പ്രത്യയശാസ്ത്രരേഖയിലില്ലാത്തത്
സൈദ്ധാന്തികനെന്ന നിലയ്ക്കും പ്രാക്മറ്റെഷ്യന്‍ എന്ന നിലയ്ക്കും ഇ.എം.എസ്.നമ്പൂതിരിപ്പാടിനെ ബഹുദൂരം പിന്നിലാക്കുന്ന മാര്‍ക്സിസ്റ്റുകളുടെ ഒരു നിരതന്നെയുണ്ടെങ്കിലും അദ്ദേഹത്തിന്റെ കാലമാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ പാത സ്വീകരിച്ച ഇന്ത്യന്‍ ഇടതുപക്ഷത്തിന്റേയും അതില്‍ തന്നെ സിപിഎമ്മിന്റെയും സുവര്‍ണയുഗമെന്ന് വിലയിരുത്താം. ഇഎംഎസില്‍നിന്ന് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം പിടിച്ചുവാങ്ങുമ്പോള്‍ പാര്‍ലമെന്റില്‍ 35 എംപിമാരുടെ അംഗബലത്തോടെ സിപിഎം നിര്‍ണായക ശക്തിയായിരുന്നു. കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരുകള്‍ അധികാരത്തിലുമുണ്ടായിരുന്നു. സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലെയും കമ്മ്യൂണിസ്റ്റ് വാഴ്ച തകര്‍ന്ന പശ്ചാത്തലത്തില്‍ തന്നോട് ആശയസമരത്തിന് വന്നവര്‍ക്കൊക്കെ പാര്‍ട്ടിയും മുന്നണിയും കൈവരിച്ചിട്ടുള്ള ഈ ‘അഭിമാനകരമായ നേട്ടം’ ഉയര്‍ത്തിക്കാട്ടി മറുപടി പറയാനാണ് ഇഎംഎസ് ശ്രമിച്ചത്. പറയത്തക്ക പ്രതിപക്ഷ ബഹുമാനമോ സംവാദശീലമോ ഇല്ലാതിരുന്ന ഇഎംഎസിന് ഇക്കാര്യത്തില്‍ ഒരു പരിധിവരെ വിജയം അവകാശപ്പെടാനും കഴിഞ്ഞിരുന്നു.
1992 ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും 1998 ല്‍ മരിക്കുന്നതുവരെയും സിപിഎമ്മില്‍ നിലനിന്നിരുന്നത് ഒരര്‍ത്ഥത്തില്‍ ഇഎംഎസ്‌യുഗം തന്നെയായിരുന്നു. പിന്‍ഗാമിയായെത്തിയ ഹര്‍കിഷന്‍സിംഗ് സുര്‍ജിത് തിളങ്ങിയത് പാര്‍ട്ടി സൈദ്ധാന്തികനായോ പ്രാക്മറ്റെഷ്യനായോ അല്ല. വര്‍ഗശത്രുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്ന സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ പിന്‍പറ്റുകയും ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ പ്രതിനിധിയുമായ കോണ്‍ഗ്രസുമായി പ്രത്യക്ഷവും പരോക്ഷവുമായ അധികാര പങ്കാളിത്തം ഉറപ്പാക്കുന്നതിലായിരുന്നു സുര്‍ജിത് മികവ് പ്രകടിപ്പിച്ചത്. ഗോഡ്ഫാദറായിരുന്ന സുര്‍ജിതിന്റെ അനുഗ്രഹാശിസുകളോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിച്ചേര്‍ന്ന പ്രകാശ് കാരാട്ടിന്റെ കാലം കോണ്‍ഗ്രസുമായുള്ള തുറന്ന സഹകരണത്തിന്റേതായത് സ്വാഭാവികം. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചെലവില്‍ കക്ഷിരാഷ്ട്രീയം പയറ്റി വിജയിച്ചുകൊണ്ടിരുന്ന ഇഎംഎസിന്റെ കാലത്തുനിന്ന് പ്രകാശ് കാരാട്ടിന്റെ കാലത്തേയ്ക്ക് എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദാര്യത്തില്‍ മാത്രം നിലനില്‍ക്കുന്ന ‘ദേശീയപാര്‍ട്ടി’യായി സിപിഎം അധഃപതിച്ചിരിക്കുന്നു.
