ഒറ്റപ്പെടുന്ന മന്‍മോഹന്‍
ചില്ലറവില്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച
കേന്ദ്രമന്ത്രിസഭാതീരുമാനം ഒരു തന്ത്രമായിരുന്നു. കള്ളപ്പണവും അഴിമതിയുമുള്‍പ്പെടെയുള്ള
വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. എന്നാല്‍, കഷ്ടകാലമെന്ന് പറയട്ടെ അത് കൈകാര്യം ചെയ്തരീതി സമ്മാനിച്ചത് ദയനീയമായൊരു സെല്‍ഫ്‌ഗോളാണ്
കേന്ദ്രമന്ത്രിസഭാതീരുമാനം ഒരു തന്ത്രമായിരുന്നു. കള്ളപ്പണവും അഴിമതിയുമുള്‍പ്പെടെയുള്ള
വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. എന്നാല്‍, കഷ്ടകാലമെന്ന് പറയട്ടെ അത് കൈകാര്യം ചെയ്തരീതി സമ്മാനിച്ചത് ദയനീയമായൊരു സെല്‍ഫ്‌ഗോളാണ്
വിട്ടുമാറാത്ത തലവേദനയെക്കുറിച്ചുള്ള ചിന്തകളില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണുവഴി? ഉത്തരം ലളിതം, ഒരു കോണ്‍ക്രീറ്റ് കട്ടയെടുത്ത് കാലിലിട്ടാല്‍ മതി.
കഴിഞ്ഞയാഴ്ച എഴുതിയ പഴഞ്ചന്‍തമാശ ആവര്‍ത്തിക്കുകയാണോയെന്ന് നിങ്ങള്‍ സംശയിച്ചേക്കാം. ശരിയാണ്. പക്ഷേ, ഒരു കാര്യം അതിനോട് കൂട്ടിച്ചേര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. കോണ്‍ക്രീറ്റ് കട്ട മേലേ്പാട്ടെറിഞ്ഞ് അതു നിങ്ങളുടെ തലകൊണ്ട് പിടിക്കാന്‍ പ്രത്യേകപ്രതിഭ തന്നെ വേണമെന്ന കാര്യം.
ചില്ലറ വില്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രമന്ത്രിസഭാതീരുമാനം ഒരു തന്ത്രമായിരുന്നുവെന്ന് ഞാനിപ്പോഴും കരുതുന്നു. കള്ളപ്പണവും അഴിമതിയുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കഷ്ടകാലമെന്ന് പറയട്ടെ അതു കൈകാര്യം ചെയ്തരീതി സമ്മാനിച്ചത് ദയനീയമായൊരു സെല്‍ഫ്‌ഗോളാണ്.
നിര്‍ണായകസന്ധിയില്‍ ലോക്‌സഭ ഇപ്പോഴും പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം നല്‍കുമെന്നാണ് എന്റെ വിശ്വാസം. പക്ഷേ, ഭൂരിപക്ഷവും അധികാരവും രണ്ടും രണ്ടാണ്. പതിനഞ്ചാം ലോക്‌സഭയുടെ കാലാവധി പാതി പിന്നിട്ടിട്ടേയുള്ളൂ. എന്നാല്‍ ഡോ. മന്‍മോഹന്‍സിങ്ങിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി എന്നതിന് തൊട്ടുമുമ്പ് 'കാലാവധി കഴിയാറായ' എന്ന് നിങ്ങള്‍ സ്വാഭാവികമായും ചേര്‍ത്തു പോകും.
ഇതിന്റെ വ്യക്തമായ പ്രകടനം മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ (കാലാവധി കഴിയാറായ) പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്നതായിരുന്നു കേരളത്തില്‍നിന്നുള്ള പ്രതിനിധിസംഘത്തിന്റെ പ്രധാന ആവശ്യം. തന്നെ കാണാനെത്തിയവരുടെ ആവശ്യം പ്രധാനമന്ത്രി തള്ളിയില്ല. പക്ഷേ, തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത തന്റെ ക്ഷണം സ്വീകരിക്കുമോയെന്ന് ആ പാവം മനുഷ്യന്‍ ശങ്ക പ്രകടിപ്പിച്ചു.
