Friday, 21 October 2011

sanghadeepam news


സുവിശേഷ ഭീകരതയുടെ സാക്ഷ്യപത്രം

കൊച്ചുമകളുടെ മുടി കോതികെട്ടിക്കൊണ്ട്‌ ശിവാമ്മ തന്റെ വീട്ടിനു മുന്നില്‍ നില്‍ക്കുകയാണ്‌. അവളുടെ കാലില്‍ ചെരിപ്പില്ല. ഉടുത്തിരിക്കുന്ന സാരി വിലകുറഞ്ഞതാണ്‌. അവളുടെ ശരീരമോ തീരെ മെലിഞ്ഞതും. എങ്കിലും സുധീരയായി അവള്‍ സന്ദര്‍ശകരോട്‌ വര്‍ത്തമാനം പറയുന്നു. ശിവാമ്മ ഇന്ത്യാരാജ്യത്തിലെ നവീന ക്രിസ്ത്യാനിറ്റിയുടെ മുഖവും പ്രതീകവുമാകുന്നു.

കല്യാണം കഴിഞ്ഞു കൊല്ലം മൂന്നായിട്ടും ശിവാമ്മക്കു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ ഒരു നാള്‍, ഇവാന്‍ജലിസ്റ്റ്‌ പാസ്റ്റര്‍ ബംഗരാജു അവരുടെ ചെറിയ ഗൃഹത്തിലേക്കു കടന്നുവന്നു. ശിവാമ്മ പാസ്റ്ററോടു ചേര്‍ന്ന്‌ മുട്ടിപ്പായി യേശുവിനോട്‌ പ്രാര്‍ത്ഥിക്കയും പരിശുദ്ധാത്മാവിന്റെ സമൃദ്ധമായ അഭിഷേകത്താല്‍, ഗര്‍ഭവതിയാകുകയും ചെയ്തു. തുടര്‍ന്നു ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. വീണ്ടും പാസ്റ്റര്‍ എത്തി വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചതിനാല്‍ പിന്നീട്‌ ഒരു പെണ്‍കുഞ്ഞിനെയും കര്‍ത്താവായ യേശുക്രിസ്തു അവള്‍ക്ക്‌ പ്രദാനം ചെയ്തനുഗ്രഹിച്ചു. ഇടയ്ക്ക്‌ ഈ കുഞ്ഞിന്‌ മഞ്ഞക്കാമല പിടിപെട്ടപ്പോള്‍ ബംഗരാജു എത്തി പ്രാര്‍ത്ഥിക്കയും കുറച്ചു ദിവസങ്ങള്‍ക്കുശേഷം മഞ്ഞനോവ്‌ അത്ഭുതരോഗ ശാന്തിയടയുകയും ചെയ്തു.

