ഭാരതമാതാവിന്റെ വജ്രകിരീടം
കാശ്മീരിന് ഇന്ത്യയോട് പണ്ടേ അരിശമാണ്. ഇപ്പോഴാകട്ടെ ഇന്ത്യക്ക് കാശ്മീരിനോടും. പ്രശാന്ത് ഭൂഷണോട് ചോദിക്കുവിന്‍.ഇന്ത്യയില്‍ ജീവിക്കാന്‍ കാശ്മീരികളുടെ മേല്‍ ബലംപ്രയോഗിക്കരുത് എന്ന് പറഞ്ഞപ്പോള്‍ അയാളൊരിക്കലും ഇത്തരം അക്രമപൂര്‍ണ്ണമായ ഒരു പ്രതികരണം പ്രതീക്ഷിക്കയുണ്ടായില്ല. അതിലും വലിയ അടിയായിപ്പോയി, അയാളുടെ ടീം ലീഡര്‍, അണ്ണാ ഹസാരെ കൈയൊഴിഞ്ഞുകളഞ്ഞത്. തങ്ങള്‍ക്ക് പാരയായി മാറിയിരിക്കുന്ന ഈ വിടുവായനെ ഒഴിവാക്കാന്‍ അണ്ണാ ടീം ഒരുങ്ങിയെങ്കിലും, പിന്നെ സംയമനം പാലിച്ചു. അങ്ങിനെ, പരമാബദ്ധം വിളിച്ചുപറഞ്ഞ് സ്വയം കുഴിയില്‍ ചാടിയിരിക്കുന്നു പ്രശാന്ത്ഭൂഷണ്‍.
ആഡംബരപൂര്‍ണ്ണമായ സ്വീകരണമുറികളില്‍ ഒത്തുകൂടി ഇന്ത്യന്‍ ബുദ്ധിജീവികള്‍ കാള്‍ മാര്‍ക്സിനെയും മാവോ സേതുങ്ങിനെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെ കിരാതഭരണത്തെയും കുറിച്ച് സൊറ പറഞ്ഞിരുന്ന കാലം പണ്ടേ കൊഴിഞ്ഞുപോയിരിക്കുന്നു. അവരുടെ സ്ഥാനത്ത് കയറിയിരിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകവീരന്മാരും വീരത്തികളും കരുതുന്നത്, തങ്ങള്‍ക്കുള്ള എന്‍ജിഒ മനോവിന്യാസം ഏതുവിഷയത്തിലും-കാശ്മീര്‍ മുതല്‍ കറപ്ഷന്‍ വരെ വൈദഗ്ദ്ധ്യമുണ്ടെന്ന് ചമയാന്‍ ലൈസന്‍സ് നല്‍കുന്നുവെന്നാണ്.
പക്ഷേ, അവര്‍ സാധാരണ ഇന്ത്യക്കാരന്റെ ക്രോധത്തിനു തുലോം വിലകല്‍പ്പിക്കുന്നില്ല. അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കരുത് എന്ന് കാശ്മീര്‍ നിയമസഭാ പ്രമേയം പാസാക്കുന്നത് സാദാ ഭാരതീയനെ രോഷാകുലനാക്കുന്നു. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റാത്തതില്‍ അവന്‍ അമര്‍ഷം പ്രകടിപ്പിക്കുന്നു. കാശ്മീരില്‍ ഐഎസ്‌ഐ പരിശീലനം സിദ്ധിച്ച ജിഹാദികളുമായി ഏറ്റുമുട്ടി ആയിരക്കണക്കിന് പട്ടാളക്കാര്‍ കൊല്ലപ്പെടുന്നതിലും, ചന്തകളിലും കോടതികളിലും സ്ഥാപിക്കുന്ന ബോംബുകള്‍ നൂറുകണക്കിന് നിഷ്കളങ്ക ജീവനുകളെ വെട്ടിവിഴുങ്ങുന്നതിലും അവന്‍ കോപാകുലനാണ്. ക്രോധത്തിന്റെ കാര്‍മേഘങ്ങള്‍ ഇടിവെട്ടിപ്പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യത്തെ ഇടിവെട്ടേറ്റത് പ്രശാന്ത് ഭൂഷണത്തിനാണ്.
