ഹരിവരാസനം വിശ്വമോഹനം...
|
||
|
||
മദന്‍മോഹന്റെ ആപ് കി നസ് രോം നെ സമ്ജാ എന്ന ഒരൊറ്റ പാട്ടിനുവേണ്ടി തന്റെ പാട്ടുകള്‍ മുഴുവന്‍ കൈമാറാന്‍ ഒരുക്കമാണെന്നു പറഞ്ഞത് സാക്ഷാല്‍ നൗഷാദ്. ഒരു സംഗീതസംവിധായകന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായിരുന്നു അത്. മരണാനന്തരമാണ് ആ ബഹുമതി മദന്‍മോഹനെ തേടിയെത്തിയത് എന്നുമാത്രം. ജീവിച്ചിരിക്കേത്തന്നെ പരവൂര്‍ ജി. ദേവരാജന് അത്തരമൊരു ബഹുമതി ഹൃദയപൂര്‍വം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്, അദ്ദേഹത്തിന്റെ സമകാലീനനായ ഒരു സംഗീതസംവിധായകന്‍. 'എന്റെ എല്ലാ പാട്ടുകളും എടുത്തോളൂ; എനിക്ക് ദേവരാജന്റെ ഹരിവരാസനം മാത്രം മതി. മരണംവരെ അത് ഞാന്‍ നെഞ്ചോടു ചേര്‍ത്തുവെക്കും...' ഒരു ടെലിവിഷന്‍ അഭിമുഖത്തിനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലെ വീട്ടില്‍ ചെന്നുകണ്ടപ്പോള്‍, പുകഴേന്തി പറഞ്ഞു: 'ഒരിക്കലെങ്കിലും ആ ഗാനം കേള്‍ക്കാത്ത ദിവസങ്ങളില്ല എന്റെ ജീവിതത്തില്‍. ദേവരാജന്‍ മാസ്റ്റര്‍ നിരീശ്വരവാദിയല്ലേ എന്നു ചോദിച്ചേക്കാം നിങ്ങള്‍. ആയിരിക്കാം. എങ്കിലും ഈശ്വരസാന്നിധ്യം അദ്ദേഹത്തിന്റെ ഉള്ളിലുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ ഇങ്ങനെയൊരു പാട്ട് എങ്ങനെ ചെയ്യാന്‍ കഴിയും?' പുകഴേന്തിയുടെ നിരീക്ഷണം പങ്കുവെക്കുന്ന വേറെയും ആളുകളെ കണ്ടിട്ടുണ്ട്; മാസ്റ്ററുടെ പ്രിയപത്‌നി ഉള്‍പ്പെടെ. സംഗീതത്തിലെ ആത്മീയതയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട്, ഒരു ദശകം മുന്‍പ് ഫാ. എം.പി. ജോര്‍ജിന് നല്കിയ അഭിമുഖത്തില്‍ ദേവരാജന്‍ വെളിപ്പെടുത്തിയത് ഇങ്ങനെ: 'എന്നെ സംബന്ധിച്ച് ആത്മീയതയും സംഗീതവുമായി ഒരു ബന്ധവുമില്ല. ദൈവവിശ്വാസിയല്ല ഞാന്‍. പക്ഷേ, ഭക്തിഗാനങ്ങള്‍ ട്യൂണ്‍ ചെയ്യുന്ന സമയത്ത് ഒരു വിശ്വാസിയുടെ മാനസികാവസ്ഥയിലായിരിക്കും. ട്യൂണ്‍ ചെയ്തു കഴിയുമ്പോള്‍ ആ വിശ്വാസം ഉപേക്ഷിക്കുകയും ചെയ്യും. മറ്റുള്ളവര്‍ ദൈവവിശ്വാസികളാകുന്നതില്‍ എനിക്കു വിരോധമൊന്നുമില്ല. എന്റെ കാര്യം വേറെ. എനിക്ക് അതിന്റെ ആവശ്യമില്ല. കാരണം, ഞാനാരെയും ദ്രോഹിക്കുന്നില്ല. അതുകൊണ്ട് എന്നെ ഒരു ദൈവവും ശിക്ഷിക്കുകയുമില്ല...' കാരിരുമ്പിന്റെ കരുത്തുള്ള വാക്കുകള്‍. അവ കേള്‍ക്കുമ്പോള്‍, ദിവസവും ഹരിവരാസനം കേട്ട് സുഖനിദ്ര പുല്കുന്ന ശബരിമല ധര്‍മശാസ്താവിന്റെ മുഖത്തു വിരിയാനിടയുള്ള മന്ദഹാസം നമുക്കു സങ്കല്പിക്കാനാകും. ഹരിവരാസനം, സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ട പാട്ടല്ല. കാലാകാലങ്ങളായി സന്നിധാനത്തില്‍ നടയടപ്പിന്റെ സമയത്ത് പാടിവന്നിരുന്ന കീര്‍ത്തനമാണതെന്ന് ചരിത്രം പറയുന്നു; ദേവസ്വം അധികൃതരും. കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍ എഴുതിയതെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന ഈ ഉറക്കുപാട്ട്, സംവിധായകന്‍ മെറിലാന്‍ഡ് സുബ്രഹ്മണ്യത്തിന്റെ ആഗ്രഹപ്രകാരമാണ് സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയത്. മൂലകൃതിയുടെ ഘടനയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് (ഓരോ വാക്കിനും ശേഷമുള്ള സ്വാമി എന്ന അഭിസംബോധന മിക്കവാറും പൂര്‍ണമായിത്തന്നെ ഒഴിവാക്കിയിരിക്കുന്നു സിനിമാഗാനത്തില്‍) യേശുദാസിന്റെ ഗന്ധര്‍വശബ്ദത്തില്‍ മാസ്റ്റര്‍ റെക്കോഡ് ചെയ്ത ഹരിവരാസനം, സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കും കാലത്തിനുമെല്ലാം അപ്പുറത്തേക്കു വളര്‍ന്നുകഴിഞ്ഞു. ഇന്നത് പണ്ഡിതപാമര, ധനികദരിദ്രഭേദമെന്യേ മലയാളിയുടെ ഭക്തമനസ്സിന്റെ ആകുലതകളെയും വ്യാധികളെയും ആകാംക്ഷകളെയും തഴുകിയുറക്കുന്നു. വിവാദങ്ങള്‍ക്കു പക്ഷേ, ഉറക്കമില്ല. ഹരിവരാസനത്തിന്റെ യഥാര്‍ഥ രചയിതാവ് ആലപ്പുഴ പുറക്കാട്ടെ കോന്നകത്ത് കുടുംബാംഗമായ ജാനകിയമ്മയാണെന്ന വാദവുമായി അവരുടെ ചെറുമകന്‍ രംഗത്തുവന്നത് കുറച്ചുകാലം മുന്‍പാണ് (സംഗീതികമാസിക, 2007 മെയ്). ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യരുടെ മകളാണ് ജാനകിയമ്മ- പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം. ശിവറാമിന്റെ സഹോദരി. 1923-ല്‍ അമ്മൂമ്മയുടെ മുപ്പതാംവയസ്സില്‍, ആറാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്ന വേളയിലാണ് 32 വരികളുള്ള ഈ അഷ്ടകം അവരെഴുതിയതെന്ന് പേരക്കുട്ടി പറയുന്നു. ഭജനയായി ആദ്യമത് പാടിയവതരിപ്പിച്ചത് വീട്ടിനടുത്തുള്ള ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍. 1930 കള്‍ മുതലേ ഭജനസംഘക്കാര്‍ ഹരിവരാസനം പാടി മലകയറിയിരുന്നുവെന്നാണ് ജാനകിയമ്മയുടെ പിന്‍തലമുറക്കാരുടെ അവകാശവാദം. സ്വാമി വിമോചനാനന്ദയുടെ ശബ്ദത്തില്‍ 1955 ലാണ് ആദ്യമായി ഈ ഗാനം സന്നിധാനത്ത് മുഴങ്ങിയതെന്ന ഔദ്യോഗികഭാഷ്യത്തിനുമേല്‍ ഇതോടെ സംശയത്തിന്റെ നിഴല്‍ വീഴുന്നു. രചയിതാവ് ആരായാലും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ആലാപനവും ഈ ഉറക്കുപാട്ടിന് നേടിക്കൊടുത്ത അഭൂതപൂര്‍വമായ ഖ്യാതിയെ ആരും ചോദ്യം ചെയ്യാനിടയില്ല. ഹരിവരാസനം മാത്രമല്ല, മലയാളികള്‍ ഏറ്റുപാടി അനശ്വരമാക്കിയ അയ്യപ്പഭക്തിഗാനങ്ങളില്‍ നല്ലൊരു ശതമാനവും നാം കേട്ടത് യേശുദാസിന്റെ ശബ്ദത്തില്‍ത്തന്നെ. സുവര്‍ണഗാനങ്ങളുടെ ആ നിര തുടങ്ങുന്നത് എഴുപതുകളില്‍ എം.പി. ശിവം എഴുതി ജയവിജയ ഈണം പകര്‍ന്ന ദര്‍ശനം പുണ്യദര്‍ശനം എന്ന പ്രശസ്തഗാനത്തില്‍നിന്നാണ്. 1980കളില്‍ തരംഗിണി തുടക്കമിട്ട ഓഡിയോ കാസറ്റ് വിപ്ലവത്തിന് വര്‍ഷങ്ങള്‍ മുന്‍പേ എല്‍.പി. റെക്കോഡായി പുറത്തുവന്ന് ഭക്തമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ ഗാനം. 'അറുപതുകളുടെ തുടക്കത്തില്‍ എച്ച്.എം. വി.ക്കുവേണ്ടി പി. ലീലയുടെ ശബ്ദത്തില്‍ ഞങ്ങള്‍ റെക്കോഡ് ചെയ്ത ഇഷ്ടദൈവമേ ആണ് ഇത്തരത്തില്‍ പുറത്തുവന്ന ആദ്യത്തെ അയ്യപ്പഭക്തിഗാനം', സംഗീതസംവിധായകന്‍ ജയന്‍ ഓര്‍ക്കുന്നു. 'അതു കഴിഞ്ഞ് ജയചന്ദ്രന്റെ ശ്രീശബരീശാ ദീനദയാളാ. ഈ രണ്ടു റെക്കോഡുകളുടെയും വിജയമാണ് യേശുദാസിന്റെ സ്വരത്തില്‍ ആദ്യമായി ഒരു ചലച്ചിത്രേതര ഭക്തിഗാനം റെക്കോഡ് ചെയ്യാന്‍ ഞങ്ങള്‍ക്കു പ്രേരണയായത്. നേരത്തേതന്നെ യേശുദാസിനെ അറിയാം. ദാസിന്റെ വീട്ടില്‍ പോയി ഭാര്യ പ്രഭയെയും സഹോദരി ജയമ്മയെയും സംഗീതം പഠിപ്പിച്ചിട്ടുണ്ട് ഞങ്ങള്‍.' ചെന്നൈയില്‍ സിനിമാലോകത്ത് വന്നുപെട്ടശേഷം എം.പി. ശിവം എന്ന തമിഴ് ചുവയുള്ള പേര്‍ സ്വീകരിച്ച പാലക്കാട്ടുകാരന്‍ പരമേശ്വരന്‍ നായരാണ് ദര്‍ശനം പുണ്യദര്‍ശനം എഴുതിയത്. മറ്റൊരു പാട്ടുകൂടി ഉണ്ടായിരുന്നു ആ എച്ച്.എം.വി. റെക്കോഡില്‍... യേശുദാസ് നയിച്ച അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ എന്ന സംഘഗാനം. ആ പാട്ടിന്റെ കോറസ്സില്‍ ജയവിജയന്മാര്‍ക്കൊപ്പം ഒരു 'പുതുമുഖ' ഗായകന്റെ കൂടി ശബ്ദസാന്നിധ്യമുണ്ടായിരുന്നുവെന്ന് ജയന്‍ ഓര്‍ക്കുന്നു. യേശുദാസിന്റെ അനിയന്‍ മണിയുടെ. 