ഇടത്താവളങ്ങള്‍
മലയാത്രയ്‌ക്കിടയില്‍ അയ്യപ്പന്മാര്‍ വിരിവെക്കാനും വിശ്രമിക്കാനും ചില ക്ഷേത്രങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്. മധ്യതിരുവിതാംകൂറിലെ ചില പ്രധാന ക്ഷേത്രങ്ങളാണ് മണ്‌ഡല-മകര വിളക്കു കാലത്ത് അയ്യപ്പന്മാരുടെ ഇടത്താവളങ്ങളാകുക. ആ ക്ഷേത്രങ്ങളെപ്പറ്റി ഒരു ഫോട്ടോഫീച്ചര്തിരുനക്കര മഹാദേവര്‍ ക്ഷേത്രം
പുണ്യ പാപച്ചുമടായ ഇരുമുടിക്കെട്ടുമേന്തിയുള്ള ശബരിമല യാത്രയ്‌ക്കിടയില്‍ കോട്ടയം തിരുനക്കര ശ്രീമഹാദേവ ക്ഷേത്രം പ്രധാനപ്പെട്ട ഇടത്താവളമാകുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണിത്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും തീവണ്ടിയില്‍ കോട്ടയത്തെത്തുന്ന അയ്യപ്പന്മാര്‍ ആദ്യ ദര്‍ശനത്തിനെത്തുന്ന പുണ്യ കേന്ദ്രമെന്ന ഖ്യാതികൂടി തിരുനക്കരയ്‌ക്കുണ്ട്.
41 ദിവസത്തെ ചിറപ്പു മഹോത്സവത്തോടെയാണ് ഇവിടെ മണ്‌ഡലകാലം കടന്നുപോകുക. ധൂപദീപ മേളങ്ങളുടെ അകമ്പടിയില്‍ നടക്കുന്ന ചിറപ്പു മഹോത്സവത്തിന് പക്ഷേ ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ഭക്തജനത്തിരക്ക് കണക്കിലെടുത്ത് തിരുനക്കര ക്ഷേത്രത്തില്‍നിന്ന് നിത്യവും പമ്പയ്‌ക്ക് ദേവസ്വം ബോര്‍ഡ് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 9.30ന് ബസ് പമ്പയ്‌ക്കു പുറപ്പെടും.
ക്ഷേത്രത്തോടു ചേര്‍ന്നുള്ള കുളം അയ്യപ്പന്മാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നു. തിരുനക്കര ദേവസ്വം വക സ്ഥലത്ത് പ്രാഥമികാരോഗ്യങ്ങള്‍ക്കായി കോട്ടയം നഗരസഭയുടെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
100 ലേറെ വാഹനങ്ങള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന മൈതാനം മണ്‌ഡല മകര വിളക്കു കാലത്ത് അയ്യപ്പവാഹനങ്ങള്‍ക്കായി തുറന്നിടും. അയ്യപ്പസേവാ സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ അയ്യപ്പന്മാര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനുള്ള കൗണ്ടറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കടപ്പാട്ടൂര്‍ ക്ഷേത്രം
കടപ്പാട്ടൂരപ്പന്‍െറ സന്നിധാനം ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ്. വടക്കന്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് എല്ലാ വര്‍ഷവും കടപ്പാട്ടൂര്‍ വഴി ശബരിമലയ്‌ക്ക് യാത്ര തിരിക്കുന്നത്.
വിരി വെക്കുന്നതിനും വിശ്രമിക്കുന്നതിനും വിശാലമായ ക്ഷേത്രവളപ്പും കെട്ടിടങ്ങളും ക്ഷേത്രത്തെ തഴുകിയൊഴുകുന്ന മീനച്ചിലാറുമാണ് പ്രധാനമായും തീര്‍ഥാടകരെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്.
നിലയ്‌ക്കല്‍ മഹാദേവ ക്ഷേത്രം
ശബരിമലയ്‌ക്ക് തൊട്ടടുത്തുള്ള ക്ഷേത്രമാണ് നിലയ്‌ക്കല്‍ ക്ഷേത്രം. മഹാദേവ ക്ഷേത്രവും പള്ളിയറക്കാവ് ദേവീക്ഷേത്രവും ഇവിടെയുണ്ട്.
