നെയ്യഭിഷേകം
കഠിനമായ കാനനപാത താണ്ടി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ അയ്യപ്പദര്‍ശനം കഴിഞ്ഞാല്‍ ആദ്യം നടത്തുന്നത് നെയ്യഭിഷേകത്തിനുള്ള ഒരുക്കങ്ങളാണ്. ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നാണ് നെയ്യഭിഷേകം. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നും ഭഗവാന് നെയ്യഭിഷേകം നടത്തുക എന്നുള്ളതാണ്. വ്രതശുദ്ധിയുടെ നിറവില്‍, ശരണം വിളികളുടെ അകമ്പടിയോടെ നാളികേരത്തില്‍ നിറച്ച് ഇരുമുടിക്കെട്ടിലാക്കി കൊണ്ടുവരുന്ന പരിശുദ്ധമായ നെയ്യ് ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതോടെ ഓരോ അയ്യപ്പഭക്തനും നിര്‍വൃതി നേടുന്നു. യഥാര്‍ത്ഥത്തില്‍ ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലിന്റെ പ്രതീകമാണ് നെയ്യഭിഷേകം. ഹിന്ദുമത വിശ്വാസമനുസരിച്ച് ജനനമരണങ്ങളിലൂടെ, വേദനകളില്‍പ്പെട്ടുഴലുന്ന ജീവാത്മാവ് ഭഗവത്സായൂജ്യം നേടുന്നതോടെ, അതായത് പരമാത്മാവില്‍ ലയിക്കുന്നതോടെ അതിന് ജനനമരണങ്ങളില്‍ നിന്ന് മോക്ഷം കിട്ടുന്നു. നെയ്‌ത്തേങ്ങയിലെ നെയ്യ് ഭഗവാന് അഭിഷേകം ചെയ്‌തശേഷം ഒരു മുറിത്തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്നികുണ്‌ഠത്തിലെറിയുന്നു. ബാക്കിയുള്ള മുറി ഭഗവാന്റെ പ്രസാദമായി വീട്ടില്‍ കൊണ്ടുവരുന്നു.തീര്‍ത്ഥാടന കാലത്ത് പുലര്‍ച്ചെ 04.15 ന് തുടങ്ങുന്ന നെയ്യഭിഷേകം 11.30 വരെ നീണ്ടുനില്‍ക്കുന്നു. അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥം നെയ്യഭിഷേകത്തിനുള്ള കൂപ്പണ്‍ വിവിധ സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിന് ദേവസ്വം ബോര്‍ഡ് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
No comments:
Post a Comment