Friday, 9 December 2011

വെറുതെ ഒരു പ്രധാനമന്ത്രി

വിക്കിലീക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്‌, മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്‌, മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍ ഹോവാര്‍ഡ്‌ തുടങ്ങിയവര്‍ക്കൊപ്പം ‘ഹിന്ദുസ്ഥാന്‍ ടൈംസ്‌’ ദിനപത്രത്തിന്റെ ഈ വര്‍ഷത്തെ നേതൃ ഉച്ചകോടിയില്‍ പങ്കെടുത്ത ഒരാള്‍ ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനിയാണ്‌. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ നാല്‍പ്പത്‌ ദിവസം നീണ്ട ജനചേതന യാത്ര നടത്താനിടയായ സാഹചര്യത്തെക്കുറിച്ചും പ്രതീക്ഷകള്‍ക്കപ്പുറം അതുയര്‍ത്തിയ പ്രതികരണത്തെക്കുറിച്ചുമാണ്‌ മുന്‍നിര മാധ്യമപ്രവര്‍ത്തകരും മുതിര്‍ന്ന നിയമജ്ഞരും സൈബര്‍ ജനറേഷനില്‍പ്പെടുന്നവരുമടങ്ങുന്ന സദസ്സിനോട്‌ അദ്വാനി വിശദീകരിച്ചത്‌. പ്രസംഗത്തില്‍ ശ്രദ്ധേയവും കൗതുകകരവുമായ ഒരു താരതമ്യം അദ്വാനി നടത്തുകയുണ്ടായി. സോഷ്യല്‍ ഫാസിസം നിലനിന്നിരുന്ന സോവിയറ്റ്‌ യൂണിയന്റെ കാലത്ത്‌ ആ രാജ്യത്തിന്റെ പ്രസിഡന്റിന്‌ പകരം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഭരണത്തില്‍ ആധിപത്യം ചെലുത്തിയിരുന്നതുപോലെയാണ്‌ ഇന്ത്യയുടെ ‘തെരഞ്ഞെടുക്കപ്പെട്ട’ പ്രധാനമന്ത്രിയെ മറികടന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാഗാന്ധി ഭരണത്തെ നിയന്ത്രിക്കുന്നതെന്നാണ്‌ അദ്വാനി ചൂണ്ടിക്കാട്ടിയത്‌. രാജ്യം ഇതുവരെ കണ്ടതില്‍വെച്ച്‌ ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ്‌ ഡോ.മന്‍മോഹന്‍സിംഗ്‌ എന്ന വിമര്‍ശനം ഒരിക്കല്‍കൂടി ഉന്നയിച്ചുകൊണ്ടായിരുന്നു ഈ താരതമ്യം.

മന്‍മോഹന്‍സിംഗ്‌ ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന്‌ എല്‍.കെ.അദ്വാനി ഇതിനുമുമ്പ്‌ ആവര്‍ത്തിച്ചപ്പോഴൊക്കെ കോണ്‍ഗ്രസ്‌ നേതാക്കളും വക്താക്കളും ചില കേന്ദ്രമന്ത്രിമാരും പ്രകോപിതരായിട്ടുണ്ട്‌. അദ്വാനി മാന്യമായ ഭാഷ ഉപയോഗിക്കണം എന്നാണ്‌ ഇവര്‍ പ്രതികരിക്കാറുള്ളത്‌. മന്‍മോഹന്‍സിംഗാകട്ടെ അദ്വാനിയുടെ വിമര്‍ശനത്തില്‍ അസ്വസ്ഥനായി ഞെളിപിരി കൊള്ളാറാണ്‌ പതിവ്‌. നേരിട്ടുള്ള ഈ വിമര്‍ശനത്തിന്‌ മറുപടി പറയാനുള്ള രാഷ്ട്രീയമായ കരുത്ത്‌ മന്‍മോഹന്‍സിംഗിനില്ലാത്തതാണ്‌ കാരണം. അദ്വാനിയുടെ വിമര്‍ശനം യഥാര്‍ത്ഥത്തില്‍ ചെന്നുകൊള്ളുന്നത്‌ സ്വേഛാധിപത്യ രീതിയില്‍ ഭരണത്തെ നിയന്ത്രിക്കുന്ന സോണിയാഗാന്ധിയിലാണെന്ന തിരിച്ചറിവാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രകോപിതരാവാന്‍ കാരണം.

