ആന്റണി ജയിക്കേണ്ട യുദ്ധങ്ങള്‍
കാഴ്ചയ്ക്കപ്പുറം
പാര്‍ലമെന്റില്‍ പ്രഗല്ഭരായ വാഗ്മികള്‍ ഏറെയുണ്ട്. എ.കെ. ആന്റണി അവരിലൊരാളല്ല. അതെന്തായാലും പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി സംസാരിക്കുന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ എം.പി.മാര്‍ ശ്രദ്ധാപൂര്‍വം ചെവിയോര്‍ക്കുന്നു. സുതാര്യമായ ആത്മാര്‍ഥത ആ മനുഷ്യന്റെ വാക്കുകള്‍ക്ക് കനം നല്‍കുന്നു. ഒരു ട്രക്കിടിച്ചതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ സത്യസന്ധതയെന്ന ചുമരില്‍ നേരിയ വിള്ളല്‍ പോലും വീഴാനിടയില്ല. ആയിരക്കണക്കിന് ട്രക്കുകള്‍ക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല.
ചോദ്യം മറ്റൊന്നാണ്. നിഷ്‌ക്രിയത സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആത്മാര്‍ഥതയ്ക്ക് എന്നെങ്കിലും കഴിയുമോ? അതു തന്നെയാണ് പ്രതിപക്ഷവും ചോദിക്കുന്നത്.
അഴിമതിക്കഥയുമായി ഒരു വര്‍ഷം മുമ്പ് കരസേനാമേധാവി ജനറല്‍ വി.കെ സിങ് തന്നെ സന്ദര്‍ശിച്ചിരുന്നതായി ആന്റണി പാര്‍ലമെന്റില്‍ സമ്മതിച്ചു. ഈയിടെ വിരമിച്ച ഒരു ഓഫീസര്‍ വന്‍തുക കോഴ വാഗ്ദാനം ചെയ്തുവെന്നാണ് സിങ് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചെക് നിര്‍മിതമായ നൂറുകണക്കിന് ടാട്ര ട്രക്കുകള്‍ വാങ്ങാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഇടനിലക്കാരനായ ഓഫീസറുടെ ആവശ്യം. ട്രക്കുകള്‍ നിലവാരം കുറഞ്ഞതായതിനാല്‍ സേനാമേധാവി വഴങ്ങിയില്ല. താങ്കളുടെ കസേരയില്‍ മുമ്പിരുന്നവര്‍ കോഴ വാങ്ങിയിട്ടുണ്ട്, ഇനി വരാനിരിക്കുന്നവരും വാങ്ങുമെന്ന് ഉറപ്പാണ് എന്ന മട്ടില്‍ ഓഫീസര്‍ സേനാമേധാവിയോട് പറഞ്ഞെന്നാണ് റിപ്പോര്‍ട്ട് (ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സംഭവം 12 മാസങ്ങള്‍ക്കപ്പുറമാണ് നടന്നതെന്നാണ് സൂചന. മിക്കവാറും 2010 സപ്തംബറിലായിരിക്കണം).
കരസേനാമേധാവി ഇക്കാര്യം പറഞ്ഞപ്പോള്‍ തലയില്‍കൈകൊടുത്ത് തരിച്ചിരുന്നുപോയെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. ഈ വിഷയത്തിന്റെ പിന്നാലെ പോകാന്‍ താത്പര്യമില്ലെന്ന നിലപാടാണ് സേനാമേധാവി കൈക്കൊണ്ടത്. രേഖാമൂലം എഴുതിത്തന്നതുമില്ല. അതുകൊണ്ട് അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്നാണ് ആന്റണിയുടെ വാദം.
സര്‍വീസിലിരിക്കുന്ന സേനാമേധാവിക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ആരോപണം അതിഗുരുതരമാണ്. അത് അവിടം കൊണ്ട് അവസാനിക്കട്ടെയെന്ന് തീരുമാനിക്കാന്‍ പ്രതിരോധമന്ത്രിക്കോ അദ്ദേഹത്തിന്റെ കീഴിലുള്ള സേനാമേധാവിക്കോ അവകാശമുണ്ടെന്ന് തോന്നുന്നില്ല. ജനറല്‍ വി.കെ സിങ് ഇക്കാര്യം പൊതുജനമധ്യത്തില്‍ വിളംബരം ചെയ്യുന്നതുവരെ കാത്തിരിക്കുന്നതിനു പകരം സംഭവമറിഞ്ഞയുടനെ അന്വേഷണത്തിന് ഉത്തരവിടാന്‍ എ.കെ. ആന്റണിക്ക് അധികാരമുണ്ടായിരുന്നു.