'മൂന്ന് മൈക്ക് മാത്രം വെച്ച് പാട്ടുകള്‍ റെക്കോഡ് ചെയ്തിരുന്ന കാലം. ഇപ്പോള്‍ കേള്‍ക്കുമ്പോഴും അവയ്ക്ക് പുതുമ തോന്നുന്നെങ്കില്‍ നന്ദി പറയേണ്ടത് എച്ച്.എം.വിയിലെ രഘു എന്ന പ്രഗല്ഭ റെക്കോഡിസ്റ്റിനോടാണ്. നല്ല പാട്ടുകളെ എന്നും സ്‌നേഹിച്ച എച്ച്.എം.വി. മാനേജര്‍ തങ്കയ്യയോടും.' തങ്കയ്യയുടെ നിര്‍ദേശപ്രകാരമാണ് പില്ക്കാലത്ത് അയ്യപ്പഗീതങ്ങള്‍ സ്വയം ഈണമിട്ടു പാടി റെക്കോഡ് ചെയ്യാന്‍ ജയവിജയ തീരുമാനിക്കുന്നത്. ബിച്ചു തിരുമല രചിച്ച വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകാ, പതിനെട്ടു പടി കേറി, ശങ്കരനന്ദന, പാഹികൃപാലയ, കാലം കാര്‍ത്തിക, അയ്യപ്പതിന്തകതോം' തുടങ്ങിയ ഗാനങ്ങള്‍ അങ്ങനെ ജയവിജയന്മാരുടെ സ്വരസംഗമത്തില്‍ അപൂര്‍വ ശ്രവ്യാനുഭവങ്ങളായി മാറുന്നു. ഹരിവരാസനം ആദ്യമായി പരമ്പരാഗതരീതിയില്‍ പാടി റെക്കോഡ് ചെയ്ത ചരിത്രവും ജയവിജയന്മാര്‍ക്ക് സ്വന്തം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പുറത്തുവന്ന ഈ പാട്ടുകള്‍ പലതും അടുത്തകാലത്ത് ജയന്റെ ശബ്ദത്തില്‍ വീണ്ടും മലയാളികളെ തേടിയെത്തി. ഞൊടിയിടയിലാണ് പുതിയ വേര്‍ഷനും വിറ്റുതീര്‍ന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നു, ജയന്‍. 'അകാലത്തില്‍ പാട്ട് നിര്‍ത്തി, എന്നെ തനിച്ചാക്കി കടന്നുപോയ വിജയനുള്ള സ്മരണാഞ്ജലി ആയിരുന്നു ആ ആല്‍ബം'. മലയാളസിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന അയ്യപ്പഗീതം നാം കേട്ടത്, സിനിമയില്‍ പാട്ടുകളേ അനാവശ്യമാണെന്ന് വിശ്വസിച്ചുപോന്ന ഒരു സംവിധായകന്റെ ചിത്രത്തിലാണെന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം. ചലച്ചിത്രങ്ങളുടെ ശില്പഭദ്രതയെയും ഗൗരവത്തെയും കെടുത്തിക്കളയാനും അവയെ വെറും കെട്ടുകാഴ്ചകളാക്കാനും മാത്രമേ പാട്ടുകള്‍ ഉപകരിക്കൂ എന്ന് അഭിമുഖങ്ങളില്‍ തുറന്നടിച്ചിട്ടുണ്ട് പി.എന്‍. മേനോന്‍. വിരോധാഭാസം എന്നു പറയാം, മലയാളത്തിലെ എക്കാലത്തെയും മികച്ച, അര്‍ഥസമ്പുഷ്ടമായ പാട്ടുകള്‍ പലതും പിറന്നത് മേനോന്‍ ചിത്രങ്ങളിലാണ്: റോസി, ചെമ്പരത്തി, മഴക്കാറ്, ഓളവും തീരവും, ഗായത്രി... ചെമ്പരത്തിയിലാണ് വയലാര്‍- ദേവരാജന്‍ ടീം ഒരുക്കിയ ആ നിത്യഹരിത അയ്യപ്പഗാനം ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ. പരമ്പരാഗതമായ ഒരു ശാസ്താംപാട്ടിന്റെ ശൈലിയില്‍ ലളിതമായി ദേവരാജന്‍ ചിട്ടപ്പെടുത്തി, യേശുദാസ് പാടിയ ഗാനം. കുട്ടിക്കാലത്ത് അയല്‍വീട്ടില്‍നിന്ന് കാതില്‍ വന്നുവീണിരുന്ന ഉടുക്കിന്റെ നാദമാണ് ഈ ഗാനം സൃഷ്ടിക്കുമ്പോള്‍ മനസ്സില്‍ മുഴങ്ങിയിരുന്നതെന്ന് മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. 'എന്റെ വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയില്‍ ഒരു കുടുംബമുണ്ടായിരുന്നു. എല്ലാ ശനിയാഴ്ചയും അവര്‍ ശാസ്താംപാട്ടുപാടും. വേലുക്കുട്ടിയായിരുന്നു അവരില്‍ പ്രമുഖന്‍. പാട്ടു തുടങ്ങുമ്പോള്‍ ഞാന്‍ വേലിക്കല്‍ച്ചെന്ന് നില്ക്കും. ആ ഈണത്തിലലിഞ്ഞു ചേരും,' ദേവരാജന്റെ വാക്കുകള്‍. പില്ക്കാലത്ത് ശരണമയ്യപ്പാ... എന്ന പാട്ടിന് ഉടുക്കിന്റെ താളം നല്കാന്‍ ഇതേ വേലുക്കുട്ടിയെത്തന്നെ മാസ്റ്റര്‍ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചുവരുത്തി. ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം വര്‍ഷങ്ങള്‍ക്കുശേഷം പരവൂരില്‍ വേലുക്കുട്ടിയുടെ വീട് തേടിച്ചെന്ന കഥ ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി എന്ന തന്റെ പുസ്തകത്തില്‍ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ഹൃദയസ്പര്‍ശിയായി വിവരിച്ചിട്ടുണ്ട്, ഞങ്ങളെ കണ്ടപ്പോള്‍ ഹര്‍ഷാശ്രു പൊഴിച്ച് വേലു പറഞ്ഞു: 'ഞാനാ ഉടുക്ക് ഇപ്പോഴും നിധിപോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഇപ്പോള്‍ ശാസ്താംപാട്ടൊന്നും ഇല്ല. അതുകൊണ്ട് ആ പഴയ ഉടുക്ക് ഇടയ്ക്കിടെ എടുത്തുനോക്കി ഓര്‍മ പുതുക്കും. അത്ര തന്നെ...' വേലുവിന്റെ ഉടുക്കിന്റെ അകമ്പടിയോടെയല്ലാതെ ശ്യാമരാഗസ്പര്ശമുള്ള ഈ ഗാനത്തെക്കുറിച്ച് ചിന്തിക്കാന്‍പോലുമാകില്ല മലയാളിക്ക്. ശാസ്ത്രീയകൃതികളുടെ ചിട്ടവട്ടങ്ങള്‍ പിന്തുടര്‍ന്നവയായിരുന്നു ആദ്യകാല ചലച്ചിത്ര ഭക്തിഗാനങ്ങള്‍ പലതും. 1951- ല്‍ റിലീസായ കേരള കേസരിയില്‍ വൈക്കം വാസുദേവന്‍ നായര്‍ പാടിയ അയ്യപ്പാ അഖിലാണ്ഡകോടിനിലയാ എന്ന ഗാനം ഉദാഹരണം. തുമ്പമണ്‍ പദ്മനാഭന്‍കുട്ടിയും ജ്ഞാനമണിയും ചേര്‍ന്നൊരുക്കിയ ഈ പാട്ടില്‍നിന്ന് തുടങ്ങുന്നു മലയാളസിനിമയിലെ അയ്യപ്പഭക്തിഗാനങ്ങളുടെ ചരിത്രം. രണ്ടു വര്‍ഷം കഴിഞ്ഞു വെളിച്ചംകണ്ട വേലക്കാരനില്‍ പാഹിമാം ജഗദീശ്വരാ... ശ്രീശബരിഗിരിനിലയാ... (സംഗീതം ദക്ഷിണാമൂര്‍ത്തി) എന്ന ഗാനത്തിന് ശബ്ദം നല്കിയത് യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ്. കാലക്രമേണ ഭക്തിഗാനങ്ങളുടെ രൂപഭാവങ്ങള്‍ മാറിവന്നു. 1961- ല്‍ പുറത്തുവന്ന ശബരിമല അയ്യപ്പനില്‍ ഗോകുലപാലന്‍ പാടിയ സ്വാമീ ശരണം ശരണമെന്റയ്യപ്പാ (അഭയദേവ്- എസ്.എം. സുബ്ബയ്യാ നായിഡു) ആദ്യകാലത്തെ ഏറ്റവും ജനപ്രീതി നേടിയ അയ്യപ്പഗാനങ്ങളില്‍ ഒന്നായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലുമായി മികച്ച ഭക്തിഗാനങ്ങളുടെ ഒരു പ്രവാഹംതന്നെ കണ്ടു മലയാളസിനിമയില്‍. സ്വാമി അയ്യപ്പനിലെ ശബരിമലയില്‍ തങ്ക സൂര്യോദയം (വയലാര്‍-ദേവരാജന്‍), കണ്ണുകളിലെ ഈശ്വരാ... ജഗദീശ്വരാ.. (രവി വിലങ്ങന്‍-ദക്ഷിണാമൂര്‍ത്തി), താരാട്ടിലെ മകരസംക്രമ സൂര്യോദയം (ഭരണിക്കാവ് ശിവകുമാര്‍-രവീന്ദ്രന്‍), ജീവിതത്തിലെ ശരണമയ്യപ്പാ... (പൂവച്ചല്‍ ഖാദര്‍-ഗംഗൈ അമരന്‍), ശബരിമലയില്‍ തങ്ക സൂര്യോദയത്തിലെ മണികണ്ഠ മഹിമകള്‍... (ശ്രീകുമാരന്‍ തമ്പി-എം.എസ്. വിശ്വനാഥന്‍) ശബരിമല ദര്‍ശനത്തിലെ ശബരിമലയൊരു പൂങ്കാവനം... (ചുനക്കര രാമന്‍കുട്ടി-ജെറി അമല്‍ദേവ്) എല്ലാം യേശുദാസിന്റെ ഭാവഗാംഭീര്യമാര്‍ന്ന ആലാപനമുദ്ര പതിഞ്ഞ ഗാനങ്ങള്‍. ശ്രീ അയ്യപ്പനും വാവരും എന്ന സിനിമയ്ക്കു വേണ്ടി ശബരീശഭക്തിഗാനങ്ങള്‍ ഒരുക്കിയത് ഇസ്‌ലാം മതവിശ്വാസികളായ പൂവച്ചല്‍ ഖാദറും എ.ടി. ഉമ്മറും ചേര്‍ന്നായിരുന്നു എന്ന പ്രത്യേകതയുണ്ട്. ഭക്തിപ്രധാനമായ ഗാനസന്ദര്‍ഭങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടതോടെ സ്വാഭാവികമായും സിനിമയില്‍നിന്ന് ഭക്തിഗാനങ്ങളും അപ്രത്യക്ഷമായി. ജനപ്രീതിയില്‍ ചെമ്പരത്തിയിലെയും സ്വാമി അയ്യപ്പനിലെയും ക്ലാസിക് സൃഷ്ടികളോട് കിടപിടിക്കുന്ന പില്ക്കാല ഗന്ധര്‍വഗാനങ്ങള്‍ പലതും പിറന്നത് സിനിമയ്ക്കു പുറത്തായിരുന്നു എന്നതാണ് സത്യം. രചനയിലും ഈണത്തിലും ആലാപനത്തിലും ഏത് സിനിമാഗാനത്തേയും നിഷ്പ്രഭമാക്കാന്‍പോന്ന മികവ് അവയ്ക്കുണ്ടായിരുന്നു. 1970 കളുടെ മധ്യത്തില്‍ എച്ച്.എം.വി. പുറത്തിറക്കിയ അയ്യപ്പഗാനസമാഹാരം ഓര്‍ക്കുക. മലയാളത്തില്‍ ഇതുവരെയായി ഏറ്റവും വിറ്റഴിഞ്ഞ ഭക്തിഗാനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് അവയുടെ സ്ഥാനം. ടി.കെ.ആര്‍. ഭദ്രന്‍ രചിച്ച് യേശുദാസും ബി.