പി. ചിദംബരത്തിന് പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് എന്തിനാണ് തിടുക്കം കൂട്ടുന്നത്? ഉത്തരം ലളിതം. 2 ജി. സ്‌പെക്ട്രം ഇടപാട് സൃഷ്ടിക്കുന്ന സുനാമിത്തിരമാലകളില്‍നിന്ന് പ്രധാനമന്ത്രിയെ രക്ഷിച്ചുനിര്‍ത്തുന്ന അവസാനത്തെ കടല്‍ഭിത്തിയാണ് ചിദംബരം.
ഇക്കാര്യം വ്യക്തമാക്കാന്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടാം. രാഷ്ട്രീയത്തിലിപ്പോള്‍ ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഏറ്റവുമടുത്ത തോഴന്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാകാനാണ് സാധ്യത. പരാമര്‍ശം വിചിത്രമെന്ന് തോന്നിയേക്കാം. പ്രത്യേകിച്ച് എല്ലാ പ്രതിബന്ധങ്ങളും അവഗണിച്ച് 2 ജി. കേസ് സ്വാമി വര്‍ഷങ്ങളായി മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യത്തില്‍. കുറച്ചുകാലം മുമ്പ് പ്രതിപക്ഷകക്ഷികള്‍ വരെ നമ്മുടെ പാവം പ്രധാനമന്ത്രി കളങ്കരഹിതനാണെന്ന് സ്വകാര്യമായി പറഞ്ഞിരുന്നു. എന്നാലിന്ന് കോണ്‍ഗ്രസ്സിനു പുറത്തുനിന്ന് അങ്ങനെ പറയുന്ന ഏക പ്രമുഖരാഷ്ട്രീയക്കാരന്‍ സുബ്രഹ്മണ്യന്‍ സ്വാമി മാത്രമായിരിക്കും.
എന്തുകൊണ്ടാണത്? ഇന്ത്യയിലെ 'വാട്ടര്‍ഗേറ്റ്' എന്നാണ് 2 ജി. അഴിമതി ഇടപാടിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനെ വൈറ്റ് ഹൗസ് പുറന്തള്ളിയ പ്രക്ഷുബ്ധകാലത്തെ അത് വീണ്ടുമോര്‍മിപ്പിക്കുന്നു. കുറ്റകൃത്യങ്ങളും അത് മൂടിവെക്കാനുള്ള ശ്രമങ്ങളെയുംചൊല്ലി ആക്രമണശരങ്ങള്‍ പ്രവഹിച്ചപ്പോള്‍ കുരുക്കഴിക്കാന്‍ സെനറ്റര്‍ ഹൊവാര്‍ഡ് ബേക്കര്‍ ഒരേയൊരു ചോദ്യമേ ഉന്നയിച്ചുള്ളൂ: ''പ്രസിഡന്റ് എന്താണറിഞ്ഞത്, അദ്ദേഹം എപ്പോഴാണതറിഞ്ഞത്?'' ആ ചോദ്യം പ്രശസ്തമാണ്. എന്നാല്‍, അത്ര ഓര്‍മിക്കപ്പെടാത്ത കാര്യം സെനറ്റര്‍ ബേക്കര്‍ അന്ന് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സനെപ്പോലെത്തന്നെ റിപ്പബ്ലിക്കന്‍ കക്ഷിക്കാരനായിരുന്നുവെന്നതാണ്. സംശയരഹിതമായിത്തന്നെയാണ് ആ ചോദ്യമുന്നയിച്ചത്, കാരണം അപ്പോഴേക്കും നിക്‌സന്‍ ബാധ്യതയായിത്തീരുകയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു.