(ഊമക്കത്തുകള്‍ക്കും സന്ദേശങ്ങള്‍ക്കും പോലും ശ്രദ്ധ കൊടുക്കുന്ന മന്ത്രിയാണ് താനെന്ന് പാര്‍ലമെന്റില്‍ നടത്തിയ വികാരാധീനമായ പ്രസംഗത്തില്‍ ആന്റണി പറഞ്ഞു. ഈ പരാമര്‍ശത്തില്‍ അല്പം അശ്രദ്ധയുണ്ടെന്നതാണ് സത്യം. ഊരും പേരുമില്ലാത്ത കത്തുകളും സന്ദേശങ്ങളുമൊക്കെ അവഗണിക്കണമെന്ന പാരമ്പര്യമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. അത് ഭരണപ്രക്രിയയുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതാണ് കാരണം)
സംഭവിക്കേണ്ടത് മറ്റൊരു വിധത്തിലായിരുന്നുവെന്ന് പറഞ്ഞ് വിയോജിപ്പ് പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഈ വൈകിയ വേളയിലെങ്കിലും സ്വന്തം വീട് അടിച്ചുതളിച്ച് വൃത്തിയാക്കുന്ന ശുചീകരണപ്രവര്‍ത്തനത്തിന് പ്രതിരോധമന്ത്രി തുടക്കം കുറിക്കുമെന്നാണ് രാജ്യം മുഴുവനും പ്രതീക്ഷിക്കുന്നത്. സായുധസേനകള്‍ക്കുള്ള സാമഗ്രികളും ആയുധങ്ങളുമൊക്കെ സംഭരിക്കുന്ന പ്രക്രിയയെക്കുറിച്ചു തന്നെ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ലോകത്ത് നമ്മുടെ മൂല അപകടകരമായ സ്ഥാനത്താണ്. അതുകൊണ്ടു തന്നെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് സ്ഥാനമില്ല. എന്നാല്‍, അതിന്റെ പേരില്‍ പാഴ്‌ച്ചെലവും അഴിമതിയും അംഗീകരിക്കാനാവില്ല.
ഈ ഘട്ടത്തില്‍ മറ്റൊരു ചോദ്യം തികട്ടിവരുന്നുണ്ട്. ഇതിനകം തന്നെ പ്രതിസന്ധിയുടെ കയങ്ങളില്‍പ്പെട്ട സര്‍ക്കാറിന് കൂടുതല്‍ നാണക്കേടുണ്ടാക്കിയ സംഭവങ്ങളുടെ ഉത്തരവാദിത്വം ആര്‍ക്കാണ്?
കല്‍ക്കരിഖനികള്‍ക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നാലെയാണ് കരസേനാമേധാവിയുടെ കോഴ ആരോപണം പുറത്തു വന്നത്. വളരെ ചുരുക്കിപ്പറയാം, കല്‍ക്കരി ഖനനത്തിന് അനുമതി സമ്പാദിച്ച സ്വകാര്യക്കമ്പനികളും പൊതുമേഖലാസ്ഥാപനങ്ങളും വന്‍ നേട്ടം കൊയ്തുവെന്നാണ് സി.എ.ജി. നിലപാടെന്ന് വ്യക്തം.
ചോര്‍ന്നു കിട്ടിയ കരടുറിപ്പോര്‍ട്ട് പ്രകാരം ഈ വന്‍നേട്ടമെന്നത് ഇന്നത്തെ നിലവാരത്തില്‍ 10.67 ലക്ഷം കോടി രൂപയോളം വരും. 2ജി സ്‌പെക്ട്രം ക്രമക്കേടില്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സി.എ.ജി.യുടെ കണക്ക്. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍ 2ജി അഴിമതിയുടെ ആറിരട്ടി വരുന്ന ക്രമക്കേടാണ് കല്‍ക്കരി ഖനി അനുമതിയില്‍ നടന്നത്.