“യേശുവാണ്‌ ജീവിക്കുന്ന ദൈവമെന്ന്‌ എനിക്ക്‌ പിടികിട്ടി”, ശിവാമ്മ എന്നോട്‌ പറഞ്ഞു.
സുവിശേഷകനും പള്ളി സ്ഥാപകനുമായ ബംഗരാജു ഈ ഗ്രാമത്തിലെത്തിയത്‌ 1996 ലാണ്‌. ഒരു വൃക്ഷത്തില്‍ കീഴിലെ അനൗപചാരിക വിദ്യാലയത്തില്‍ അദ്ദേഹം കുട്ടികളെ അക്ഷരം പഠിപ്പിച്ചു. അദ്ദേഹത്തിനു ശമ്പളം നല്‍കുന്ന ‘ഓപ്പറേഷന്‍ മൊബിലൈസേഷന്‍’ എന്ന സംഘടന മുഖാന്തിരം ഗ്രാമത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു. ആദ്യവര്‍ഷം ബംഗരാജു യേശുക്രിസ്തുവിനെപ്പറ്റി തന്ത്രപൂര്‍വം ഒരക്ഷരംപോലും മിണ്ടിയതേയില്ല. മൂന്നുകൊല്ലത്തിനുശേഷം മാത്രമാണ്‌ അദ്ദേഹം ഹിന്ദുക്കളെ മതംമാറ്റാന്‍ ആരംഭിച്ചത്‌. ശിവാമ്മ ഇന്നു തന്റെ മക്കളെ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ മോഹിക്കുന്നു.
പുതിയ ഒരു ഇന്ത്യ ഉദിച്ചുയരുകയാണ്‌. അതോടൊപ്പം, ഇന്ത്യന്‍ ക്രിസ്റ്റ്യാനിറ്റിയുടെ ഒരു പുതിയ പതിപ്പും ഉയര്‍ന്നുവരികയാണ്‌. ഇന്ത്യയിലുടനീളം മൂന്നാഴ്ച ഞാന്‍ നടത്തിയതായ യാത്രയില്‍ അടിസ്ഥാനപരമായിത്തന്നെ പ്രകമ്പിതമായ, അതിവേഗം വളരുന്ന, തികച്ചും ഇന്ത്യനായ, ഒരു ക്രിസ്തീയ സമൂഹത്തെ ഞാന്‍ കണ്ടു കുളിരണിഞ്ഞു കര്‍ത്താവിനെ സ്തുതിച്ചു.

ആഗോള മാര്‍ക്കറ്റില്‍ മത്സരിക്കുകയും കോര്‍പ്പറേറ്റ്‌ ഏണിപ്പടികള്‍ കയറിപ്പോകുകയും ചെയ്യുന്ന വിദ്യാസമ്പന്നരായ ഇന്ത്യക്കാര്‍ വിഹരിക്കുന്ന ഓഫീസ്‌ സമുച്ചയങ്ങളിലാണ്‌ പുതിയ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ അവതരിക്കുന്നത്‌. എന്നാല്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലാണ്‌ പുതിയ ‘ക്രിസ്ത്യന്‍ ഇന്ത്യ’, നിരക്ഷരയും ദരിദ്രയുമായ ശിവാമ്മയെപ്പോലുള്ള ദളിതരുടെ ഇടയില്‍. 140 മില്യണ്‍ വരുന്ന ദളിതരും വനവാസികളും എന്നത്തെക്കാളും കൂടുതലായി ഇന്നു ക്രിസ്തുവിനെ അനുഗമിക്കയാണെന്ന്‌ സഭാ നേതാക്കള്‍ ക്രിസ്റ്റ്യാനിറ്റി ടുഡേയോടു പറഞ്ഞു.

ഇന്ത്യയിലെ ക്രിസ്തീയസഭ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ന്‌ ഏഴുകോടി ക്രിസ്ത്യാനികള്‍ ഇന്ത്യയിലുണ്ടെന്ന്‌ ഓപ്പറേഷന്‍ വേള്‍ഡ്‌ എന്ന ആധികാരിക ക്രിസ്തീയ ഡയറക്ടറി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇത്‌ ഇന്ത്യന്‍ ക്രിസ്തീയ സമൂഹത്തെ, അംഗസംഖ്യയില്‍, ലോകത്തില്‍ എട്ടാമതാക്കിയിരിക്കുന്നു. അതായത്‌ ബ്രിട്ടന്റെ ഇരട്ടി ക്രിസ്ത്യാനികള്‍ ഇന്ത്യയിലുണ്ട്‌. പക്ഷേ, മറ്റു ക്രിസ്തീയ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കു നൂറുകോടി ഹിന്ദുക്കളുടെ ഇടയില്‍ കഴിയേണ്ടി വരുന്നു.

