Saturday, 3 December 2011

തിരുപ്പതി ലഡു ഒരു ബൗദ്ധികസ്വത്തോ? 
രാജ്യാന്തര പ്രസിദ്ധി നേടിയ 'തിരുപ്പതി ലഡു' കുറച്ചുകാലമായി വിവാദത്തിലാണ്. തിരുപ്പതി ലഡുവിന് ഭൗമ സൂചികാപത്രം (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കേഷന്‍) ലഭിച്ചതും തുടര്‍ന്ന് അതിനെതിരായി ചില കോണുകളില്‍ നിന്നുണ്ടായ എതിര്‍പ്പും ജി.ഐ. (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കേഷന്‍) നിയമങ്ങള്‍ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങളും കോടതി വ്യവഹാരങ്ങളുമാണ് തിരുപ്പതി തിരുമല ദേവന്റെ ശ്രീവരി ലഡു എന്ന പ്രസാദത്തെ വിവാദമാക്കി മാറ്റിയത്.

ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദ ഇനമാണ് ഈ ലഡു. ക്ഷേത്ര പരിസരങ്ങളില്‍ വ്യാപകമായ വ്യാജ ലഡു നിര്‍മാണം തടയുക, ക്ഷേത്രത്തിന് കൂടി കീര്‍ത്തി നേടിത്തരുന്ന തരത്തില്‍ പ്രസാദത്തിന്റെ സവിശേഷതയും പേരും നിലനിര്‍ത്തുക എന്നീ ഉദ്ദേശ്യത്തോടെയാണ് ലഡുവിന് പ്രത്യേക നിയമാവകാശം ക്ഷേത്രഭാരവാഹികള്‍ നേടിയത്.

പ്രതിദിനം ഒന്നരലക്ഷത്തിലധികം ലഡു ഉണ്ടാക്കുന്നുവെന്നാണ് കണക്ക്. ചില വിശേഷദിവസങ്ങളില്‍ ഇതിന്റെ ഇരട്ടിയിലധികം വരും. ഇതിലേറെ ലഡു ക്ഷേത്രത്തിന് പുറത്ത് വില്‍ക്കപ്പെടുന്നു എന്നതാണ് പ്രത്യേക പദവിക്കായി അപേക്ഷ നല്‍കാന്‍ കാരണമായത്. ഏറെ സാങ്കേതികകടമ്പകള്‍ മറികടന്നാണ് ഭൗമസൂചികാപത്രം തിരുപ്പതി ലഡുവിന് ലഭിച്ചത്. ജി.ഐ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ രണ്ടുകാര്യങ്ങളാണ് സംഭവിച്ചത്. ലോകത്ത് തിരുപ്പതി ലഡു ഉണ്ടാക്കാനുള്ള അവകാശം ഈ ക്ഷേത്രത്തിന് മാത്രമാണ് എന്നും തിരുമല തിരുപ്പതി ദേവസ്വത്തിന്റെതു മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്നും വന്നു. സ്വാഭാവികമായും അത് കോടതി വ്യവഹാരങ്ങള്‍ വഴിതുറന്നു.


പതിനേഴാം നൂറ്റാണ്ട് മുതല്‍ ഈ പ്രസാദം ഉണ്ടായിരുന്നുവെന്നാണ് കേട്ടുകേള്‍വി. എന്നാല്‍ 1920 കളോടെയാണ് ക്ഷേത്രത്തില്‍ ലഡുപ്രസാദം നല്‍കിത്തുടങ്ങിയതെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. തിരുമല ദേവന്റെ അമ്മ മകന് ഭക്ഷണത്തിന് പകരം ലഡുവുണ്ടാക്കി കൊടുത്തിരുന്നു എന്ന ഐതിഹ്യത്തില്‍ നിന്നാണത്രെ ഈ പ്രത്യേക തരം ലഡുപ്രസാദം ക്ഷേത്രാചാരമായി മാറിയത്. നെയ്യ്, കടലമാവ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഏലം, പഞ്ചസാര, കല്‍ക്കണ്ടം, ബദാം, എണ്ണ തുടങ്ങിയവ പ്രത്യേക പാകത്തില്‍ ചേര്‍ത്താണ് തിരുപ്പതി ലഡു തയ്യാറാക്കുന്നത് എന്നാണ് ക്ഷേത്ര വെബ്‌സൈറ്റില്‍ പറയുന്നത്. രുചിയുടെ കാര്യത്തില്‍ മറ്റെന്തെങ്കിലും ട്രേഡ് സീക്രട്ട് ലഡു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.