ഖനനാനുമതി നല്‍കിയപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങായിരുന്നു കല്‍ക്കരി
മന്ത്രാലയത്തിന്റെ ചുമതലക്കാരനെന്നത് ഈ സംഭവത്തിന് കൂടുതല്‍ എരിവേറ്റുന്നു. വ്യക്തിഗതവിശുദ്ധിയില്‍ യു.പി.എ. മന്ത്രിസഭയില്‍ എ.കെ ആന്റണിക്ക് ഒരെതിരാളിയുണ്ടെങ്കില്‍ അത് ഡോ.മന്‍മോഹന്‍സിങ് തന്നെയാണ്.
പെട്ടെന്ന്, കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും സത്യസന്ധരായ രണ്ടു വ്യക്തികള്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ വന്‍അഴിമതി നടന്നുവെന്ന ആരോപണം നേരിടുന്നു. ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണിത്. വെറും യാദൃച്ഛികതയെന്ന് പറഞ്ഞ് തള്ളാന്‍ കഴിയുമോ?
മറ്റെന്നെങ്കിലും ഉത്തരം നല്‍കേണ്ട ചോദ്യമാണത്, കുറച്ചുകൂടി ഗവേഷണം നടത്തിയ ശേഷം മാത്രം. (സി.എ.ജി.യുടെ കരട് റിപ്പോര്‍ട്ട് ആരു ചോര്‍ത്തി നല്‍കിയെന്ന പ്രശ്‌നം ദുരൂഹത വളര്‍ത്തുന്നു. അന്തിമറിപ്പോര്‍ട്ട് ആഴ്ചകള്‍ക്കകം പുറത്തുവരാനിരിക്കെ സി.എ.ജി. ഓഫീസിലുള്ളവര്‍ക്ക് കരട് ചോര്‍ത്തേണ്ട കാര്യമില്ല. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിക്കൊണ്ട് കരട് റിപ്പോര്‍ട്ട് സി.എ.ജി. നേരത്തേ അയച്ചു കൊടുക്കാറുണ്ടെന്ന കാര്യംകൂടി ചേര്‍ത്തു വായിക്കുക) ടാട്ര വാഹനങ്ങള്‍ വാങ്ങിയ ഇടപാടിനെക്കുറിച്ച് കുറച്ചു കൂടി വിശദമായി പരിശോധിക്കേണ്ടതുണ്ട്.
ഈ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കോടതിയിലെത്തുകയാണ്. കരസേനാമേധാവി വി.കെ സിങ്ങിന് കോഴ വാഗ്ദാനം ചെയ്‌തെന്ന് ആരോപണവിധേയനായ 'ഈയിടെ വിരമിച്ച ഓഫീസര്‍' ലഫ്.ജനറല്‍ തേജീന്ദര്‍സിങ് സേനാമേധാവിക്കെതിരെ കോടതിയിലെത്തിക്കഴിഞ്ഞു. സേനാമേധാവിക്കെതിരെയാണ് അദ്ദേഹം അപകീര്‍ത്തിക്കേസു നല്‍കിയിരിക്കുന്നത്. മന്ത്രിതല ഉത്തരവാദിത്വ പ്രശ്‌നം പാര്‍ലമെന്റാണ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍, ചോദ്യങ്ങളിപ്പോഴും ബാക്കി.
ഒന്ന്, എന്തുകൊണ്ട് ഇന്ത്യയിപ്പോഴും പ്രതിരോധസേനകള്‍ക്കു വേണ്ട സാമഗ്രികളെല്ലാം വിദേശത്തുനിന്ന് വാങ്ങുന്നു? നമ്മള്‍ ആണവ സാങ്കേതികവിദ്യയെക്കുറിച്ചോ റോക്കറ്റ് ശാസ്ത്രത്തെക്കുറിച്ചോ അല്ല ചര്‍ച്ച ചെയ്യുന്നത്, വെറും ട്രക്കുകളെപ്പറ്റിയാണ്! കരസേന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളനുസരിച്ച് ട്രക്കുകള്‍ നിര്‍മിക്കാന്‍പോലും കഴിയില്ലെങ്കില്‍ ഇന്ത്യന്‍ വ്യവസായലോകത്തിന് ഗുരുതരമായ എന്തോ പ്രതിസന്ധിയുണ്ട്.
