Friday, 21 October 2011

sanghadeepam news

അയ്യപ്പധര്‍മ്മ പഠനശിബിരം കൂനങ്കരയില്‍ ആരംഭിച്ചു

പത്തനംതിട്ട: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ റാന്നി പെരുനാട്‌ കൂനങ്കരയില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന അയ്യപ്പധര്‍മ്മ പഠന ശിബിരം ആരംഭിച്ചു. ഇന്നലെ സേവാസമാജം ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പെരുനാട്‌ യോഗമയാനന്ദാശ്രമം മഠാധിപതിപതി യോഗമയാനന്ദ സ്വാമികള്‍ ഭദ്രദീപം തെളിയിച്ചു. ശബരിമല തീര്‍ത്ഥയാത്രയിലൂടെ വരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും അന്നദാനം നല്‍കാന്‍ കഴിവുള്ള മഹാപുണ്യസ്ഥാനമായി സേവാസമാജം മാറുമെന്ന്‌ സ്വാമികള്‍ പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ പെരുനാട്‌ ഇടത്താവളമായി വികസിപ്പിച്ച്‌ തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ തൃത്താല പഞ്ചായത്തുകള്‍ക്ക്‌ കഴിയുമെന്ന്‌ ശിബിരം ഉദ്ഘാടനം ചെയ്ത പെരുനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസാദ്‌ പറഞ്ഞു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ തീര്‍ത്ഥാടകര്‍ക്ക്‌ ഗുണമായിത്തീരണം. തൃത്താല പഞ്ചായത്തുകളുടെ പരിമിതികള്‍ പോലും മറികടന്ന്‌ തീര്‍ത്ഥാടകര്‍ക്കായി നിരവധി സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കാന്‍ തയ്യാറാണെന്നും അതിനുള്ള പ്രവര്‍ത്തനത്തിന്‌ സേവാസമാജത്തിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പധര്‍മ്മങ്ങളെക്കുറിച്ചുള്ള പഠനവും പ്രവര്‍ത്തനങ്ങളും ഗുരുകുലത്തിലെന്നപോലെയായിരിത്തീരണമെന്ന്‌ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച അയ്യപ്പസേവാസമാജം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം മാനവ ധര്‍മ്മ പ്രചരണം തന്നെയാണ്‌. ലക്ഷക്കണക്കിന്‌ വരുന്ന തീര്‍ത്ഥാടകര്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ ഓരോ അയ്യപ്പധര്‍മ്മ വിശ്വസികള്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെ പ്രകാശ ഗോപുരമായി മാറിയ ശബരിമല തീര്‍ത്ഥാടനം മനുഷ്യരില്‍ അനുഗ്രഹംതന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌. ആത്മീയവും ഭൗതികവുമായ ജീവിത സാഹചര്യങ്ങളെ മെച്ചപ്പെടുത്തി ധന്യമാക്കാന്‍ തീര്‍ത്ഥാടനം വഴിയൊരുക്കട്ടെയെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെന്നി പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനം അതിന്റെ പൊരുള്‍ തേടിയുള്ള ഓരോ വിശ്വാസികളുടേയും ഒരുയാത്രയായി തീര്‍ത്ഥാടനം മാറട്ടെയെന്ന്‌ ബ്ലോക്ക്‌ പഞ്ചായത്തംഗം റ്റി.എസ്‌.സജി പറഞ്ഞു. ചടങ്ങില്‍ സ്വാമി അയ്യപ്പദാസ്‌ സ്വാഗതവും വി.കെ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു തുടര്‍ന്ന്‌ നടന്ന ചടങ്ങില്‍ അയ്യപ്പ തത്വം എന്ന വിഷയത്തെ ആസ്പദമാക്കി ക്ഷേത്ര സംരക്ഷണ സമിതി മേഖലാ പ്രസിഡന്റും എഴുത്തുകാരനുമായ നെടുംകുന്നം ജനാര്‍ദ്ദനന്‍നായര്‍ ക്ലാസ്‌ എടുത്തു.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പഠന ശിബിരത്തില്‍ സംസ്ഥാന വിവിധ ജില്ലകളില്‍ നിന്ന്‌ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്‌. അയ്യപ്പധര്‍മ്മം, അചാരാനുഷ്ഠാനങ്ങള്‍, തത്വമസി, ചിന്‍മുദ്ര, പതിനെട്ടാംപടി, ഇരുമുടി മാഹാത്മ്യം, അയ്യപ്പസേവാ , പൂങ്കാവന മാഹാത്മ്യം, തീര്‍ത്ഥയാത്ര, അന്നദാനം എന്നിവയെക്കുറിച്ചുള്ള ക്ലാസുകള്‍ വരുംദിവസങ്ങളില്‍ നടക്കും.

No comments:

Post a Comment