ആരോരുമില്ലാത്ത ലളിത ഇനി ബാലികാസദനത്തിന് അമ്മൂമ്മ
തൃപ്രയാര്‍: ഉറ്റവര്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും വേണ്ടാത്ത ലളിതയ്ക്ക് ഇനി മുതല്‍ ചൂലൂരിലെ യോഗിനിമാതാ ബാലികാസദനം സ്വന്തം വീടാണ്. അവിടത്തെ 28 പെണ്‍കുട്ടികള്‍ക്ക് ലളിത ഇനി അമ്മമ്മയും.
66 വയസ്സുള്ള ലളിത കയ്പമംഗലം കാളമുറി തറയില്‍ പരേതനായ കോന്നക്കുട്ടിയുടെ മകളാണ്. 13 വര്‍ഷം മുമ്പ് അമ്മ മരിച്ചതോടെ അവിവാഹിതയായ ലളിത ഒറ്റപ്പെട്ടു. സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ടു. കാളമുറിയിലെ പാണാട്ട് അശോകനും ഭാര്യ കനകലതയുമാണ് ഇതുവരെ ലളിതയെ സംരക്ഷിച്ചത്.
ഉറ്റബന്ധുക്കള്‍പോലും കൈവിട്ടപ്പോഴാണ് ഇവര്‍ ലളിതയുടെ സംരക്ഷണം ഏറ്റത്. വാര്‍ധക്യത്തിലേക്ക് നീങ്ങുന്ന ഇവരും ലളിതയുടെ ഭാവിയില്‍ ആശങ്കയിലായിരുന്നു. വിവരമറിഞ്ഞ യോഗിനിമാതാ സേവാകേന്ദ്രം പ്രവര്‍ത്തകര്‍ ലളിതയെ സദനത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
സേവാകേന്ദ്രം സെക്രട്ടറി എന്‍.എസ്. സജീവ്, ട്രസ്റ്റി എ.പി. സുനില്‍കുമാര്‍, എന്‍.ഡി. ധനേഷ്, മാനേജര്‍ സുമി ദിലീപ്, സ്ഥാപനത്തിലെ അന്തേവാസിയായ ലീല എരണേഴത്ത്, ട്രോളിവുഡ് ചെയര്‍മാന്‍ വി.ആര്‍. രാജേഷ്, സജീവ് വാഴപ്പുള്ളി, ശെല്‍വന്‍ മേലേടത്ത് എന്നിവര്‍ ചേര്‍ന്നാണ് ലളിതയെ ബാലികാസദനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ബാലികാസദനത്തിലെത്തിയ ലളിതയെ വിദ്യാര്‍ത്ഥിനികള്‍ നിലവിളക്ക് കൊളുത്തി വരവേറ്റു. അവരുടെ അമ്മൂമ്മയായി ലളിത അനാഥത്വം മറക്കും.
കടപ്പാട് മാതൃഭൂമി ദിനപത്രം
No comments:
Post a Comment