ഏകദേശം 175 ഗ്രാം തൂക്കമുള്ള ലഡു സാധാരണ ദിവസങ്ങളില്‍ പ്രസാദമായും 700 ഗ്രാം തൂക്കമുള്ളവ വിശേഷദിവസങ്ങളിലുമായി രണ്ട് രീതിയിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഭക്തര്‍ക്ക് ചെറിയ ലഡു സൗജന്യമായും അല്‍പ്പം കൂടി വലിയത് 25 രൂപ നിരക്കിലും വലുത് 100 രൂപ നിരക്കിലുമാണ് ഇവിടെ നല്‍കുന്നത്. പ്രതിദിനം ഒരു കോടിയിലധികം രൂപ ഇതില്‍ നിന്ന് മാത്രം ക്ഷേത്രത്തിന് വരുമാനമുണ്ട്. 2009 മാര്‍ച്ചിലാണ് ക്ഷേത്രം ഭാരവാഹികള്‍ ലഡുവിന് ഭൗമസൂചികാപത്രം ലഭിക്കാനായി അപേക്ഷ സമര്‍പ്പിച്ചത്.


എന്താണ് ജി.ഐ.സര്‍ട്ടിഫിക്കേഷന്‍

പ്രത്യേക ഗുണനിലവാരം അവകാശപ്പെടാവുന്നതും മൗലികവും അതത് പ്രദേശത്തിന്റെ തനിമ ഉള്‍ക്കൊള്ളുന്നതുമായ തനത് ഉല്‍പ്പന്നങ്ങളാണ് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവ. ഇത്തരത്തിലുള്ള നിരവധി ഘടകങ്ങള്‍ പരിശോധിച്ചാണ് ജി.ഐ. പദവി ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്നതും. ഈ പ്രത്യേകതകളില്‍ പ്രധാനം അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തന്നെയാണ്. കാഞ്ചീപുരം പട്ട് ഉള്‍പ്പെടെ ജി.ഐ. പദവി ലഭിച്ചവയ്‌ക്കെല്ലാം അതത് പ്രദേശത്തെ തനത് മൂല്യവും മൗലികതയും എടുത്തുകാണിക്കാനുണ്ട് എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

ശ്രീവരി ലഡു എന്ന പേരുള്ള തിരുപ്പതി ലഡുവിന് പദവി ലഭിക്കുന്നതിന് മുമ്പ് കാഞ്ചീപുരം പട്ടിനൊപ്പം രാജ്യത്ത് ഈ സവിശേഷ പദവി ലഭിച്ചിട്ടുള്ളത് ഡാര്‍ജലിങ് ചായ, മധുബനി ചിത്രങ്ങള്‍, നാഗ്പൂര്‍ ഓറഞ്ച്, ബസ്മതി അരി, കശ്മീര്‍ പഷ്മീണ, കൊണ്ടപ്പള്ളി ബൊമ്മലു, കോലാപുരി ചെരുപ്പ് തുടങ്ങിയ 21 ഓളം വസ്തുക്കള്‍ക്കാണ്. ഫ്രാന്‍സില്‍ നിന്നുള്ള കോണിയാക് മദ്യം, ഫ്രാന്‍സില്‍ നിന്ന് തന്നെയുള്ള ചിലതരം ഷാംപെയ്‌നുകളും വൈനുകളും, ക്യൂബന്‍ പുകയില..തുടങ്ങി ലോകമെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച പ്രത്യേക വസ്തുക്കള്‍ ഇത്തരം പദവിയുള്ളവയാണ്. കേരളത്തില്‍ നിന്നുള്ള ആറന്‍മുള കണ്ണാടി, ബാലരാമപുരം കൈത്തറി, ആലപ്പി പച്ച ഏലയ്ക്ക, വയനാട്ടില്‍ നിന്നുള്ള ജീരകശാല അരി, ഗന്ധകശാല അരി, മധ്യതിരുവിതാംകൂര്‍ ജാഗരി തുടങ്ങിയവ ജി.ഐ. പദവിയുള്ളവയില്‍ ഉള്‍പ്പെടും.

No comments:

Post a Comment