Saturday, 22 October 2011

sanghadeepam news

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുവെന്ന പഠനറിപ്പോര്‍ട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ. സി.എം.ആര്‍.) പൂഴ്ത്തിവെച്ചു. എന്‍ഡോസള്‍ഫാന്‍ ഉപയോഗം പുരുഷപ്രത്യുത്പാദനശേഷിയെ എങ്ങനെ ബാധിക്കുന്നുവെന്നത് സംബന്ധിച്ചായിരുന്നു പഠനം.

ഐ.സി.എം.ആറിന്റെ നിര്‍ദേശപ്രകാരം മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ 2003 ലാണ് പഠനം നടത്തിയത്. 2006 ല്‍ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇത് ഐ. സി.എം.ആര്‍. മെഡിക്കല്‍ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിവെക്കുകയായിരുന്നു. ഉപഭോക്തൃ ക്ഷേമ ഫോറം കണ്‍വീനര്‍ ഡോ. സി.നിത്യാനന്ദ പൈ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം പുറത്തുവന്നത്.

ഐ.സി.എം.ആര്‍. നടത്തുന്ന പഠനറിപ്പോര്‍ട്ട് മെഡിക്കല്‍ജേര്‍ണലില്‍ പ്രസിദ്ധീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അഞ്ചുവര്‍ഷമായിട്ടും എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച പഠനറിപ്പോര്‍ട്ട് ഐ.സി.എം.ആര്‍പുറത്തുവിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതംവിതച്ച കാസര്‍കോട്ടെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാണ് വിദഗ്ധസംഘം പഠനം നടത്തിയത്.

വിവരാവകാശനിയമപ്രകാരം ആദ്യം നല്‍കിയ അപേക്ഷയില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് കൈവശമില്ലെന്നാണ് ഐ.സി.എം.ആര്‍. നല്‍കിയ മറുപടിയെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ പ്രതിനിധിയും മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ മുന്‍പ്രൊഫസറുമായ ഡോ. രവീന്ദ്രനാഥ് പറഞ്ഞത്. പ്രൊജക്ട് നമ്പറും മറ്റ് വിവരങ്ങളും സൂചിപ്പിച്ച് വിവരാവകാശനിയമപ്രകാരം കഴിഞ്ഞ മെയ് 31ന് വീണ്ടും അപേക്ഷ നല്‍കിയപ്പോഴാണ് റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചില്ലെന്ന് മറുപടി ലഭിച്ചത്.

എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സിറം എഫ്.എസ്.എച്ചും (ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍), ടെസ്‌റ്റോസ്‌റ്റെറോണും വളരെ കുറവായിരിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ ക്രോമോസോം വ്യതിയാനം കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. അര്‍ബുദം, കുട്ടികളുടെ അസ്ഥിവൈകല്യം തുടങ്ങിയവ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ വളരെ കൂടുതലാണെന്ന് വിവിധ സര്‍വെകളില്‍ തെളിഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Download റിപ്പോര്‍ട്ട്‌  

                                                                        കടപ്പാട് മാതൃഭൂമി ദിനപത്രം 

No comments:

Post a Comment