എന്തുകൊണ്ടാണെന്നറിയില്ല, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നേതൃ ഉച്ചകോടിയില്‍ അദ്വാനി നടത്തിയ വിമര്‍ശനത്തോട്‌ മന്‍മോഹന്‍സിംഗ്‌ അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കാമെങ്കിലും കോണ്‍ഗ്രസ്‌ നേതാക്കളാരും കാര്യമായി പ്രതികരിച്ചുകണ്ടില്ല. മന്‍മോഹന്‍ സിംഗിന്റെ ദൗര്‍ബല്യവും സോണിയയുടെ കരുത്തും പ്രധാനമന്ത്രി പദത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രാഷ്ട്രീയ-ഭരണ യാഥാര്‍ത്ഥ്യമായി ജനങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാവാം ഇത്‌.

സഭ സമ്മേളിച്ചുകൊണ്ടിരിക്കുന്ന കാലത്തുപോലും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെപാര്‍ലമെന്റിനെ മറികടന്നുകൊണ്ടുള്ള തീരുമാനങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട്‌ എടുപ്പിച്ചശേഷം ജനരോഷമുയരുമ്പോള്‍ പാര്‍ട്ടിക്ക്‌ ഇതില്‍ ഉത്തരവാദിത്തമൊന്നുമില്ലെന്ന്‌ വരുത്തുകയാണ്‌ സോണിയയുടെ ഒത്താശയോടെയുള്ള കോണ്‍ഗ്രസിന്റെ തന്ത്രം. ചില്ലറ വ്യാപാര മേഖലയില്‍ മള്‍ട്ടി ബ്രാന്റുകള്‍ക്ക്‌ 51 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തിലാണ്‌ ഈ തന്ത്രം ഏറ്റവും ഒടുവില്‍ പ്രയോഗിക്കപ്പെട്ടത്‌. “തിടുക്കത്തില്‍ തീരുമാനിച്ചതല്ല നന്നായി ആലോചിച്ചെടുത്ത ഈ തീരുമാനം വളരെ ഗുണം ചെയ്യുമെന്ന്‌ ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു” എന്ന്‌ ദല്‍ഹിയിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ മന്‍മോഹന്‍സിംഗ്‌ പ്രഖ്യാപിച്ചപ്പോള്‍ അതേ സമ്മേളനത്തില്‍ പങ്കെടുത്ത സോണിയാഗാന്ധി തന്ത്രപരമായ മൗനം പാലിച്ചു. വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാന്‍ മാത്രമുള്ള നയപരമായ പ്രശ്നമൊന്നുമില്ലെന്നും മന്ത്രിസഭയുടെ വിവേചനാധികാരമാണതെന്നും മറ്റുമൊക്കെ വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ ആവര്‍ത്തിച്ചുവെങ്കിലും മന്‍മോഹനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായ അടവുനയമായിരുന്നു അത്‌. തീരുമാനത്തെ എതിര്‍ത്തുകൊണ്ട്‌ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്‌ എംപിയും സോണിയയുടെ അഭ്യുദയാകാംക്ഷിയുമായ സഞ്ജയ്‌ സിംഗ്‌ രംഗത്തുവന്നത്‌ ഇതിന്‌ തെളിവാണ്‌.
യൂത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ മന്‍മോഹനൊപ്പം സോണിയയും രാഹുലും പങ്കെടുത്തത്‌ കോണ്‍ഗ്രസിലെയും സര്‍ക്കാരിലെയും ഐക്യത്തിന്റെ പ്രതിഫലനമായാണ്‌ ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചത്‌. എന്നാല്‍ മന്‍മോഹന്‍സിംഗിനെ ഒറ്റപ്പെടുത്തുന്ന റിയാലിറ്റി ഷോയായിരുന്നു യഥാര്‍ത്ഥത്തില്‍ അത്‌.
സോണിയാഗാന്ധിയുടെ കല്‍പ്പനകള്‍ക്കപ്പുറം പോയി രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ പക്വമായ തീരുമാനങ്ങളെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ ഭരണപാടവമോ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടും പ്രകടിപ്പിക്കുന്നില്ല എന്നതാണ്‌ മന്‍മോഹന്‍സിംഗ്‌ ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന അദ്വാനിയുടെ വിമര്‍ശനത്തിന്റ കാതല്‍. എന്നാല്‍ മന്‍മോഹന്‍ സിംഗിനെ സംബന്ധിച്ചിടത്തോളം സോണിയയുടെ ബന്ദിയെന്നതില്‍നിന്നും കാര്യങ്ങള്‍ വീണ്ടും മുന്നോട്ടുപോയിരിക്കുന്നു. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാരിനെ പിന്തുണക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി നടത്തിയ പ്രഖ്യാപനം അധികാരമോ ആത്മാഭിമാനമോ ഉള്ള പ്രധാനമന്ത്രിയല്ല മന്‍മോഹന്‍സിംഗ്‌ എന്ന്‌ പകല്‍പോലെ വ്യക്തമാക്കിയിരിക്കുന്നു.