എ. ചിദംബരനാഥും ചേര്‍ന്ന് ഈണം നല്കി അനശ്വരമാക്കിയ ഗാനങ്ങള്‍. അവയില്‍ ഒന്നുപോലുമില്ല നമ്മുടെ കാതിനും മനസ്സിനും ഇമ്പമേകാത്തവയായി. ഗംഗയാറു പിറക്കുന്നു ഹിമവല്‍മലയില്‍, മനസ്സിന്നുള്ളില്‍, ശങ്കരനചലം കൈലാസം, ഒരേ ഒരു ലക്ഷ്യം ശബരിമാമല, പമ്പയാറിന്‍ പൊന്‍പുളിനത്തില്‍, സുപ്രഭാതം പൊട്ടിവിരിഞ്ഞു എന്നീ പാട്ടുകള്‍ക്ക് ശങ്കര്‍ സുബ്ബുവിന്റെ ഓര്‍ക്കസ്ട്രല്‍ പിന്തുണയോടെ സംഗീതം പകര്‍ന്നത് യേശുദാസ്. ഖേദമേകും ദീര്‍ഘയാത്ര, മകരവിളക്കേ, പൊന്നുപതിനെട്ടാം പടി, നീലനീല മലയുടെ മുകളില്‍ എന്നീ ഈണങ്ങള്‍ ചിദംബരനാഥിന്റേത്. ഗ്രാമഫോണ്‍ കമ്പനി ഓഫ് ഇന്ത്യയുടെ ചെന്നൈ ഓഫീസിലെ റെക്കോഡിങ് ഓഫീസറായ പി. മങ്കപതിയുടെ നിര്‍ദേശമനുസരിച്ച് ഭദ്രന്‍ എഴുതിക്കൊടുത്ത പാട്ടുകള്‍ 1975 ഡിസംബറിലാണ് എല്‍.പി. റെക്കോഡായി പുറത്തിറങ്ങിയത് . ആദ്യസംരംഭത്തിന്റെ അഭൂതപൂര്‍വമായ വിജയം ഭദ്രനെപ്പോലും അദ്ഭുതപ്പെടുത്തിയിരിക്കണം. സംഗീതാ കാസറ്റ്‌സ് 1981-ല്‍ പുറത്തിറക്കിയ ശ്രീ അയ്യപ്പസ്വാമി ഭക്തിഗാനങ്ങളുടെ രചന നിര്‍വഹിച്ചതും ഭദ്രന്‍തന്നെ. ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ യേശുദാസ് പാടിയ ആ ഗാനങ്ങള്‍ നിത്യഹരിതമായി നിലനില്ക്കുന്നു: ആ ദിവ്യനാമം അയ്യപ്പാ, ആനകേറാമല ആളുകേറാമല , എഴാഴികള്‍..., അഭിരാമശൈലമേ, പമ്പയില്‍ കുളി കഴിഞ്ഞ്, സത്യമായ പൊന്നും പതിനെട്ടാം പടി , കാശി രാമേശ്വരം, നിന്നെ കണ്ടു കൊതി തീര്‍ന്നൊരു, കാട്ടിലുണ്ട് വന്യമൃഗങ്ങള്‍... എഴുതിയ പാട്ടുകള്‍ ഒന്നൊഴിയാതെ ഭക്തസഹസ്രങ്ങളുടെ ഹൃദയത്തില്‍ ഇടം നേടിയെങ്കിലും അവയുടെ രചയിതാവിന് 'അജ്ഞാത'നായി തുടരാന്‍തന്നെ യോഗം. ചെന്നൈ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ കേറ്ററിങ് സൂപ്രണ്ട് ആയിരുന്ന പുന്നപ്ര സ്വദേശി തൈച്ചിറയില്‍ കൃഷ്ണന്‍ രാമഭദ്രനാണ് ആ ഗാനങ്ങള്‍ എഴുതിയത് എന്നറിയുന്നവര്‍ അധികമുണ്ടാവില്ല. നന്നേ ചെറുപ്പത്തിലേ ഉപജീവനമാര്‍ഗംതേടി മുംബൈയിലേക്ക് തിരിച്ച ഭദ്രന്‍, വിവാഹശേഷമാണ് ചെന്നൈയില്‍ താമസമുറപ്പിക്കുന്നത്. യേശുദാസ് ഭദ്രന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതും ആ നാളുകളില്‍ത്തന്നെ. 1981-ല്‍ ഭദ്രന്‍ അന്തരിക്കുന്നതുവരെ തുടര്‍ന്ന ഒരു അപൂര്‍വസൗഹൃദത്തിന്റെ തുടക്കം. ഇന്നും ശബരിമല സീസണില്‍ ഏറ്റവും വിറ്റഴിയുന്ന ആല്‍ബം ഗംഗയാര്‍ ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊട്ടുപിന്നില്‍ തന്നെയുണ്ട് ആ ദിവ്യനാമം. തരംഗിണിയുടെ ആദ്യ അയ്യപ്പഗാന കാസറ്റിന് ഗാനങ്ങള്‍ രചിക്കുന്നത് ഭദ്രനായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു യേശുദാസിന്; ഗാനഗന്ധര്‍വന്‍തന്നെ അവയ്ക്ക് ഈണമിടണമെന്ന് ഭദ്രനും. 1981-ല്‍ പുറത്തു വന്ന ആ ആല്‍ബത്തിലും ഉണ്ടായിരുന്നു അയ്യപ്പഭക്തര്‍ ഏറ്റുപാടിയ ഗാനങ്ങള്‍: ഗുരുസ്വാമീ, ഇക്കാട്ടില്‍ പുലിയുണ്ട്, ഹിമശീത പമ്പയില്‍ എന്നിങ്ങനെ. ഭദ്രന്റെ ഹംസഗാനം ആയിരുന്നു ആ സമാഹാരം. ഏറെ കഴിയും മുന്‍പ് അദ്ദേഹം കഥാവശേഷനായി. മകന്‍ സുപാല്‍ തരംഗിണി സ്റ്റുഡിയോയില്‍ റെക്കോഡിസ്റ്റ് ആയിരുന്നു കുറെക്കാലം. 'പാരിജാതപ്പൂക്കള്‍പോലെ പ്രഭതൂകും വിളക്കുകള്‍ പ്രകാശ ധാരയാലൊരു പാല്ക്കടല്‍ തീര്‍ക്കേ , തങ്കഭസ്മത്താല്‍ തിളങ്ങും പന്തളപ്പൊന്‍കുടത്തിന്റെ തങ്കവിഗ്രഹം കണ്ടു ഞാന്‍,' എന്നെഴുതിയ കവി ഒരിക്കല്‍പ്പോലും മല ചവിട്ടിയിട്ടില്ല എന്നത് രസകരമായ ഒരു വിരോധാഭാസം. 