Thursday 29 March 2012

ഉപവാസവും ആരോഗ്യവും:


ഇന്ന്‌ പ്രകൃതി ചികിത്സാ സമ്പ്രദായങ്ങള്‍ നാട്ടില്‍ പ്രചരിച്ചതുകൊണ്ട്‌ ഉപവാസത്തിന്‍റെ പ്രാധാന്യം കൂടുതല്‍ ആളുകള്‍ മനസ്സിലാക്കുന്നുണ്ട്‌. മനുഷ്യശരീരം ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളില്‍ നിന്നും രൂപപ്പെട്ടതാണെന്ന്‌ ഭാരതീയ വൈദ്യയോഗശാസ്ത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. പ്രകൃതിയിലെ പഞ്ചഭൂതങ്ങളുമായി നമ്മുടെ ശരീരത്തിന്‌ ആധാരമായ പഞ്ചഭൂതങ്ങള്‍ക്ക്‌ നിരന്തര സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥമായ ആരോഗ്യം നമുക്ക്‌ ഉണ്ടാകുന്നുള്ളൂ. പഞ്ചഭൂതങ്ങളില്‍ ഉള്‍പ്പെട്ട ആകാശം എന്ന ഘടകം നമ്മുടെ ശരീരത്തിന്‌ ലഭ്യമാകണമെങ്കില്‍ അതിന്‌ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഉപവാസമാണ്‌.

ഉപവാസത്തിലൂടെ വയര്‍ ശൂന്യമാകുമ്പോള്‍ ആകാശം നമ്മുടെ ശരീരത്തിന്റെ ജൈവഘടനയോട്‌ കൂടിച്ചേരുന്നു. ആയുര്‍വേദം ഉപദേശിക്കുന്നത്‌ മിതവും ഹിതവുമായ ഭക്ഷണക്രമത്തേയാണ്‌. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, ശരീരത്തിന്‌ അനുയോജ്യമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ഓരോ കാലങ്ങള്‍ക്കും യോജിക്കുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുപ്പ്‌ ഉപയോഗിക്കുക, യുക്തമായ നിലയില്‍ ഉപവസിക്കുക തുടങ്ങിയവയെല്ലാം ആരോഗ്യസംരക്ഷണത്തിന്‍റെയും ശുദ്ധീകരണത്തിന്‍റെയും അഭിവാജ്യഘടങ്ങളാണ്‌.

മാസത്തില്‍ ഒരു ദിവസമെങ്കിലും ഉപവസിക്കുന്നത്‌ നന്നായിരിക്കും. സംസ്കരണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഒരുക്കമുള്ളവര്‍ക്ക്‌ അമാവാസി, പൗര്‍ണമി ദിനങ്ങളില്‍ ഉപവസിക്കുകയാണെങ്കില്‍ അത്‌ കൂടുതല്‍ ഗുണം ചെയ്യും. ഉപവാസം അനുഷ്ഠിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു ദിവസം ഉപവാസം എന്നുപറഞ്ഞാല്‍ 24 മണിക്കൂര്‍ ഭക്ഷണം ഒഴിവാക്കിയിരിക്കണം. അതിന്‌ പറ്റാത്തവര്‍ ചുരുങ്ങിയത്‌ 12 മണിക്കൂര്‍ എങ്കിലും ഭക്ഷണം ഇല്ലാതെ കഴിച്ചുകൂട്ടണം. എന്നുമാത്രമല്ല, ഉപവാസം എടുക്കുന്നതിന്റെ തലേനാള്‍ രാത്രി ലഘുഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. അതുപോലെ ഉപവാസം കഴിഞ്ഞ ഇടനെയും ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്‌.

ഉപവാസം കഴിഞ്ഞ ഉടനെ ആര്‍ത്തിപിടിച്ച്‌ കിട്ടിയതൊക്കെ വാരിവലിച്ച്‌ കഴിച്ചാല്‍ അതുതന്നെ ദോഷം വരുത്തിവയ്ക്കും.
ഉപവാസം എടുക്കുമ്പോള്‍ ശരീരത്തിന്‌ അധികം ആയാസം തട്ടുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും നല്ലതല്ല. ആ ദിവസം കഴിയുന്നത്ര ശാന്തമായി ഇരിക്കുന്നതാണ്‌ ഏറ്റവും ഉചിതം.

ഇപ്രകാരം ശാസ്ത്രീയമായ രീതിയില്‍ നാം ഉപവസിക്കുകയാണെങ്കില്‍ ശരീരത്തിലെ എല്ലാ മാലിന്യങ്ങളും ശുദ്ധീകരിക്കപ്പെടും. രോഗങ്ങള്‍ക്ക്‌ ശാന്തി കൈവരിക്കും. എന്നുമാത്രമല്ല, ശരീരത്തിന്‌ നല്ല ചുറുചുറുക്കും ഉന്മേഷവും ഉണ്ടാകും. ആധുനിക കാലത്തെ മനുഷ്യജീവിതം നോക്കുമ്പോള്‍ ഉപവാസം എല്ലാവരും നിര്‍ബന്ധമായി പാലിക്കേണ്ടത്‌ കാണാം. തെറ്റായ ജീവിതരീതികളിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും വന്നുചേരുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കാന്‍ ഇതിലും കൂടുതല്‍ പ്രയോജനപ്രദമായ മറ്റൊരു മാര്‍ഗവും ഉണ്ടെന്ന്‌ തോന്നുന്നില്ല.

അതേ സമയം നമ്മുടെ ശരീരത്തിന്‍റെ സ്വഭാവവും ആവശ്യവും നോക്കിവേണം ഉപവാസം അനുഷ്ഠിക്കാന്‍. വൈരാഗ്യബുദ്ധിയോടെ ശരീരപീഡനം നടത്തിക്കൊണ്ട്‌ ഉപവാസം നടത്തുന്നതും നല്ലതല്ല. എല്ലാറ്റിനും അതിന്റേതായ മിതത്വവും വിവേകബുദ്ധിയോടുകൂടിയ സമീപനവും ആവശ്യമാണ്‌.


കടപ്പാട്: പാഞ്ചജന്യം

No comments:

Post a Comment