നൂറ്റാണ്ട് പിന്നിട്ട വിവേകാനന്ദ സ്മൃതി
ഏതാണ്ട് ഒരുമാസം നീണ്ട കേരളപര്യടനത്തിന്റെ ആരംഭത്തില്‍ 1892 നവംബര്‍ 27-ാം തിയ്യതി പാലക്കാട് ജില്ലയില്‍ സ്വാമിജി വന്നിറങ്ങി. പാലക്കാടിനടുത്തുള്ള (അത് ഒലവക്കോടാകാം) ഒരു സ്റ്റേഷനില്‍ വെച്ച് കൊല്ലങ്കോട്ടുരാജാവിന്റെ സേവകനായിരുന്ന ഒരു ബ്രാഹ്മണന്‍ സ്വാമിജിയുടെ രൂപത്തിലും കഴിവുകളിലും ആകൃഷ്ടനായി പത്ത് രൂപയോ മറ്റോ കൊടുക്കാന്‍ ശ്രമിക്കുകയും സ്വാമിജി ഒരു നേരത്തെ ഊണിന് ആവശ്യമായ രണ്ടണ അതില്‍ നിന്നെടുത്ത് ബാക്കി തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.ഷൊര്‍ണൂരില്‍ ഇറങ്ങിയ സ്വാമിജി വണ്ടിയില്‍ ഭാരതപ്പുഴ കടന്ന് (അന്ന് പാലമില്ല) ഏതാനും വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഒരു കാളവണ്ടിയില്‍ തൃശൂരിലേക്ക് പോയി. അവിടെ നിന്ന് പിന്നീട് കൊടുങ്ങല്ലൂരിലേക്കും എറണാകുളത്തേക്കും വഞ്ചിയില്‍ തന്നെപോയ സ്വാമിജി ഡിസംബര്‍ ആറിന് ആയിരിക്കണം എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുക.
സ്വാമി വിവേകാനന്ദന്റെ കേരളയാത്ര സംബന്ധിച്ച ഒരു വാര്‍ത്തയിലെ പ്രസക്തഭാഗങ്ങളാണിവ. സ്വാമിജി കേരളം സന്ദര്‍ശിച്ച് 119 വര്‍ഷങ്ങള്‍ തികഞ്ഞിട്ടും അദ്ദേഹത്തിന്റെ കേരളപര്യടനത്തെക്കുറിച്ച് മുകളില്‍ വിവരിച്ച ഖണ്ഡികയിലേതുപോലെ അഭ്യൂഹങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ആകെ അറിയാവുന്ന സത്യം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചതും. സ്വാമിജിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ലോകം തയ്യാറെടുക്കുകയാണ്. ഇന്ത്യയിലും കേരളത്തിലും ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി 119 വര്‍ഷങ്ങള്‍ക്കുമുമ്പ് ആ മഹാത്മാവ് കടന്നുപോയ കേരളത്തിലെ സ്ഥലങ്ങളിലൂടെയുള്ള അനുസ്മരണ യാത്ര ആരംഭിച്ചിരിക്കുകയാണ്.
സ്വാമിജിയുടെ കേരളയാത്രയെക്കുറിച്ച് തെളിവുകളില്ലാത്ത ചരിത്രം നിര്‍മിച്ചവരുണ്ട്. 1892 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ കേരളത്തിലൂടെ സ്വാമി കടന്നുപോയ സ്ഥലങ്ങളും തിയ്യതികളും സംബന്ധിച്ച് ചരിത്രത്താളുകളിലൂടെ സഞ്ചരിക്കുകയും കൃത്യമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുള്ള ഡോ. രാജീവ് ഇരിങ്ങാലക്കുടയാണ് ‘വിവേകാനന്ദ യാത്ര സ്മൃതി സംഗമം’ എന്ന അനുസ്മരണയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഓരോ സ്ഥലങ്ങളിലൂടെയും കടന്നുപോകുമ്പോഴും സ്വാമി വിവേകാനന്ദന്റെ യാത്ര സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പ്രഭാഷണങ്ങളിലൂടെ കൈമാറാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ഭാരതമാതാവിന്റെ മാതൃകാപുത്രന്‍ സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം ഇനിയും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കരുതെന്ന മുഖവുരയോടെ.
