Friday, 18 November 2011

ദര്‍ശനം തരണേ അയ്യപ്പാ


ദര്‍ശനം തരണേ അയ്യപ്പാ

വി. ദക്ഷിണാമൂര്‍ത്തി


പമ്പയില്‍ മുങ്ങി മലകയറി സത്യമായ പൊന്നുപതിനെട്ടാംപടി ചവിട്ടി പത്തുകൊല്ലം ഞാന്‍ അയ്യപ്പനെ തൊഴുതു. പത്താം തവണയാണ്‌ അയ്യപ്പന്‍െറ ഇച്ഛയോടെ മലചവിട്ടല്‍ എനിക്കു നിര്‍ത്തേണ്ടിവന്നത്‌. ഇതിനു നിമിത്തമായി രണ്ടു സംഭവങ്ങള്‍ അയ്യപ്പസ്വാമി തന്നെ നിശ്ചയിച്ചു. 1960ലാണ്‌ ഇതു നടന്നത്‌. മലചവിട്ടി കലിയുഗവരദനെ തൊഴുതശേഷം സന്നിധാനത്ത്‌ വിരിവെച്ചിരിയ്‌ക്കയായിരുന്ന എന്‍െറ അടുത്ത്‌ ഒരു വെളിച്ചപ്പാട്‌ തുള്ളിയുറഞ്ഞുവന്ന്‌ ഒരു ചോദ്യം: ``നീ എന്തിനാണ്‌ ഇവിടെ വരുന്നത്‌?''

`ഞാന്‍ വേറെ എവിടെപ്പോകാ'നെന്നു മറുപടിയും പറഞ്ഞു.

``നീ തകഴിയില്‍ പൊയേ്‌ക്കാ; ഫലം ഞാന്‍ തന്നോളാം'' -എന്നു വെളിച്ചപ്പാടും.

അക്കൊല്ലം തന്നെയാണ്‌ ശബരിമലയില്‍ വെച്ച്‌ ഞങ്ങളുടെ ഗുരുസ്വാമി എന്നോടു ചോദിച്ചത്‌, `അടുത്തകൊല്ലം നിന്‍െറ കാര്യം എങ്ങനെയാണെന്ന്‌'. അതിനും അയ്യപ്പന്‍ എന്നെക്കൊണ്ടു മറുപടി പറയിച്ചു. ``ഗുരുവുണ്ടെങ്കില്‍ ശബരിമല''. പക്ഷേ, അടുത്തകൊല്ലം ഗുരു പരലോകപ്രാപ്‌തനായി.

വെളിച്ചപ്പാടിന്‍െറ അരുളപ്പാടും ഗുരുവിനു കൊടുത്ത വാക്കും കൂട്ടിവായിച്ച ഞാന്‍ പിറ്റേക്കൊല്ലം മുതല്‍ അയ്യപ്പദര്‍ശനം തകഴി ശാസ്‌താക്ഷേത്രത്തിലാക്കി. 41 ദിവസത്തെ വ്രതവുമെടുത്തു അന്നുമുതല്‍ മുടങ്ങാതെ മകരസംക്രമനാളില്‍ തകഴിയിലെ അയ്യപ്പചൈതന്യത്തെ ഞാന്‍ തൊഴുതുവരുന്നു. അവി െഎനിക്കു ദര്‍ശനം തരുന്ന അയ്യപ്പന്‍ വെറും കാരുണ്യമല്ലാതെ മറ്റൊന്നല്ല.

ആദ്യത്തെ 25 കൊല്ലം 12 നെയ്‌ത്തേങ്ങ മാത്രം നിറച്ച ഇരുമുടിക്കെട്ടുമായാണ്‌ ഞാന്‍ തകഴിയിലെത്തിയത്‌. ഇങ്ങനെ 300 നെയ്‌ത്തേങ്ങ അയ്യപ്പന്‌ അഭിഷേകത്തിനെത്തിച്ചതോടെ 300 തവണ അയ്യപ്പദര്‍ശനമുണ്ടായി എന്ന തോന്നലും എന്നിലുണ്ടായി. പിന്നത്തെ കൊല്ലം മുതല്‍ കഴിഞ്ഞകൊല്ലംവരെ ഇരുമുടിക്കെട്ടില്ലാതെയാണ്‌ ഞാന്‍ തകഴിയിലെത്താറ്‌.

തകഴി ശാസ്‌താവിനെ തൊഴുന്നതിലൂടെ പമ്പയും പൂങ്കാവനവും സന്നിധാനവും എല്ലാം എനിക്ക്‌ അനുഭവവേദ്യമാകുന്നുണ്ട്‌. ശബരിമല അയ്യപ്പനറിയാം ഞാന്‍ തകഴിയിലെത്തി അവിടത്തെ അടി പണിയുന്നുണ്ടെന്ന്‌.

``സത്യമായ പൊന്നുംപതിനെട്ടാം പടി...'' എന്ന അയ്യപ്പ ഭക്തിഗാനത്തില്‍ തുടങ്ങി ഏഴോളം അയ്യപ്പഭക്തിഗാന കാസറ്റുകളുടെ സംഗീതസംവിധാനം നിര്‍വഹിച്ചത്‌ വി. ദക്ഷിണാമൂര്‍ത്തിയല്ല; അത്‌ സാക്ഷാല്‍ അയ്യപ്പസ്വാമിയാണെന്നുകൂടി ഞാന്‍ പറയട്ടെ. ഒക്കെ അയ്യപ്പന്‍െറ കൃപ. അത്രതന്നെ.

സ്വാമി ശരണം.

No comments:

Post a Comment