ശബരിമലയില്‍ അരുതാത്തത്
- ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുത്.
- പമ്പാനദി മലിനമാക്കരുത്.
- തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം പാടില്ല. പമ്പയിലും സന്നിധാനത്തും കക്കൂസുകളുണ്ട്.
- പമ്പാനദിയില്‍ ഉടുത്ത വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കരുത്.
- ഭസ്‌മക്കുളത്തില്‍ എണ്ണയും സോപ്പും ഉപയോഗിക്കരുത്.
- വനനശീകരണത്തിന് കാരണമായ ഒരു പ്രവൃത്തിയും അരുത്.
- ശബരിമലയില്‍ പുകവലി പാടില്ല.
- പ്ലാസ്റ്റിക് വസ്‌തുക്കളും നിരോധിച്ചിരിക്കുന്നു. കഴിയുന്നത്ര തുണിസ്സഞ്ചികള്‍ ഉപയോഗിക്കുക.
- ശരംകുത്തിയിലാണ് ശരക്കോലുകള്‍ നിക്ഷേപിക്കേണ്ടത്. വേറെയെങ്ങും പാടില്ല.
- പമ്പസ്സദ്യക്കുശേഷം എച്ചിലിലകള്‍ പമ്പാനദിയില്‍ ഒഴുക്കുന്നത് ആചാരമല്ല.
- പതിനെട്ടാംപടിയിലേക്ക് നാളികേരം വലിച്ചെറിയരുത്. നാളികേരം ഉടയ്‌ക്കാന്‍ പടിയുടെ വശങ്ങളില്‍ നിര്‍ദ്ദിഷ്‌ട സ്ഥലങ്ങളുണ്ട്.
- അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവര്‍ അതുകഴിഞ്ഞാല്‍ അടുപ്പിലെ തീ വെള്ളം തളിച്ച് കെടുത്തണം.
- കര്‍പ്പൂരാരാധന നടത്തുന്നവര്‍ തീ അലക്ഷ്യമായി ഉപേക്ഷിക്കരുത്.
- 10 വയസ്സിനും 50 വയസ്സിനും ഇടയ്‌ക്കുള്ള സ്‌ത്രീകള്‍ മല ചവിട്ടരുത്. നിത്യബ്രഹ്മചാരി അയ്യപ്പന് അത് ഹിതകരമല്ല.
- ശബരിമലയില്‍ ഉത്സവത്തിന്‍െറ ഭാഗമായി പമ്പയില്‍ ആറാട്ടുനടക്കുന്ന ദിവസം പമ്പയിലും യൗവനയുക്തകളായ സ്‌ത്രീകള്‍ വരാന്‍ പാടില്ല.
വ്രതകാലത്ത് അരുതാത്തത്
- മാലയിട്ടാല്‍ മാലയൂരുന്നതുവരെ ക്ഷൗരം പാടില്ല.
- ഒരുവിധത്തിലുമുള്ള ലഹരി വസ്‌തുക്കളും ഉപയോഗിക്കരുത്.
- മാംസഭക്ഷണമരുത്.
- പഴയതും പാകം ചെയ്‌ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം നിഷിദ്ധമാണ്. ഭക്ഷണം പാകം ചെയ്‌ത് മൂന്നേമുക്കാല്‍ നാഴിക അഥവാ ഒന്നര മണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം.
- കോപിക്കരുത്, അസത്യം പറയരുത്, ഹിംസിക്കരുത്.
- ശവസംസ്‌കാരത്തില്‍ പങ്കെടുക്കരുത്. പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലംവരെ വ്രതമെടുത്ത് മലചവിട്ടണം.
പള്ളിക്കെട്ടില്‍ എന്തൊക്കെ?
പള്ളിക്കെട്ടും തലയിലേന്തിയാണ് അയ്യപ്പന്മാര്‍ ശബരിമല ദര്‍ശനത്തിന് പോവുന്നത്. ഇരുമുടിക്കെട്ടെന്നും പറയും. മുന്‍ മുടിയില്‍ പൂജാദ്രവ്യങ്ങളും പിന്‍മുടിയില്‍ ഭക്ഷണത്തിനുവേണ്ട സാധനങ്ങളും.മുന്‍ കെട്ടില്‍ നിറയേ്‌ക്കണ്ട വഴിപാട് സാധനങ്ങള്‍ താഴെ പറയുന്നു. വെറ്റില, അടയ്‌ക്ക, നാണയം, തേങ്ങ, നെയ്‌ത്തേങ്ങ, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, അവില്‍, മലര്, കല്‍ക്കണ്ടം, ഉണക്ക മുന്തിരി, തേന്‍, പനിനീര്, കദളിപ്പഴം, വറപൊടി, ഉണക്കലരി, കുരുമുളക്, കാലിപ്പുകയില.
വെറ്റില, അടയ്‌ക്ക, നാളികേരം, നെയ്‌ത്തേങ്ങ എന്നിവ ആദ്യം ശരണം വിളിയോടെ കെട്ടില്‍ നിറയ്‌ക്കണം. നെയ്‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പന് അഭിഷേകത്തിനുള്ളതാണ്. വെറ്റില അടയ്‌ക്കാ നാണയം എന്നിവ മലയാത്ര കഴിഞ്ഞു വരുമ്പോള്‍ സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയാണ് പതിവ്. കെട്ടില്‍ ഒന്നിലേറെ നാളികേരം കരുതുന്നവരുണ്ട്. കരിമല മൂര്‍ത്തി, പമ്പാഗണപതി, പതിനെട്ടാംപടി എന്നിവിടങ്ങളില്‍ അടിക്കാന്‍. കര്‍പ്പൂര പ്രിയനായതുകൊണ്ട് എല്ലാ നടകളിലും കര്‍പ്പൂരം കത്തിച്ച് ശരണം വിളിക്കാം.
നാഗയക്ഷിക്കും നാഗരാജാവിനും മാളികപ്പുറത്തും മഞ്ഞള്‍പ്പൊടി തൂവാം. അവില്‍, മലര്, കല്‍ക്കണ്ടം, മുന്തിരി, വറപൊടി എന്നിവ കടുത്ത സ്വാമിക്ക് സമര്‍പ്പിക്കാം. കറുപ്പ സ്വാമിക്ക് കാലിപ്പുകയില, വാവരു സ്വാമിക്ക് കുരുമുളക്. ഉണക്കലരി, ഉണ്ട ശര്‍ക്കര, കദളിപ്പഴം എന്നിവ അയ്യപ്പസ്വാമിക്ക് നിവേദ്യത്തിനാണ്.
No comments:
Post a Comment