കുറ്റകൃത്യങ്ങളുടെ സ്വന്തം നാട്
രാജ്യത്ത് ഏറ്റവും നല്ല ക്രമസമാധാന പാലനം ഉള്ള സംസ്ഥാനം ആണ് കേരളമെന്നായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഇതിന് അടിവരയിടാന്‍ അവര്‍ എടുത്തുകാട്ടിയത് തുടര്‍ച്ചയായി മൂന്നുതവണ മികച്ച ക്രമസമാധാന സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന് കിട്ടിയതാണ്. ഡല്‍ഹിയില്‍ നടന്ന പ്രൗഢ ചടങ്ങുകളില്‍ വച്ച് കേന്ദ്രമന്ത്രിമാര്‍ സമ്മാനിച്ച അവാര്‍ഡ് വാങ്ങാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് പോകുകയും വലിയ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. നിയമസഭയില്‍ പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ്സ് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെക്കുറിച്ച് കുറ്റംപറയുമ്പോഴൊക്കെ വകുപ്പുമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി നേതാക്കളും എടുത്തുകാട്ടിയതും ദേശീയതലത്തില്‍ കിട്ടിയ ഈ അവാര്‍ഡുകളായിരുന്നു. കേരളത്തിന് എങ്ങനെ ഈ അവാര്‍ഡ് കിട്ടി എന്ന് അന്ന് സംശയിച്ചവര്‍ക്കൊക്കെ ഉള്ള ഉത്തരമാണ് കഴിഞ്ഞദിവസം ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ട്. കേരളം കുറ്റവാളികളുടെ നാടായി മാറുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കുറ്റകൃത്യങ്ങളുടെ കണക്ക് കുത്തനെ കൂടിയതായുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്ത്രീപീഡനം, ബലാല്‍സംഗം, കൊലപാതകം, മോഷണം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ എണ്ണമാണ് കൂടിയിരിക്കുന്നത്.കുകൊലപാതകം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ യുള്ള കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ (ഐപിസി) പരിധിയില്‍ വരുന്ന കുറ്റങ്ങളുടെ നിരക്കില്‍ 2010 ല്‍ കേരളമാണ് ഒന്നാമത്. ഐപിസി കുറ്റങ്ങളുടെ നിരക്കില്‍ രാജ്യത്തെ മഹാനഗരങ്ങളില്‍ കൊച്ചിക്കാണ് ഒന്നാംസ്ഥാനം.ഒരു ലക്ഷം പേര്‍ക്ക്-എത്ര കുറ്റങ്ങള്‍ എന്ന അനുപാതത്തിലാണു കുറ്റകൃത്യ നിരക്കിന്റെ പട്ടിക തയാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഐപിസി കുറ്റങ്ങള്‍ മൊത്തം 1,48,313. ആകെ ജനസംഖ്യ 3.497 കോടി. അപ്പോള്‍ കുറ്റകൃത്യ നിരക്ക് 424.1. എന്നാല്‍, രാജ്യത്തെ മൊത്തം കുറ്റകൃത്യങ്ങളില്‍ 6.7 ശതമാനമാണു കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഒന്നാമതു മധ്യപ്രദേശാണ്. എങ്കിലും ജനസംഖ്യയ്ക്ക് ആനുപാതികമായി നോക്കുമ്പോള്‍ കുറ്റകൃത്യ നിരക്കില്‍ മധ്യപ്രദേശ് നാലാം സ്ഥാനത്താണ്. സൈബര്‍ കുറ്റങ്ങള്‍ റജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 142 കേസുകളുമായി രണ്ടാം സ്ഥാനത്താണ്. ജനസംഖ്യയ്ക്ക് ആനുപാതികമായി കലാപക്കേസുകള്‍ ഏറ്റവും കൂടുതലുണ്ടായതു കേരളത്തിലാണ് – 8724 എണ്ണം. രാജ്യത്ത് കഴിഞ്ഞ വര്‍ഷം പതിനായിരത്തിലധികം ഐപിസി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത 23 പൊലീസ് ജില്ലകളുണ്ട്. അതില്‍, 25,735 കേസുകളുമായി എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്. എറണാകുളം റൂറല്‍(16), കൊല്ലം(17), തൃശൂര്‍(18), പാലക്കാട്(21) എന്നിവയും പട്ടികയിലുള്‍പ്പെടുന്നു.