'എന്തുകൊണ്ടെന്നറിയില്ല, അദ്ദേഹം ശബരിമലദര്‍ശനത്തില്‍ താത്പര്യം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. എന്നാല്‍ മക്കളെ എല്ലാവരെയും മലകയറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്,' ഭദ്രന്റെ പത്‌നി സുമതി പറയുന്നു. നായരു പിടിച്ച പുലിവാല്‍, ഭാര്‍ഗവീനിലയം, ഭാര്യമാര്‍ സൂക്ഷിക്കുക തുടങ്ങിയ ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുമുണ്ട് ഭദ്രന്‍. 1982-ല്‍ തരംഗിണിയുടെ രണ്ടാമത്തെ അയ്യപ്പഗാന ആല്‍ബം പുറത്തിറങ്ങുന്നു. രചനയും സംഗീതവും ആലപ്പി രംഗനാഥ്. സ്വാമിസംഗീതമാലപിക്കും താപസഗായകനല്ലോ ഞാന്‍ എന്ന പാട്ട് മനസ്സുകൊണ്ടെങ്കിലും മൂളാത്ത അയ്യപ്പഭക്തരുണ്ടാകുമോ? യേശുദാസ് പതിവായി സന്നിധാനത്ത് പാടിവന്ന ഗാനം. ഇതേ ആല്‍ബത്തില്‍ത്തന്നെ വേറെയും ശ്രദ്ധേയഗാനങ്ങള്‍ ഉണ്ടായിരുന്നു: എന്‍ മനം പൊന്നമ്പലം, എല്ലാ ദുഃഖവും തീര്‍ത്ത് തരും, വൃശ്ചിക പൂംപുലരി... 'ചങ്ങനാശ്ശേരിക്കടുത്ത് തൃക്കണ്ണാപുരം ക്ഷേത്രനടയില്‍ ഇരുന്ന് എഴുതിയ ഗാനങ്ങളാണ് അവ,' രംഗനാഥ് പറയുന്നു. 'അക്കാലത്ത് ഞാന്‍ ക്ഷേത്രത്തില്‍ത്തന്നെയാണ് താമസം. ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഭൗതികത ഉപേക്ഷിച്ച് ആത്മീയതയില്‍ അഭയംതേടാന്‍ തീരുമാനിക്കുകയായിരുന്നു. ദിവസവും പകല്‍മുഴുവന്‍ ധ്യാനിക്കും. ഭക്ഷണവും ഉറക്കവും എല്ലാം ക്ഷേത്രത്തില്‍ത്തന്നെ. ഒന്നര വര്‍ഷത്തോളം എന്റെ മേല്‍വിലാസംതന്നെ ആലപ്പി രംഗനാഥ്, തൃക്കണ്ണാപുരം ക്ഷേത്രം, ചങ്ങനാശ്ശേരി എന്നായിരുന്നു...' രംഗനാഥ് ഓര്‍ക്കുന്നു. 'എന്റെ മനസ്സിന്റെ വ്യാകുലതകളും ഉത്കടമായ ഭക്തിഭാവവും ഒക്കെ ആ വരികളില്‍ നിറഞ്ഞത് സ്വാഭാവികം.' തരംഗിണിയില്‍നിന്ന് അയ്യപ്പഭക്തിഗാനങ്ങളുടെ പ്രവാഹം തുടങ്ങിയിരുന്നതേയുള്ളൂ. ഓര്‍മയില്‍ തങ്ങിനില്ക്കുന്ന ചില ഗാനങ്ങള്‍ ഇതാ: ആനയിറങ്ങും മാമലയില്‍ (ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി-ഗംഗൈ അമരന്‍), പാപം മറിച്ചിട്ടാല്‍ പമ്പ , ഏകമുഖ രുദ്രാക്ഷ (ആര്‍.കെ. ദാമോദരന്‍-ടി.എസ്. രാധാകൃഷ്ണന്‍), വേദനിക്കുമ്പോള്‍ (ഹരി കുടപ്പനക്കുന്ന്- വിദ്യാധരന്‍), തത്ത്വമസിയുടെ ഹൃദയം (രമേശന്‍ നായര്‍-ദക്ഷിണാമൂര്‍ത്തി) , കൈലാസ തിരുമലയില്‍ (കൈതപ്രം-യേശുദാസ്), തുമ്പിക്കരമതില്‍ (പി.സി. അരവിന്ദന്‍-എസ്.പി. വെങ്കിടേഷ്)... ജാതിമതഭേദമന്യെ മലയാളികള്‍ സ്വീകരിക്കുകയും ഏറ്റുപാടുകയും ചെയ്തവയാണ് ഈ പാട്ടുകള്‍. തരംഗിണിയുടെ പാത പിന്തുടര്‍ന്ന് പല ഓഡിയോ കമ്പനികളും അയ്യപ്പഗാന ആല്‍ബങ്ങള്‍ പുറത്തിറക്കിയെങ്കിലും ഭക്തഹൃദയങ്ങളിലും വിപണിയിലും ഒരുപോലെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞവ വിരളം. തരംഗിണിക്കുവേണ്ടി ഏറ്റവുമധികം അയ്യപ്പഗാനങ്ങള്‍ സൃഷ്ടിച്ചത് ആര്‍.കെ. ദാമോദരനും ടി.എസ്. രാധാകൃഷ്ണനും ചേര്‍ന്നായിരിക്കും. പൂര്‍ണമായും മലയാളത്തിലുള്ള സ്വാമി സുപ്രഭാതം ഉള്‍പ്പെടെ ആറു ഗാനസമാഹാരങ്ങള്‍ ഈ സഖ്യത്തിന്റെ വകയായുണ്ട്. ശബരീശഭക്തിക്ക് ആദ്യമായി ഒരു 'ക്രിസ്തീയ' സ്പര്‍ശം നല്കിയ കൊച്ചുതൊമ്മന്‍ സ്വാമിയുണ്ട് എന്ന ഗാനം ഇവയില്‍ വേറിട്ട് നില്ക്കുന്നു. 'അയ്യപ്പഭക്തനായ പോളച്ചിറയ്ക്കല്‍ കൊച്ചുതൊമ്മന്‍ എന്ന കോണ്‍ട്രാക്ടറെപ്പറ്റി ആദ്യം വായിച്ചറിഞ്ഞത് എസ്.കെ. നായരുടെ അയ്യപ്പന്‍ ഒരു ചരിത്രാഖ്യായിക എന്ന ഗ്രന്ഥത്തില്‍ നിന്നാണ്,' ആര്‍.കെ. ദാമോദരന്റെ വാക്കുകള്‍. 'പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ശബരിമലയില്‍ അഗ്‌നിബാധയുണ്ടായപ്പോള്‍, ക്ഷേത്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത് ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിയായ കൊച്ചുതൊമ്മനായിരുന്നു. പിന്നീടദ്ദേഹം അയ്യപ്പഭക്തനായി മാറി. ജീവിതസായാഹ്നത്തില്‍ മലകയറാന്‍ വയ്യാത്ത ഘട്ടമെത്തിയപ്പോള്‍, അയ്യപ്പസ്വാമിതന്നെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് അരുള്‍ ചെയ്തുവത്രേ: ഇനി മുതല്‍ സന്നിധാനത്ത് വരണമെന്നില്ല. അര്‍ത്തുങ്കല്‍ പള്ളിയില്‍ ചെന്നിരുന്ന് എന്നെ ധ്യാനിച്ചാല്‍ മതി'. ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നു കിടക്കുന്ന ഈ കഥ ഞാന്‍ വിശദീകരിച്ചപ്പോള്‍ യേശുദാസ് വികാരാധീനനായത് ഓര്‍ക്കുന്നു. ഹേമവതി രാഗത്തില്‍ ശ്രീദേവദേവസുതം എന്ന കീര്‍ത്തനവും അതേ ആല്‍ബത്തിനുവേണ്ടി രചിച്ചിട്ടുണ്ട് ദാമോദരന്‍. മറക്കാനാവാത്ത കുറെ ചലച്ചിത്രേതരഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഗാനരചയിതാവാണ് കെ.ജി. സേതുനാഥ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അദ്ദേഹം രചിച്ച ഒരു അയ്യപ്പഭക്തിഗീതം ഓര്‍മയിലിന്നും പ്രഭ ചൊരിഞ്ഞു നില്ക്കുന്നു ശബരിഗിരീശ്വരാ... സൗഭാഗ്യദായകാ... എച്ച്.എം.വി. 1976-ല്‍ പുറത്തിറക്കിയ ശരണമയ്യപ്പാ എന്ന എല്‍.പി. റെക്കോഡിനെ 'കലക്‌റ്റേഴ്‌സ് എഡിഷന്‍' ആക്കി മാറ്റിയ ഗാനങ്ങളില്‍ ഒന്ന്... സംഗീതം കെ.പി. ഉദയഭാനു, ആലാപനം യേശുദാസ്. ലാളിത്യവും സൗന്ദര്യവും സമ്മേളിക്കുന്ന ഈ ഗാനം, സേതുനാഥിന്റെ മികച്ചരചനകളില്‍ ഒന്നാണെന്ന് വിശ്വസിക്കുന്നു ഞാന്‍. തവപദ നളിനീതീര്‍ഥത്തില്‍ ഒഴുകി തളരട്ടെ മമഹൃദയം എന്ന വരിയും അതിന് ഉദയഭാനു നല്കിയ സംഗീതസ്പര്ശവും ആരെയാണ് മോഹിപ്പിക്കാത്തത്? 'പ്രശസ്ത തമിഴ് ഗായകന്‍ വീരമണിയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടായിരുന്നു അത്. നേരിട്ട് കാണുമ്പോഴെല്ലാം ആ ഗാനത്തെപ്പറ്റി വാചാലനാകാറുണ്ടായിരുന്നു വീരമണി,' ഉദയഭാനു ഓര്‍ക്കുന്നു. പള്ളിക്കെട്ട് ശബരിമലയ്ക്ക് പോലെ തെന്നിന്ത്യ മുഴുവന്‍ ഏറ്റുപാടിയ നിരവധി ഭക്തിഗാനങ്ങള്‍ക്ക് ശബ്ദം നല്കിയ ഗായകനാണ് വീരമണി. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ ജി.പി. മംഗലത്തുമഠത്തിന്റെ നിര്‍ദേശപ്രകാരം ബോര്‍ഡിനുവേണ്ടി ഒരു ഭക്തിഗാനസമാഹാരം പുറത്തിറക്കാനുള്ള ചുമതല ഏറ്റെടുക്കുകയായിരുന്നു ഉദയഭാനു. വേറെയും മനോഹരഗാനങ്ങളുണ്ടായിരുന്നു ആ ആല്‍ബത്തില്‍. മങ്കൊമ്പ് ഗോപാലകൃഷ്ണനെഴുതിയ ജീവപ്രപഞ്ചത്തിന്‍ ആധാരമൂര്‍ത്തിയാം ശ്രീധര്‍മശാസ്താവേ... എന്ന ഗാനം ഉദയഭാനുവിന്റെ ഈണത്തില്‍ പാടിയതും യേശുദാസ്തന്നെ. മറ്റു പാട്ടുകളില്‍ ജയവിജയന്മാര്‍ ശബ്ദം നല്കിയ ശ്രീകോവില്‍ നട തുറന്നു... (കൈപ്പള്ളി കൃഷ്ണപിള്ള - ജയവിജയ), ജയചന്ദ്രന്റെ മണ്ഡലമാസ പുലരികള്‍ പൂക്കും (മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍-അര്‍ജുനന്‍ ), എം.എസ്. വിശ്വനാഥന്റെ ഉഷസ്സന്ധ്യകള്‍ (ശ്രീകുമാരന്‍ തമ്പി-എം.എസ്.വി.), ജാനകിയുടെ ശരണം വിളി കേട്ടുണരൂ (ഒ.എന്‍.വി.-എം.ബി. ശ്രീനിവാസന്‍) എന്നിവ ഓര്‍മയിലുണ്ട്. ജയചന്ദ്രന്റെ ഭക്തിനിര്‍ഭരമായ ആലാപനത്തില്‍ എഴുപതുകളുടെ രണ്ടാംപകുതിയില്‍ പുറത്തുവന്ന എ.വി.എമ്മിന്റെ 'ദീപം മകരദീപം' എന്ന അയ്യപ്പഗാന സമാഹാരത്തിലൂടെ ആയിരിക്കണം സംഗീതത്തിലെ 'രവീന്ദ്രസ്പര്ശം' ആദ്യമായി മലയാളികള്‍ അനുഭവിച്ചറിയുന്നത്. ബിച്ചു തിരുമല എഴുതി ഈണമിട്ട ഈ ഗാനങ്ങള്‍ക്ക് പശ്ചാത്തലസംഗീതം നിര്‍വഹിച്ചത് കുളത്തൂപ്പുഴ രവി ആയിരുന്നു. പില്ക്കാലത്ത് പ്രൗഢഗംഭീരമായ ഈണങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന അതേ രവീന്ദ്രന്‍ തന്നെ. സിനിമയില്‍ സ്വതന്ത്ര സംഗീതസംവിധായകനായി തുടക്കം കുറിച്ചിട്ടില്ല അന്നദ്ദേഹം. 