കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും
സാമൂഹിക പരിവർത്തകനും ആയിരുന്നു
ശ്രീനാരായണഗുരു (1856-1928). ഈഴവ
സമുദായത്തിൽ ജനിച്ച അദ്ദേഹം
സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും
എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക്
പുതിയമുഖം നൽകി. കേരളത്തിലെ ജാതി
വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും
പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ
നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന
സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ,
തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ
അദ്ദേഹം പ്രവർത്തിച്ചു.
മറ്റുള്ളവരോടുള്ള തുറന്ന സമീപനവും
അഹിംസാപരമായ തത്ത്വചിന്തയും
അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.
സാമൂഹ്യതിന്മകൾക്കെതിരെയുള്
പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി
കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു
തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ
കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന
വ്യക്തിത്വമാണ്.
“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ”
ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും
ജീവിതലക്ഷ്യവും.തന്റെ സാമൂഹിക
പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി
ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-
ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം
സ്ഥാപിച്ചു.
തിരുവനന്തപുരത്തിനു10-12 കി.മീ. വടക്കുള്ള
ചെമ്പഴന്തി എന്ന ചെറിയ ഗ്രാമത്തിൽ മണയ്ക്കൽ
ക്ഷേത്രത്തിന് അടുത്തുള്ള വയൻവാരം വീട്ടിൽ
കൊല്ലവർഷം 1032 ചിങ്ങമാസം ചതയം
നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്;
ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം. കുട്ടി
ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല
എന്ന് പറയപ്പെടുന്നു. വയൻവാരം വീട് വളരെ
പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ
ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് .
അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ
ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു,
ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും,
ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന്
അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ
ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ
എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ
എന്നായിരുന്നു അമ്മയുടെ പേര്. അവർ
മഹാഭക്തയും കാരുണ്യവതിയുമയിരുന്നു. മൂന്നു
സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്.
തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു
അവർ. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ
പേര്. നാണു എന്നാണ് കുട്ടിക്കാലത്ത്
വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ
കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു
ആയുർവേദവൈദ്യനും
സംസ്കൃതപണ്ഡിതനുമായിരുന്നു.
വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും
മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു
പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം
നായന്മാർക്കും ഈഴവന്മാർക്കും
അവകാശപ്പെട്ടതായിരുന്നു.
മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന
കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന
ആശാനായിരുന്നു നാണുവിനെ
എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടിൽ
പിള്ളമാരിൽ ഒരാളായിരുന്നു. ഗുരുമുഖത്തു
നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ
കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ
വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു.
വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം,
ബാലപ്രബോധനം, അമരകോശം എന്നീ
പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ
തമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും
പാണ്ഡിത്യം നേടി. പിതാവായ നാണുവാശനിൽ
നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ
നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം
സ്വായത്തമാക്കിയിരുന്നു. ഇതിനുപരിയായി പഠനം
ചെമ്പഴന്തിയിൽ
സൗകര്യമില്ലാതിരുന്നതിനാൽ നാണുവിന് ഗുരുകുല
വിദ്യാഭ്യാസം നിർത്തേണ്ടി വന്നു. പതിനഞ്ചാമത്തെ
വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ
കൌമാരകാലം അച്ഛനേയും അമ്മാവനേയും
സഹായിച്ചും, പഠനത്തിലും, അടുത്തുള്ള
മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ
മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്
ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം
അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി
ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ
വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം
സുലഭമാണ്, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം
ലഭിക്കും എന്ന് അദ്ദേഹത്തിന്
മനഃസിദ്ധിയുണ്ടായിരുന്നു.
ചെറുപ്പം മുതലേ അയിത്താചാരങ്ങളോട്
പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ
ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ
അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ
അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ
ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം
അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക്
വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്
പ്രിയമുള്ള കാര്യമായിരുന്നു.
22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു
പഠിക്കുവനായി കരുനാഗപ്പള്ളിയിലുള്ള
പണ്ഡിതനായ കുമ്മമ്പിള്ളിൽ രാമൻപിള്ള
ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ
കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ
വൈദ്യൻ എന്നിവർ അന്നത്തെ
സഹപാഠികളായിരുന്നു. കായംകുളത്തുള്ള
പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന
വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്.
