Wednesday, 19 September 2012

മാനനീയ സീതാറാം കേദിലായയുടെ ഭാരത പരിക്രമ പദയാത്രക്ക് ചെന്ദ്രാപ്പിന്നിയില്‍ നല്‍കിയ സ്വീകരണം






ഭാരത പദയാത്ര
വയസ്സ്‌ അറുപത്തിനാല്‌. ഈ പ്രായത്തില്‍ മറ്റുള്ളവര്‍ക്കിത്‌ അസാധ്യമായി തോന്നാം. ചിലര്‍ക്ക്‌ അവിശ്വസനീയവും. ഒരു ദിവസം ശരാശരി പത്ത്‌ കിലോമീറ്റര്‍ എന്ന കണക്കില്‍ വര്‍ഷംതോറും 3650 കിലോമീറ്റര്‍. നാല്‌ വര്‍ഷംകൊണ്ട്‌ പതിനാലായിരത്തിലേറെ കിലോമീറ്റര്‍ നടന്നുതീര്‍ക്കുക. പതിനെണ്ണായിരം ഗ്രാമങ്ങളുടെ ഹൃദയസ്പന്ദനങ്ങളറിഞ്ഞ്‌ കാല്‍നടയായി ഒരു ഭാരതപരിക്രമ. “ഗ്രാമങ്ങളുടെ രക്ഷയും സംരക്ഷണവുമാണ്‌ ഇന്ന്‌ ഭാരതത്തിനാവശ്യം. എന്റെ പദയാത്ര ഈ ലക്ഷ്യം വെച്ചുള്ളതാണ്‌”- സീതാറാം കേത്ലായയുടെ വാക്കുകളില്‍ കാര്യം നിസ്സാരം. ഏറ്റെടുത്തിരിക്കുന്ന ദൗത്യമോ, പുരുഷായുസ്സുകള്‍ എത്ര ലഭിച്ചാലും മറ്റ്‌ പലര്‍ക്കും പൂര്‍ത്തിയാക്കാനാവാത്തത്‌. എന്നാല്‍ കേത്ലായയെ അറിയുന്നവര്‍ അസാധാരണമായി എന്തെങ്കിലും ചെയ്യുകയാണ്‌ അദ്ദേഹമെന്ന്‌ കരുതുകയില്ല.

മംഗലാപുരത്തിനടുത്തെ പുത്തൂര്‍ സ്വദേശി. സംസ്കൃത-വേദ പണ്ഡിതന്‍. നാല്‌ പതിറ്റാണ്ടിലേറെക്കാലമായി ആര്‍എസ്‌എസ്‌ പ്രചാരകന്‍. സംഘടനയുടെ അഖിലഭാരതീയ സേവാ പ്രമുഖ്‌ എന്ന ചുമതലയൊഴിഞ്ഞത്‌ അടുത്തിടെ മാത്രം. സേവനരംഗത്ത്‌ രണ്ട്‌ പതിറ്റാണ്ട്‌ കാലത്തെ അനുഭവസമ്പത്ത്‌. ബാബ രാംദേവ്‌, ശ്രീ ശ്രീ രവിശങ്കര്‍, സിഖ്‌ പുരോഹിതന്മാര്‍, ബൗദ്ധ-ജൈന സന്ന്യാസിമാര്‍ എന്നിവരുമായി ആത്മസൗഹൃദം. ജല്‍, ജീവന്‍, ജാന്‍വര്‍(ജലം, ജീവന്‍, മൃഗങ്ങള്‍) എന്ന മുദ്രാവചനമുയര്‍ത്തിപ്പിടിക്കുന്ന പരിസ്ഥിതിയുടേയും ജൈവകൃഷിയുടേയും വക്താവ്‌. 2009 സെപ്തംബര്‍ മുതല്‍ 2010 ജനുവരി വരെ നടന്ന വിശ്വമംഗല ഗോഗ്രാമയാത്രയുടെ മുഖ്യ സംഘാടകന്‍, ഇരുപത്തിയഞ്ച്‌ വര്‍ഷമായി ഭക്ഷണം ദിവസത്തില്‍ ഒരു നേരം മാത്രം. ഇപ്പോഴത്തെ യാത്രയില്‍ പണം കൈകൊണ്ട്‌ തൊടില്ല. ദക്ഷിണ വാങ്ങുന്നതും കൊടുക്കുന്നതും മറ്റുള്ളവരുടെ കൈകളാല്‍….. വിശേഷണങ്ങള്‍ ഇങ്ങനെ നീളുമെങ്കിലും ധരിക്കുന്ന വസ്ത്രങ്ങള്‍ ഒന്ന്‌ തേയ്ക്കുകപോലും ചെയ്യാത്തത്ര ലളിതമാണ്‌ കേത്ലായയുടെ ജീവിതം.

