Saturday, 3 March 2012

ചിജ്ജഡചിന്തനം


ചിത്തും ജഡവും വിവേചിക്കുന്ന വേദാന്തപരമായ സ്തോത്രംശിവനെസാകാരനായും നിരാകാരനായും സ്തുതിക്കുന്നു.



ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്ന്നു വരുന്നൊരു നിന്
വടിവെന്നുമിരുന്നു വിളങ്ങിടണം.       1

ഇടണേയിരുകണ്മുനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.       2

നിലമോടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്കുക നിന്
നിലയിന്നിതുതന്നെ നമുക്കു മതി.       3

മതി തൊട്ടു മണം മുതലഞ്ചുമുണര്‍-
ന്നരുളോളവുമുള്ളതു ചിന്മയമാം
ക്ഷിതിതൊട്ടിരുളോളമഹോജഡമാ-
മിതു രണ്ടിലുമായമരുന്നഖിലം.       4

അഖിലര്ക്കുമതിങ്ങനെ തന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോവലുതേ.       5

വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ!
മലമായയിലാണു മയങ്ങി മനം
നില വിട്ടു നിവര്ന്നലയാതരുളേ.       6

അരുളേതിരുമേനിയണഞ്ഞിടുമീ-
യിരുളേവെളിയേ,യിടയേപൊതുവേ,
കരളേകരളിങ്കലിരിക്കുമരും-
പൊരുളേപുരി മൂന്നുമെരിച്ചവനേ!       7

എരികയ്യതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പുരി തന്നിലിരുന്നു പുരം പൊരിചെയ്-
തരുളുന്നതു തന്നെയൊരദ്ഭുതമാം.       8

പുതുമാങ്കനി പുത്തമൃതേഗുളമേ,
മധുവേമധുരക്കനിയേരസമേ,
വിധിമാധവരാദി തിരഞ്ഞിടുമെന്
പതിയേപദപങ്കജമേഗതിയേ!       9

ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുട ചാര്ത്തിയ ചിന്മയമേ,
ചതിചെയ്യുമിരുട്ടൊരു ജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ!       10

No comments:

Post a Comment