കോണ്‍ഗ്രസ്സുകാരിലാരെങ്കിലും ആ ചോദ്യം ഡോ. മന്‍മോഹന്‍സിങ്ങിനോട് ചോദിക്കുമോയെന്ന് അറിയില്ല. എന്നാല്‍, ഹൊവാര്‍ഡ്
ബേക്കറുടെ ചോദ്യം ഇപ്പോഴും പ്രതിധ്വനി സൃഷ്ടിക്കുന്നു. ''പ്രധാനമന്ത്രി എന്താണ് അറിഞ്ഞത്, അദ്ദേഹം എപ്പോഴാണതറിഞ്ഞത്?''നാള്‍വഴി പ്രകാരം കഥയുടെ തുടക്കം 2003-ലാണ്. ആ വര്‍ഷമാണ് സ്‌പെക്ട്രത്തിന്റെ വിലനിര്‍ണയം മന്ത്രിതല സംഘം നടത്തട്ടേയെന്ന് വാജ്‌പേയി സര്‍ക്കാര്‍ തീരുമാനിച്ചത്. കാലാവധി പൂര്‍ത്തിയാകാന്‍ ആറുമാസമുള്ളപ്പോള്‍ വിജയമുറപ്പിച്ച് തിരഞ്ഞെടുപ്പിലേക്ക് എടുത്തുചാടിയ എന്‍.ഡി.എ. സര്‍ക്കാര്‍ കൂപ്പുകുത്തി. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ യു.പി.എ. മന്ത്രിസഭ അധികാരത്തില്‍ വന്നു. എന്നാല്‍, നയങ്ങളില്‍ കാതലായ മാറ്റം വന്നില്ല. 2006-ല്‍ പ്രണബ് മുഖര്‍ജിയുടെ (അന്ന് വിദേശകാര്യമന്ത്രി) അധ്യക്ഷതയിലുള്ള മന്ത്രിതലസംഘം സ്‌പെക്ട്രം വിഷയം ചര്‍ച്ചയ്‌ക്കെടുക്കാനൊരുങ്ങി.
അന്നത്തെ ടെലികോം മന്ത്രി ദയാനിധിമാരന്‍ രോഷത്തോടെ അതിനെ എതിര്‍ത്തു. 2006 ഫിബ്രവരി ഒന്നിന് അദ്ദേഹം ഡോ. മന്‍മോഹന്‍സിങ്ങിനെ ചെന്നുകണ്ടു. വിലനിര്‍ണയം മന്ത്രിതലസംഘത്തിന് വിടരുതെന്ന് നിര്‍ബന്ധം പിടിച്ചു. ഫിബ്രവരി 28 ന് ബജറ്റ് ദിനത്തിന്റെ എല്ലാ തിരക്കുകള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ പ്രധാനമന്ത്രിക്ക് എഴുതാന്‍ മാരന്‍ സമയം കണ്ടെത്തി. സ്‌പെക്ട്രം അനുവദിക്കുന്ന വിഷയത്തില്‍, തങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും മന്ത്രിതലസംഘത്തിന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിക്കുകയെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയ കാര്യം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ആ കത്ത്. മന്ത്രിതല സംഘത്തിന്റെ പരിഗണനാവിഷയങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് വ്യക്തമായി ആ കത്തില്‍ വിശദീകരിക്കുകയും ചെയ്തു. ജവാഹര്‍ലാല്‍ നെഹ്രു തൊട്ട് അടല്‍ ബിഹാരി വാജ്‌പേയി വരെയുള്ള പ്രധാനമന്ത്രിമാരിലാര്‍ക്കെങ്കിലും ഇത്രയ്ക്ക് ധിക്കാരം പുലര്‍ത്തുന്ന ഒരു കത്ത് ലഭിച്ചിരിക്കാനിടയുണ്ടോ? ദയാനിധിമാരന്‍ എല്ലാ അര്‍ഥത്തിലും ഡോ. മന്‍മോഹന്‍സിങ്ങിനോട് കല്‍പ്പിക്കുകയായിരുന്നു.
