വല്ലാര്‍പാടം: ദുബായ് പോര്‍ട്സ് നിലപാട് രാജ്യത്തിന് ഭീഷണി
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു. സെസ് പദവിയുടെ മറവിലാണ് ദുബായ് പോര്‍ട്സ് വേള്‍ഡ് അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ വെല്ലുവിളിച്ചുകൊണ്ട് വല്ലാര്‍പാടം തങ്ങളുടെ സാമ്രാജ്യമാണെന്ന് പ്രഖ്യാപിക്കുന്നത്. ഇവിടെ മറ്റൊരു ഏജന്‍സിയുടെ പരിശോധനയും അനുവദിക്കില്ലെന്ന് ഇവര്‍ പറയുന്നു.രാജ്യത്തെ ആദ്യത്തെ തുറമുഖാധിഷ്ഠിത പ്രത്യേക സാമ്പത്തിക മേഖലയാണ് (സെസ്) വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍. സ്വകാര്യ മേഖലയിലുള്ള ഇവിടം കേന്ദ്രീകരിച്ച് ആയിരക്കണക്കിന് കോടിയുടെ കള്ളക്കടത്തുകള്‍ നടക്കുന്നതായിട്ടാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 1.37 കോടിയുടെ രക്തചന്ദനം പിടികൂടിയിട്ടും ടെര്‍മിനലില്‍ കസ്റ്റംസ് പരിശോധന അനുവദിക്കില്ലായെന്ന ധാര്‍ഷ്ട്യത്തിലാണ് ദുബായ് പോര്‍ട്ട് അധികൃതര്‍.
ഐലന്റിലെ ഫ്രൈറ്റ് സ്റ്റേഷനിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം മുദ്രവയ്ക്കപ്പെടുന്ന കണ്ടെയ്നര്‍ ഒന്ന് രണ്ട് മണിക്കൂറിനുള്ളില്‍ വല്ലാര്‍പാടത്ത് എത്തുവാനാകും. വൈകിട്ട് നാലിന് പരിശോധന നടത്തി റബര്‍മാറ്റ് ആണെന്ന് കണ്ടെത്തി ഐലന്റ് വിട്ട മുദ്രവച്ച കണ്ടെയ്നര്‍ പിറ്റേന്ന് പുലര്‍ച്ചെ നാലിനാണ് വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തുന്നത്. ഇതിനിടയില്‍ കസ്റ്റംസ് സീല്‍ പൊട്ടിക്കാതെ ബോഡിമാറ്റി രക്തചന്ദനം കയറ്റിയാണ് എത്തിയത്. ഇതേരീതിയില്‍ സ്ഫോടകവസ്തുക്കളും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന മറ്റ് സാധനങ്ങളും വരുകയും പോവുകയും ചെയ്യാമെന്ന അവസ്ഥയാണുള്ളത്. സെസ് നിയമത്തിലെ നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനി പരിശോധന നിഷേധിക്കുന്നത്. ആഗസ്റ്റ് എട്ടിന് കസ്റ്റംസ് കമ്മീഷണര്‍ ടെര്‍മിനലില്‍ പരിശോധന നടത്തുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്തുനല്‍കിയെങ്കിലും ദുബായ് പോര്‍ട്ട് അധികൃതര്‍ അനുവാദം നിഷേധിക്കുകയായിരുന്നു. വല്ലാര്‍പാടത്തെക്കുറിച്ച് ദുരൂഹതകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ അധികൃതര്‍ പലവട്ടം ഇവിടെ പരിശോധനക്ക് എത്തിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ പരിധിയ്ക്ക് പുറത്താണെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും രാജ്യത്തിനകത്ത് മറ്റൊരു രാജ്യമെന്ന അവസ്ഥയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികളായ ഡിആര്‍ഐയും കസ്റ്റംസും രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോയും ക്ഷുഭിതരാണ്. ഈ നടപടി അനുവദിക്കാനാവില്ലെന്ന നിലപാടിലാണവര്‍. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ തീരുമാനമില്ലെങ്കില്‍ വല്ലാര്‍പാടത്തെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും കസ്റ്റംസിന് ഉദ്ദേശ്യമുണ്ട്.
No comments:
Post a Comment