സംസ്കൃതഭാഷ, പദ്യസാഹിത്യം,
നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ
വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്.
രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം
വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ
ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ
തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ
കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ
പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി
അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു
നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും
അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം
കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ
കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും,
സമഭാവനയും വളർത്താനും ശ്രമിച്ചു.
സഹോദരിമാരുടെ നിർബന്ധപ്രകാരം
പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം
കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭർത്തൃബന്ധം
അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കരണത്താൽ
ആ ബന്ധം താമസിയാതെ ഒഴിഞ്ഞു
പോകുകയായിരുന്നു. 1885-ൽ പിതാവ് മരിച്ചതിനു
ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം
തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു
ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ
അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി
കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു്
കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു,
ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ
ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ.
കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു്
എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി
തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ
ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു.
പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ
കാലഘട്ടങ്ങളിൽ പലയിടങ്ങളിലും വച്ച്
പലരുടേയും മാറരോഗങ്ങൾ ഭേദമാക്കുകയും, പല
അത്ഭുതപ്രവൃത്തികൾ ചെയ്തതായും,
മരുത്വാമലയിൽ പോയിരുന്ന് തപസ്സു
ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു.
എന്നാണ് അദ്ദേഹം സന്യാസജീവിതം
ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല.
മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം
സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന്
ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ൽ അന്ന്
കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം
വരാനിടയായി. അവിടത്തെ അരുവിയുടെ
പ്രശാന്തതയിലും പ്രകൃതി രമണിയതയിലും
ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും
കുന്നിൻ മുകളിലും ധ്യാനത്തിലേർപ്പെടുക
പതിവായി. അദ്ദേഹം ആ വർഷത്തിലെ ശിവരാത്രി
നാളിൽ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ
നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീർത്തു.
പിന്നീട് ചിറയിൻകീഴ് വക്കത്തു ദേവേശ്വരം എന്ന
ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ
സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ
നടത്തുകയും ചെയ്തു.
വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ
സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു
മുട്ടുന്നത്.
1888 മാർച്ച് മാസത്തിൽ നാരയണഗുരു
അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു.
താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം
ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ്
അദ്ദേഹം അത് ചെയ്തത്. ജാതിനിർണ്ണയം എന്ന
അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ
ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
“ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ”
1904 - ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ
ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച്
ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു.
പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം
സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്,
തലശ്ശേരി, കോഴിക്കോട്, മംഗലാപുരം,
എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ
ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും
നിർമ്മിച്ചു.
1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം
സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു
അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര”
എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത
ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു
പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ
കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ
ബോധവാന്മാരാക്കുക എന്നതായിരുന്നു
അദ്ദേഹത്തിന്റെ ലക്ഷ്യം.
1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക
സന്ദർശിക്കുകയുണ്ടായി. വിവിധ
മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു
ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം
അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന്
അനേകം അനുയായികളും ശിഷ്യന്മാരും
ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ്
നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ
നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ
നീലഗിരിയിലെ നാരയണ ഗുരുകുലം സ്ഥാപിച്ചത്.
ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു
എന്നു പറയാം. അദൈത സിദ്ധാന്തത്തിൽ
ആത്മാവാണ് പരമപ്രധാനം. ഈശ്വരന് അവിടെ
താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്
ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല.
അതിനാൽ തന്നെ അത് മിഥ്യയുമാണ്. എന്നാൽ
ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ
കല്പിക്കപ്പെട്ടിരിക്കുന്നു
വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു
ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ
ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ
അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മവിനെ
തന്നെയാണ് വിവക്ഷിച്ചത്. ആ ദൈവത്തിൻ
ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ
കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്
അദ്ദേഹത്തിനുണ്ടായിരുന്നത്.
ഈ മഹാപുരുഷൻ മലയാളവർഷം 1104 കന്നി 5-ാം
തീയതി ശിവഗിരിയിൽ വച്ചു സമാധിയടഞ്ഞു.
No comments:
Post a Comment