പരമശിവന്‍ അയ്യപ്പന്‍െറ അച്ഛനെന്നാണ് സങ്കല്‌പം. അതുകൊണ്ട് ശബരിമലയ്‌ക്കു പോകുന്ന അയ്യപ്പഭക്തര്‍ ഈ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നു. വിരിവെക്കാനും കുളിക്കാനുമുള്ള സൗകര്യം ഇവിടെയുണ്ട്.
വൈക്കം ക്ഷേത്രം
ശ്രീധര്‍മ ശാസ്‌താവിനെ ദര്‍ശിക്കാന്‍ എത്തുന്നവരുടെ ശരണംവിളികള്‍ വൈക്കം ക്ഷേത്രാന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കുകയാണ്. ധര്‍മശാസ്‌താവിനെ ദര്‍ശിക്കാന്‍ പുറപ്പെടുന്നതിനു മുമ്പായി വൈക്കത്തപ്പനെ കണ്ട് വണങ്ങുന്നത് മഹത്തരമാണെന്നാണ് വിശ്വാസം.
പിതാ-പുത്ര ബന്ധത്തിന്‍െറയും ആത്മീയ-ഭൗതീക ഭാവസമന്വയത്തിന്‍െറയും പൂര്‍ണതയാണ് വൈക്കം ക്ഷേത്രത്തെയും ശബരിമലയേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ദിവസംതന്നെ കടുത്തുരുത്തി മഹാദേവ ക്ഷേത്രത്തിലും ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലും ദര്‍ശനം നടത്തുന്നത് കൈലാസദര്‍ശനത്തിനു തുല്യമാണെന്നാണ് വിശ്വാസം. വൈക്കം ക്ഷേത്രദര്‍ശനം ശ്രേയസ്‌കരമാക്കാന്‍ പ്രിയപുത്രനായ ഉദയനാപുരത്തപ്പനെക്കൂടി തൊഴുത് വണങ്ങണമെന്ന വിശ്വാസവും പിതാ പുത്ര ബന്ധത്തിന്‍െറ മകുടോദാഹരണമാണ്.
പുലര്‍കാലത്ത് സകലമുനിജന വന്ദിതവും ജ്ഞാനദാതാവുമായ ദക്ഷിണാമൂര്‍ത്തിയായും മദ്ധ്യാഹ്നത്തില്‍ പാര്‍ത്ഥപാശുപതാസ്‌ത്രം സമ്മാനിച്ച കിരാതമൂര്‍ത്തിയായും സായംകാലത്ത് ഭാരതീയ ദാമ്പത്യത്തിന്‍െറ ആദര്‍ശപ്രതീകമായി ഉമയോടും പുത്രന്മാരോടും കൂടി വസിക്കുന്ന ഉമാമഹേശ്വരനായും വിരാജിക്കുന്ന നടരാജമൂര്‍ത്തി സര്‍വവരദായകനും സകലാഭീഷ്‌ടപ്രദായകനുമാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തന്മാരാണ് ഇവിടെ എത്തുന്ന തീര്‍ഥാടകരില്‍ ഏറെയും. എട്ടേക്കറിലധികം വിസ്‌തൃതിയും വിശാലമായ ക്ഷേത്രമതില്‍ക്കകവും ചുറ്റുമതിലുമുള്ള വലിയചിറ എന്ന ഖ്യാതിയുള്ള വിശാലമായ തീര്‍ഥക്കുളവും വിരിവെക്കാനും വിശ്രമിക്കാനുമുള്ള ഊട്ടുപുരയും സൗകര്യങ്ങളും ഭക്തജനങ്ങളെ വൈക്കത്തേക്ക് ആകര്‍ഷിക്കുന്നു. ദീര്‍ഘയാത്ര കഴിഞ്ഞെത്തുന്ന അയ്യപ്പന്മാര്‍ക്ക് ക്ഷേത്രമതില്‍ക്കകത്തിരുന്നാല്‍ വേമ്പനാട്ടു കായലില്‍ നിന്നും സദാ ഒഴുകിയെത്തുന്ന ഇളംകാറ്റ് നവോന്മേഷം പകരുന്നതും ഈ ക്ഷേത്രത്തിന്‍െറ പ്രത്യേകതയാണ്.