രണ്ട്, അഴിമതിയെക്കുറിച്ചുള്ള ചോദ്യം മാറ്റിനിര്‍ത്തിയാല്‍ത്തന്നെ ഇതിനകം സേനയുടെ ഭാഗമായ 'നിലവാരം കുറഞ്ഞ' ട്രക്കുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രിയും കരസേനാമേധാവിയും എങ്ങനെ അനുമതി നല്‍കി? അവ മടക്കി വിളിക്കുമോ? അവയുടെ അറ്റകുറ്റപ്പണി നിര്‍വഹിക്കാനോ പണം മടക്കി നല്‍കാനോ നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുമോ? ടാട്ര ട്രക്കുകള്‍ക്ക് ബദല്‍ കണ്ടെത്താന്‍ എന്തെങ്കിലും ശ്രമം നടക്കുന്നുണ്ടോ?
മൂന്ന്, ഈ പ്രതിസന്ധിയില്‍ പൊതുമേഖലാസ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സിന്റെ (ബി.ഇ.എം.എല്‍.) പങ്ക് എന്താണ്? എന്തുകൊണ്ട് ടാട്രയ്ക്കും കരസേനയ്ക്കുമിടയിലെ ഇടനിലക്കാരെന്ന നിലയില്‍ ബി.ഇ.എം.എല്‍. പ്രവര്‍ത്തിച്ചു? ടാട്ര ട്രക്കിന്റെ ഫാക്ടറിവില 50 ലക്ഷം രൂപയാണെന്നിരിക്കെ, ട്രക്കൊന്നിന് ഒരു കോടിയോളം രൂപയ്ക്ക് വാങ്ങാന്‍ ബി.ഇ.എം.എല്ലിന് ആര് അനുമതി നല്‍കി? ടാറ്റയും അശോക് ലെയ്‌ലന്‍ഡും 20 ലക്ഷം രൂപയ്ക്ക് വില്‍ക്കുന്ന ട്രക്കുകള്‍ പുതിയ സാങ്കേതികസംവിധാനങ്ങളോടെ പരിഷ്‌കരിച്ചാല്‍ കരസേന നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തിലെത്തില്ലേ?
(ആന്റണിയോട് നീതി പുലര്‍ത്തേണ്ടതുണ്ട്, അദ്ദേഹം പ്രതിരോധമന്ത്രിയാകുന്നതിന് മുമ്പാണ് ആ കരാര്‍ നിലവില്‍ വന്നതെന്നാണ് അറിവ്. എനിക്കു ലഭിച്ച വിവരം ശരിയാണെങ്കില്‍ യു.പി.എ. അധികാരത്തിലേറുന്നതിനും മുമ്പാണ് ടാട്ര ട്രക്കുകള്‍ വാങ്ങാന്‍ പ്രാഥമികധാരണയുണ്ടാക്കിയത്. ടാട്രയും ഇന്ത്യന്‍ കരസേനയും തമ്മിലുള്ള ബന്ധത്തിന് എത്ര പഴക്കമുണ്ടാവും? എന്‍.ഡി.എ. സര്‍ക്കാറിന്റെ നാളുകള്‍ വരെയോ, അതോ അതിലും മുമ്പത്തെ സര്‍ക്കാറിന്റെ ഭരണകാലം വരെയോ?)
പാര്‍ലമെന്റ് താരതമ്യേന ദയാപുരസ്സരമാണ് ആന്റണിയോട് പെരുമാറിയത്. കേള്‍വിക്കാരില്‍ നിന്ന് അദ്ദേഹം ഒന്നും മറച്ചുവെക്കുന്നില്ലെന്നതുകൊണ്ടു മാത്രമാവണമെന്നില്ല അത്. (പാര്‍ട്ടി വക്താക്കള്‍, അവരേതു പാര്‍ട്ടിയുടേതായാലും മിക്കവാറും ക്ഷമാപണത്തിന് തയ്യാറാവില്ല. അതിനു പുറമെ വിഷയത്തില്‍ നിന്നുള്ള അവരുടെ ഒളിച്ചോട്ടം കേള്‍ക്കുന്നവരെ പ്രകോപിപ്പിക്കുകയും ചെയ്യും). പ്രതിരോധസംഭരണത്തിന്റെ നടപടിക്രമങ്ങളെല്ലാം ഒരുപോലെ സത്യസന്ധവും സുതാര്യവുമാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.