ശ്രീ നാരായണഗുരുദേവ ശിഷ്യനായ ഡോ. പല്‍പ്പുവുമൊത്ത് ബാംഗ്ലൂരില്‍വെച്ച് നടന്ന കൂടിക്കാഴ്ചയാണ് കേരളം സന്ദര്‍ശിക്കാന്‍ സ്വാമിജിയെ പ്രേരിപ്പിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ സ്വാമിവിവേകാനന്ദന്‍ അവിടെ നിന്നും ഷൊര്‍ണ്ണൂരിലെത്തി. ഷൊര്‍ണ്ണൂരില്‍ വെച്ച് പരിചയപ്പെട്ട ചില വിദ്യാര്‍ത്ഥികളുമൊന്നിച്ച് ഒരു കാളവണ്ടിയില്‍ തൃശൂരിലേക്ക് തിരിച്ചു. അവിടെ സ്വാമിജിയ്ക്ക് കുളിച്ച് വിശ്രമിക്കാന്‍ കൊച്ചി വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഡി.എ. സുബ്രഹ്മണ്യഅയ്യര്‍ തന്റെ പടിപ്പുരയില്‍ തന്നെ സൗകര്യമൊരുക്കി. അന്ന് സ്വാമിജി താമസിച്ച ആ പടിപ്പുര നില്‍ക്കുന്ന റോഡിന് വിവേകാനന്ദ റോഡ് എന്ന് പിന്നീട് നാമകരണം ചെയ്യുകയുണ്ടായി.
തൃശൂരില്‍ വന്ന അന്ന് കലശലായ തൊണ്ട വേദന അനുഭവപ്പെട്ട സ്വാമി തൃശൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഡോ. ഡിസൂസയെക്കണ്ട് ചികിത്സ തേടി. പിന്നീട് കൊക്കാലയിലെ വള്ളക്കടവില്‍ നിന്ന് വണ്ടി കയറി കൊടുങ്ങല്ലൂരിലേക്ക് സ്വാമി പോയി. കാളവണ്ടിയില്‍ തന്നോടൊപ്പം അന്നുയാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ മദ്രാസില്‍ വെച്ച് പിന്നീട് കണ്ടപ്പോള്‍ അദ്ദേഹം തിരിച്ചറിയുകയുണ്ടായി.അപ്പോഴേക്കും സ്വാമികള്‍ ചിക്കാഗോ സര്‍വമത സമ്മേളനത്തിലൂടെ ലോകപ്രശസ്തനായിക്കഴിഞ്ഞിരുന്നു.
തൃശൂരില്‍ നിന്നും സ്വാമിജി കൊടുങ്ങല്ലൂരിലെത്തി. അതിരാവിലെ മുതല്‍ അതിതേജസ്വിയായ ഒരു യുവാവ് ആല്‍മരത്തിന് ചുവട്ടിലിരിക്കുന്നത് ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്വാമിജി കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ജാതി പറയാതെ അകത്തുകയറാനാകില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ ഉറപ്പിച്ചു പറഞ്ഞു. ദേവിയെ പുറത്തുനിന്ന് വണങ്ങിയശേഷം തിരിച്ച് ആല്‍മരച്ചുവട്ടിലെത്തിയ സ്വാമിജിയെക്കാണാന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ കൊച്ചുണ്ണിത്തമ്പുരാനും ഭട്ടന്‍ത്തമ്പുരാനുമെത്തി. കേരളത്തിന് പുറത്തുനിന്ന് വരുന്നതിനാലും ജാതി അറിയാത്തതുകൊണ്ടും ക്ഷേത്രപ്രവേശനം സാധിക്കില്ലെന്ന് അവരും ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് സംസ്കൃതത്തില്‍ നടന്ന വാഗ്വാദത്തില്‍ ക്ഷേത്രപ്രവേശനത്തിന് ജാതി മാനദണ്ഡമല്ലെന്ന് യുക്തിപൂര്‍വ്വം സമര്‍ത്ഥിക്കാന്‍ സ്വാമിയ്ക്ക് സാധിച്ചു. പിറ്റേന്ന് സ്വാമിജിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായി അവരെത്തിയെങ്കിലും അപ്പോഴേക്കും സ്വാമിജി കൊടുങ്ങല്ലൂരില്‍ നിന്നും എറണാകുളത്തേക്ക് യാത്രയായിരുന്നു. ഇതേയവസരത്തില്‍തന്നെ സംസ്കൃത പണ്ഡിതകളായ കുറച്ച് സ്ത്രീകള്‍ സ്വാമിജിയെ സന്ദര്‍ശിച്ച് സംസ്കൃതത്തില്‍ സംസാരിച്ചതായും ഇന്ത്യയില്‍ മറ്റൊരിടത്തും ദര്‍ശിക്കാനാകാത്തവിധം മനോഹരമായി സംസ്കൃതത്തില്‍ സംസാരിച്ച ഇവര്‍ സ്വാമിജിയെ അദ്ഭുതപ്പെടുത്തിയതായും ചരിത്രത്തില്‍ പറയുന്നു. പിന്നെയൊരവസരത്തില്‍ 1897 ല്‍ ന്യൂയോര്‍ക്കിലെ തൗസന്റ് ഐലന്റ് പാര്‍ക്കിലെ താമസവേളയില്‍ ഈ വിദൂഷികളെക്കുറിച്ചും അവരുടെ സംസ്കൃത പാണ്ഡിത്യത്തെക്കുറിച്ചും സ്വാമി ശിഷ്യന്‍മാരോട് പറയുകയുണ്ടായത്രെ!
