ടിടിപിയെ രക്ഷിച്ചത് ഉമ്മന്‍ചാണ്ടിയുടെ കത്തല്ല; വാജ്പേയിയുടെ വിജ്ഞാപനം
തിരുവനന്തപുരം: “ടൈറ്റാനിയം പൂട്ടാതിരുന്നത് താന്‍ എഴുതിയ കത്തുകൊണ്ടാണ്. അതില്‍ അഭിമാനമുണ്ട്.” മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവകാശപ്പെട്ടതാണിത്. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണപ്ലാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് കമ്പനിയെ നിലനിര്‍ത്തുന്നത് തന്റെ കത്താണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്.2006 ജനുവരി 5നാണ് സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണസമിതി അദ്ധ്യക്ഷന്‍ ത്യാഗരാജന് ഉമ്മന്‍ചാണ്ടി കത്തെഴുതിയത്. ടൈറ്റാനിയത്തില്‍ 108 കോടി രൂപയുടെ അഴിമതി നടന്നതിനു കാരണം ഈ കത്താണെന്ന് പ്രതിപക്ഷം പറയുന്നു. പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ കഴമ്പ് എത്രയെന്നത് അന്വേഷണത്തിലേ തെളിയൂ.
എന്നാല്‍ ടൈറ്റാനിയം പൂട്ടിപ്പോകാതിരുന്നതിനു കാരണം ഉമ്മന്‍ചാണ്ടിയുടെ കത്തല്ല, അടല്‍ബിഹാരി വാജ്പേയി സര്‍ക്കാര്‍ പുറത്തിറക്കിയ അസാധാരണ ഗസറ്റാണ് എന്നതാണ് യഥാര്‍ത്ഥ്യം. 2003ലാണ് ടൈറ്റാനിയം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടത്. ചൈനയില്‍ നിന്നും ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതി ചെയ്യുന്നതായിരുന്നു കാരണം. തിരുവനന്തപുരത്ത് ഉല്‍പാദിപ്പിക്കുന്ന ടൈറ്റാനിയത്തിന്റെ പകുതിവിലയ്ക്ക് ചൈനയില്‍ നിന്ന് ലഭ്യമായി. പ്രമുഖ ഇടപാടുകാരെല്ലാം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തുടങ്ങി. തിരുവനന്തപുരത്ത് ഉല്‍പാദിപ്പിച്ച ടൈറ്റാനിയം മുഴുവന്‍ കെട്ടിക്കിടന്നു. കാര്‍ഷെഡ്ഡില്‍വരെ സ്റ്റോക്ക് ചെയ്യേണ്ട അവസ്ഥ വന്നു. ഉല്‍പാദനം കുറച്ചിട്ടും ഫലമുണ്ടായില്ല. കമ്പനി പൂട്ടുക എന്ന സ്ഥിതിയായി.
ഈ സാഹചര്യത്തിലാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയി സര്‍ക്കാര്‍ ടൈറ്റാനിയത്തെ സംരക്ഷിക്കാന്‍ തയ്യാറായത്. 2003 ജൂണ്‍ 6ന് അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചുകൊണ്ടായിരുന്നു ഇത്. വിജ്ഞാപനപ്രകാരം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ടൈറ്റാനിയം ഡയോക്സൈഡിന്റെ ചുങ്കം കുത്തനെ ഉയര്‍ത്തി. മാത്രമല്ല രാജ്യത്ത് ടൈറ്റാനിയം ഡയോക്സൈഡ് ലഭ്യത പരിഗണിച്ചേ ഇറക്കുമതി ചെയ്യാവൂ എന്നും ഇവിടെ ലഭിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യരുതെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
വാജ്പേയ് സര്‍ക്കാരിനെക്കൊണ്ട് ഇത്തരമൊരു വിജ്ഞാപനം ഇറക്കിപ്പിച്ചത് സംസ്ഥാന സര്‍ക്കാരോ ടൈറ്റാനിയം കമ്പനിയോ ഇവിടുത്തെ ഇടതു-വലതു യൂണിയനുകളോ അല്ല. വിജ്ഞാപനത്തിന്റെ 41-ാം പേജില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ചൈനയില്‍ നിന്ന് ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതി ചെയ്യുന്നതിന് ട്രാവര്‍കൂര്‍ ടൈറ്റാനിയം കമ്പനി ഗുരുതരമായ പ്രതിസന്ധിയിലാണെന്നും ഇതുപരിഹരിക്കണമെന്നും കാണിച്ച് ടൈറ്റാനിയം മസ്ദൂര്‍ സംഘ് 2007 ഫെബ്രുവരി 20ന് നിവേദനം നല്‍കിയെന്നും ഇതു പരിഗണിച്ചാണ് ഇത്തരം ഒരു ഉത്തരവെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. മസ്ദൂര്‍ സംഘിനുപുറമെ സ്നോസം ഇന്ത്യാ ലിമിറ്റഡ്, ഭീംരാജക് ഇംപക്സ്, ചെമി എന്റര്‍ പ്രൈസസ്, നെരോലാക് പെയിന്റ്, ബര്‍ജര്‍ പെയിന്റ്, കെമിക്കല്‍ ആന്റ് ആല്‍ക്കലി അസോസിയേഷന്‍ എന്നിവരാണ് ഇതുസംബന്ധിച്ച് കേന്ദ്രവാണിജ്യമന്ത്രാലയത്തിന് അഭിപ്രായങ്ങള്‍ നല്‍കിയത്.
മസ്ദൂര്‍ സംഘ് ഒഴികെ മേറ്റ്ല്ലാവരും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ അനുകൂലിക്കുകയായിരുന്നു. കേരളത്തിന്റെ കുത്തക അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കെമിക്കല്‍ ആന്റ് ആല്‍ക്കലി മര്‍ച്ചന്റ് അസോസിയേഷന്‍ കേന്ദ്രത്തെ അറിയിച്ചത്. ട്രാവര്‍കൂര്‍ ടൈറ്റാനിയത്തിന് പ്രദേശിക ആവശ്യം നിറവേറ്റാന്‍പോലും ഉല്‍പാദനം നടത്താന്‍ കഴിയില്ലെന്നായിരുന്നു മറ്റുകമ്പനികളുടെ നിലപാട്. ഇതെല്ലാം അവഗണിച്ച് വാജ്പേയി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനാലായിരുന്നു ടൈറ്റാനിയം അന്ന് പൂട്ടലില്‍ നിന്ന് രക്ഷപ്പെട്ടത്.
No comments:
Post a Comment