അഴിമതിക്കെതിരെ ശക്തമായ നടപടി വേണം – രാഷ്ട്രപതി
ന്യൂദല്‍ഹി: സാധാരണക്കാരനെ ബാധിക്കുന്ന അഴിമതിക്കെതിരേ ശക്തമായ നടപടി വേണമെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ആവശ്യപ്പെട്ടു. അഴിമതി രാജ്യവികസനത്തെയും സാമൂഹിക ഉന്നമനത്തെയും ബാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ഭവനില്‍ ഗവര്‍ണര്‍മാരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.രാജ്യം നേരിടുന്ന വലിയ വിപത്താണ് അഴിമതി. നിയമ സംവിധാനത്തെ ഇതു തകര്‍ക്കും. അഴിമതി വ്യാപിക്കുന്നതു തടയാനുള്ള ശക്തമായ നടപടികള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്‍റെയും ഭാഗത്തു നിന്നുണ്ടാകണം. ശിക്ഷാനടപടികള്‍ വര്‍ധിപ്പിക്കണം. ഭരണ സംവിധാനം സുതാര്യമാകണം. ജനങ്ങള്‍ക്ക് അഴിമതിക്കെതിരേ ബോധവത്കരണം നല്‍കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗവര്‍ണര്‍മാര്‍ തയാറാകണം.
കോളേജുകളിലെ റാഗിങ് തടയാനുള്ള സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കണം. കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കു ഗവര്‍ണര്‍മാരുടെ പിന്തുണ വേണം. തീവ്രവാദം നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണം. ഇതിനുള്ള നടപടികള്‍ ഉറപ്പാക്കാനും ഗവര്‍ണര്‍മാര്‍ക്കു കഴിയണമെന്നു പ്രതിഭ പാട്ടീല്‍ പറഞ്ഞു.
സംസ്ഥാന ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അടക്കം 28 ഗവര്‍ണര്‍മാരും മൂന്നു ലെഫ്റ്റനന്‍റ് ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്
No comments:
Post a Comment