1980കള്‍ വരെയും, കാശ്മീര്‍ നമ്മുടെ ഏദന്‍തോട്ടമായിരുന്നു. ജവഹര്‍ലാല്‍ പാടി “ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ്, അത് ഇതാണ്, അത് ഇതാണ്”. കാശ്മീര്‍ നമ്മുടെ സ്വിറ്റ്സര്‍ലന്റ് ആയിരുന്നു. ഷിക്കാര വള്ളത്തില്‍ ഷമ്മികപൂര്‍ ആടിപ്പാടിയ ദാല്‍ തടാകം. ചുറ്റും ചിനാര്‍മരങ്ങള്‍.
ഇന്ത്യയും പാക്കിസ്ഥാനും അതിനെച്ചൊല്ലി രണ്ട് യുദ്ധങ്ങള്‍ നടത്തി. കാശ്മീര്‍ ഇന്ത്യയുടെ വജ്രകിരീടമാകുന്നു. അതിനെ വെട്ടിമാറ്റുന്നത് ഒരു ഇന്ത്യക്കാരനും ദുഃസ്വപ്നം പോലും കാണുന്നതല്ല. ഇന്ത്യയെ വെട്ടിമുറിച്ചുകൊള്ളാന്‍ കാശ്മീരികളോട് ഭൂഷണ്‍ പറഞ്ഞേക്കാം. പക്ഷേ, വസ്തുത ഇതാണ്. മുമ്പൊരിക്കലുമില്ലാത്ത വണ്ണം, കാശ്മീര്‍ ഇന്ത്യയെ ഒന്നിപ്പിക്കയാണ്. ദല്‍ഹിയിലെ ഇന്നത്തെ ഒരു കുടില്‍ വ്യവസായം കൂടിയാണ് കാശ്മീര്‍. ഏറ്റവും പുത്തന്‍ വിദഗ്ദ്ധ തൊഴിലാളികള്‍ രാധാകുമാര്‍, ദിലീപ് പഡ്ഗാവോങ്കര്‍, എം.എം. അന്‍സാരി എന്നീ ഒത്തുതീര്‍പ്പുവാഹകരാണ്. അവര്‍ ആദ്യമായി നിര്‍ദ്ദേശിച്ചത് കാ-പ്രശ്നം പരിഹരിക്കാന്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തല്‍ അനിവാര്യമാണെന്നാണ്. ഗിലാനി ആന്റ് കമ്പനി താക്കീത് നല്‍കിയതുമൂലം ഉടന്‍ ആ നിര്‍ദ്ദേശം പിന്‍വലിക്കപ്പെട്ടു. ഒരുവര്‍ഷവും സര്‍ക്കാരിന്റെ ലക്ഷക്കണക്കിന് രൂപയും ചെലവഴിച്ച് പരിഹാരം കണ്ടെത്തുന്നതില്‍ ഈ ത്രിമൂര്‍ത്തികള്‍ പരാജയമറിയിച്ചു.
കാശ്മീര്‍ ഇന്ത്യയുടെ ദുരന്തസമസ്യയാണ്. നാം ഏറ്റവും കൂടുതല്‍ ലാളിച്ചിട്ടുള്ള സംസ്ഥാനമാണത്. പ്രധാനമന്ത്രിയുടെ മഹാമനസ്കതയായി 1986 മുതല്‍ ഇന്നുവരെ 44,350 കോടിരൂപയാണ് അത് ഏറ്റുവാങ്ങിയിട്ടുള്ളത്. 1989 മുതലുള്ള കാലത്ത് കാശ്മീരിന്റെ സംസ്ഥാന പദ്ധതിവിഹിതം 30,000 കോടിരൂപയാണ്. 2007നുശേഷം അവിടുത്തെ പല പദ്ധതികള്‍ക്കായി കേന്ദ്രം 2,150 കോടിരൂപ ചെലവഴിച്ചിരിക്കുന്നു.