വിഭാഗീയത വീഴ്ത്തിയ വിള്ളല്‍ മൂലം സംഘടനാപരമായ അടിത്തറ തകര്‍ന്ന കേരളത്തില്‍ അധികാരത്തിന് പുറത്തായതോടെ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസ്തമിച്ചുപോയ ചുവന്ന ബംഗാളിന്റെ വെറുമൊരു വാലായ ത്രിപുരയില്‍ മാത്രമായി ‘പ്രകാശ് കാരാട്ട് ആന്റ് പാര്‍ട്ടി’യുടെ ‘സമത്വസുന്ദര ലോകം’ ഒതുങ്ങിയിരിക്കുന്നു. പശ്ചിമബംഗാള്‍ നിയമസഭയില്‍ വെറും 40 എംഎല്‍എമാരിലേക്ക് ചുരുങ്ങിയ സിപിഎമ്മിന്റെ ഇപ്പോഴത്തെ ലോക്സഭാ പ്രാതിനിധ്യം 16 മാത്രം. ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ട 1967 ല്‍ ഇതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയിരുന്നു. ഇതുവരെ കഴിയാത്ത ഒരു പ്രകടനം ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷ പാര്‍ട്ടി പ്രവര്‍ത്തനം അന്ധവിശ്വാസമായി കൊണ്ടുനടക്കുന്ന നേതാക്കള്‍ക്കുപോലുമില്ല. ഈ സാഹചര്യത്തില്‍ വേണം 2012 ഏപ്രിലില്‍ കോഴിക്കോട് നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ പുതിയൊരു പ്രത്യയശാസ്ത്രരേഖയ്ക്ക് രൂപം നല്‍കാന്‍ ശ്രമിച്ച സിപിഎം കേന്ദ്ര കമ്മറ്റിയുടെ നടപടിയെ വിലയിരുത്താന്‍.
ഇത്തരമൊരു പ്രത്യയശാസ്ത്രരേഖ ആവശ്യമായിവരുന്ന ആശയപ്രതിസന്ധി സിപിഎം ഇപ്പോള്‍ നേരിടുന്നില്ല എന്നതാണ് വസ്തുത. യഥാര്‍ത്ഥത്തില്‍ സൈദ്ധാന്തിക പിന്‍ബലം ആവശ്യമായ ഒരു പാര്‍ട്ടി ഘടനയല്ല പതിറ്റാണ്ടുകളായി സിപിഎമ്മിനുള്ളത്. ‘സോഷ്യലിസ്റ്റ് വ്യവസ്ഥിതി’ നിലനിന്നിരുന്ന സോവിയറ്റ് യൂണിയനിലേയും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലേയും ഭരണകൂടങ്ങളുടെ തകര്‍ച്ച ഇന്ത്യന്‍ ഇടതുപക്ഷത്തെ പ്രതികൂലമായി ബാധിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കുശേഷം ഇന്ത്യയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്വാധീനമേഖലകളായ പശ്ചിമബംഗാളിലും കേരളത്തിലും സിപിഎമ്മിന് തുടര്‍ച്ചയായി വിജയിക്കാന്‍ കഴിഞ്ഞു. സാര്‍വദേശീയ കമ്മ്യൂണിസത്തിന് കനത്ത തിരിച്ചടി നല്‍കിയ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച സൈദ്ധാന്തികമായ തിരുത്തലുകള്‍ ആവശ്യപ്പെടുന്നതായി ഇഎംഎസിനെപ്പോലുള്ളവര്‍ക്ക് തോന്നിയില്ല. കാരണം ആശയപരമായ അടിത്തറക്കുപകരം കക്ഷിരാഷ്ട്രീയത്തെ ആശ്രയിച്ചുള്ളതായിരുന്നു ഇടതുപാര്‍ട്ടികളുടെ നിലനില്‍പ്പ്. ഈ രംഗത്ത് പയറ്റിത്തെളിഞ്ഞ ഇഎംഎസിനെപ്പോലുള്ളവര്‍ തികച്ചും ആപേക്ഷികവും ഏറെ പരിമിതികളുള്ളതുമായ തെരഞ്ഞെടുപ്പ് വിജയങ്ങളെ വര്‍ഗസമരത്തിന്റെ ഇന്ത്യന്‍ പാതയായി ദുര്‍വ്യാഖ്യാനിച്ച് അണികളെ കബളിപ്പിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. പശ്ചിമബംഗാളില്‍ തുടര്‍ച്ചയായി മൂന്നര പതിറ്റാണ്ട് കാലവും കേരളത്തില്‍ പൊതുവെ അഞ്ച് വര്‍ഷക്കാലത്തെ ഇടവേളകളിലും അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത് ഇത്തരം ദുര്‍വ്യാഖ്യാനത്തിന് വളരെയേറെ സഹായകമാവുകയും ചെയ്തു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരു പ്രത്യയശാസ്ത്ര രേഖ അവതരിപ്പിച്ച് പാസ്സാക്കിയെടുത്താല്‍ സിപിഎമ്മിന്റെ പരിതാപകരമായ ഇപ്പോഴത്തെ അവസ്ഥ മറികടക്കാനാവുമെന്നത് വ്യാമോഹമാണ്. പ്രത്യയശാസ്ത്ര ദാര്‍ഢ്യത്തിന്റെ അഭാവമല്ല, അധികാരം ലക്ഷ്യമിട്ട് കെട്ടിപ്പടുത്ത പാര്‍ട്ടി ഘടനയുടേയും സംഘടനാ സംവിധാനത്തിന്റേയും തകര്‍ച്ചയാണ് സിപിഎം നേരിടുന്നത്. ട്രേഡ് യൂണിയനുകളെയും സര്‍വീസ് സംഘടനകളെയും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളാക്കി ജനങ്ങളെ ഭയപ്പെടുത്തിയും തെരഞ്ഞെടുപ്പുകളെ ഹൈജാക്ക് ചെയ്തുമാണ് പശ്ചിമബംഗാളിനെ സിപിഎം ചുവപ്പിച്ചു നിര്‍ത്തിയിരുന്നത്. വാസ്തവത്തില്‍ ഇതായിരുന്നു ലോകവ്യാപകമായിത്തന്നെ കൊട്ടിഘോഷിക്കപ്പെട്ട ജ്യോതിബാസുവിന്റെ ഐതിഹാസികമായ ഭരണകാലം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ ഇടപെടലുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ സുതാര്യമാക്കാന്‍ തുടങ്ങിയതോടെയാണ് പശ്ചിമബംഗാളില്‍ സിപിഎമ്മിന്റെ പതനം തുടങ്ങിയത്. പശ്ചിമബംഗാളില്‍ സിപിഎം നടത്തുന്നത് ‘ശാസ്ത്രീയ ബൂത്തുപിടിത്തം’ ആണെന്ന് തുറന്നടിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍.ശേഷനാണ് ഇതിന് വഴിയൊരുക്കിയത്.
കോണ്‍ഗ്രസിനോട് ദേശീയ തലത്തില്‍ തന്ത്രപരമായ സഹകരണവും സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വിജയം നേടുന്നതിനുള്ള എതിര്‍പ്പും എന്നതായിരുന്നു സിപിഎം പതിറ്റാണ്ടുകളായി എടുത്തുപോരുന്ന നിലപാട്. ജ്യോതിബസു ഇതിന്റെ വക്താവായിരുന്നു. കോണ്‍ഗ്രസുമായി ബസുവിനുണ്ടായിരുന്ന സവിശേഷ ബന്ധമാണ് ഒരിക്കല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുപോലും അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിക്കപ്പെടാന്‍ കാരണമായത്. ബിജെപി അധികാരത്തിലേറുന്നത് തടയാനെന്ന വ്യാജേന കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ എക്യപ്പെടുത്തുന്നതിനെതിരായ പാര്‍ട്ടി അണികളുടെ അമര്‍ഷം സ്വന്തം സ്വാധീനമേഖലകളായ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ എതിര്‍ത്തുകൊണ്ട് നിര്‍വീര്യമാക്കുകയെന്ന അടവുനയമാണ് സിപിഎം സ്വീകരിച്ചത്. ഹര്‍കിഷന്‍ സിംഗ് ജനറല്‍ സെക്രട്ടറിയായതോടെ കോണ്‍ഗ്രസുമായുള്ള സിപിഎമ്മിന്റെ സഹകരണം ശക്തിപ്പെട്ടതിന്റെ അനന്തരഫലമായിരുന്നു 2004 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ച നടപടി. അപ്പോഴും മന്ത്രിസഭയില്‍ ചേരാതെ അധികാര മോഹത്തിന് മറയിട്ടു. ഫലത്തില്‍ സിപിഐ-എം എന്നത് ‘കോണ്‍ഗ്രസ് പാര്‍ട്ടി ഓഫ് ഇന്ത്യ- മാര്‍ക്സിസ്റ്റ്’ എന്നു പറയാവുന്ന അവസ്ഥയെത്തി.