2012 ആഗസ്റ്റ്‌ ഒമ്പതിന്‌ കന്യാകുമാരിയില്‍ നിന്നാണ്‌ കേത്ലായ യാത്ര തുടങ്ങിയത്‌. ആഗസ്റ്റ്‌ ഏഴിന്‌ ശംഖനാദം മുഴക്കി സൂര്യധ്വജാരോഹണം നടന്നു. എട്ടിന്‌ രാവിലെ ബംഗളൂരുവിലെ വേദവിജ്ഞാന ഗുരുകുലത്തില്‍ നിന്നെത്തിയ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടന്ന മഹാഗണപതിഹോമത്തിനുശേഷം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ ഒരു പ്രദക്ഷിണം. കന്യാകുമാരി ജില്ലയിലെ നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന വലിയമല രാമകൃഷ്ണ ആശ്രമത്തിലെ ചൈതന്യാനന്ദജി മഹാരാജാണ്‌ യാത്രയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്‌.

“ഈ ദിനത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭം തുടങ്ങിയത്‌ 1942 ആഗസ്റ്റ്‌ ഒമ്പതിനാണ്‌. അഞ്ച്‌ വര്‍ഷത്തിനുശേഷം ബ്രിട്ടീഷ്‌ ഭരണം ഭാരതത്തില്‍ അവസാനിച്ചു”- യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ കേത്ലായ പറഞ്ഞു. ആഗസ്റ്റ്‌ ഒമ്പതിനാണ്‌ തന്റെ ജന്മദിനമെന്ന കാര്യം പക്ഷെ ആ ആത്മത്യാഗി പറഞ്ഞതേയില്ല. ഗോഗ്രാമയാത്രയ്ക്കെന്നപോലെ കേത്ലായയുടെ ഈ യാത്രയ്ക്കും ശ്രീ ശ്രീ രവിശങ്കര്‍, ബാബ രാംദേവ്‌ തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകളുണ്ട്‌. യാത്രാപഥങ്ങളില്‍ അദ്ദേഹം ഈ ഗുരുപ്രഭാവന്മാരെ വീണ്ടും കണ്ടുമുട്ടും. യാത്രയ്ക്ക്‌ ഒരാഴ്ച മുമ്പ്‌ കേരളത്തിലെത്തിയ കേത്ലായ വള്ളിക്കാവിലെ അമൃതാനന്ദമയീ മഠത്തില്‍ അഞ്ച്‌ ദിവസം അമ്മയുടെ ആത്മീയ സമ്പര്‍ക്കത്തില്‍ കഴിഞ്ഞിരുന്നു.
യാത്രാപഥം

