മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം കണ്ടെത്തി
ചെങ്ങന്നൂര്‍: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ താഴികക്കുടം കണ്ടെത്തി. ക്ഷേത്രത്തിനുസമീപത്തെ ചിത്രന്നൂര്‍ മഠത്തിലെ ഒരു വീടിനു മുന്നിലാണ് കുത്തി നിര്‍ത്തിയ നിലയില്‍ താഴികക്കുടത്തിന്റെ ഭാഗം കണ്ടെത്തിയത്.
വീട്ടുടമസ്ഥന്‍ രാവിലെ ക്ഷേത്രത്തിലേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് താഴികക്കുടത്തിന്റെ ഭാഗം ശ്രദ്ധയില്‍പെട്ടത്. പിന്നീട് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇറീഡിയം ലോഹമുണ്ടെന്ന് കരുതപ്പെടുന്ന 80 സെന്റീ മീറ്ററോളം ഉയരമുള്ള താഴികക്കുടത്തിന്റെ മുകളിലെ 35 സെന്റീമീറ്ററോളം വരുന്ന മകുടമാണ് ഒക്ടോബര്‍ 20ന് മോഷണം പോയത്.
2008 നവംബറിലാണ് കോടികള്‍ വാഗ്ദാനം ചെയ്ത് താഴികക്കുടം വാങ്ങാനായി ഇടനിലക്കാര്‍ എത്തിയത്. ഉപഗ്രഹചിത്രങ്ങളുടെ സഹായത്താലാണ് താഴികക്കുടത്തില്‍ ഇറീഡിയം ഉണ്ടെന്ന് കണ്ടെത്തിയതെന്നും 2500 കോടി വരെ ഇതിന് വിലയുണ്ടെന്നും വാര്‍ത്ത പരന്നു.
താഴികക്കുടത്തില്‍ ഇറിഡിയം സാന്നിധ്യമുണ്ടെന്ന വാര്‍ത്ത പരന്നതോടെ ക്ഷേത്രത്തിന്‍മേല്‍ അവകാശത്തര്‍ക്കം ഉടലെടുത്തു. ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാന്‍ ഊരാഴ്മ അവകാശമുള്ള ചിത്രത്തൂര്‍മഠം സി.എം.ശങ്കര ഭട്ടതിരിയും സഹോദരങ്ങളും ചെങ്ങന്നൂര്‍ സബ്‌കോടതിയെ സമീപിച്ചു. ഈ കേസ്സില്‍ 2009 ജനവരി 23ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ ചെങ്ങന്നൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ റിസീവറായി നിയമിച്ചു.
താഴികക്കുടത്തില്‍ ഇറിഡിയം ഉണ്ടോ എന്ന് പരിശോധിക്കാനും സബ്‌കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ കൊച്ചിയൂണിറ്റിലെ സീനിയര്‍ സയിന്റിസ്റ്റ് ടി.ആര്‍.നടരാജനെ പരിശോധനയ്ക്ക് ചുമതലപ്പെടുത്തി. ഡി.ആര്‍.ഡി.ഒ.യുടെ ഹൈദരാബാദ് കേന്ദ്രത്തില്‍നിന്ന് ശാസ്ത്രജ്ഞര്‍ പരിശോധനയ്ക്ക് എത്തുകയും ചെയ്തു.
എന്നാല്‍, ചിത്രത്തൂര്‍ മഠവുമായി ബന്ധമുള്ള പുത്തൂര്‍ സ്വദേശി അശോക് കുമാര്‍ പണ്ടാരത്തിലിന്റെ പവര്‍ഓഫ് അറ്റോണി പ്രകാരം കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി സുരേഷ് നല്‍കിയ ഹര്‍ജിയില്‍ താഴികക്കുടം പരിശോധന ഹൈക്കോടതി തടഞ്ഞതായി ക്ഷേത്രഭരണ സമിതി പ്രസിഡന്റ് എം.പി.ഗോപകുമാര്‍ പറഞ്ഞു.
താഴികക്കുടത്തില്‍ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടോ എന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. പച്ചരി തുണിയില്‍ക്കെട്ടി താഴികക്കുടത്തിലേക്ക് എറിയുകയും അരി അതില്‍ പറ്റിപ്പിടിക്കുകയും ചെയ്താല്‍ ഇറിഡിയമുണ്ടെന്ന് സ്ഥിരീകരിക്കാമെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇത്തരം ചില പരീക്ഷണങ്ങള്‍ താഴികക്കുടത്തില്‍ ചിലര്‍ നടത്തിയിരുന്നതായി സംശയിക്കുന്നു.
ഉപഗ്രഹ നിരിക്ഷണത്തിലൂടെ പമ്പാനദിയുടെ തീരത്തെ ഒരുക്ഷേത്രത്തിലും കാവിലും ഇറിഡിയമുള്ളതായി കണ്ടെത്തിയെന്നായിരുന്നു ആദ്യപ്രചാരണം. ക്ഷേത്രം മുതുവഴിയിലാണെന്ന് വീണ്ടും പറഞ്ഞുപരന്നതോടെ ദൂരെദിക്കുകളില്‍ നിന്നുപോലും ഇവിടേക്ക് ആളെത്തുകയായിരുന്നു.
ഇതിനിടെ ഊരാഴ്മക്കാരായ ചിത്രത്തൂര്‍ മഠം ക്ഷേത്രഭരണസമിതിയും ചേര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പിന് അപേക്ഷ നല്‍കി. 2010 മാര്‍ച്ച് 19ന് ക്ഷേത്രം സംരക്ഷിത സ്മാരകമാക്കി ആദ്യവിജ്ഞാപനമിറക്കി.
ക്ഷേത്രഭരണസമിതിയും ഉടമകളുമായി ഉണ്ടായിരുന്ന കേസുകള്‍ പലതും അടുത്തിടെ ഒത്തുതീര്‍പ്പാക്കിയിരുന്നു. ദേവപ്രശ്‌നവിധി പ്രകാരമുള്ള പരിഹാരക്രിയകള്‍ നവംബര്‍ ഒന്നിന് നടത്തുന്നതിനുള്ള ഒരുക്കത്തിലായിരന്നു ഭരണസമിതി
കടപ്പാട് മാതൃഭൂമി ദിനപത്രം
No comments:
Post a Comment