ഡി.എം.കെ. മന്ത്രിമാരുടെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി മന്ത്രിതലസംഘത്തിന്റെ പരിഗണനാവിഷയങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. സ്‌പെക്ട്രത്തിന്റെ വിലനിര്‍ണയം ഈ സംഘത്തിന്റെ അധികാരപരിധിയില്‍ നിന്നൊഴിവാക്കി. ഡോ. മന്‍മോഹന്‍സിങ് നിര്‍ബന്ധമായും ഉത്തരം പറയേണ്ട ആദ്യചോദ്യം ഇതാണ്. സ്‌പെക്ട്രം വിലനിര്‍ണയമെന്ന നിര്‍ണായകവിഷയം അദ്ദേഹം എന്തുകൊണ്ട് ഡി.എം.കെ. മന്ത്രിമാരുടെ മാത്രം വിധിതീര്‍പ്പിന് വിട്ടുകൊടുത്തു? ഏറെക്കഴിയും മുമ്പെ മാരന്‍സഹോദരന്മാര്‍ക്ക് എം. കരുണാനിധിയുടെ നല്ലപട്ടികയില്‍നിന്ന് സ്ഥാനം നഷ്ടമായി. 2007 മെയ് മാസം ദയാനിധിമാരനു പകരം എ. രാജ വാര്‍ത്താവിനിമയ വകുപ്പിന്റെ ചുമതലയുമായി കേന്ദ്രമന്ത്രിസഭയില്‍. എന്നാല്‍, ആളുമാറിയിട്ടും സുപ്രധാനനയവിഷയം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രിക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല.
സ്‌പെക്ട്രം വിപണിവിലയ്ക്ക് വില്പന നടത്താന്‍ 2007 ആഗസ്ത് 28 ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ ചെയ്തു. ലേലമാണ് വിപണിവില നിശ്ചയിക്കാനുള്ള ഉചിതമായ മാര്‍ഗമെന്നും ട്രായ് ചൂണ്ടിക്കാട്ടി. പക്ഷേ, എ. രാജയുടെ മന്ത്രാലയം ഈ ശുപാര്‍ശ പാടെ നിരാകരിച്ചു.
സ്‌പെക്ട്രം വിതരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം മന്ത്രിതല ഉന്നതാധികാര സംഘത്തിന് വിടണമെന്ന് അന്നത്തെ നിയമമന്ത്രി എച്ച്.ആര്‍. ഭരദ്വാജ് അഭിപ്രായപ്പെട്ടു. പരിധിക്കുപുറത്തുള്ള ഇടപെടലെന്ന് ആരോപിച്ച് എ. രാജ അതും തള്ളി.
2007 നവംബറില്‍ പ്രണബ്മുഖര്‍ജിയും ഗുലാം ഇ. വഹന്‍വതിയും (അന്നത്തെ സോളിസിറ്റര്‍ ജനറലും ഇപ്പോഴത്തെ അറ്റോണി ജനറലും) എ. രാജയുമായി ചര്‍ച്ച നടത്തി. ആ കൂടിക്കാഴ്ച എച്ച്.ആര്‍. ഭരദ്വാജിന്റെ അറിവോടെയായിരിക്കില്ല നടന്നതെന്ന് ഏറെക്കുറെ വ്യക്തമാണ്.
തീര്‍ത്തും ഭിന്നാഭിപ്രായം പ്രകടിപ്പിച്ച പ്രണബ് മുഖര്‍ജിയും എ. രാജയും ഏറ്റുമുട്ടലിന്റെ പാതയിലായി. ഇരുവരും ഇതേക്കുറിച്ച് പ്രധാനമന്ത്രിക്ക് എഴുതുകയും ചെയ്തു.
2007 ഡിസംബര്‍ 26 നാണ് രാജ തിടുക്കപ്പെട്ട് പ്രധാനമന്ത്രിക്ക് എഴുതിയത്. ''ഞാന്‍ ഇതിനകം വിദേശകാര്യമന്ത്രിയുമായും (പ്രണബ്) സോളിസിറ്റര്‍ ജനറലുമായും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. 2 ജി. സ്‌പെക്ട്രം അനുവദിക്കുന്ന കാര്യത്തില്‍ പ്രത്യേകതാത്പര്യമെടുക്കണമെന്നും ഉടനെ നടപടിയുമായി മുന്നോട്ടുപോകാമെന്നുമാണ് ഇരുവരും ഉപദേശം നല്‍കിയത്.''