എന്നിട്ടും 1989നുശേഷം കാശ്മീരില്‍ 40000 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം, പോലീസ് വെടിവെപ്പില്‍ 110 കല്ലെറിയലുകാര്‍ ‘മരിച്ചു.’ കുറച്ചുമാസങ്ങള്‍ക്കുശേഷം, അതില്‍ ചിലര്‍ ജമ്മുകാശ്മീര്‍ പോലീസില്‍ ചേരാനെത്തി. അക്കാലത്ത്, റബ്ബര്‍ ബുള്ളറ്റുകളേറ്റ് പരിക്കുപറ്റിയ കല്ല് ജിഹാദികളെ കിടത്തി ചികിത്സിച്ചിരുന്ന ആശുപത്രികളില്‍ ഡോക്ടര്‍മാരടക്കമുള്ളവര്‍ ഇന്ത്യയെ ഭര്‍ത്സിച്ചിരുന്നു. വിരോധാഭാസം എന്തെന്നാല്‍ ഓരോ കല്ലെറിയലുകാരനും നിരപരാധിയും സംഭവം നോക്കിക്കൊണ്ടു നിന്നവര്‍ മാത്രമാണെന്നും വിശേഷിപ്പിക്കപ്പെട്ടു. അവര്‍ സുഖമില്ലാതെ കിടക്കുന്ന ഉമ്മുമ്മാക്ക് കടയില്‍ മരുന്ന് വാങ്ങാന്‍ പോയവരോ, കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടുനിന്നവരോ മാത്രമായിരുന്നു. അത്ഭുതം ഇതാണ്, ‘യഥാര്‍ത്ഥ’ കല്ലുജിഹാദികള്‍ പോയി മറഞ്ഞതെവിടെ?
പക്ഷേ, 1990-ല്‍ താഴ്‌വരയില്‍-മറ്റേ കാശ്മീരില്‍ നിന്നും പലായനം ചെയ്തവരുണ്ട്. അവരിലെ 300 പേര്‍ ബലാല്‍സംഗം ചെയ്യപ്പെടുകയോ, അംഗഭംഗം നേരിടുകയോ കൊല്ലപ്പെടുകയോ ചെയതപ്പോള്‍ നാലുവര്‍ഷത്തിലധികം കാശ്മീരി പണ്ഡിറ്റുകള്‍ അവരുടെ വീടുകള്‍ വിട്ടോടി അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തി, ഭീതിജനകമായ 1947-ലെ മാതിരി.
കെ.പി.എസ്. ഗില്‍ എഴുതി ” കാശ്മീര്‍ താഴ്‌വരയിലെ യഥാര്‍ത്ഥ ജനതതിയുടെ 95 ശതമാനവും ‘ആഭ്യന്തര അഭയാര്‍ത്ഥികളുടെ’ അവഗണിക്കപ്പെട്ട സ്ഥിതിവിവരക്കണക്കുകളുടെ ഭാഗമായി.” വിഘടനവാദികള്‍ അവരോടു സംസാരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഒത്തുതീര്‍പ്പുവാഹകര്‍ ദുഃഖിതരായി. പക്ഷേ, പ്രസ്തുത ഇന്റര്‍ലോക്ക്യൂട്ടര്‍മാരും കാശ്മീരി പണ്ഡിറ്റുകളുടെ അഭിപ്രായമറിയാന്‍ കൂട്ടാക്കിയില്ല.
അതിനാല്‍, പ്രശാന്ത് ഭൂഷണ്‍ കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നു പറയുമ്പോള്‍, അയാള്‍ അതില്‍ പണ്ഡിറ്റുകളുടെ കാശ്മീരിനെക്കൂടി ഉള്‍പ്പെടുത്തുമോ?
(പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കോളമിസ്റ്റും, ഒ.വി. വിജയന്റെ മരുമകനുമാണ് ലേഖകന്‍).
No comments:
Post a Comment