വ്രതാനുഷ്‌ഠാനങ്ങളോടെ എത്തുന്ന ഭക്തന്മാര്‍ക്ക് വൈക്കത്തെ തീര്‍ഥക്കുളത്തില്‍ കുളിച്ച് തിരുനടയില്‍ വന്നു കെട്ടുനിറച്ച് മല ചവിട്ടുന്നതും പുണ്യമാണെന്നാണ് വിശ്വാസം. അന്നദാന പ്രഭുവായ വൈക്കത്തപ്പന്‍െറ സന്നിധിയില്‍ ദിവസേന അന്നദാന ട്രസ്റ്റ് നടത്തുന്ന പ്രാതല്‍ സദ്യയില്‍ ഭാഗഭാക്കാകാനുള്ള അവസരവും ഇവിടേക്ക് ഭക്തരെ ആകര്‍ഷിക്കുന്നു.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം
അയ്യപ്പമന്ത്രം ഹൃദയത്തില്‍ ആവാഹിച്ച് എത്തുന്ന അയ്യപ്പ ഭക്തന്മാരുടെ പ്രധാന ഇടത്താവളമാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം. പാര്‍ത്ഥന്‍െറ സാരഥി കൃഷ്‌ണന്‍േറതാണ് പ്രതിഷ്‌ഠ. ഭരതയുദ്ധത്തില്‍ ഭീഷ്‌മര്‍ അര്‍ജുനനെ നിഗ്രഹിച്ചേക്കും എന്ന സംശയംതോന്നിയ ശ്രീകൃഷ്‌ണന്‍ കോപിക്കുകയും അതിലൂടെ പ്രത്യക്ഷീകരിച്ച വിശ്വരൂപ നിലയുമാണ് ആറന്മുളയിലെ ഈ ചതുര്‍ബാഹു പ്രതിഷ്‌ഠ.
ആറന്മുള ക്ഷേത്രം പമ്പാതീരത്തു നിന്നും ഉയര്‍ന്നാണ് നില്‍ക്കുന്നത്. ആറന്മുളയില്‍ അന്നദാനമാണ് പ്രധാന വഴിപാട്. ആറന്മുള വള്ളംകളി, ആറന്മുള കണ്ണാടി, ആറന്മുള അടയ്‌ക്ക എന്നിവയെക്കുറിച്ച് വായ്‌മൊഴിയായും വരമൊഴിയായും കേട്ടിട്ടുള്ള അന്യദേശക്കാര്‍ക്ക് ആറന്മുളയെ കണ്ടറിയാന്‍ ശബരിമല യാത്ര ഉപകരിക്കും.
ശബരിമല അയ്യപ്പന് മണ്‌ഡലപൂജയ്‌ക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും സൂക്ഷിക്കുന്നത് ആറന്മുളയിലാണ്. ആറന്മുള ക്ഷേത്രത്തില്‍ നിന്നുമാണ് തങ്ക അങ്കി ഘോഷയാത്ര പുറപ്പെടുന്നതും.
പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്‌താക്ഷേത്രം
അയ്യപ്പന്മാരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് പന്തളം. അയ്യപ്പന്‍ വളര്‍ന്ന കൊട്ടാരത്തോടു ചേര്‍ന്ന് ഒരു ധര്‍മശാസ്‌താ ക്ഷേത്രമുണ്ട്. മകരസംക്രമ ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം സൂക്ഷിക്കുന്നതും ക്ഷേത്രത്തോടു ചേര്‍ന്നുള്ള കൊട്ടാരത്തിലാണ്.
പന്തളത്തെ വലിയ തമ്പുരാന്‍ ചുമതലപ്പെടുത്തുന്ന ഒരു ഇളയ തമ്പുരാനാണ് തിരുവാഭരണത്തിനു അകമ്പടി സേവിക്കുന്നത്.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം
ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം. ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം എന്നീ ശിവക്ഷേത്രങ്ങളില്‍ അടുപ്പിച്ച് ദര്‍ശനം നടത്തുക എന്നത് പുണ്യമായി പണ്ടുമുതലേ ഭക്തജനങ്ങള്‍ കരുതുന്നു.
അതുകൊണ്ടുതന്നെയാകാം സംസ്ഥാനത്തിന്‍െറ വടക്കന്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പഭക്തര്‍ ഈ മൂന്നൂ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി ശബരിമല യാത്ര തുടരുന്നത്.
No comments:
Post a Comment