Monday 24 October 2011

sanghadeepam news

അമേരിക്ക - പാക് സംഘര്‍ഷം ഇന്ത്യയ്ക്ക് ഭീഷണി



അമേരിക്കയില്‍ നിന്നു വലിയ തോതില്‍ പണം വാങ്ങിക്കൊണ്ടിരിക്കുന്ന പാകിസ്താന് അമേരിക്കയോട് ഏറ്റുമുട്ടാനുള്ള ശക്തിയൊന്നുമില്ല. എന്നാല്‍, അമേരിക്കയെ വിരട്ടി നിര്‍ത്താതെ നിലനില്‍ക്കാനും ബുദ്ധിമുട്ടാണ്. പട്ടാളവും ഭരണകൂടവും രണ്ടുതട്ടിലാണ്. തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് മതനേതൃത്വത്തില്‍ കാര്യമായ സ്വാധീനമുണ്ട്. പാകിസ്താന് പ്രത്യേകമായ ചില രക്ഷാ കവചങ്ങളുണ്ട്.
അതാണ് അമേരിക്കയുടെ ഭീഷണിക്കെതിരെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്




പാകിസ്താനോടുള്ള അമേരിക്കയുടെ അപ്രീതി എത്രത്തോളം വളര്‍ന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു വെള്ളിയാഴ്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ ഇസ്‌ലാമാബാദില്‍ ചെന്ന് പാകിസ്താന് നല്‍കിയ മുന്നറിയിപ്പ്. അഫ്ഗാന്‍ തീവ്രവാദികളായ ഹഖാനി ശൃംഖലയ്‌ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും അവരെ സംഭാഷണത്തിനു നിര്‍ബന്ധിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു ഹില്ലരി. നേരിട്ടുള്ള ആക്രമണം ഒഴിവാക്കുന്നതിനുവേണ്ടിയാണ് താനിതു പറയുന്നതെന്നും ആവശ്യത്തിനു ബലംപ്രയോഗിക്കുന്ന കാര്യത്തില്‍ ഒരിക്കലും അമേരിക്ക മടി കാണിച്ചിട്ടില്ലെന്നും അവര്‍ പറയുകയുണ്ടായി. ''വീടിന്റെ പിന്നാമ്പുറത്ത് പാമ്പുകളെ വളര്‍ത്താന്‍ കഴിയുകയില്ല. അത് അയല്‍വാസികളെ മാത്രമേ കടിക്കുകയുള്ളൂവെന്ന് കരുതാന്‍ വയ്യ'' - ഇതിനേക്കാള്‍ വ്യക്തമായ മുന്നറിയിപ്പ് ഹില്ലരി നല്‍കാനില്ല. പാകിസ്താന്‍ അതിര്‍ത്തിയില്‍ താലിബാനെതിരെയും ഹഖാനി ശൃംഖലയ്‌ക്കെതിരെയും കടുത്ത നടപടികളെടുക്കണമെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ബലം പ്രയോഗിക്കുന്ന കാര്യത്തില്‍ അമേരിക്ക ഇതേവരെ മടി കാണിച്ചിട്ടില്ല എന്നവര്‍ ചൂണ്ടിക്കാട്ടിയത് വേണമെങ്കില്‍ തങ്ങള്‍ ബലം പ്രയോഗിക്കും എന്ന് ഭീഷണിപ്പെടുത്താനാണ്.

