കല്യാണം പാടില്ല; കഴിച്ചാല്‍ ഗര്‍ഭിണിയാവരുത്
സി. കെ. സന്തോഷ്
മുംബൈ: മഹാനഗരത്തിലെ സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാര്‍ക്ക് പീഡനങ്ങള്‍ പല രീതിയിലാണ് ഏല്‍ക്കേണ്ടി വരുന്നത്. പല ആസ്പത്രികളിലും അവരുടേതായ നിയമങ്ങള്‍ ആണ് പാലിക്കപ്പെടേണ്ടത്. ബോണ്ടുകള്‍ക്കു മുന്നില്‍ കുരുക്കി കെട്ടിയ ശേഷം മറ്റൊന്നും ചെയ്യാനാകാതെ അടിമപ്പണി ചെയ്യേണ്ടി വരുമ്പോള്‍ ഒന്നിനേയും ചോദ്യം ചെയ്യാന്‍ പോലും കഴിയാതെ എല്ലാം മനസ്സിലൊതുക്കി കഴിയേണ്ടി വരികയാണ് സ്വകാര്യ ആസ്പത്രിയിലെ ബഹുഭൂരിപക്ഷം വരുന്ന നഴ്‌സുമാരും. മനസ്സില്‍ എല്ലാം ഒതുക്കാന്‍ കഴിയാതെ ആകുമ്പോള്‍ ചിലരെങ്കിലും ബീന ബേബിയുടെ വഴി തിരഞ്ഞെടുക്കുന്നു.
രണ്ടു വര്‍ഷത്തേക്കാണ് പല ആസ്പത്രികളും നഴ്‌സുമാരില്‍ നിന്നും ബോണ്ടുകള്‍ എഴുതി വാങ്ങുന്നത്. ചിലര്‍ മൂന്നു വര്‍ഷത്തേക്കും ബോണ്ടെഴുതിയിരുന്നു. ഇതു കൂടാതെയാണ് നഴ്‌സുമാര്‍ നടപ്പാക്കേണ്ട അലിഖിത നിയമങ്ങള്‍. ബോണ്ടു കാലാവധി തീരുന്നതു വരെ കല്യാണം കഴിക്കാന്‍ പാടില്ല എന്നതാണ് നഗരത്തിലെ രണ്ട് പ്രധാന ഹോസ്പിറ്റലുകളുടെ നിബന്ധന. ഇനി ഒഴിച്ചു കൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ കല്യാണം കഴിഞ്ഞാല്‍ തന്നെ ഒരു തരത്തിലും ഗര്‍ഭിണിയാകാന്‍ പാടില്ല. കല്യാണത്തിന് ചുരുങ്ങിയത് 15 ദിവസമെങ്കിലും അവധി നല്‍കേണ്ടി വരുമെന്നതാണ് മാനേജ്‌മെന്റിനെ ഇങ്ങനെ ഒരു നിയമം കൊണ്ടുവരാന്‍ നിര്‍ബന്ധിപ്പിച്ചത്. ഗര്‍ഭിണിയായാല്‍ 90 ദിവസത്തിലധികമാവും അവധി. ഇത് ഒട്ടും അനുവദിക്കാന്‍ കഴിയില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത് നടപ്പിലാക്കാന്‍ നഴ്‌സിങ് സൂപ്രണ്ടുമാരെയാണ് മാനേജ്‌മെന്റ് അധികാരപ്പെടുത്തിയിരിക്കുന്നത്. ബോണ്ട് കാലാവധിയില്‍ ഗര്‍ഭിണിയായ കുട്ടിയെ പിരിച്ചു വിട്ട സംഭവം പോലും മുംബൈയില്‍ ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആസ്പത്രിയില്‍ ജോലി ചെയ്യവേ കണ്ണൂര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹം നാട്ടില്‍ ഉറപ്പിച്ചു. 15 ദിവസത്തെ അവധി ചോദിച്ചപ്പോള്‍ നല്‍കിയത് വെറും നാലു ദിവസം. അഞ്ചാം ദിനത്തില്‍ കുട്ടി തിരിച്ചെത്തിയോ എന്ന കാര്യം കൃത്യമായി നഴ്‌സിങ് സൂപ്രണ്ട് ഉറപ്പാക്കുകയുമുണ്ടായി. പല ആസ്പത്രിയിലേയും സ്ഥിതി ഇതിലും മോശമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
അടുത്ത കാലത്തായി ചില ആസ്പത്രികളില്‍ നഴ്‌സുമാര്‍ക്ക് ജോലി വിട്ടു പോകണമെങ്കില്‍ മൂന്നു മാസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണം എന്നൊരു നിബന്ധന വന്നിട്ടുണ്ട്. മികച്ച വേതനത്തിന് മറ്റെവിടെയും ജോലിക്ക് ചേരാനുള്ള അവസരം ഇല്ലാതാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 24 മണിക്കൂര്‍ നോട്ടീസ് നല്‍കി പോകാന്‍ തയ്യാറാവുകയാണെങ്കില്‍ മൂന്നു മാസത്തെ ശമ്പളം തിരിച്ചടയ്ക്കണം. ഒരു മാസം കഴിഞ്ഞാണ് വിടുന്നതെങ്കില്‍ രണ്ടു മാസത്തെ ശമ്പളം തിരിച്ചടച്ചാല്‍ മതി. പ്രാരബ്ധം വിട്ടു മാറാത്ത നഴ്‌സുമാര്‍ ഇതിന് തയ്യാറാവില്ലെന്ന കണക്കുകൂട്ടലില്‍ കൂടിയാണ് മുമ്പൊക്കെ ഒരു മാസം മുമ്പ് നോട്ടീസ് എന്നത് മൂന്നു മാസമാക്കി മാറ്റിയത്.
കടപാട് മാതൃഭൂമി ന്യൂസ് പേപ്പര്‍
No comments:
Post a Comment