Friday, 18 November 2011

പരമ്പരാഗത പാത

പരമ്പരാഗത പാത

എരുമേലിയില്‍ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി കാനനത്തിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഭക്തര്‍ക്ക്‌ ആത്മനിര്‍വൃതിയേകുന്ന ഒന്നാണ്‌. പേരൂര്‍ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങള്‍. എരുമേലിയില്‍ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയില്‍ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയില്‍ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂര്‍ തോടില്‍ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും.

അയ്യപ്പഭക്തന്മാര്‍ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യന്‍ നിര്‍മ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തില്‍ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂര്‍ തോട്ടിലെത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടര്‍ന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തര്‍ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന്‍ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഭക്തര്‍ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയില്‍ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തര്‍ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠന്‍ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓര്‍മ്മയ്‌ക്ക്‌ അഴുതയില്‍ നിന്നെടുത്ത കല്ല്‌ ഭക്തര്‍ ഇവിടെ ഇടുന്നു. തുടര്‍ന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടര്‍ന്ന്‌ ഭക്തര്‍ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാര്‍ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു.

No comments:

Post a Comment