പക്ഷേ, ഇതുകൊണ്ടൊന്നും പാകിസ്താന്‍ കുലുങ്ങിയിട്ടില്ല എന്നാണ് ഹില്ലരി ഇരുന്ന അതേ വേദിയില്‍ത്തന്നെ ഇരുന്നിരുന്ന പാകിസ്താന്‍ വിദേശകാര്യമന്ത്രി ഹീന റബ്ബാനി ഖാര്‍ നല്‍കിയ മറുപടിയില്‍ നിന്ന് വ്യക്തമാവുന്നത്: ''തത്കാലം നമ്മള്‍ സമാധാനത്തിനു അവസരം നല്‍കുക. അതുകൊണ്ട് കാര്യം നടക്കുന്നില്ലെങ്കില്‍ മാത്രം മറ്റു കാര്യങ്ങള്‍ ആലോചിച്ചാല്‍ മതി.'' ബലം പ്രയോഗിക്കുമെന്നാക്കെ പറഞ്ഞു തങ്ങളെ ഭീഷണിപ്പെടുത്തേണ്ട എന്നും ഹില്ലരിയോട് മുഖത്തുനോക്കി പറയുന്നതായിരുന്നു അത്.

പാകിസ്താനിനകത്തു കടന്നുവന്ന് ഇസ്‌ലാമാബാദിന് ഏറെയകലെയൊന്നുമല്ലാത്ത പട്ടാളകേന്ദ്രമായ ആബട്ടാബാദില്‍ച്ചെന്ന് അല്‍ഖ്വെയ്ദ തീവ്രവാദി നേതാവ് ഒസാമ ബിന്‍ലാദനെ അമേരിക്ക വധിച്ചതു മുതല്‍ പാകിസ്താന്‍ - അമേരിക്ക ബന്ധം ഉലഞ്ഞതാണ്. തീവ്രവാദി ഭീകര പ്രവര്‍ത്തനത്തിനെതിരെ പാകിസ്താന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി അമേരിക്കയ്ക്കുണ്ട്. അമേരിക്കയില്‍ നിന്നു കോടിക്കണക്കിന് ഡോളര്‍ വാങ്ങിയിട്ടും തീവ്രവാദികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനുപകരം അവരെ സഹായിക്കുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിക്കുന്നത് എന്ന ആരോപണമുണ്ട്. അതുകൊണ്ടാണ് അവരെ അറിയിക്കാതെ രഹസ്യമായി ആബട്ടാബാദില്‍ വന്നു ഒസാമ ബിന്‍ലാദനെ അമേരിക്ക വധിച്ചത്. ലോകത്തിനു മുന്നില്‍ പാകിസ്താന് ഇത് വലിയ ജാള്യതയായി.

അമേരിക്കയ്‌ക്കെതിരെ പാകിസ്താനില്‍ മുറുമുറുപ്പ് തുടങ്ങിയപ്പോള്‍ പാകിസ്താനെതിരെ അമേരിക്കന്‍ വികാരവും കനത്തു. പാകിസ്താനിലെ സിവിലിയന്‍ ഭരണകൂടത്തിന്റെയും പട്ടാളത്തിന്റെയും നേതാക്കളുമായി അമേരിക്കന്‍ അധികാരികള്‍ പലതലത്തിലായി ചര്‍ച്ചകള്‍ നടത്തി. തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാതെ നടപടി കൈക്കൊണ്ടേ മതിയാവൂ എന്ന് അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു.