ഭാരത യാത്രകള്‍ ഇതിനു മുമ്പും പലതുണ്ടായിട്ടുണ്ടെങ്കിലും അവയില്‍പ്പെടുത്താവുന്നതല്ല കേത്ലായയുടെ ഭാരതപരിക്രമ പദയാത്ര. സ്വാമിവിവേകാനന്ദനും ഗാന്ധിജിയും നടത്തിയ ഭാരതപര്യടനങ്ങള്‍ ഏറിയ കൂറും തീവണ്ടികളിലും മറ്റു വാഹനങ്ങളിലുമായിരുന്നുവെന്ന്‌ ഏവര്‍ക്കുമറിയാം. അന്തരിച്ച മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തി മൂന്നില്‍ നടത്തിയ ഭാരതയാത്ര കേത്ലായയുടേതുപോലെ സര്‍വതലസ്പര്‍ശിയായിരുന്നില്ല. കന്യാകുമാരിയില്‍നിന്ന്‌ ആരംഭിച്ച്‌ ദല്‍ഹിയിലെ രാജ്ഘട്ടില്‍ അവസാനിച്ച ഈ യാത്ര 4260 കിലോമീറ്റര്‍ മാത്രമായിരുന്നു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ അദ്വൈതാചാര്യനായ ശ്രീശങ്കരന്‍ കേരളത്തിലെ കാലടിയില്‍നിന്ന്‌ കാല്‍നടയായി സഞ്ചരിച്ച്‌ ചതുര്‍ധാമങ്ങള്‍ സ്ഥാപിക്കാന്‍ നടത്തിയ യാത്രയോട്‌ ഭാരതപരിക്രമ പദയാത്രയെ താരതമ്യപ്പെടുത്താം. ചതുര്‍ധാമങ്ങളായ പുരി, ദ്വാരക, ബദരി, രാമേശ്വരം എന്നീ തീര്‍ത്ഥസ്ഥാനങ്ങളിലൂടെയാണ്‌ പരിക്രമ പദയാത്രയും കടന്നുപോവുന്നത്‌.

പ്രചണ്ഡമായ പ്രചാരണ കോലാഹലങ്ങളില്ല. മുഴക്കം കെട്ടടങ്ങാത്ത മുദ്രാവാക്യങ്ങളില്ല. കൊടി പാറുന്ന അകമ്പടി വാഹനങ്ങളോ തിക്കിത്തിരക്കുന്ന ജനക്കൂട്ടങ്ങളുടെ ആരവങ്ങളോ ഇല്ല. കരഘോഷമുയര്‍ത്തുന്ന പ്രസംഗങ്ങളുമില്ല. ജനപഥങ്ങളുടെ ജീവല്‍ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ്‌ ഏകനായി ഒരു യാത്ര. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ തുടങ്ങി കേരളം, കര്‍ണാടക എന്നിവയിലൂടെ ഗോവയിലേയ്ക്കും തുടര്‍ന്ന്‌ മഹാരാഷ്ട്രയിലേയ്ക്കും പ്രവേശിക്കുന്നു. അവിടെനിന്ന്‌ മധ്യപ്രദേശ്‌, ഗുജറാത്ത്‌, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലേയ്ക്ക്‌. പിന്നീട്‌ പഞ്ചാബ്‌, ജമ്മുകാശ്മീര്‍, ഹിമാചല്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളിലൂടെ സഞ്ചാരം. ബീഹാറും ബംഗാളും ത്രിപുരയും പിന്നിട്ട്‌ മേഘാലയയിലേക്കും അസമിലേയ്ക്കും പ്രവേശിക്കുന്നു. അവിടെനിന്ന്‌ അരുണാചല്‍പ്രദേശില്‍ കടന്ന്‌ പുണ്യതീര്‍ത്ഥമായ പരശുരാമ കുണ്ഡിലെത്തുമ്പോള്‍ ഭാരതത്തിന്റെ ഒരറ്റത്തുനിന്ന്‌ തുടങ്ങിയ പദയാത്ര മറ്റൊരറ്റത്തെ സ്പര്‍ശിക്കും. അരുണാചലില്‍നിന്ന്‌ വീണ്ടും അസമിലേക്ക്‌. പിന്നീട്‌ മേഘാലയ. ഒരിക്കല്‍ക്കൂടി ബംഗാളിലേക്ക്‌. തുടര്‍ന്ന്‌ ഒറീസ, ഝാര്‍ഖണ്ഡ്‌, ഛത്തീസ്ഗഢ്‌, ആന്ധ്രാപ്രദേശ്‌ വഴി തമിഴ്‌നാട്ടില്‍ കടന്ന്‌ കന്യാകുമാരിയില്‍ തിരിച്ചെത്തുന്നതോടെ മഹാപരിക്രമയും സീതാറാം കേത്ലായയും ലക്ഷ്യം കാണും.