സുവിശേഷം അറിയിക്കാന്‍ ഇന്ത്യയിലെവിടെയും അപാര സാധ്യതകളുണ്ട്‌. ഇന്ത്യയില്‍, ഇനിയും കര്‍ത്താവിന്റെ സുവാര്‍ത്ത എത്തിയിട്ടില്ലാത്ത 2,223 ഹിന്ദുജനവിഭാഗങ്ങളുണ്ടെന്ന്‌ ഓപ്പറേഷന്‍ വേള്‍ഡ്‌ കണ്ടെത്തിയിട്ടുണ്ട്‌. വളരെ വിശാലമായി കിടക്കുന്ന ഒരു രാജ്യമായ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അഭൂതപൂര്‍വമാംവിധം വന്‍ സംഖ്യകളില്‍ ജനങ്ങള്‍ ക്രിസ്തുവിലേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കയാണ്‌. ഇന്ത്യയിലെ ഏറ്റവും വലിയ മിഷണറി സംഘങ്ങളിലൊന്നായ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ ഇന്ന്‌ 3,000 കോണ്‍ഗ്രഗേഷനുകളിലായി വ്യാപിച്ചിരിക്കുന്നു. ഒരു ദശാബ്ദം മുന്‍പ്‌ 300 കോണ്‍ഗ്രഷനുകള്‍ മാത്രമാണുണ്ടായിരുന്നത്‌.

ആശുപത്രികള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സുവിശേഷ സംഘടനക്ക്‌ വടക്കേയിന്ത്യയില്‍ 8,000 മാമോദീസകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടത്താന്‍ കഴിഞ്ഞു. അതിനുമുന്‍പുള്ള പത്തുവര്‍ഷത്തില്‍ കൈവിരലിലെണ്ണാവുന്നവരെ മാത്രമാണ്‌ മതം മാറ്റാന്‍ കഴിഞ്ഞത്‌. ഓപ്പറേഷന്‍ വേള്‍ഡിന്റെ വിശദമായ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്‌ ഇന്ത്യയിലെ ഹിന്ദുജനസംഖ്യയുടെ മൂന്നിരട്ടി വേഗത്തിലാണ്‌ ഇന്ത്യന്‍ ക്രിസ്തീയ സമൂഹം വളരുന്നതെന്നാണ്‌. “നൂറ്റാണ്ടുകളായി അടഞ്ഞുകിടന്നിരുന്ന പല വാതിലുകളും ഇപ്പോള്‍ തുറക്കപ്പെടുന്നു” എന്നാണ്‌ പലേ ഇന്ത്യന്‍ ക്രിസ്ത്യാനികളും പറഞ്ഞത്‌.

2001 ലെ ഇന്ത്യന്‍ സെന്‍സസില്‍ ജനസംഖ്യയില്‍ ക്രിസ്ത്യാനികള്‍ രണ്ടു ശതമാനത്തില്‍ അല്‍പ്പം കൂടുതല്‍ മാത്രമാണെന്നാണ്‌ കണ്ടെത്തിയത്‌. എന്നാല്‍ ഇന്ന്‌, ഓപ്പറേഷന്‍ വേള്‍ഡ്‌ ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ ആറു ശതമാനത്തിലെത്തിയെന്ന്‌ വെളിപ്പെടുത്തിക്കൊണ്ട്‌ പറയുന്നു: “ഇന്ത്യയിലെ ക്രിസ്ത്യന്‍ ഗവേഷകര്‍ സൂചിപ്പിക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ ഇത്‌ ഒന്‍പത്‌ ശതമാനത്തിലേറെ ആണെന്നാണ്‌” പുറമേ ഹിന്ദുക്കളും മുസ്ലീങ്ങളുമായി തുടരുകയും എന്നാല്‍ വിശ്വാസത്തില്‍ ക്രിസ്ത്യാനികളുമായവരെയും ഉള്‍പ്പെടുത്തിയാണ്‌ ഈ കണക്കെന്ന്‌ ഗോര്‍ഡണ്‍-കോണ്‍വെല്‍ തിയോളജിക്കല്‍ സെമിനാരിയുടെ സെന്റര്‍ ഫോര്‍ ദ്‌ സ്റ്റഡി ഓഫ്‌ ഗ്ലോബല്‍ ക്രിസ്റ്റ്യാനിറ്റിയുടെ ഡയറക്ടര്‍ ടോഡ്‌ ജോണ്‍സണ്‍ പറയുന്നു.