യാദൃച്ഛികമോ അല്ലയോ എന്ന് വ്യക്തമല്ല, 2007-ലെ ബോക്‌സിങ് ദിനത്തില്‍ത്തന്നെയാണ് (ക്രിസ്മസ് കഴിഞ്ഞ് ഡിസംബര്‍ 26 ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും ഒഴിവ് ദിനമാണ്. സമ്മാനങ്ങള്‍ നല്‍കുന്ന പാരമ്പര്യം ഈ ദിനത്തിലുണ്ട്) പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. എ. രാജ എഴുതിയത് സ്‌പെക്ട്രം എത്രയും വേഗം വിതരണം ചെയ്യണമെന്നാണ്. എന്നാല്‍, സ്‌പെക്ട്രം വിതരണത്തിന് ടെലികോം വകുപ്പ് ആവശ്യമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കണമെന്നും വിതരണപ്രക്രിയ സുതാര്യമാകാന്‍ അത് അനിവാര്യമാണെന്നുമാണ് പ്രണബ് അഭിപ്രായപ്പെട്ടത്.
ഇവിടെ പറഞ്ഞ ഭിന്നത നിര്‍ണായകമാണ്. എ. രാജ സ്‌പെക്ട്രം എത്രയും വേഗം അനുവദിക്കണമെന്ന് വാദിക്കുന്നു. പ്രണബാകട്ടെ വിതരണത്തിനായി ചട്ടം എത്രയും പെട്ടെന്ന് നിലവില്‍വരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
ഭിന്നനിലപാടുകാരായ രണ്ടുമന്ത്രിമാരെ അനുരഞ്ജനവഴിയിലേക്കെത്തിക്കാന്‍ പ്രധാനമന്ത്രി ഒന്നും ചെയ്തില്ല. ഡോ. മന്‍മോഹന്‍സിങ് നേരിടേണ്ട രണ്ടാമത്തെ കുറ്റാരോപണം ഇതു തന്നെയാണ്. യുക്തിബോധത്തോടെയുള്ള ഉപദേശം അവഗണിച്ച് അത്ര സുതാര്യമല്ലാത്ത നടപടിക്ക് പച്ചക്കൊടികാട്ടാന്‍ അദ്ദേഹം തയ്യാറായത് എന്തുകൊണ്ടായിരുന്നു? പ്രധാനമന്ത്രി വിലക്കാന്‍ മടിച്ചുനിന്നപ്പോള്‍ എ. രാജയുടെ മന്ത്രാലയം അതിവേഗത്തിലാണ് മുന്നോട്ടു കുതിച്ചത്. ഈ കത്തുകളെഴുതി വെറും 15 ദിവസം പിന്നിട്ടപ്പോഴേക്കും ടെലികോം വകുപ്പ് 122 ലൈസന്‍സ് നല്‍കിക്കഴിഞ്ഞിരുന്നു. കുറച്ചൊന്നുമല്ലെന്നോര്‍ക്കുക. ലേലത്തിന്റെ പൊടിപോലുമുണ്ടായിരുന്നില്ല. 2001-ലെ വിലനിലവാരമനുസരിച്ച് ആദ്യം വന്നവര്‍ക്ക് ആദ്യമെന്ന രീതിയില്‍. ഇതുവഴി പൊതുഖജനാവിന് 1, 76,645 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പിന്നീട് കണക്കുകൂട്ടി.
2008 നവംബര്‍ 20 ന് എ. രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചുകൊണ്ട് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തെഴുതി. 16 മാസം മറുപടിയൊന്നുമുണ്ടായില്ല. കൃത്യമായിപ്പറഞ്ഞാല്‍ 2010 മാര്‍ച്ച് 19 വരെ. പ്രോസിക്യൂഷന് അനുമതി നല്‍കുന്നത് അകാലത്തിലുള്ളതാകുമെന്ന് മാത്രമായിരുന്നു ഒടുവില്‍ സ്വാമിക്ക് ലഭിച്ച മറുപടി. അദ്ദേഹം നേരെ സുപ്രീംകോടതിയെ സമീപിച്ചു.
