Tuesday, 8 November 2011

പുണ്യമീ യാത്ര…

പുണ്യമീ യാത്ര…


“അമ്മയുടെ മക്കള്‍ ലോകത്തിന്റെ നാനാ ഭാഗത്തുമുണ്ട്‌. അവരുടെ പ്രാര്‍ത്ഥനകള്‍ അമ്മ കേള്‍ക്കുന്നു. മക്കളുടെ അടുത്ത്‌ അമ്മയ്ക്ക്‌ എത്താതിരിക്കാനാവില്ല.”
1982 – ല്‍ ആണെന്ന്‌ തോന്നുന്നു അമ്മ ഇത്‌ പറഞ്ഞത്‌. ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്‌ 1987 മുതല്‍ അമ്മ തന്റെ വിദേശപര്യടനം ആരംഭിച്ചു. അമേരിക്കയിലും യൂറോപ്പിലുമായി മൂന്നുമാസം നീണ്ട ആ ജൈത്രയാത്ര പാശ്ചാത്യലോകര്‍ക്ക്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രേമഗംഗയില്‍ മുങ്ങിനിവര്‍ന്ന ഒരു അനുഭവമായിരുന്നു. മക്കളുടെ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍ നിരസിക്കുവാന്‍ കഴിയാതെ, തുടര്‍ന്ന്‌ എല്ലാ വര്‍ഷവും ആ പുണ്യപ്രവാഹം ലോകത്തെല്ലായിടത്തും നിറഞ്ഞൊഴുകിയെത്തുന്നു.
സദ്ഗുരുവിനോടൊപ്പമുള്ള യാത്ര, അതൊരു തീര്‍ത്ഥയാത്രയാണ്‌, സൗഭാഗ്യമാണ്‌, സര്‍വോപരി പുണ്യമാണ്‌. ഈ യാത്രകള്‍ മിക്കപ്പോഴും അറിവിന്റെയും അനുഭവത്തിന്റെയും കലവറ തുറന്നുതരുന്നു. ഒരു ആത്മാന്വേഷിക്ക്‌ ഈ യാത്രയിലെ ഓരോ നിമിഷവും ഓരോരോ പാഠങ്ങള്‍ സമ്മാനിക്കുന്നു. നമ്മുടെ മാര്‍ഗ്ഗം തെളിച്ചു തരുന്ന ദീപമായിത്തീരുന്നു.
യഥാര്‍ത്ഥത്തില്‍ അമ്മയ്ക്ക്‌ സ്വദേശമെന്നോ വിദേശമെന്നോ ഉള്ള വേര്‍തിരിവില്ല. രാജ്യങ്ങളിലേക്കല്ല, മറിച്ച്‌ മനുഷ്യമനസ്സുകളിലേക്കാണ്‌ അമ്മ യാത്ര ചെയ്യുന്നത്‌. അതിരുകളില്ലാത്ത ആ സ്നേഹപ്രവാഹം കടലുകളും ഭൂഖണ്ഡങ്ങളും കടന്ന്‌ അനുകമ്പയോടെ അവിടേക്ക്‌ ഒഴുകിയെത്തുകയാണ്‌, ആരുടെയും അനുവാദത്തിന്‌ കാത്തുനില്‍ക്കാതെ.
2011 – അമ്മ ലോകപര്യടനം തുടങ്ങിയിട്ട്‌ 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്‌, ഇക്കഴിഞ്ഞ ജൂണ്‍ മാസം അമ്മ കാലിഫോര്‍ണിയയിലെ സാന്റമോണ്‍ ആശ്രമത്തിലെത്തിയ ദിവസം. അമ്മയുടെ സന്ദര്‍ശനം 25-ാ‍ം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുന്ന ഈ വേള വിപുലമായ രീതിയില്‍ ആഘോഷിക്കണമെന്ന്‌ ഭക്തര്‍ അമ്മയോട്‌ അപേക്ഷിച്ചു. “ആഘോഷമൊന്നും വേണ്ടാ മക്കളെ. വീടില്ലാത്തവരെ അന്വേഷിച്ചു കണ്ടുപിടിച്ചു നമുക്കു കുറച്ചു വീടുകള്‍ വച്ച്‌ കൊടുക്കാം.” ലോകത്തെ ഒരു പുഷ്പം പോലെ തന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന അമ്മ മറ്റൊന്ന്‌ ആഗ്രഹിക്കാനിടയില്ലല്ലോ.
അന്നുരാത്രി ഉറങ്ങാനായില്ല. അമ്മയുടെ അനന്തമായ കാരുണ്യം എന്നെ പലതും ഓര്‍മ്മപ്പെടുത്തി. 25 വര്‍ഷം മുന്‍പുള്ള ആദ്യയാത്രയിലെ ചില അനുഭവങ്ങള്‍ പ്രത്യേകിച്ചും. അന്ന്‌ അമ്മയ്ക്കുപോലും ഒന്നുരണ്ടുദിവസം തങ്ങാന്‍ ഒരു വീടുകിട്ടാന്‍ ബുദ്ധിമുട്ടിയപ്പോള്‍, അതോര്‍ത്ത്‌ അസ്വസ്ഥരായ ഞങ്ങളോടു പുഞ്ചിരിയോടെ അമ്മ പറഞ്ഞു, “ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കൊന്നും മക്കള്‍ വിഷമിക്കരുത്‌. ഭാവിയില്‍ എല്ലാ രാജ്യങ്ങളിലും നമുക്ക്‌ ആശ്രമങ്ങളുണ്ടാകും.”
അന്ന്‌ അമ്മ അപ്പറഞ്ഞ വാക്കുകളുടെ വ്യാപ്തി ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ കാലംകൊണ്ട്‌ അമ്മ പറഞ്ഞതെല്ലാം കണ്‍മുന്നില്‍ കാണുവാന്‍ തുടങ്ങി. ഇന്ന്‌ അമ്മയുടെ സ്ഥാപനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങള്‍ ചുരുക്കം. അതുമാത്രമോ, അമേരിക്കപോലെ സമ്പന്നമായ ഒരു രാജ്യത്തുപോലും അമ്മയുടെ കാരുണ്യപദ്ധതികളിലൊന്നായ ‘അമൃതകൂടീരം’ ഭവനനിര്‍മ്മാണം തുടങ്ങുന്നു. നിര്‍ദ്ധനര്‍ക്ക്‌ അന്നദാനം ചെയ്യുന്ന ‘അമ്മാസ്‌ കിച്ചന്‍’ വര്‍ഷങ്ങളായി അമേരിക്കയില്‍ നടന്നുവരുന്നു. കത്രീന ചുഴലിക്കാറ്റ്‌ ദുരന്തം വിതച്ചപ്പോള്‍ ഒരു ദശലക്ഷം ഡോളറിന്റെ സഹായം അമ്മ നല്‍കി. ഇപ്പോഴിതാ ഭവനനിര്‍മ്മാണവും. ഇത്തരം ഉദാത്ത സ്മരണകളില്‍ മുഴുകി രാവേറെ വൈകി അമ്മയുടെ ആശ്ചര്യകരമായ ഓര്‍മ്മകള്‍ ആ രാത്രി എന്റെ കണ്ണുകളടപ്പിച്ചില്ല. അമ്മയുടെ അമേരിക്കയിലെ ഏറ്റവും ആദ്യത്തേതും അതീവ രമണീയവുമായ സാന്റമണ്‍ ആശ്രമം സ്ഥാപിതമായത്‌ എങ്ങനെയാണെന്ന്‌ ഞാന്‍ ഓര്‍ത്തുപോയി.

No comments:

Post a Comment