സംസ്ഥാനത്തു കഴിഞ്ഞ വര്‍ഷം 3978 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ജനസംഖ്യയ്ക്ക് ആനുപാതികമായി നോക്കുമ്പോള്‍ മഹാനഗരങ്ങളില്‍ കൊച്ചിയിലെ കുറ്റകൃത്യ നിരക്ക് 1897.8 ആണ്. കൊച്ചിയില്‍ 2009നെ അപേക്ഷിച്ച് 193.7 ശതമാനം വര്‍ധനയാണു കഴിഞ്ഞ വര്‍ഷമുണ്ടായത്. മിക്ക മഹാനഗരങ്ങളിലെയും കുറ്റകൃത്യനിരക്ക് ഗണ്യമായി കുറഞ്ഞപ്പോഴാണ് കൊച്ചിയില്‍ നിരക്ക് കുത്തനെ കൂടിയത്. കൊലപാതകം420, മാനഭംഗം 562 എന്നിങ്ങനെയാണ് 2010 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ മുപ്പതുവരെയുള്ള കണക്ക് നോക്കുമ്പോള്‍ ഏതാണ്ട് 1,36,526 കേസുകളാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തലസ്ഥാന നഗരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനം സ്വന്തമാക്കി. എന്നാല്‍ കൊലപാതകങ്ങളുടെ കണക്ക് നോക്കുമ്പോള്‍ തലസ്ഥാന നഗരമാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ബലാല്‍സംഗങ്ങളുടെ കാര്യത്തിലും തിരുവനന്തപുരം ഒന്നാം സ്ഥാനത്തുണ്ട്. മോഷണം, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുടെ കാര്യത്തിലും തിരുവനന്തപുരം ജില്ലയ്ക്കാണ് ഒന്നാംസ്ഥാനം.
കേരളത്തില്‍ കേസുകള്‍ വ്യവസ്ഥാപിതമായി രജിസ്റ്റര്‍ചെയ്യുന്നതുകൊണ്ടാണ് എണ്ണത്തിന്റെ കാര്യത്തില്‍ വര്‍ദ്ധനവുണ്ടായതെന്നാണ് ന്യായീകരിക്കാന്‍ നിരത്തുന്ന കാരണങ്ങള്‍. എന്നാല്‍ ഇതിനപ്പുറം യാഥാര്‍ത്ഥ്യമുണ്ടെന്നതാണ് വസ്തുത. മദ്യപാനത്തിലും ആത്മഹത്യയിലും സ്ത്രീപീഡനത്തിലും കേരളമാണ് രാജ്യത്തൊന്നാമത് അവിതര്‍ക്ക കാര്യമാണ്. മദ്യപാനം തന്നെയാണ് കുറ്റകൃത്യങ്ങള്‍ ഉയരാനുള്ള പ്രധാനകാരണം. തലയ്ക്ക് ബോധമുള്ളവരൊക്കെ ഇക്കാര്യം വിവിധ രീതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും മദ്യപാനം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇതിനായി മാറിമാറിവന്ന സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഒന്നും ചെയ്യുന്നുമില്ല. പോലീസുകാരില്‍ പോലും കുറ്റവാളികള്‍ പെരുകുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം കേരളത്തിലുണ്ട്. ജനമിത്രപോലീസ്, മൈത്രിപോലീസ് എന്നൊക്കെ കേള്‍ക്കാന്‍ നല്ല പദങ്ങളാണെങ്കിലും പോലീസിനെ ഭീതിയോടെ സമീപിക്കേണ്ട സാഹചര്യമാണ് ഇന്നും നിലനില്‍ക്കുന്നത്.
ഒരുകാലത്ത് ആരോഗ്യപരിരക്ഷയിലും വിദ്യാഭ്യാസത്തിലും രാജ്യത്ത് ഒന്നാമതായിരുന്ന കേരളം ഇന്ന് കുറ്റകൃത്യങ്ങളുടെ നിരക്കിലും മദ്യപാനത്തിന്റെ കാര്യത്തിലും ഒന്നാമതെത്തി എന്ന് വരുന്നത് ആര്‍ക്കും ഭൂഷണമല്ല. ഭരണത്തിന്റെ പേരില്‍ പരസ്പരം മേനി നടിക്കുന്നവരും കുറ്റപ്പടുത്തുന്നവരും ഇതറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ കേരളം വീണ്ടുമൊരു ഭ്രാന്താലയമാകാതിരിക്കും.
No comments:
Post a Comment