അമേരിക്കയുമായുള്ള ആണവസഹകരണ കരാറിന്റെ പേരില്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ അവസാന കാലത്ത് പിന്‍വലിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ‘എതിര്‍ത്ത്’ മത്സരിക്കാന്‍ വേണ്ടിയായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ആണവകരാറിന്റെ കാര്യത്തില്‍ ചില നീക്കുപോക്കുകള്‍ നടത്തിയും അണികളെ കബളിപ്പിക്കാന്‍ ചില ന്യായീകരണങ്ങള്‍ നിരത്തിയും കോണ്‍ഗ്രസുമായി സഹകരിച്ച് വീണ്ടും സര്‍ക്കാരുണ്ടാക്കാമെന്നതായിരുന്നു കാരാട്ട് ലൈന്‍. എന്നാല്‍ വഞ്ചന തിരിച്ചറിഞ്ഞ അണികള്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നല്‍കി സിപിഎമ്മിനേയും ഇടതുകക്ഷികളെയും പാഠം പഠിപ്പിച്ചു. 2011 മെയ് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിന്റെ ഭരണം കൂടി നഷ്ടമായതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നോക്കുകുത്തികളായി സിപിഎം നേതൃത്വം മാറി. ഈ അവസ്ഥയില്‍നിന്ന് കരകയറാനുള്ള വഴി കാണാതെ ഉഴലുകയാണവര്‍. പ്രശ്നം പ്രത്യയശാസ്ത്ര പ്രതിസന്ധിയാണെന്ന് വരുത്തി അത് പരിഹരിക്കാന്‍ പുതിയൊരു രേഖ ചമച്ച് അണികളെ പിടിച്ചുനിര്‍ത്താനാവുമോയെന്നാണ് സിപിഎം നേതൃത്വം പരീക്ഷിച്ചുനോക്കുന്നത്.
കമ്മ്യൂണിസത്തിന് ഒരു ഇന്ത്യന്‍ പാത കണ്ടെത്താനുള്ള ശ്രമത്തിന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവിര്‍ഭാവത്തോളം പഴക്കമുണ്ട്. വിരോധാഭാസമെന്ന് പറയട്ടെ എല്ലായിപ്പോഴും പാര്‍ട്ടി മാറിമാറി കണ്ടെത്തിയിരുന്നത് റഷ്യന്‍ പാതയും ചൈനീസ് പാതയുമായിരുന്നു. ഇന്ത്യന്‍ പാത കണ്ടെത്തുന്നതിന് മാര്‍ഗദര്‍ശനം നല്‍കിയതാകട്ടെ സോവിയറ്റ് യൂണിയനിലെ ലെനിനും സ്റ്റാലിനും ചൈനയിലെ മാവോസേതൂങ്ങും! സാര്‍വദേശീയ കമ്മ്യൂണിസത്തിന്റെ പ്രഭാവകാലത്ത് ഇവരുടെ പിന്തുണയുണ്ടായിട്ടും സാധ്യമാക്കാന്‍ കഴിയാതിരുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പുറംപോക്കില്‍ കിടന്നുകൊണ്ട് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമൊക്കെ സാധിച്ചെടുക്കുമെന്ന് കരുതുന്നത് എത്ര അസംബന്ധമായിരിക്കും? ‘ചൈനീസ് പാത’ പിന്തുടരുന്ന യെച്ചൂരിയുടെ ഏറ്റവും പുതിയ പ്രത്യയശാസ്ത്ര രേഖ കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്ത് തള്ളിയെന്നാണ് റിപ്പോര്‍ട്ട്. വാസ്തവത്തില്‍ യെച്ചൂരിയുടെ രേഖ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു രാഷ്ട്രീയ ഫലിതത്തിന്റെ പ്രാധാന്യമേ അതിനുള്ളൂ. സിപിഎം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 1992 ല്‍ ചെന്നൈയില്‍ നടന്ന പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി തന്നെ ഒരു പ്രത്യയശാസ്ത്രരേഖ അവതരിപ്പിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച ഈ രേഖയുടെ ഗതിയെന്തായെന്ന് യെച്ചൂരിക്കുപോലും അറിയില്ല.
കടപ്പാട് ജന്മഭുമി
No comments:
Post a Comment