'മനസ്സ് നിറയെ സംഗീതമുള്ള രവിക്ക് ഓര്‍ക്കസ്‌ട്രേഷന്‍ ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു,' ബിച്ചു ഓര്‍ക്കുന്നു. 'രവിക്കുവേണ്ടി എഴുതിയതാണ് കുളത്തൂപ്പുഴയിലെ ബാലകനേ അച്ചന്‍കോവിലില്‍ ആണ്ടവനേ എന്ന പാട്ട്. ഒരൊറ്റ ദിവസം കൊണ്ടാണ് പത്തു പാട്ടുകളും എഴുതി ചിട്ടപ്പെടുത്തിയത് എന്നൊരു കൗതുകം കൂടിയുണ്ട്. രണ്ടാം ദിവസം ജയചന്ദ്രന്‍ വന്ന് പത്തും പാടി റെക്കോഡ് ചെയ്യുകയും ചെയ്തു.' മനസ്സിനെ മാംസത്തില്‍ നിന്നുയര്‍ത്തേണമേ, ഉച്ചിയില്‍ ഇരുമുടിക്കെട്ടുമായി, മണികണ്ഠനു മലമേലൊരു, മകരസംക്രമസന്ധ്യയില്‍ തുടങ്ങി കാസറ്റിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. തന്റെ പടത്തിനൊപ്പം രവീന്ദ്രന്റെ പടംകൂടി കാസറ്റിന്റെ ഇന്‍ലേ കാര്‍ഡില്‍ കൊടുക്കാന്‍ എ.വി.എം. അധികൃതരോട് ശിപാര്‍ശ ചെയ്യുകകൂടി ചെയ്തു ബിച്ചു. രവീന്ദ്രന്റെ ചിത്രവുമായി പുറത്തുവന്ന ആദ്യ ആല്‍ബമായിരിക്കണം, ദീപം മകരദീപം. അയ്യപ്പഭക്തിഗാനങ്ങളുടെ കെട്ടും മട്ടും മാറി. അര്‍ഥദീപ്തമായ വരികളും ഭക്തിയുടെ അഭൗമസുഗന്ധം പരത്തുന്ന ഈണങ്ങളും ഓര്‍മയായി. തട്ടിക്കൂട്ട് ആല്‍ബങ്ങള്‍ക്കാണ് ഇന്ന് മാര്‍ക്കറ്റ്. പോപ്, റാപ്, റീമിക്‌സ്, ഡപ്പാംകുത്ത് ശൈലികളിലെല്ലാമുള്ള അയ്യപ്പഗാനങ്ങള്‍ വിപണിയില്‍ സുലഭം. ഒരു മണ്ഡലകാലത്തിനപ്പുറത്തേക്ക് ആയുസ്സുള്ള ആല്‍ബങ്ങള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കിട്ടാനില്ല എന്നതാണ് അവസ്ഥ. ഇന്നും പ്രായഭേദമന്യെ മലയാളിയുടെ ഭക്തമനസ്സിനു സാന്ത്വനമേകുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആ സുവര്‍ണ ഗാനങ്ങള്‍തന്നെ. 'ഭക്തിഗാനങ്ങള്‍ക്ക് ഒരു ഗുണവിശേഷമുണ്ട്. അവ ആര്‍ക്കും ഏതു കാലഘട്ടത്തിലും ആവശ്യമാണ്; ആശ്വാസാനന്ദങ്ങള്‍ നല്കുന്നവയാണ്. ഭക്തിഗാനങ്ങള്‍ എഴുതുന്നയാളും പാടുന്നയാളും ഭക്തി പുഷ്ടിയോടെ വളരാന്‍ പര്യാപ്തമായ ധ്യാനധാര മനസ്സില്‍ നിലനിര്‍ത്തുന്നവരായിരിക്കണം. എങ്കില്‍ മാത്രമേ ദൈവസ്‌തോത്രങ്ങള്‍ ഭക്തര്‍ക്ക് ഇമ്പവും പുളകവും പ്രദാനം ചെയ്യൂ,' 1976- ല്‍ പ്രസിദ്ധീകരിച്ച പോകൂ പോകൂ പൊന്മലയില്‍ എന്ന തന്റെ അയ്യപ്പഗാനസമാഹാരത്തിന്റെ ആമുഖത്തില്‍ ടി.കെ.ആര്‍. ഭദ്രന്‍ എഴുതുന്നു. 'ഭക്തിഗാനങ്ങളില്‍ ഭക്തിഭാവം മരുന്നിനുപോലും കാണാന്‍കിട്ടാത്ത ഒരു കാലം വന്നെത്തുമെന്ന്,' ആ വരികള്‍ കുറിക്കുമ്പോള്‍ സങ്കല്പിച്ചിട്ടുപോലും ഉണ്ടാവില്ല, ഭദ്രന്‍.
കടപ്പാട് മാതൃഭൂമി
|
sanghasamudra Pages
- Home
- സംഘസമുദ്ര സേവാ സംഘം
- vivekananda library
- Indian scientific heritage
- Picture gallery
- Video gallery
- Advanced picture and video
- Seva vibhag
- Hindu culture
- Speech
- Mp3 Files
- Hindu heritage
- Tamples history and sayings
- പുരാണകഥകള്‍
- ചിന്താവിഷയം
- സുഭാഷിതം
- ഭഗവത്ഗീത
- ആദര്‍ശകഥകള്‍
- ഗണഗീതം(ഗാനാഞ്ജലി)
- പുരാണ പ്രശ്നോത്തരി
- ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍
- ആചാരങ്ങള്‍
- തീര്‍ഥയാത്ര
- അറിയേണ്ട വ്യക്തികള്‍
- വിവേകാനന്ദ ബാലഗോകുലം
- സംഘദീപം വാര്‍ത്തകള്‍
- പുരാണത്തിലെ പ്രമുഘകഥാപാത്രങ്ങള്
Friday, 18 November 2011
സ്വാമി ശരണം അയ്യപ്പ ശരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment