Thursday, 13 October 2011

sanghadeepam news


 








മിത്രങ്ങളെയും കോണ്‍ഗ്രസ് പേടിക്കണം

ഏതിനെയാണ് കോണ്‍ഗ്രസ് കൂടുതല്‍ പേടിക്കേണ്ടത്, ഹിസാറില്‍ അണ്ണ ഹസാരെ നടത്തിയ തുറന്ന യുദ്ധപ്രഖ്യാപനത്തെയോ അതോ സ്വന്തം സഖ്യകക്ഷികളില്‍ നിന്നുള്ള രഹസ്യശത്രുതയെയോ? ഹരിയാണയിലെ ഹിസാര്‍ ലോക്‌സഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്നു കഴിഞ്ഞു. ഫലമറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം. കോണ്‍ഗ്രസ്സിനെക്കാള്‍ മികച്ച ഒരുക്കത്തോടെയാണ് ഹസാരെ സംഘം ഹിസാറില്‍ പ്രചാരണത്തിനെത്തിയതെന്ന് നമ്മള്‍ ഇതിനകം അറിഞ്ഞു കഴിഞ്ഞതാണ്.

പോര്‍ക്കളമായി ഹിസാറിനെ തിരഞ്ഞെടുത്തതു തന്നെ തികച്ചും ബുദ്ധിപൂര്‍വമായ തീരുമാനം. ഹരിയാണ കോണ്‍ഗ്രസ്സിന്റെ കോട്ടയെന്നാണ് വെപ്പ്. അവര്‍ക്ക് തനിച്ച് ഭരിക്കാന്‍ കഴിയുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്ന്. ബഹുമതി അര്‍ഹിക്കുന്നതു തന്നെ, എന്നാല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ കഥ മാറുന്നു.

1952-ലെ ആദ്യപൊതു തിരഞ്ഞെടുപ്പ് തൊട്ട് 1971-ലെ അഞ്ചാം പൊതു തിരഞ്ഞെടുപ്പുവരെ ഹിസാറില്‍ കോണ്‍ഗ്രസ്സാണ് തുടരെ ജയം സ്വന്തമാക്കിയത്. എന്നാല്‍ 1977-ലെ തിരഞ്ഞെടുപ്പില്‍ ആ പ്രയാണത്തിന് കടിഞ്ഞാണ്‍ വീണു. ജനതാപാര്‍ട്ടിയിലെ ഇന്ദര്‍സിങ് ശെവ്കാന്ത് സീറ്റ് കോണ്‍ഗ്രസ്സില്‍നിന്ന് പിടിച്ചെടുത്തു. തുടര്‍ന്ന് പത്തു തിരഞ്ഞെടുപ്പു നടന്നതില്‍ മൂന്നു തവണ മാത്രമേ കോണ്‍ഗ്രസ്സിന് ഇവിടെ ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

ഏഴു തവണയും ഭിന്ന കക്ഷികളുടെ പ്രതിനിധികളെയാണ് ഹിസാര്‍ ലോക്‌സഭയിലേക്കയച്ചത്. ചരണ്‍സിങ്ങിന്റെ ജനതാപാര്‍ട്ടി (സെക്കുലര്‍) , ബന്‍സിലാലിന്റെ ഹരിയാണ വികാസ് പാര്‍ട്ടി, ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, ഒടുവില്‍ ഭജന്‍ലാലിന്റെ ഹരിയാണ ജനഹിത കോണ്‍ഗ്രസ്... ചുരുക്കിപ്പറഞ്ഞാല്‍ കോണ്‍ഗ്രസ്സിതര പാര്‍ട്ടികള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണ്.

ഹിസാറില്‍ പ്രചാരണം നടത്താനുള്ള ഹസാരെ സംഘത്തിന്റെ തീരുമാനം നേരത്തേ രണ്ടു തവണ നിരാഹാരം നടത്തിയപ്പോള്‍ പ്രകടമായതിന് ഒന്നു കൂടി അടിവരയിടുന്നു. ഹസാരെ സംഘം ധാര്‍മികമായി (കൂടുതല്‍ നല്ലൊരു വാക്കതിന് തേടേണ്ടിയിരിക്കുന്നു) മാത്രമല്ല, മിടുക്കിലും സോണിയസംഘത്തെക്കാള്‍ കാതങ്ങള്‍ മുന്നിലാണ്.

ഒരു ഉപതിരഞ്ഞെടുപ്പ് ലോക്‌സഭയിലെ അധികാരസന്തുലനം മാറ്റിമറിക്കാനൊന്നും പോകുന്നില്ല. ആഴ്ചകള്‍ക്കു മുമ്പാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ മോശം പ്രകടനം ഹിസാറിലെ എം.പി.യായിരുന്ന ഭജന്‍ലാലിന്റെ മരണത്തെത്തുടര്‍ന്നുള്ള സഹതാപതരംഗത്താലാണെന്ന് കരുതാമായിരുന്നു. അതിരിക്കട്ടെ, ഒരു മാസം മുമ്പു വരെ ഹരിയാണയിലെ ഈ ചെറുനഗരത്തിന് ഇത്രമാത്രം മാധ്യമശ്രദ്ധ കിട്ടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കോണ്‍ഗ്രസ് പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയില്ലെങ്കില്‍ (ഇപ്പോഴത്തെ നിലയനുസരിച്ച് അതിന് സാധ്യത കുറവാണ്) ഹസാരെ സംഘം വോട്ടെടുപ്പിനു മുമ്പു തന്നെ തന്ത്രപരമായ നേട്ടം കൈവരിച്ചുവെന്ന് അര്‍ഥം. അവര്‍ക്ക് ഒരിക്കല്‍ക്കൂടി സ്വന്തം അജന്‍ഡ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ്സിനെ ഒരിക്കല്‍ക്കൂടി മൂലയിലൊതുക്കാനുമായി.

ഹിസാറില്‍ കോണ്‍ഗ്രസ്സിന്റെ പ്രകടനം ദയനീയമായാല്‍ സഖ്യകക്ഷികള്‍ (അവരിപ്പോള്‍ തന്നെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്) ഏതു പാഠമാകും ഉള്‍ക്കൊള്ളുക? ഒക്ടോബര്‍ 17-നാണ് ഹിസാറിലെ വോട്ടെണ്ണല്‍. അന്നു തന്നെയാണ് തമിഴ്‌നാട്ടില്‍ തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പും.

തദ്ദേശതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്ന് ഡി.എം.കെ. നേരത്തേ പ്രഖ്യാപിച്ചതാണ്. കാര്യമായ ആലോചനയ്ക്കും ആത്മവിശകലനത്തിനും ശേഷമായിരിക്കണം അവരാ തീരുമാനത്തിലെത്തിയതെന്ന് കരുതേണ്ടിയിരിക്കുന്നു. അതിനെ ന്യായീകരിച്ച് എം. കരുണാനിധി പറഞ്ഞത് ഇങ്ങനെ: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശികവിഷയങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലാകട്ടെ 'പുരോഗമന' സര്‍ക്കാറുകള്‍ക്ക് രൂപം കൊടുക്കുന്നതിനാണ് പ്രാധാന്യം.

എന്നാല്‍ ഈ വിശദീകരണത്തില്‍ ഒരു കഴമ്പുമില്ല. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ആ ഡി.എം.കെ-കോണ്‍ഗ്രസ് ബാന്ധവം നമ്മള്‍ കണ്ടതാണ്. 26 ശതമാനം സീറ്റുകള്‍ അന്ന് കോണ്‍ഗ്രസ്സിന് നല്‍കാന്‍ കരുണാനിധി തയ്യാറായി. കോണ്‍ഗ്രസ്സിനെ പടിക്കു പുറത്തുനിര്‍ത്തിയാല്‍പ്പോലും കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ ദയനീയപ്രകടനത്തില്‍ നിന്ന് നില മെച്ചപ്പെടുത്താന്‍ ഡി. എം.കെ.ക്ക് കഴിയുമെന്ന് തോന്നുന്നില്ല. എന്തായാലും തങ്ങളെ അങ്ങനെ വെറുതെ തള്ളിക്കളയേണ്ടെന്ന മുന്നറിയിപ്പാണ് ഇതിലൂടെ ഡി.എം.കെ. കോണ്‍ഗ്രസ്സിന് നല്‍കുന്നത്.

ഇതേ ഓര്‍മപ്പെടുത്തല്‍ മറ്റു കക്ഷികളില്‍ നിന്നുമുണ്ട്. തമിഴ്‌നാട്ടിലെ തദ്ദേശതിരഞ്ഞെടുപ്പ് ഒക്ടോബറിലവസാനിക്കും. നവംബറില്‍ മഹാരാഷ്ട്രയില്‍ നഗരസഭാതിരഞ്ഞെടുപ്പ് വരികയായി. മത്സരം കുറച്ചിടത്തൊന്നുമല്ല. 125 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 12 കോര്‍പ്പറേഷനുകള്‍, 27 ജില്ലാപരിഷത്തുകള്‍. ഡല്‍ഹിയിലും മുംബൈയിലും കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നഗരസഭാതിരഞ്ഞെടുപ്പില്‍ തനിച്ചു നീങ്ങാന്‍ ഒരുങ്ങുകയാണ്. പാര്‍ട്ടി അധ്യക്ഷന്‍ ശരദ്പവാറല്ല ബന്ധം പിരിയാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് കേള്‍ക്കുന്നത്. അദ്ദേഹത്തിന്റെ മരുമകനും മഹാരാഷ്ട്ര ഉപമുഖ്യനുമായ അജിത് പവാറാണത്രെ അതിന്റെ ശില്പി.

മഹാരാഷ്ട്രയിലെ നഗരസഭാതിരഞ്ഞെടുപ്പു കഴിഞ്ഞാലും കോണ്‍ഗ്രസ്സിന് ശ്വാസം വിടാന്‍ സമയം കിട്ടില്ല. പിന്നീടെത്തുന്നത് പശ്ചിമബംഗാളാണ്. അവിടെ തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമുള്ളതിനെക്കാള്‍ പരിതാപകരമാണ് കോണ്‍ഗ്രസ്സിന്റെ അവസ്ഥ. പേരിന്‌സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അവരെ അടുപ്പിക്കുക പോലുമില്ല. ബംഗാള്‍ നിയമസഭയില്‍ മമത ബാനര്‍ജിക്ക് മഹാഭൂരിപക്ഷമാണ്. മന്ത്രിസഭ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന്റെ ഒരു എം.എല്‍.എ.യെപ്പോലും അവര്‍ക്ക് ആവശ്യമില്ല.

കോണ്‍ഗ്രസ്സിന്റെ ദൗര്‍ബല്യത്തെ മുഖത്തടിച്ച പോലെ പരിഹസിക്കാന്‍ കിട്ടുന്ന അവസരമൊന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പാഴാക്കുന്നുമില്ല. തീസ്ത നദീജലം പങ്കുവെക്കുന്നതിന് ബംഗ്ലാദേശുമായി കരാറിലെത്തുന്നത് മമത ഒറ്റയ്ക്കാണ് അട്ടിമറിച്ചത്. പെട്രോള്‍ വില തുടര്‍ച്ചയായി കൂട്ടുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ നയത്തെ രൂക്ഷമായി വിമര്‍ശിക്കാന്‍ അവര്‍ മടികാട്ടുന്നില്ല. പാചകവാതകവില കൂട്ടാനുള്ള നിര്‍ദേശം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ മാറ്റിവെപ്പിച്ചതും മമത തന്നെ. ചില കോണ്‍ഗ്രസ്സുകാരെ വിശ്വസിക്കാമെങ്കില്‍, ബംഗാളിപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തം സഖ്യകക്ഷിയിലെ പ്രവര്‍ത്തകര്‍ക്കുനേരേ അക്രമം അഴിച്ചുവിടാനും തുടങ്ങിയിരിക്കുന്നു.

ബംഗാളിലെ സ്ഥിതിഗതികളെക്കുറിച്ച് രാഹുല്‍ ഗാന്ധിയുടെ മേശപ്പുറത്തേക്ക് പരാതികളുടെ പ്രവാഹമാണെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ലോക്‌സഭയിലെ സീറ്റുകള്‍ തികയ്ക്കാനുള്ള തത്രപ്പാട് മമത ബാനര്‍ജിക്കെതിരെ ശബ്ദിക്കുന്നതില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കുകയാണ്. ഡി. എം. കെ.യുടെയും എന്‍. സി. പി.യുടെയും കാര്യത്തില്‍ സംഭവിക്കുന്നതും മറിച്ചൊന്നുമല്ല.

ഹിസാര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ലോക്‌സഭയിലെ അംഗബലത്തില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. 2009-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സല്ല ആ സീറ്റ് സ്വന്തമാക്കിയത് എന്നതുതന്നെ കാരണം. എന്നാല്‍ സഖ്യകക്ഷികളെ വെറുപ്പിച്ചാല്‍ കളിമാറും. തൃണമൂലിന് ലോക്‌സഭയില്‍ പത്തൊമ്പതും ഡി.എം.കെ.ക്ക് പതിനെട്ടും എന്‍.സി.പി.ക്ക് ഒമ്പതും (മഹാരാഷ്ട്രയിലെ എം. എല്‍. എ.മാരുടെ കണക്കും ഓര്‍ക്കണം) എം.പി.മാരുണ്ട്. മന്‍മോഹന്‍മന്ത്രിസഭയുടെ അതിജീവനത്തിന് ഈ 46 എം.പി.മാരുടെ പിന്തുണ നിര്‍ണായകമാണ്.

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉന്നയിച്ച ചോദ്യത്തിന് ഇപ്പോള്‍ വ്യക്തമായ ഉത്തരം ലഭിച്ചു കാണുമെന്ന് പ്രതീക്ഷിക്കട്ടെ. ഹസാരെസംഘം നടത്തുന്ന തുറന്ന യുദ്ധം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ശകുനപ്പിഴയാകും. പക്ഷേ, 'സഖ്യകക്ഷികള്‍' എന്നു പറയപ്പെടുന്നവരില്‍ നിന്നുള്ള ആക്രമണമാകും വരുംകാലത്ത് മാരകമായിത്തീരുക.


No comments:

Post a Comment