ഈ വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശം ഇങ്ങനെ: അനുമതി നല്‍കാന്‍ അധികാരമുള്ള കേന്ദ്രങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ബാധ്യതയില്ലെന്ന് മറുപടി നല്‍കാം. എന്നാല്‍, ദീര്‍ഘകാലത്തെ നിഷ്‌ക്രിയത്വവും മൗനവും അലോസരം ജനിപ്പിക്കുന്നതാണ്. ''ഡോ. മന്‍മോഹന്‍ സിങ് നേരിടാന്‍ പോകുന്ന മൂന്നാമത്തെ ആരോപണം ഇതുതന്നെയാണ്. ഡോ. സുബ്രഹ്മണ്യന്‍ സ്വാമിക്കു മറുപടി നല്‍കാന്‍ ഇത്രയും വൈകിയതെന്താണ്? പ്രധാനമന്ത്രിക്ക് സ്വാമി കത്തെഴുതിയ നവംബര്‍ 21 നും കേസില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ച 2009 ഒക്ടോബര്‍ 21 നുമിടയില്‍ എന്താണ് സംഭവിച്ചത്.''
ആ ഘട്ടത്തില്‍ ഡോ. സ്വാമി തന്നെയാണ് പ്രധാനമന്ത്രിയുടെ രക്ഷയ്‌ക്കെത്തിയത്. ഡോ. മന്‍മോഹന്‍ സിങ് നിരപരാധിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, വിവരാവകാശനിയമപ്രകാരം പുറത്തുവന്ന ഒരു രേഖ സ്വാമിയുടെ കൈയിലെത്തി. ഇപ്പോള്‍ പ്രശസ്തമായ ധനമന്ത്രാലയത്തിന്റെ കുറിപ്പായിരുന്നു ഈ നിര്‍ണായകരേഖ. പി. ചിദംബരത്തെയും ആ രേഖ 2 ജി. ഇടപാടുകേസിലേക്ക് വലിച്ചിഴച്ചിരിക്കുന്നു.
പിന്നെയിപ്പോള്‍ എന്തിനാണീ തത്രപ്പാടും പരിഭ്രാന്തിയുമൊക്കെ? അതിന്റെ ഉത്തരം രാജയില്‍ മാത്രമൊതുങ്ങുന്നതല്ല. യഥാര്‍ഥത്തിലത് പി. ചിദംബരത്തെ മാത്രം ബാധിക്കുന്നതുമല്ല. ഡോ. മന്‍മോഹന്‍സിങ്ങിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണത്.
വാല്‍ക്കഷണം: പ്രണബ്മുഖര്‍ജിയുടെ അറിവോടെ ധനമന്ത്രാലയം പ്രധാനമന്ത്രിക്കയച്ച കുറിപ്പിന്റെ പകര്‍പ്പ് പരിശോധിച്ചവര്‍ ഒരു നിഗമനത്തിലെത്തിയേക്കാം. പി. ചിദംബരത്തിന്റെ കാലത്ത് ധനമന്ത്രാലയം ചുമതല നിറവേറ്റിയിരുന്നെങ്കില്‍ 2 ജി. അഴിമതി സംഭവിക്കാനിടയില്ലായിരുന്നു. അന്നത്തെ ധനമന്ത്രിയുടെ പങ്കുകൂടി അന്വേഷിക്കാന്‍ വേണ്ടി പ്രതിപക്ഷം ഇപ്പോള്‍ വിവാദമായ കുറിപ്പ് ആയുധമാക്കുകയാണെന്നും അവര്‍ കരുതിയേക്കാം. സി.വി.സി. സ്ഥാനത്തുനിന്ന് പി.ജെ. തോമസിനെ പുറന്തള്ളിയ കേരളത്തിലെ പാമോയില്‍ അഴിമതിക്കേസിലും ഈ തത്ത്വം പ്രയോഗിച്ചു കൂടേ? പറയുന്നത് തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ തിരുത്താം. പക്ഷേ, 1991 ജൂലായ് രണ്ടുമുതല്‍ 1994 ജൂണ്‍ 22 വരെ ഉമ്മന്‍ചാണ്ടി തന്നെയായിരുന്നില്ലേ കേരളത്തിലെ ധനമന്ത്രി?
No comments:
Post a Comment