“ഇന്ത്യയിലെ ക്രൈസ്തവ വളര്‍ച്ച ഏറിയ പങ്കും ദളിതരുടെ ഇടയിലായിരുന്നു. ഇപ്പോള്‍ മധ്യജാതികളിലും വളര്‍ച്ചയുടെ സൂചനകള്‍ കണ്ടുവരുന്നു” ഓപ്പറേഷന്‍ വേള്‍ഡിന്റെ ജേയ്സണ്‍ മാന്‍ഡ്രിക്‌ പറഞ്ഞു: ” നഗരങ്ങളിലെ വിദ്യാസമ്പന്ന തലമുറയിലും മേല്‍ജാതികളിലും ഒരു പുതിയ ക്രിസ്തീയ ഉണര്‍വ്‌ പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ ഗിയര്‍ മാറിക്കൊണ്ടിരിക്കയാണ്‌; ഉടന്‍ സ്പീഡെടുക്കും.”

ഇന്ത്യയിലെ ക്രിസ്ത്യാനികളില്‍ 70 മുതല്‍ 90 ശതമാനംവരെ ദളിതരാകുന്നു. ദളിതര്‍ വിശ്വാസികളാകുമ്പോള്‍ ക്രിസ്തുമതം ഒരു ദളിതമതം ആയി മുദ്രകുത്തപ്പെടുന്നു. ക്രിസ്ത്യാനികള്‍ക്കിടയിലും ജാതിവിവേചനം തുടരുന്നു-ദളിത ഉപജാതികള്‍ തമ്മില്‍ പോലും.”ക്രിസ്തുവില്‍ നാമൊന്നാണ്‌ എന്നത്‌ തത്വത്തില്‍ ശരി തന്നെ. പക്ഷെ, പ്രായോഗികതലത്തില്‍ അത്‌ യാഥാര്‍ത്ഥ്യമാകുന്നില്ല. നാമെല്ലാം ക്രിസ്തുവിങ്കല്‍ ഐക്യപ്പെടുന്നില്ല. ദളിത്‌ ആക്ടിവിസ്റ്റ്‌ മോസസ്‌ പരിതപിക്കുന്നു.

മിക്ക ഇന്ത്യന്‍ ക്രിസ്ത്യാനികളും പറയുന്നത്‌ അവരുടെ സഭകള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുവെന്നാണ്‌. ഭൗതിക കാര്യങ്ങളോടുള്ള ആസക്തി, വിവിധതരം വിവേചനങ്ങള്‍, സഭാ നേതാക്കള്‍ തമ്മിലുള്ള കലഹങ്ങള്‍, കപട വിശ്വാസം എന്നിവ വ്യക്തമാണ്‌. എങ്കിലും കൂടുതല്‍ കൂടുതല്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നതെന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഉത്തരമായി പരമ്പരാഗത ഹിന്ദുവിശ്വാസങ്ങള്‍ക്കു പാരവെക്കുന്ന ചില നിര്‍ണായക സംഭവവികാസങ്ങളെ അവര്‍ ചൂണ്ടിക്കാണിക്കുന്നു:

ഇന്ത്യയില്‍ 143 മഹാനഗരങ്ങളിലായി അനേക കോടി ജനങ്ങള്‍ കഴിയുന്നു. ഗ്രാമങ്ങള്‍പോലും നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, കാരണം യുവതീയുവാക്കള്‍ ജോലി സംബന്ധമായി അവിടേക്കു കുടിയേറിയിരിക്കുന്നു. നഗരങ്ങളില്‍ സാമൂഹിക ഒഴുക്കുണ്ട്‌. പുതിയ തലങ്ങളില്‍, എല്ലാ ജാതികളിലും പെട്ടവര്‍ ഇടകലരുന്നു. ജാതിസ്വത്വത്തിനുവേണ്ട പ്രാധാന്യം ലഭിക്കുന്നില്ല. ദളിതര്‍ക്കും വനവാസികള്‍ക്കും പിന്നോക്ക ഹിന്ദുക്കള്‍ക്കുമൊക്കെ നഗരപ്രദേശങ്ങളില്‍ ഉയര്‍ന്നുവരാന്‍ കഴിയുന്നു.