കന്യാകുമാരിയില്‍നിന്ന്‌ പത്ത്‌ ദിവസമെടുത്താണ്‌ ഭാരതപരിക്രമ പദയാത്ര തിരുവനന്തപുരത്തെത്തിയത്‌. കൊല്ലവും ആലപ്പുഴയും കടന്ന്‌ തൃശ്ശൂരിലെത്താന്‍ വീണ്ടും ഇരുപത്‌ ദിവസം. ഓരോ ദിവസവും ഹൃദ്യവും ശ്രദ്ധേയവുമായ വരവേല്‍പ്പാണ്‌ യാത്രാനായകനായ കേത്ലായയ്ക്ക്‌ ലഭിച്ചത്‌. കോഴിക്കോട്‌, കാഞ്ഞങ്ങാട്‌, കാസര്‍ഗോഡ്‌ വഴി കര്‍ണാടകയിലേയ്ക്ക്‌ പ്രവേശനം. കേരളത്തില്‍ എഴുപത്തിയഞ്ച്‌ ദിവസം പിന്നിടുന്ന യാത്ര നവംബര്‍ അഞ്ചിന്‌ അതിര്‍ത്തി കടന്ന്‌ കര്‍ണാടകയില്‍.

യാത്രാനായകനായ കേത്ലായയുടെ ഒരു ദിവസം ഇങ്ങനെ: രാവുണരും മുമ്പ്‌ പുലര്‍ച്ചെ നാലിന്‌ ഉറക്കമുണരുന്നു. കുളികഴിഞ്ഞ്‌ ഭാരതമാതാവിനെ സ്തുതിക്കുന്ന ഏകാത്മതാ സ്തോത്രം. പിന്നെ സൂര്യനമസ്ക്കാരം, യോഗ പരിശീലനം, ഗോമാതാ പൂജ. ആറ്‌ മണിയ്ക്ക്‌ യാത്ര തുടങ്ങുന്നു. പത്ത്‌ കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന ഗ്രാമത്തില്‍ ഫലവൃക്ഷത്തൈ നട്ടശേഷം വിശ്രമം. ഉച്ചയ്ക്ക്‌ പന്ത്രണ്ടരയോടെ മന്ത്രോച്ചാരണവുമായി ഏതെങ്കിലും വീട്ടുപടിക്കല്‍. അവിടെനിന്ന്‌ കിട്ടുന്നത്‌ അന്നത്തെ ആഹാരം. കൃഷിക്കാര്‍, ക്ഷീരകര്‍ഷകര്‍, പ്രകൃതി സ്നേഹികള്‍ എന്നിവരുമായി ആശയവിനിമയം. ഗ്രാമത്തിലെ നിരാലംബരും രോഗബാധിതരും വികലാംഗരുമായ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച്‌ സ്വാന്തനപ്പെടുത്തല്‍. സന്ധ്യയ്ക്ക്‌ ഭജന. പിന്നീട്‌ ഗ്രാമവാസികളും യുവതീയുവാക്കളും ഒത്തുചേരുന്ന സത്സംഗം. കുറഞ്ഞ വാക്കുകളില്‍ പ്രഭാഷണം.

സത്സംഗത്തില്‍ പങ്കെടുക്കുന്നവരുടെ മുന്നില്‍ ഗ്രാമവികാസത്തിനുള്ള എട്ടിന പരിപാടിയാണ്‌ കേത്ലായ മുന്നോട്ട്‌ വയ്ക്കുന്നത്‌. ~ഒന്ന്‌: ഗോപരിപാലനവും കൃഷി സംരക്ഷണവും. രണ്ട്‌: ജല സംരക്ഷണം മൂന്ന്‌: പരിസ്ഥിതി സംരക്ഷണം. നാല്‌: ഗ്രാമത്തിലെ ജൈവവൈവിധ്യം നിലനിര്‍ത്തല്‍. അഞ്ച്‌: പരമ്പരാഗതമായ ആരോഗ്യപരിപാലനം വഴി ഗ്രാമത്തിലെ ആരോഗ്യ സംരക്ഷണം. ആറ്‌: ജലസമ്പത്ത്‌ നിലനിര്‍ത്തല്‍. ഏഴ്‌: ഗ്രാമത്തിലെ തനതായ കലാ കായിക വിനോദങ്ങള്‍ നിലനിര്‍ത്തല്‍. എട്ട്‌: പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ കാലാനുസൃതമായി വികസിപ്പിച്ച്‌ മുന്നോട്ടു കൊണ്ടുപോകല്‍.