നാലുദിവസം കൊടുങ്ങല്ലൂരില്‍ താമസിച്ചശേഷം സ്വാമിജി എറണാകുളത്തേക്ക് പോയി. ഡിസംബര്‍ മൂന്നിന് രാവിലെ അദ്ദേഹം എറണാകുളം ജെട്ടിയിലെത്തി. എറണാകുളത്തെ സന്ദര്‍ശനത്തിനിടയിലാണ് സ്വാമി ചട്ടമ്പി സ്വാമികളെ കാണുന്നത്. ആറിന്‍് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ഏഴുദിവസം വഞ്ചിയില്‍ സഞ്ചരിച്ച് 13 മുതല്‍ 22 വരെ തിരുവനന്തപുരത്തും 25 ന് കന്യാകുമാരിയിലുമെത്തി.കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്ന വിവേകാനന്ദസ്വാമികള്‍ ത്രിവേണി സംഗമത്തിലെ ശ്രീപാദപാറയില്‍ നീന്തിയെത്തി മൂന്ന് ദിനരാത്രങ്ങളോളം അവിടെ ധ്യാനനിരതനായിരുന്നു.
ഭാരത പുനരുദ്ധാരണത്തിനായുള്ള സമഗ്രമായ ഒരു പദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തത് അവിടെ വെച്ചായിരുന്നു. 1963ല്‍ സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്വാമിജിയുടെ ധ്യാനംകൊണ്ട് പവിത്രമായ ശ്രീപാദപാറയില്‍ സമുചിതമായൊരു സ്മാരകം നിര്‍മിക്കുവാന്‍ ദേശസ്നേഹികള്‍ തീരുമാനിച്ചെങ്കിലും ജാതീയതയും മതതീവ്രതയും വീണ്ടും പ്രതിബന്ധങ്ങളായി. വിവേകാനന്ദ ശിലാസ്മാരകം നിര്‍മിക്കുന്നത് തടയുന്നതിനായി ക്രിസ്ത്യാനികള്‍ അവിടെ കുരിശ് സ്ഥാപിച്ചു.
എന്നാല്‍ വിവേകാനന്ദ ശിലാസ്മാരകത്തിന് തടസ്സമായി നില്‍ക്കുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ അന്നത്തെ ‘കേസരി’ പത്രാധിപരായിരുന്ന സാധുശീലന്‍ പരമേശ്വരപിള്ളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രശ്നങ്ങള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മന്നത്ത് പത്മനാഭന്‍ അധ്യക്ഷനായി ഒരു കമ്മറ്റിയും ഓരോ സംസ്ഥാനത്തിനും പ്രത്യേകം സംസ്ഥാനകമ്മറ്റികളും രൂപീകരിച്ച് പ്രവര്‍ത്തനം വിപുലമാക്കി. 1962 ല്‍ തുടങ്ങിയ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും 1964 ആഗസ്റ്റ് വരെ നീണ്ടുനിന്നു. അപ്പോഴേക്കും വിവേകാനന്ദ സ്മാരകത്തിന്റെ സങ്കല്‍പവും വിപുലമായി.
ശിലാസ്മാരകത്തിന്റെ നിര്‍മാണത്തിനുവേണ്ടിയുള്ള സ്ഥലത്തിനായി കന്യാകുമാരി മുനമ്പില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്കുമാറി കാടു പിടിച്ചു കിടന്നിരുന്ന സ്ഥലങ്ങള്‍ വിലയ്ക്കു വാങ്ങി ഒന്നിച്ചാക്കാന്‍ ശ്രമം ആരംഭിച്ചു. അങ്ങനെ അനേകം പേരുടെ സ്ഥലങ്ങള്‍ വിലയ്ക്കുവാങ്ങി ഒന്നിച്ചുണ്ടാക്കിയതാണ് ഇന്നത്തെ വിവേകാനന്ദ കേന്ദ്രം.
ഏകനാഥ് റാനഡെയെപ്പോലുള്ള മഹാന്‍മാരുടെ നേതൃത്വത്തില്‍ നിരവധി നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി ഒടുവില്‍ 1970 സപ്തംബര്‍ രണ്ടാം തിയ്യതി വിവേകാനന്ദ ശിലാ സ്മാരകം ഉദ്ഘാടനം ചെയ്യപ്പെട്ടു.
സ്വാമി വിവേകാനന്ദന്‍ പാലക്കാട് വന്നിറങ്ങിയ നവംബര്‍ 27 മുതല്‍ കന്യാകുമാരിയില്‍ ഉണ്ടായിരുന്ന ഡിസംബര്‍ 27 വരെയാണ് അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതാതു തിയ്യതികളില്‍ അതാതു സ്ഥലങ്ങളിലൂടെ അനുസ്മരണം കടന്നുപോകും.
No comments:
Post a Comment