ബിസിനസ്‌ രംഗത്ത്‌ ഉന്നതജാതിക്കാരായ ബ്രാഹ്മണര്‍ക്കാണ്‌ പ്രാധാന്യം. എന്നാല്‍ ബഹുരാഷ്ട്ര കമ്പനികള്‍, ജാതിയടിസ്ഥാനത്തിലല്ല, വിദ്യാഭ്യാസത്തിന്റേയും മിടുക്കിന്റേയും അടിസ്ഥാനത്തിലാണ്‌ ജോലി നല്‍കുന്നത്‌. ആഗോളവല്‍ക്കരണം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ തകര്‍ക്കുന്നു.

മിഷണറിമാര്‍ പുതിയ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകള്‍ ആരംഭിക്കുന്നു. കുട്ടികള്‍ അവിടേക്കു ഒഴുകുന്നു. പുതിയ ഇന്ത്യയില്‍, ഇംഗ്ലീഷില്‍ പ്രാവീണ്യവും ഉന്നത വിദ്യാഭ്യാസവും ജാതിവിവേചനത്തെ അടിയറവു പറയിക്കുന്ന തുറപ്പു ഗുലാനാണ്‌. അമേരിക്ക കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ്‌ സംസാരിക്കുന്നവര്‍ ഇന്ത്യയിലാണ്‌.

1998ല്‍ അധികാരത്തില്‍ വന്ന ഹിന്ദുമതമൗലികവാദികള്‍ മതപരിവര്‍ത്തന വിരുദ്ധനിയമങ്ങള്‍ കൊണ്ടുവരികയും ക്രിസ്ത്യാനികളെ പീഡിപ്പിക്കയും ചെയ്തു. പരസ്യ സുവിശേഷ പ്രചാരണം ഏതാണ്ട്‌ അസാധ്യമായി. സുവിശേഷകര്‍ പൊതുസ്ഥലത്തുനിന്നും പിന്‍വലിഞ്ഞുകൊണ്ട്‌ സ്കൂളുകള്‍ ആരംഭിക്കാനും ദരിദ്ര ഹിന്ദുക്കള്‍ക്ക്‌ സാമ്പത്തിക സഹായങ്ങള്‍ ചെയ്യാനും വീടുകളില്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കാനും തുടങ്ങി. ഇതിനോടൊപ്പം മൈക്രോ ഫിനാന്‍സ്‌, ആരോഗ്യരക്ഷ തുടങ്ങിയവയും സംഘടിപ്പിച്ചു. ഇന്ത്യയില്‍ ആയിരക്കണക്കിന്‌ ദൈവങ്ങളും ഇഷ്ടംപോലെ ആത്മീയതയുമുണ്ട്‌. ശുദ്ധമായ ആത്മീയപ്രബോധനം ഇന്ത്യയില്‍ ക്ലച്ചു പിടിക്കില്ല. പ്രത്യക്ഷത്തില്‍ തന്നെ ഭൗതികനേട്ടങ്ങള്‍നേരില്‍ തരുന്ന ഒരു ദൈവമായി മിഷണറിമാര്‍ യേശുവിനെ അവതരിപ്പിക്കുന്നു. ഇത്‌ ദരിദ്ര ഹിന്ദുക്കള്‍ക്കു അങ്ങേയറ്റം സ്വീകാര്യമാകുന്നു.

പുതുതായി രൂപംകൊണ്ട തദ്ദേശീയ മിഷണറി സംഘങ്ങള്‍-ഹിന്ദി ഹൃദയഭൂവിലെ പരമ്പരാഗത ഹിന്ദുക്കളെ ഉന്നംവെക്കുന്നു. സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ചാണ്‌ അവരെ ക്രിസ്തുവിലേക്ക്‌ നയിക്കുന്നത്‌.

മുജ്‌വാ മിഷന്‍ പുതിയ ഗ്രാമങ്ങളില്‍ സ്കൂളുകള്‍ തുടങ്ങുമ്പോള്‍ ക്രിസ്ത്യന്‍ അധ്യാപകരെ നിയമിക്കില്ല. കാരണം, ക്രിസ്ത്യാനികള്‍ക്കു ഗ്രാമങ്ങളില്‍ പ്രവേശനമില്ല എന്നതു തന്നെ. ഇതിനുപകരം, ആ ഗ്രാമത്തില്‍ നിന്നുതന്നെ ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയിട്ടുള്ളതും സമൂഹത്തില്‍ അംഗീകാരമുള്ളതുമായ ഒരു ഹിന്ദുയുവാവിനെ/ഹിന്ദുയുവതിയെ കണ്ടെത്തി രണ്ടുമാസം ട്രെയിനിംഗ്‌ കൊടുക്കുന്നു. ട്രെയിനിംഗ്‌ വേളയില്‍ ക്രിസ്തുമതത്തെ പരിചയപ്പെടുത്തുന്നു. മിക്കവാറും പരിശീലനവേളയില്‍ തന്നെ ആ ശിക്ഷാര്‍ഥി ക്രിസ്തുവിനെ സ്വീകരിക്കും. ഇങ്ങനെയുള്ള 220 അധ്യാപകര്‍ക്ക്‌ മുജ്‌വാ മിഷന്‍ മുഖാന്തിരം ഗ്രാമങ്ങളിലെ ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിവരുന്നു.

ക്രിസ്ത്യന്‍ ഐതിഹ്യപ്രകാരം, തോമാശ്ലീഹയാണ്‌ എഡി ഒന്നാംനൂറ്റാണ്ടില്‍ സുവിശേഷം ഇന്ത്യയിലേക്കു കൊണ്ടുവന്നത്‌. അത്‌ സത്യമായാലും കള്ളമായാലും 1700കളില്‍ യൂറോപ്യന്‍ മിഷണറിമാര്‍ എത്തുമ്പോള്‍ തെക്കേയിന്ത്യയില്‍ പുരാതനമായ ഒരു ക്രൈസ്തവസമൂഹം നിലനിന്നിരുന്നു. പക്ഷേ, മിഷണറിമാര്‍ ആഞ്ഞുപിടിച്ചിട്ടും ഇന്ത്യയില്‍ ക്രിസ്തീയ ജനസംഖ്യ നാമമാത്രമായി തുടര്‍ന്നു.

ഇന്ന്‌ അമേരിക്കയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ആക്ഷേപം ഭയന്ന്‌, ക്രിസ്ത്യാനികള്‍ പള്ളി ആരാധനകളില്‍നിന്നും മറ്റും ഒഴിഞ്ഞു നില്‍ക്കുന്നു. പാശ്ചാത്യ ക്രിസ്ത്യാനികള്‍ക്ക്‌ ലഭ്യമായിട്ടുള്ള സാമ്പത്തിക പുരോഗതിക്ക്‌ അവരുടെ മതവിശ്വാസവുമായി ബന്ധമൊന്നുമില്ലെന്ന്‌ അവര്‍ക്കറിയാം. എന്നാല്‍ ഇന്ത്യയില്‍ നാം ചെയ്യുന്ന സാമ്പത്തിക സഹായ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുക്കള്‍ക്കിടയില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ എല്ലാ തലങ്ങളെയും വെളിവാക്കുന്നു. ഗവേഷകര്‍ പറയുന്നത്‌ ഇന്ത്യയില്‍ ഇന്ന്‌ എന്നത്തെക്കാളും കൂടുതല്‍ ക്രിസ്ത്യാനികളുണ്ടെന്നാണ്‌.

ടീം സ്റ്റാഫോര്‍ഡ്‌

No comments:

Post a Comment