ഒരു സംസ്ഥാനമുഖ്യമന്ത്രിക്ക് തന്നെക്കാണാന്‍ സമയമുണ്ടാകുമോയെന്ന് എന്നാണ് ഏറ്റവുമൊടുവില്‍ ഒരു പ്രധാനമന്ത്രി ശങ്കാകുലനായത്?
''ഞങ്ങളിതേക്കുറിച്ച് ഏറെ തലപുകച്ചതാണ്, ഈ തീരുമാനം നമുക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു''-നവംബര്‍ 29ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ യൂത്ത് കോണ്‍ഗ്രസ് ജാംബൂരിയുടെ വേദിയില്‍ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. ശീതീകരണികള്‍ സ്ഥാപിക്കാന്‍ വിദേശത്തുനിന്നും പണമൊഴുകുന്നത് കര്‍ഷകരെ എങ്ങനെയെല്ലാം സഹായിക്കുമെന്നും പറഞ്ഞുകേട്ടു. എന്നാല്‍ ശീതീകരണിയിലേക്ക് പോകുന്നത് മന്‍മോഹന്‍സിങ് മന്ത്രിസഭയുടെ സുപ്രധാന തീരുമാനമല്ലാതെ മറ്റൊന്നുമാവില്ലെന്ന് ഡിസംബര്‍ നാലിന് ആഹ്ലാദത്തോടെ മമത ബാനര്‍ജി പ്രഖ്യാപിച്ചു.
നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഗുണദോഷവശങ്ങളെക്കുറിച്ചല്ല ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. കാരണം നിലവിലുള്ള അവസ്ഥയില്‍ അത് അര്‍ഥശൂന്യമാണെന്നതുതന്നെ കാരണം. എന്നാല്‍ ഇന്നത്തെ കുത്തഴിഞ്ഞ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി?
ചിലര്‍ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്നു. മറ്റു ചിലര്‍ ബി.ജെ.പി.യെ പഴിചാരുന്നു. വേറെ ചിലരാകട്ടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും. ഈ കുറ്റംപറച്ചിലില്‍ എന്തെങ്കിലും ന്യായമുണ്ടെന്നു തോന്നുന്നുണ്ടോ?
രാജ്യത്തെ ചില്ലറവിപണി വിദേശകമ്പനികള്‍ക്കായി തുറന്നുകൊടുക്കുന്നതിനെ, യഥാര്‍ഥത്തില്‍ സാമ്പത്തിക ഉദാരീകരണനടപടികളെത്തന്നെ ഇടതുപക്ഷം എന്നും എതിര്‍ക്കുന്നതാണ്. സി.പി.എം. ഇക്കാര്യത്തില്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും അബദ്ധധാരണയുണ്ടാകുമെന്നു തോന്നുന്നില്ല.
2004-ല്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ചില്ലറവില്പനരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതും ചര്‍ച്ചയായി. വിദേശനിക്ഷേപപരിധി 26 ശതമാനമെന്നാണ് അതില്‍ പറഞ്ഞിരുന്നത്, 51 ശതമാനമായിരുന്നില്ല. പ്രധാനകാര്യം അതല്ല, 2009-ലെ പ്രകടനപത്രികയില്‍ എന്‍.ഡി.എ. ഇത് പാടേ തഴയുകയായിരുന്നു. രണ്ടരവര്‍ഷം മുമ്പത്തെ കാര്യമാണത്, കോണ്‍ഗ്രസ്സിലെ ആര്‍ക്കെങ്കിലുമത് വായിച്ചുനോക്കാന്‍ സമയമേറെ കിട്ടിയതാണ്. പക്ഷേ, അതുണ്ടായില്ലെന്ന് അവരുടെ ആരോപണം തെളിയിക്കുന്നു.
ഇനി പ്രതിസന്ധിയുടെ ഉത്തരവാദിത്വം മമത ബാനര്‍ജിയുടെ വീട്ടുപടിക്കല്‍ കൊണ്ടുചെന്ന് തള്ളാമോ?
ഒരിക്കലുമതിന് കഴിയില്ല. ചില്ലറവിപണിയിലെ വിദേശനിക്ഷേപത്തെ ഒന്നിലേറെ തവണ എതിര്‍ത്ത പാരമ്പര്യമാണ് അവര്‍ക്കുള്ളത്.
2008-ല്‍ ആണവസാങ്കേതികവിദ്യപ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ലഭിച്ച പൂര്‍ണപിന്തുണ ഡോ. മന്‍മോഹന്‍സിങ്ങിന് ലഭിച്ചിരുന്നുവെങ്കില്‍ മേല്പറഞ്ഞ എതിര്‍പ്പുകളൊന്നും വിലപ്പോവില്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.
മാധ്യമലോകത്തെ എന്റെ സുഹൃത്തുക്കളിലേറെയും എന്‍.ഡി.എ.ക്കും ഇടതുപക്ഷത്തിനും നേരേയാണ് വിരല്‍ ചൂണ്ടുന്നത്. എന്തുകൊണ്ടാരും കോണ്‍ഗ്രസ്സിന്റെ കാര്യം കണക്കിലെടുക്കുന്നില്ല?
കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല ചില്ലറവിപണിയിലെ വിദേശനിക്ഷേപത്തെ എതിര്‍ത്തുകൊണ്ട് മന്‍മോഹന്‍സിങ്ങിന് കത്തെഴുതി (ഒരിക്കല്‍ കൂടി ചോദിക്കട്ടെ, എന്നാണ് ഏറ്റവുമൊടുവില്‍ ഒരു പി.സി.സി. പ്രസിഡന്റ് അത്തരമൊരു കത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് എഴുതിയത്?) അതും പോരാഞ്ഞ് കേരളത്തില്‍ ഈ തീരുമാനം നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് കെ.പി.സി.സി. പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തു.
ഹരിയാണയിലും അധികാരത്തിലിരിക്കുന്നത് കോണ്‍ഗ്രസ് മന്ത്രിസഭയാണ്. ചില്ലറവിപണിയില്‍ വിദേശനിക്ഷേപമനുവദിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എകൈ്‌സസ് നികുതിമന്ത്രി കിരണ്‍ ചൗധരിയുടെ മറുപടി ഇങ്ങനെയായിരുന്നു: ''സംസ്ഥാനത്തിന് ഏറ്റവും യോജിച്ചത് ഞങ്ങള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടില്ല.''
കണ്ണുമടച്ച് റാന്‍ മൂളാന്‍ തങ്ങളെ കിട്ടില്ലെന്നു തന്നെയല്ലേ അതിനര്‍ഥം?
''മഹാനായ സുല്‍ത്താന്‍ ഷാ ആലം ഡല്‍ഹി മുതല്‍ പാലം വരെ അടക്കി വാഴുന്നു'' - ദുര്‍ബലനായ മുഗള്‍ ഭരണാധികാരി ഷാ ആലമിന്റെ കാലത്ത് എല്ലാവരും പറഞ്ഞുനടന്നത് അങ്ങനെയായിരുന്നു. കിരണ്‍ ചൗധരിയുടെ സംസ്ഥാനമായ ഹരിയാണ ഡല്‍ഹി വിമാനത്താവളം സ്ഥിതിചെയ്യുന്ന പാലത്തു നിന്ന് വിളിപ്പാടകലെയാണ്. സത്യത്തില്‍ പാവം മന്‍മോഹന്‍ സിങ്ങിനെ മുഗള്‍ചരിത്രത്തില്‍ നിന്ന് ഒരു പാഠം ഓര്‍മിപ്പിക്കുകയാണ് ഹരിയാണ മന്ത്രി ചെയ്തത്.
സുല്‍ത്താന്‍ ഷാ ആലം ഡോ. മന്‍മോഹന്‍സിങ്ങിനെക്കാളും ഭേദപ്പെട്ട നിലയിലായിരുന്നുവെന്നാണ് തോന്നുന്നത്. സിങ്ങിന്റെ കല്പന ഡല്‍ഹിയില്‍പ്പോലും നടപ്പാകുന്നില്ല. ഡല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചു: ''ഞങ്ങള്‍ക്ക് സ്വന്തമായി ഭൂമിയില്ല, ചില്ലറവില്പനശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നുമില്ല. നഗരത്തില്‍ ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം വേണമോയെന്ന കാര്യം കേന്ദ്ര നഗരവികസന മന്ത്രാലയവും ഡല്‍ഹി സര്‍ക്കാറും ഡല്‍ഹി നഗരസഭയും സംയുക്തമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.''
ലളിതമായി പറഞ്ഞാല്‍ ഉത്തരവാദിത്വം മുഴുവന്‍ ബി. ജെ.പി. ഭരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും മന്‍മോഹന്‍ മന്ത്രിസഭയുടെയും ചുമലില്‍ ചാരുകയാണ് ഷീലാദീക്ഷിത് ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ്സുകാരോട് സംസാരിക്കുമ്പോള്‍ രമേശ് ചെന്നിത്തലയുടെ കത്തിനെക്കുറിച്ചും ഷീലാ ദീക്ഷിതിന്റെ ഒഴിഞ്ഞുമാറലിനെക്കുറിച്ചും കിരണ്‍ ചൗധരിയുടെ പ്രസ്താവനയെക്കുറിച്ചും മന്‍മോഹന്‍സിങ് ബോധവാനായിരുന്നില്ലേ? അതോ പ്രതിപക്ഷത്തെയെന്ന പോലെ കോണ്‍ഗ്രസ് 'ഹൈക്കമാന്‍ഡി'നെയും വെല്ലുവിളിക്കുകയായിരുന്നോ?
അങ്ങനെയാണെങ്കില്‍ ആ പാവം മനുഷ്യന് തന്റെ സ്ഥാനമേതെന്ന് സഞ്ജയ് സിങ് കാട്ടിക്കൊടുക്കുന്നുണ്ട്. സുല്‍ത്താന്‍പുരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി.യാണ് സഞ്ജയ്‌സിങ്. ഉത്തര്‍പ്രദേശിന്റെ ഭൂമിശാസ്ത്രമറിയാത്തവര്‍ക്കായി ഈ മണ്ഡലം എവിടെയെന്ന് പറയാം. റായ്ബറേലി, അമേഠി ലോക്‌സഭാമണ്ഡലങ്ങള്‍ക്കിടയിലാണ് സുല്‍ത്താന്‍പുരിന് സ്ഥാനം. റായ്ബറേലിയെ സോണിയാഗാന്ധിയും അമേഠിയെ രാഹുല്‍ഗാന്ധിയുമാണ് ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്നത്. അമേഠിയിലെ പഴയ രാജകുടുംബത്തിലാണ് സഞ്ജയ്‌സിങ്ങിന്റെ ജനനം.
സഞ്ജയ്‌സിങ് ഉയര്‍ത്തുന്ന കലാപക്കൊടിക്കുപിന്നില്‍ നെഹ്രു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള വ്യക്തമായ സൂചനകളല്ലെന്ന് ആരെങ്കിലും കരുതുമോ? നയങ്ങളെല്ലാം കെട്ടിപ്പൂട്ടണമെന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിയോട് എന്നാണ് ഏറ്റവുമൊടുവില്‍ ഒരു കോണ്‍ഗ്രസ് എം.പി. ആവശ്യപ്പെട്ടത്? അങ്ങനെ വിമതശബ്ദമുയര്‍ത്തുന്നവര്‍ക്ക് എന്നെങ്കിലും അച്ചടക്കസമിതിക്കുമുന്നില്‍ സമാധാനം പറയാതെ രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടോ?