അമേരിക്ക തങ്ങളുടെ നിലപാട് കര്‍ശനമാക്കുന്നതിന് പ്രധാനകാരണം, ഹഖാനി തീവ്രവാദി ശൃംഖലയും പാകിസ്താനുമായുള്ള ബന്ധം സംബന്ധിച്ച് അമേരിക്കയ്ക്കു കിട്ടിയ രഹസ്യവിവരങ്ങളാണ്. ഹഖാനി ശൃംഖല ഐ.എസ്.ഐ.യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് എന്നാണ് അമേരിക്കയ്ക്കു ലഭിച്ച വിവരം. സപ്തംബര്‍ 13-ന് കാബൂളിലെ അമേരിക്കന്‍ എംബസിയിലും നാറ്റോ ആസ്ഥാനത്തും ഹഖാനി ഗ്രൂപ്പ് നടത്തിയ ആക്രമണം ഐ.എസ്.ഐ.യുടെ വ്യക്തമായ സഹകരണത്തോടെയായിരുന്നുവെന്നു അമേരിക്ക കണ്ടെത്തിയിട്ടുണ്ട്. ഹഖാനിയുടെ ആസ്ഥാനം തന്നെ പാകിസ്താനിലെ വടക്കന്‍ വസീരിസ്താനിലാണ്. പക്ഷേ, ഇതൊന്നും തന്നെ സമ്മതിക്കാന്‍ പാകിസ്താന്‍ തയ്യാറല്ല. ഇതുസംബന്ധിച്ച് പാകിസ്താന്‍ അധികാരികളുമായി സംഭാഷണം നടത്തിയ അമേരിക്കന്‍ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ അഡ്മിറല്‍ മൈക്ക് മുള്ളനും ഡിഫന്‍സ് സെക്രട്ടറി ലിയോണ്‍ പനേറ്റയും പാകിസ്താന് നേരത്തേ ഒരു മുന്നറിയിപ്പ് നല്‍കിയതാണ്. ഹഖാനി ഗ്രൂപ്പിനെ പാകിസ്താന്‍ നേരിടുന്നില്ലെങ്കില്‍ അമേരിക്ക നേരിടുമെന്ന് അവര്‍ പറയുകയുണ്ടായി.

അമേരിക്കയുടെ സമ്മര്‍ദം മുറുകിയപ്പോള്‍ അത് അനുസരിക്കാനല്ല, മറിച്ച് പാകിസ്താനില്‍ അമേരിക്കന്‍ വിരുദ്ധ വികാരമുണര്‍ത്താനാണ് പാക് നേതാക്കള്‍ ശ്രമിച്ചത്. അത് അമേരിക്കയെ വിരട്ടാനുള്ള ഒരു തന്ത്രമായിരുന്നു. പാകിസ്താന്‍ പട്ടാളമേധാവി ജനറല്‍ കയാനി പട്ടാള കമാന്‍ഡര്‍മാരുടെ യോഗം വിളിച്ചാണ് ഹഖാനി ശൃംഖലയ്‌ക്കെതിരെ പാകിസ്താന്‍ പട്ടാളം ഒന്നും ചെയ്യുകയില്ലെന്ന് പ്രഖ്യാപിച്ചത്.

പട്ടാളം എന്തു പറയുന്നുവോ അതിനു പിന്നാലെ പോവുകയല്ലാതെ പാകിസ്താനിലെ സിവില്‍ ഭരണകൂടത്തിനു നിവൃത്തിയില്ല. പട്ടാളത്തെയും കവച്ചുവെച്ചുകൊണ്ടാണ് പിന്നീട് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കും വിദേശകാര്യമന്ത്രി ഹീനാ റബ്ബാനിയും അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ട് സംസാരിച്ചത്. പാകിസ്താനെ കുറ്റപ്പെടുത്തുന്നത് തുടര്‍ന്നാല്‍ അമേരിക്കയ്ക്ക് അവരുടെ ദീര്‍ഘകാല സഖ്യകക്ഷിയായ പാകിസ്താനുമായുള്ള ബന്ധം നഷ്ടപ്പെടും എന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഹഖാനി ശൃംഖലയെ സൃഷ്ടിച്ചത് പാകിസ്താനല്ലെന്നും മറിച്ച് അമേരിക്കയാണെന്നുമാണ് അവര്‍ കുറ്റപ്പെടുത്തിയത്. 1980-ല്‍ സോവിയറ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്ക സൃഷ്ടിച്ചതാണ് ഹഖാനി ഗ്രൂപ്പ് എന്ന പാകിസ്താന്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

