Wednesday, 23 November 2011

തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്‌ പതിവാക്കിയ പത്മരാജന്‍ സന്നിധാനത്ത്‌ സേവനനിരതന്‍


ശബരിമല : തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച്‌ പരാജയപ്പെട്ട്‌ ശ്രദ്ധനേടിയ ഡോ.കെ.പത്മരാജന്‍ പതിവുപോലെ സേവനത്തിനായി അയ്യപ്പസന്നിധിയില്‍ എത്തി. പിറവത്ത്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിനിടെയാണ്‌ ഈവര്‍ഷം സന്നിധാനത്തെത്തിയത്‌. 25 വര്‍ഷമായി അയ്യപ്പസേവാസംഘത്തിന്റെ വാളന്റിയറായി സന്നിധാനത്ത്‌ സേവനത്തിനെത്തുന്ന പത്മരാജന്‍ എന്നും തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുവാനായി മത്സരിക്കുന്ന ആളാണ്‌. 23 വര്‍ഷമായി ഇദ്ദേഹം തെരഞ്ഞടുപ്പുകളില്‍ സാന്നിദ്ധ്യം അറിയിക്കുവാന്‍ തുടങ്ങിയിട്ട്‌. തെരഞ്ഞെടുപ്പുകളില്‍ നിരന്തരം തോല്‍ക്കുന്നതിനെത്തുടര്‍ന്ന്‌ ലിംങ്കാബുക്കിലെത്തി, ഗിന്നസ്ബുക്കാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം.
1988 ലെ ഒരു ഉപതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ മേട്ടൂര്‍ മണ്ഡലത്തിലാണ്‌ പത്മരാജന്‍ കന്നിയംങ്കം കുറിച്ചത്‌. 91ലും 96 ലും പ്രധാന മന്ത്രി നരംസിഹറാവുവിനെതിരേ മത്സരിച്ചു. പിന്നീട്‌ ഇങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും മത്സരം തുടര്‍ന്നു. കെ.ആര്‍.നാരായണന്‍, എ.പി.ജെ.അബ്ദുള്‍കലാം, പ്രതീഭാപാട്ടീല്‍ എന്നിവര്‍ക്കെതിരേ രാഷ്ട്രപരി സ്ഥാനത്തേക്കും മത്സരിച്ചിട്ടുണ്ട്‌. ഭൈരോണ്‍സിംഗ്‌ ഷെഖാവത്ത്‌ , കൃഷ്ണകാന്ത്‌, ഹമീദ്‌ അന്‍സാരി, എന്നിവര്‍ക്കെതിരേ ഉപരാഷ്ട്രപതി സ്ഥാനത്തിനുവേണ്ടിയും മത്സരിച്ചു. നരസിംഹറാവുവിനെ കൂടാതെ പ്രധാന മന്ത്രിമാരായിരുന്ന അടല്‍ബീഹാരി വാജ്പോയി, ഡോ.മന്‍മോഹന്‍സിംഗ്‌, എന്നിവര്‍ക്കെതിരേയും മത്സരിച്ചു. കേരളത്തില്‍ കെ.കരുണാകരന്‍, എ.കെ.ആന്റണി, വയലാര്‍ രവി, പന്ന്യന്‍ രവീന്ദ്രന്‍, സെബാസ്റ്റ്യന്‍പോള്‍, തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത, മുന്‍ മുഖ്യമന്ത്രി കരുണാനിധി, സ്റ്റാലിന്‍ , കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പ, ബംഗാരപ്പ, കേന്ദ്ര മന്ത്രി എസ്‌.എം.കൃഷ്ണ, കുമാര സ്വാമി എന്നിവര്‍ക്കെതിരേയും മത്സരിച്ചിട്ടുണ്ട്‌. കേരള ഗവര്‍ണര്‍ എം.എസ്‌.ഫറൂക്കിനെതിരേ പോണ്ടിച്ചേരിയിലും മത്സരിച്ചു. തോല്‍ക്കുവാന്‍ വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ മത്സരങ്ങളെല്ലാം. കണ്ണൂര്‍ കുഞ്ഞുമംഗലം കുഞ്ഞമ്പുനായരുടേയും ശ്രീദേവി നായരുടേയും മകനാണ്‌ കെ.പത്മരാജന്‍. ഭാര്യ: ശ്രീജ, ഏകമകന്‍ ശ്രീജേഷ്‌ എം.ബി.എ വിദ്യാര്‍ത്ഥിയാണ്‌. തമിഴ്‌നാട്ടിലെ മേട്ടൂരിലാണ്‌ സ്ഥിരതാമസം. തോല്‍ക്കാനായി മത്സരിക്കുന്ന പത്മരാജന്‍ ശബരിമലയില്‍ തീര്‍ത്ഥാടനം ആരംഭിച്ചാല്‍ മുഴുവന്‍ സമയവും ശബരിമലയിലുണ്ടാവും. ഇക്കാലയളവില്‍ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചാല്‍ അയ്യപ്പസന്നിധിയില്‍ നിനനമാകും പത്രിക നല്‍കാന്‍ പോകുക, പിറവത്തു നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ പത്മരാജന്‍. ഇതോടെ 127 ാ‍ം തവണയാണ്‌ തെരഞ്ഞെടുപ്പുകളെ ഇദ്ദേഹം അഭിമുഖീകരിക്കുന്നത്‌.

No comments:

Post a Comment