൻ എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ രാധേയൻ എന്ന പേരിലും സൂതപുത്രൻ എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.
കർണ്ണന്റെ ആയുധവിദ്യാഭ്യാസം കൗരവ-പാണ്ഡവപുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെ കീഴിൽ നടന്നു.പിന്നീട് പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു.പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. അർജ്ജുനനെപ്പോലെ എല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽ ഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടുകൄപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രീയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയും ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്തു.

ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു.
മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാനോ ജയിക്കുവാനോ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങിനെയെങ്കിലും ചോദിച്ചുവാങ്ങണം.ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ ഏകനായിരിക്കുന്ന കർണ്ണന്റെ മുൻപിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വംവന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും ജയിക്കാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു.എന്നാൽ ബ്രാഹ്മണ വേഷധാരിയായി വന്ന ഇന്ദ്രന് കർണ്ണൻ അവ ദാനം ചെയ്തു.

കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജേഷ്ഠനാണെന്നും വെളിപ്പെടുത്തി.എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.
കൗരവരും പാണ്ഡവരും തമ്മിലുള്ള സ്പർദ്ധ കാലക്രമേണ വളർന്ന് അതിന്റെ മൂർദ്ധന്ന്യാവസ്ഥയിലെത്തുകയും ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ നടന്ന ഭയങ്കരമായ ഭാരതയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു.കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്.കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും ഒരു വേൽ വാങ്ങിയിരുന്നു.അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു.എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽക്കചനനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും വേലുപയോഗിച്ച് കർണ്ണൻ ഘടോൽക്കചനനെ വധിക്കുകയും ചെയ്തു.യുദ്ധത്തിന്റെ പതിനാറാം ദിവസം കർണ്ണൻ സർവ്വസൈന്യാധിപനായി നിയമിതനായി.
കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്.അർജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു.എന്നാൽ ഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു.തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു.
കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്.ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്.പിന്നീട് കർണ്ണൻ ക്ഷത്രിയനാണെന്നറിയുന്ന പരശുരാമൻ അവശ്യ സമയത്ത് പഠിച്ച വിദ്യ ഉപകരിക്കാതാവട്ടെ എന്ന് കർണ്ണനെ ശപിക്കുന്നു.ഈ പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു.മറ്റൊരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു.ഈ ശാപങ്ങൾ കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.

ശ്രീനാരായണഗുരു



കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും 

സാമൂഹിക പരിവർത്തകനും ആയിരുന്നു 

ശ്രീനാരായണഗുരു (1856-1928). ഈഴവ 

സമുദായത്തിൽ ജനിച്ച അദ്ദേഹം 

സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും 

എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് 

പുതിയമുഖം നൽകി. കേരളത്തിലെ ജാതി 

വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും 

പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ 

നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന 

സവർ‍ണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, 

തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ 

അദ്ദേഹം പ്രവർത്തിച്ചു. 


മറ്റുള്ളവരോടുള്ള തുറന്ന സമീപനവും 

അഹിംസാപരമായ തത്ത്വചിന്തയും 

അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. 

സാമൂഹ്യതിന്മകൾക്കെതിരെയുള്ള 

പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 

ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി 

കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു 

തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ 

കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന 

വ്യക്തിത്വമാണ്‌.


“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” 

ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും 

ജീവിതലക്ഷ്യവും.തന്റെ സാമൂഹിക 

പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി 

ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-

ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം 

സ്ഥാപിച്ചു.


തിരുവനന്തപുരത്തിനു10-12 കി.മീ. വടക്കുള്ള 

ചെമ്പഴന്തി എന്ന ചെറിയ ഗ്രാമത്തിൽ മണയ്ക്കൽ 

ക്ഷേത്രത്തിന് അടുത്തുള്ള വയൻവാരം വീട്ടിൽ 

കൊല്ലവർഷം 1032 ചിങ്ങമാസം ചതയം 

നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; 

ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം. കുട്ടി 

ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല 

എന്ന് പറയപ്പെടുന്നു. വയൻ‌വാരം വീട് വളരെ 

പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ 

ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . 

അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ 

ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, 

ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, 

ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് 

അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ 

ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ 

എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ 

എന്നായിരുന്നു അമ്മയുടെ പേര്. അവർ 

മഹാഭക്തയും കാരുണ്യവതിയുമയിരുന്നു. മൂന്നു 

സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. 

തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു 

അവർ. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ 

പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് 

വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ 

കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു 

ആയുർവേദവൈദ്യനും 

സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് 

വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും 

മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു 

പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം 

നായന്മാർക്കും ഈഴവന്മാർക്കും 

അവകാശപ്പെട്ടതായിരുന്നു.


മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന 

കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന 

ആശാനായിരുന്നു നാണുവിനെ 

എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടിൽ 

പിള്ളമാരിൽ ഒരാളായിരുന്നു. ഗുരുമുഖത്തു 

നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ 

കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ 

വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു. എട്ടു 

വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, 

ബാലപ്രബോധനം, അമരകോശം എന്നീ 

പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ 

തമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും 

പാണ്ഡിത്യം നേടി. പിതാവായ നാണുവാശനിൽ 

നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ 

നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം 

സ്വായത്തമാക്കിയിരുന്നു. ഇതിനുപരിയായി പഠനം 

ചെമ്പഴന്തിയിൽ 

സൗകര്യമില്ലാതിരുന്നതിനാൽ നാണുവിന് ഗുരുകുല 

വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. പതിനഞ്ചാമത്തെ 

വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ 

കൌമാരകാലം അച്ഛനേയും അമ്മാവനേയും 

സഹായിച്ചും, പഠനത്തിലും, അടുത്തുള്ള 

മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ 

മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ 

ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം 

അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി 

ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ 

വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം 

സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം 

ലഭിക്കും എന്ന് അദ്ദേഹത്തിന്‌ 

മനഃസിദ്ധിയുണ്ടായിരുന്നു.



ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് 

പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ 

ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ 

അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ 

അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ 

ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം 

അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് 

വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ 

പ്രിയമുള്ള കാര്യമായിരുന്നു.



22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു 

പഠിക്കുവനായി കരുനാഗപ്പള്ളിയിലുള്ള 

പണ്ഡിതനായ കുമ്മമ്പിള്ളിൽ രാമൻപിള്ള 

ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ 

കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ 

വൈദ്യൻ എന്നിവർ അന്നത്തെ 

സഹപാഠികളായിരുന്നു. കായംകുളത്തുള്ള 

പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന 

വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. 

സംസ്കൃതഭാഷ, പദ്യസാഹിത്യം, 

നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ 

വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. 

രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം 

വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ 

ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ 

തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ 

കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ 

പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി 

അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു 

നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും 

അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ 

തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം 

കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ 

കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, 

സമഭാവനയും വളർത്താനും ശ്രമിച്ചു.


സഹോദരിമാരുടെ നിർബന്ധപ്രകാരം 

പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം 

കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭർത്തൃബന്ധം 

അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കരണത്താൽ 

ആ ബന്ധം താമസിയാതെ ഒഴിഞ്ഞു 

പോകുകയായിരുന്നു. 1885-ൽ പിതാവ് മരിച്ചതിനു 

ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം 

തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു 

ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ 

അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി 

കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് 

കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു, 

ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ 

ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. 

കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് 

എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി 

തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ 

ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. 

പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ 

കാലഘട്ടങ്ങളിൽ പലയിടങ്ങളിലും വച്ച് 

പലരുടേയും മാറരോഗങ്ങൾ ഭേദമാക്കുകയും, പല 

അത്ഭുതപ്രവൃത്തികൾ ചെയ്തതായും, 

മരുത്വാമലയിൽ പോയിരുന്ന് തപസ്സു 

ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു.


എന്നാണ് അദ്ദേഹം സന്യാസജീവിതം 

ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. 

മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം 

സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് 

ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ൽ അന്ന് 

കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം 

വരാനിടയായി. അവിടത്തെ അരുവിയുടെ 

പ്രശാന്തതയിലും പ്രകൃതി രമണിയതയിലും 

ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും 

കുന്നിൻ മുകളിലും ധ്യാനത്തിലേർപ്പെടുക 

പതിവായി. അദ്ദേഹം ആ വർഷത്തിലെ ശിവരാത്രി 

നാളിൽ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ 

നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീർത്തു. 

പിന്നീട് ചിറയിൻകീഴ് വക്കത്തു ദേവേശ്വരം എന്ന 

ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ 

സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ 

നടത്തുകയും ചെയ്തു.


വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ 

സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു 

മുട്ടുന്നത്.


1888 മാർച്ച് മാസത്തിൽ നാരയണഗുരു 

അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. 

താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം 

ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് 

അദ്ദേഹം അത് ചെയ്തത്. ജാതിനിർണ്ണയം എന്ന 

അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ 

ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.

“ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും

സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ”


1904 - ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ 

ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് 

ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. 

പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം 

സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, 

തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, 

എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ 

ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും 

നിർമ്മിച്ചു.


1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം 

സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു 

അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” 

എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത 

ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു 

പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ 

കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ 

ബോധവാന്മാരാക്കുക എന്നതായിരുന്നു 

അദ്ദേഹത്തിന്റെ ലക്ഷ്യം.


1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക 

സന്ദർശിക്കുകയുണ്ടായി. വിവിധ 

മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു 

ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം 

അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് 

അനേകം അനുയായികളും ശിഷ്യന്മാരും 

ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് 

നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ 

നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ 

നീലഗിരിയിലെ നാരയണ ഗുരുകുലം സ്ഥാപിച്ചത്.

ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു 

എന്നു പറയാം. അദൈത സിദ്ധാന്തത്തിൽ 

ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ 

താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ 

ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. 

അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ 

ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ 

കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, 

വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു 

ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ 

ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ 

അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മവിനെ 

തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിൻ 

ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ 

കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ 

അദ്ദേഹത്തിനുണ്ടായിരുന്നത്.


ഈ മഹാപുരുഷൻ മലയാളവർഷം 1104 കന്നി 5-‍ാം 

തീയതി ശിവഗിരിയിൽ വച്ചു സമാധിയടഞ്ഞു.