വളരെ അസാധാരണമായ ഒരു പ്രഖ്യാപനമായിരുന്നു മമതയുടേത്‌. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി എതിര്‍ക്കുകയാണ്‌ തൃണമൂല്‍ ചെയ്തത്‌. മന്ത്രിസഭായോഗത്തിലും മമതയുടെ പാര്‍ട്ടി ഈ നിലപാട്‌ ആവര്‍ത്തിക്കുകയുണ്ടായി. സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണക്കണമെന്ന്‌ മന്‍മോഹന്‍ ടെലിഫോണില്‍ നേരിട്ട്‌ വിളിച്ച്‌ മമതയോട്‌ അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍ എതിര്‍പ്പ്‌ ആവര്‍ത്തിച്ച അവര്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന നിഷ്ക്കരുണം തള്ളി. എന്നുമാത്രമല്ല, പ്രധാനമന്ത്രി തന്നെ വിളിച്ച കാര്യവും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ച കാര്യവും അവര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ ഇടതുപാര്‍ട്ടികളോട്‌ പുലര്‍ത്തുന്ന രഹസ്യബന്ധത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസിനോട്‌ വിടപറഞ്ഞ മമതയുടെ സ്വഭാവം അറിയുന്നവര്‍ക്ക്‌ ഇതില്‍ പുതുമയൊന്നും തോന്നിയിരിക്കില്ല. എന്നാല്‍ പിന്നീട്‌ അവര്‍ നടത്തിയ ഒരു പ്രഖ്യാപനം ഭരണപക്ഷത്തെ മാത്രമല്ല പ്രതിപക്ഷ കക്ഷികളെപ്പോലും ഞെട്ടിക്കുകയുണ്ടായി.

ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മരവിപ്പിച്ചിരിക്കുന്നു എന്നാണ്‌ മമത ബാനര്‍ജി വെളിപ്പെടുത്തിയത്‌. മന്‍മോഹന്‍ സര്‍ക്കാരില്‍ റെയില്‍വേമന്ത്രിയായിരുന്ന മമത നിലവില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയാണ്‌. കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള തീരുമാനം പ്രഖ്യാപിക്കാനുള്ള യാതൊരു അധികാരവും നിയമപരമായി അവര്‍ക്കില്ല. എന്നിട്ടും വിദേശ നിക്ഷേപം സംബന്ധിച്ച്‌ പ്രധാനമന്ത്രിയോ മന്ത്രിസഭയിലെ മറ്റാരെങ്കിലുമോ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കുന്നതിന്‌ മുമ്പ്‌ മമത സ്വന്തം തീരുമാനം സര്‍ക്കാരിന്റേതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മമതയെ അനുനയിപ്പിക്കാന്‍ അവരുമായുള്ള ചര്‍ച്ചക്ക്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയെ പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. മുഖര്‍ജിയുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ്‌ വിദേശനിക്ഷേപം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചിരിക്കുന്നതായി മമത ഏകപക്ഷീയമായി പ്രഖ്യാപിച്ചത്‌. എന്നാല്‍ മമതയുടെ പ്രഖ്യാപനം സര്‍ക്കാരിന്റെതല്ലെന്ന്‌ വ്യക്തമാക്കാന്‍ പ്രധാനമന്ത്രിയോ മറ്റാരെങ്കിലുമോ മുതിര്‍ന്നില്ല. സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്‌ മറുപടി പറയാന്‍ മുഖര്‍ജി തയ്യാറായതുമില്ല. ഇവിടെയാണ്‌ കെടുകാര്യസ്ഥതയുടെ താടിയും ഭീരുത്വത്തിന്റെ തലപ്പാവുമണിഞ്ഞ്‌ പ്രധാനമന്ത്രിക്കസേരയിലിരിക്കുന്ന മന്‍മോഹന്‍ സഹതാപം അര്‍ഹിക്കുന്ന മനുഷ്യനായി മാറുന്നത്‌.