ആലപ്പുഴയില്‍ പദയാത്രയെ സ്വീകരിക്കാന്‍ ഒരു ക്രൈസ്തവ സഭയുമുണ്ടായിരുന്നു. മംഗലം സെന്റ്‌ മാക്സി മില്യണ്‍ കോള്‍ബി ചര്‍ച്ചില്‍ ഊഷ്മള വരവേല്‍പ്പാണ്‌ കേത്ലായയ്ക്ക്‌ ലഭിച്ചത്‌. യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും തന്റെ സ്വപ്നത്തിലെ ഭാവിഭാരതത്തെക്കുറിച്ചും കേത്ലായ ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചു. വൈദികരുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. എറണാകുളത്തെ നെട്ടൂരില്‍ യത്തീംഖാനയിലും കേത്ലായയ്ക്ക്‌ സ്വീകരണം ലഭിച്ചു. അവിടെ നടത്തിയ ചെറുപ്രഭാഷണത്തില്‍ ഭാരതത്തിന്റെ ആത്മാവ്‌ ഗ്രാമങ്ങളിലാണ്‌ കുടികൊള്ളുന്നതെന്നും ഗ്രാമീണനും കര്‍ഷകനും പ്രകൃതിയെ ദൈവമായി കാണുന്നവരാണെന്നും കേത്ലായ ഓര്‍മ്മപ്പെടുത്തി.

വിചാരപഥം
ഗ്രാമങ്ങളെ ഇന്ന്‌ ആര്‍ക്കും വേണ്ട. വികസനം നഗരകേന്ദ്രിതമായിട്ടാണ്‌ നടക്കുന്നത്‌. സര്‍ക്കാര്‍ വികസനത്തിനായി കോടികള്‍ ചെലവഴിക്കുന്നത്‌ നഗരങ്ങളില്‍ മാത്രമാണ്‌. ഗ്രാമത്തിലുള്ളവര്‍ തൊഴില്‍തേടി നഗരത്തില്‍ ചേക്കേറുന്നു. എല്ലാംകൊണ്ടും ഗ്രാമങ്ങള്‍ ദരിദ്രമാകുന്നു. എല്ലാം കൈമാറ്റം ചെയ്യുന്നതായിരുന്നു ഭാരത സംസ്കാരം. ഭക്ഷണവും ബുദ്ധിയും സംസ്ക്കാരവും എല്ലാം കൈമാറുന്നതിന്‌ ഭാരതത്തില്‍ മടിയുണ്ടായിരുന്നില്ല. ഗ്രാമങ്ങളില്‍ ഇന്നും ആ സംസ്കാരം നിലനില്‍ക്കുന്നു. അത്‌ തൊട്ടറിയണം. ഗ്രാമീണ സംസ്ക്കാരം ഊട്ടിയുറപ്പിച്ചാല്‍ മാത്രമേ ഭാരതത്തിന്റെ ഭാവി ഭദ്രമാകുകയുള്ളൂ. ആത്മീയതയാണ്‌ എല്ലാറ്റിനുമുള്ള മറുമരുന്ന്‌. നമ്മുടെ പൈതൃകവും സംസ്ക്കാരവും മറന്ന്‌ വിദേശസംസ്ക്കാരത്തിന്റെ പിറകെ പായുന്നത്‌ ആപല്‍ക്കരമാണ്‌. കൃഷിയും പശുക്കളും ക്ഷേത്രങ്ങളും പ്രകൃതിയും പക്ഷിമൃഗാദികളും സംരക്ഷിക്കപ്പെടണം.