അമേരിക്കയില്‍ നിന്നു വലിയ തോതില്‍ പണം വാങ്ങിക്കൊണ്ടിരിക്കുന്ന പാകിസ്താന് അമേരിക്കയോട് ഏറ്റുമുട്ടാനുള്ള ശക്തിയൊന്നുമില്ല. എന്നാല്‍ അമേരിക്കയെ വിരട്ടി നിര്‍ത്താതെ നിലനില്‍ക്കാനും ബുദ്ധിമുട്ടാണ്. പട്ടാളവും ഭരണകൂടവും രണ്ടുതട്ടിലാണ്. തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് മതനേതൃത്വത്തില്‍ കാര്യമായ സ്വാധീനമുണ്ട്. പാകിസ്താന് പ്രത്യേകമായ ചില രക്ഷാ കവചങ്ങളുണ്ട്. അതാണ് അമേരിക്കയുടെ ഭീഷണിക്കെതിരെ ചെറുത്തുനില്‍ക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്. 18 കോടി ജനങ്ങളുള്ള രാജ്യമാണ് പാകിസ്താന്‍. ആണവായുധം കൈയിലുണ്ട്. കലങ്ങിയ അന്തരീക്ഷത്തില്‍ തീവ്രവാദി ഗ്രൂപ്പുകള്‍ അതു പിടിച്ചെടുത്തേക്കാം. അമേരിക്കയെയും ഇന്ത്യയെയും ഭയപ്പെടുത്തുന്ന കാര്യമാണിത്. അയല്‍രാജ്യമായ ചൈനയുമായി പാകിസ്താന് നല്ല സുഹൃദ്ബന്ധമാണുള്ളത്.

കഴിഞ്ഞാഴ്ചയാണ് കയാനി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അമേരിക്കയെ വെല്ലുവിളിച്ചത്. തങ്ങള്‍ ആണവ ശക്തിയാണെന്ന കാര്യം മറക്കേണ്ട എന്നാണദ്ദേഹം ഭീഷണിപ്പെടുത്തിയത്. പാകിസ്താനില്‍ ഭരണത്തെ നയിക്കുന്നത് പട്ടാളക്കാരുടെ വികാരമാണ്. ഒരു യുദ്ധത്തില്‍ സ്വീകരിക്കേണ്ട മനഃശാസ്ത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ പാകിസ്താനെ നയിക്കുന്നത്. അത് ഒരു പൊട്ടിത്തെറിയുടെ വക്കില്‍ എത്തിനില്‍ക്കുന്നു. ഹില്ലരി പറഞ്ഞതുപോലെ ബലപ്രയോഗം ആവശ്യമാണെങ്കില്‍ അമേരിക്ക മടിക്കുകയില്ല. ലോകത്തിന്റെ കണ്ണില്‍ അനിവാര്യമാണെന്ന് തോന്നുന്നില്ലെങ്കില്‍പ്പോലും അവര്‍ അതു ചെയ്തിരിക്കും. ഇറാഖിലും അഫ്ഗാനിസ്താനിലും ലിബിയയിലുമൊക്കെ അവര്‍ക്കു മടിയൊന്നുമുണ്ടായിട്ടില്ല.

അമേരിക്കയില്‍ അടുത്തവര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒബാമയ്ക്കും ചില പൊടിക്കൈകളൊക്കെ പ്രയോഗിക്കേണ്ടിവന്നേക്കും. അമേരിക്ക - പാകിസ്താന്‍ സംഘര്‍ഷം ഇതിന്നായി ഉപയോഗപ്പെടുത്തിയാല്‍ അത്ഭുതപ്പെടാനില്ല. ഏതായാലും ഇപ്പോഴത്തെ സാഹചര്യം ഈ മേഖലയിലാകെ ആശങ്ക പരത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ഭീഷണി ഇന്ത്യയ്ക്കു നേരേയാണ് എന്ന് പറയേണ്ടതില്ല. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ സാമര്‍ഥ്യമുള്ള അമേരിക്ക ഈ സംഘര്‍ഷത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ ഏതു വേലയും സ്വീകരിച്ചേക്കാം.

No comments:

Post a Comment