വാസ്തവത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ താന്‍ ദുര്‍ബലനായ ഭരണാധികാരിയാണെന്ന്‌ നിരന്തരം തെളിയിക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്‌. ഭരണകാര്യങ്ങളില്‍ മന്ത്രിമാര്‍ പ്രധാനമന്ത്രിയുമായാണ്‌ ബന്ധപ്പെടേണ്ടതെന്ന മട്ടില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ തുടക്കത്തില്‍ത്തന്നെ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിയുടേതായി പ്രചരിച്ച ഒരു കുറിപ്പ്‌ വിവാദമാവുകയുണ്ടായി. മന്ത്രിമാര്‍ മന്‍മോഹന്‍സിംഗിനെ അവഗണിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയുമായി ചര്‍ച്ച നടത്തി ഭരണകാര്യത്തില്‍ തീരുമാനങ്ങള്‍ എടുത്ത സാഹചര്യത്തിലാണിത്‌. ട്രെയിന്‍ ദുരന്തം നടന്ന സ്ഥലത്തേക്ക്‌ പോകാന്‍ നിര്‍ദ്ദേശമുണ്ടായിട്ടും അനുസരിക്കാതെ ഇപ്പോഴത്തെ യുപിഎ സര്‍ക്കാരിലെ റെയില്‍വേമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ ദിനേശ്‌ ത്രിവേദി അടുത്തിടെ പ്രധാനമന്ത്രിയെ ധിക്കരിക്കുകയുണ്ടായി. മുന്നണി ഭരണത്തിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ അഴിമതിക്കാരനെന്ന്‌ വ്യക്തമായിരുന്നിട്ടും എ. രാജയെ രണ്ടാം യുപിഎ സര്‍ക്കാരില്‍ ടെലികോംമന്ത്രിയാക്കിയതെന്ന്‌ തുറന്നുപറഞ്ഞ മന്‍മോഹന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ താന്‍ രാജ്യത്തിന്‌ ബാധ്യതയാണെന്ന്‌ സമ്മതിക്കുകയായിരുന്നു. ഏറ്റവും ഒടുവിലാണ്‌ സര്‍ക്കാരിനെ വെല്ലുവിളിച്ചും മന്‍മോഹനെ അപമാനിച്ചും വിദേശനിക്ഷേപ കാര്യത്തില്‍ മമത പ്രഖ്യാപനം നടത്തിയത്‌. ഇതോടെ വെറുതെ ഒരു പ്രധാനമന്ത്രി എന്ന പരിതാപകരമായ നിലയിലേക്ക്‌ പ്രധാനമന്ത്രി മന്‍മോഹന്‍ മാറിയിരിക്കുകയാണ്‌.

വിദേശനിക്ഷേപ തീരുമാനത്തെ ആരും അനുകൂലിച്ചില്ലെന്ന്‌ പറയുന്നത്‌ ശരിയായിരിക്കില്ല. ഇന്ത്യയിലെ ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ചണ്ഡിഗഢില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണക്കുകയുണ്ടായി. അമേരിക്കയുടെ പ്രതിനിധിയായി പി.വി. നരസിംഹറാവുവിന്റെ സര്‍ക്കാരില്‍ ധനമന്ത്രിയായി എത്തിയ താന്‍തന്നെ ഒരര്‍ത്ഥത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപമായിരിക്കെ ചില്ലറ വ്യാപാരരംഗത്തെ വിദേശനിക്ഷേപത്തിന്‌ പ്രത്യേക അനുമതി എന്തിന്‌ എന്നതാവാം മന്‍മോഹന്‍ ചിന്തിക്കുക.

മുരളി പാറപ്പുറം

No comments:

Post a Comment