നൂറ്‌ കണക്കിനാളുകള്‍ ഇപ്പോള്‍ നാടന്‍ പശുക്കളെ വീടുകളില്‍ വളര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നഗരങ്ങളില്‍ താമസിക്കുന്ന നിരവധിപേര്‍ ഗ്രാമങ്ങളില്‍ സ്ഥലം വാങ്ങി ജൈവകൃഷിക്ക്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌. രാസകൃഷിയില്‍നിന്ന്‌ ജൈവകൃഷിയിലേക്ക്‌ മാറുന്നവരുടെ എണ്ണവും പല മടങ്ങ്‌ വര്‍ധിച്ചു. പ്രകൃതിയെ സംരക്ഷിക്കുകയെന്ന മനോഭാവം രാജ്യമെമ്പാടും ശക്തിപ്പെട്ടിരിക്കുകയാണ്‌. പുരുഷന്മാര്‍ മറ്റ്‌ ജോലികള്‍ക്ക്‌ പോകുന്നതിനാല്‍ വീടുകളില്‍ വളരുന്ന പശുക്കള്‍ക്ക്‌ എല്ലാ പരിചരണവും നല്‍കുന്നത്‌ സ്ത്രീകളാണ്‌. ഗ്രാമ, പ്രകൃതി, ഗോ സംരക്ഷണത്തില്‍ സ്ത്രീകള്‍ സജീവമാകുന്നത്‌ നല്ല ലക്ഷണമാണ്‌. രാഷ്ട്രത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ കഴിയുന്ന മാധ്യമമാണ്‌ പശു. ഭാഷയിലും ദേശത്തിലും വസ്ത്രധാരണ രീതിയിലും ആരാധനയിലുമുള്ള വ്യത്യാസങ്ങള്‍ ഇതിന്‌ തടസ്സമേയല്ല.
ദിനംതോറും 20-25 ലിറ്റര്‍ പാല്‍ നല്‍കുന്ന നല്ലയിനം പശുക്കള്‍ ഉണ്ടാവണം. രാജ്യവ്യാപകമായി അയ്യായിരം കാളകള്‍ക്കായി ശ്രമം നടക്കണം. നല്ലയിനം പശുക്കളുടെ പ്രജനനത്തിനായി ഇവയെ ഗോശാലകള്‍ക്ക്‌ വിതരണം ചെയ്യണം. കൃത്രിമ ബീജസങ്കലനത്തിലൂടെ വിദേശയിനം പശുക്കളെ സൃഷ്ടിക്കുന്നത്‌ പൂര്‍ണമായും നിര്‍ത്തണം. സ്വയംപര്യാപ്ത ഗോശാലകള്‍ നിലവില്‍ വരണം. ആശ്രമങ്ങളില്‍ ഇതിനുള്ള പരിശീലനം ലഭ്യമാക്കണം. ഇതിന്‌ പുറമെ നല്ലയിനം പശുക്കളെ വളര്‍ത്തുന്ന കര്‍ഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. പശു കേന്ദ്രീകൃതമായ വ്യവസായം നടത്താന്‍ കഴിയുന്നവരെ കണ്ടെത്തണം. ബയോഗ്യാസ്‌ നിര്‍മിക്കുന്നവരേയും സൗരോര്‍ജ്ജം, കാറ്റില്‍നിന്നുള്ള ഊര്‍ജ്ജം എന്നിവ ഉല്‍പ്പാദിപ്പിക്കുന്നവരേയും പ്രോത്സാഹിപ്പിക്കണം. ഇത്തരം വ്യവസായികളുടെ വന്‍ ശൃംഖല സൃഷ്ടിക്കണം..