2011-ലെ സാഹചര്യം വെച്ചുനോക്കുമ്പോള്‍ ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപമെന്നത് നടക്കാത്ത കാര്യമാണെന്ന് സുവ്യക്തം. രാജ്യത്തിന്റെ ഭൂപടം പരിശോധിച്ചാല്‍ അതിന്റെ കാരണം ബോധ്യപ്പെടും. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ഒറീസ, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രതീരുമാനം വന്നതിനുപിറകെ അത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകവും ഗുജറാത്തുമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പാര്‍ട്ടിലൈനില്‍ നിന്ന് മാറില്ലെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോണ്‍ഗ്രസ്സും സി.പി.എമ്മും ഒരേപോലെ എതിര്‍ക്കുന്നതിനാല്‍ കേരളത്തിലത് ഒരിക്കലും നിലംതൊടില്ലെന്ന് വ്യക്തം. ഹരിയാണ പോലുള്ള ചില സംസ്ഥാനങ്ങള്‍ക്ക് തണുപ്പന്‍ മട്ടാണ്.
രാജ്യത്തെ പാതിമേഖല ഇങ്ങോട്ടുവരേണ്ടെന്ന് തുറന്നു പ്രഖ്യാപിക്കുകയും മറ്റിടങ്ങളില്‍ എതിര്‍പ്പ് നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാള്‍മാര്‍ട്ടും ടെസ്‌കോയും കാര്‍ഫോറുമൊക്കെ ഇന്ത്യയിലേക്ക് സഹസ്രകോടികള്‍ ഒഴുക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
വിദേശത്ത് കോടികള്‍ (മിക്കവാറും കള്ളപ്പണം) കൊണ്ടുപോയി നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടിക പുറത്തുവിടണമെന്നതുള്‍പ്പെടെയുള്ള സുപ്രധാനവിഷയങ്ങളാണ് പാര്‍ലമെന്റിനു മുന്നിലുള്ളത്. അത് ചര്‍ച്ചയ്ക്കുവരുന്നത് ഒഴിവാക്കാനുള്ള വഴിതിരിച്ചുവിടല്‍ തന്ത്രം തന്നെയാവണം ചില്ലറവിപണിയില്‍ വിദേശനിക്ഷേപം അനുവദിച്ചതിലൂടെ കേന്ദ്രം പയറ്റിയത്. രാഷ്ട്രീയമായി കുറച്ചെങ്കിലും കൗശലമുള്ള ഒരു സര്‍ക്കാറായിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ വ്യത്യസ്തമായി കൈകാര്യം ചെയ്‌തേനെയെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. വാണിജ്യമന്ത്രി ആനന്ദ് ശര്‍മ ആവര്‍ത്തിക്കുന്നതുപോലെ തീരുമാനം പൂര്‍ണമായും ഭരണാധികാരത്തിന്റെ പരിധിയില്‍ നിന്നുള്ളതായിരിക്കാം. എന്നാല്‍ ഫ്രഞ്ച് നയതന്ത്രജ്ഞന്‍ ടളിറോന്‍ഡിന്റെ ഉദ്ധരണി ഇവിടെ ഓര്‍മ വരുന്നു. അതുനിയമാനുസൃതമാകാം, എന്നാല്‍ ''ഒരു കുറ്റത്തെക്കാള്‍ ഗുരുതരവും തികഞ്ഞ വങ്കത്തരവുമാണ്.''
പാര്‍ലമെന്റില്‍ (കാലാവധി കഴിയാറായ) പ്രധാനമന്ത്രിക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ടായേക്കാം, എന്നാല്‍, ഇനിയൊരിക്കലും അദ്ദേഹത്തിന് അധികാരം അവകാശപ്പെടാനാവില്ല.
No comments:
Post a Comment