പ്രസ്ക്ലബിന് സമീപം ബോംബ് സ്ഥാപിച്ച കേസ്; മദനിയെ ഡിസം. 10 ന് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കണം
ബംഗളൂരു: കോയമ്പത്തൂര്‍ പ്രസ്ക്ലബിന് സമീപം ബോംബുകള്‍ സ്ഥാപിച്ച കേസില്‍ പിഡിപി നേതാവ് മദനിയെ അടുത്തമാസം 10 ന് ഹാജരാക്കാന്‍ കോയമ്പത്തൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.ആരോഗ്യസ്ഥിതി മോശമാണെന്ന് അവകാശപ്പെട്ടതിനാല്‍ ഇന്നലെ ഹാജരാകുന്നതില്‍നിന്ന് മദനിയെ കോടതി ഒഴിവാക്കിയിരുന്നു. ബംഗളൂരു സ്ഫോടനക്കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മദനിയെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകരുതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാരും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും കോടതി മുമ്പാകെ ബോധിപ്പിച്ചു. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. 2002 ഡിസംബര്‍ 30 നാണ് കോയമ്പത്തൂര്‍ പ്രസ്ക്ലബിന് സമീപം സ്ഫോടകവസ്തുശേഖരം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മദനിയെ കേസില്‍ പ്രതിചേര്‍ത്തത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുതവണ പിഡിപി നേതാവിനെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് അറസ്റ്റിലായ മദനി ഇപ്പോള്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയവെ മദനിയെ കാണാനെത്തിയ ഭാര്യ സൂഫിയയില്‍നിന്ന് സിംകാര്‍ഡുകളും മറ്റും പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രസ്ക്ലബില്‍ സ്ഫോടനത്തിന് ശ്രമിച്ചതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.
No comments:
Post a Comment