ലോകത്ത്‌ ഇന്ന്‌ പലതരത്തിലുള്ള അശാന്തി നിലനില്‍ക്കുന്നു. വായുവും വെള്ളവും ഭൂമിയും മാത്രമല്ല, അവരവരെത്തന്നെ പണത്തിനായി വില്‍ക്കുന്ന സാഹചര്യം. ഇത്‌ പുരോഗമനമല്ല. അധഃപതനമാണ്‌. അമേരിക്ക ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഈ അധഃപതനത്തിന്റെ വെല്ലുവിളി നേരിടുന്നു. മറ്റു ചില രാജ്യങ്ങള്‍ തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും ഫലമായി വിഷമിക്കുകയാണ്‌. പലകാരണങ്ങള്‍കൊണ്ട്‌ ലോകത്താകമാനം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ അവസ്ഥയില്‍ ലോകത്തിന്‌ സമാധാനം കൊണ്ടുവരാന്‍ കഴിയുക ഭാരതത്തിനുമാത്രമാകും. ഇപ്പോഴും ഭാരതത്തിന്റെ ഗ്രാമങ്ങള്‍ തികച്ചും സമാധാനപൂര്‍വമായാണ്‌ ജീവിക്കുന്നത്‌.

വികസനത്തിന്റെ പേരില്‍ അന്ധമായ അനുകരണവും നശീകരണവും നടത്തുന്ന ഭരണകര്‍ത്താക്കളും പരിഷ്ക്കാരത്തിന്റെ പിറകെ ലക്കില്ലാതെ പായുന്ന ജനങ്ങളും അന്താരാഷ്ട്രതലത്തില്‍ ഭാരതത്തെ വിഘടിപ്പിക്കുന്ന ഗൂഢാലോചനയ്ക്ക്‌ പിന്തുണ നല്‍കുകയാണ്‌. പാക്കിസ്ഥാനും ബംഗ്ലാദേശും ഭീകരതയാല്‍ വീര്‍പ്പുമുട്ടുന്നു. അവര്‍ ഭാരതത്തില്‍ വീണ്ടും ചേരാന്‍ ആഗ്രഹിക്കുകയാണ്‌. അഖണ്ഡഭാരതം എന്നത്‌ ഒരു വിദൂര സ്വപ്നമല്ല. പക്ഷെ, നാം ഭാരതത്തെ ആ സ്വപ്നസാക്ഷാത്ക്കാരത്തിനായി ശക്തിപ്പെടുത്തണം. ഇതിന്‌ ഗ്രാമീണ ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കണം. ഗോഹത്യ ഇല്ലാതാകണം. ജൈവ കൃഷി പുനഃരുജ്ജീവിപ്പിക്കണം. നദികള്‍ മാലിന്യമുക്തമാക്കണം. എണ്ണമറ്റ ദേശഭക്തര്‍ മുന്നിട്ടിറങ്ങണം.

ഈ തിരിച്ചറിവുകളുടെ തെളിഞ്ഞ പാതയിലൂടെയാണ്‌ സീതാറാം കേത്ലായ സഞ്ചരിക്കുന്നത്‌. “ഭാരതം ജീവിക്കുന്നത്‌ ഗ്രാമങ്ങളിലാണ്‌. ഗ്രാമങ്ങള്‍ നശിച്ചാല്‍ ഭാരതവും നശിക്കും. ഭാരതം അതല്ലാതാവും” എന്ന ഗാന്ധിജിയുടെ വചനവും കേത്ലായയെ കൈപിടിച്ചു നടത്തുന്നു. 
മാനനീയ സീതാറാം കേദിലായയേ ഏറണാംകുളത്ത് സ്വീകരിക്കുന്നു 

ആ മഹായോഗി പ്രയാണം തുടരുകയാണ്.... 

ചരൈവേതി... ചരൈവേതി.... 

മാനനീയ സീതാറാം ജി എറണാകുളം ജില്ലയില്‍, നെട്ടൂരില്‍.....


സീതാറാം ജി മയ്യഴിയില്‍ (മാഹി) ഗാന്ധി പ്രതിമയില്‍ മാല 
ചാര്‍ത്തുന്നു. ഒപ്പം കോഴിക്കോട് സംഭാഗ് കാര്യവാഹ് പി പി 
സുരേഷ്ബാബു.


സീതാറാം ജി തലശേരിയില്‍എത്തിയപ്പോള്‍ 

No comments:

Post a Comment