ജനങ്ങളെ മറക്കുന്ന വിചിത്ര തന്ത്രങ്ങള്‍
അഴിമതി, അന്തമില്ലാതെ കുതിക്കുന്ന പണപ്പെരുപ്പം,
കള്ളപ്പണം തുടങ്ങിയവയാണ് രാജ്യമിന്ന് നേരിടുന്ന ഗുരുതരപ്രശ്‌നങ്ങളെന്ന്
മിക്കവരും പറയും. ഇതൊക്കെത്തന്നെയാവും പാര്‍ലമെന്റിന്റെ
ശീതകാലസമ്മേളനത്തില്‍ കത്തിക്കയറുകയെന്നും കരുതിയേക്കാം. എന്നാല്‍, വെറും മിഥ്യാധാരണയാണതെന്ന് പറയേണ്ടിവരും
ശീതകാലസമ്മേളനത്തില്‍ കത്തിക്കയറുകയെന്നും കരുതിയേക്കാം. എന്നാല്‍, വെറും മിഥ്യാധാരണയാണതെന്ന് പറയേണ്ടിവരും
വിട്ടുമാറാത്ത തലവേദനയെക്കുറിച്ചുള്ള ചിന്തയില്‍ നിന്ന് നിങ്ങളുടെ മനസ്സിനെ എങ്ങനെ തിരിച്ചുവിടാന്‍ കഴിയും? തികച്ചും ലളിതം, വലിയൊരു കോണ്‍ക്രീറ്റ് കട്ടയെടുത്ത് കാലിലിടുക...
ചിരിക്കാന്‍ വരട്ടെ, ഈ പഴഞ്ചന്‍ തമാശയാണിപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഇന്ത്യയിലെ മുഖ്യരാഷ്ട്രീയകക്ഷികളെ നയിക്കുന്നത്. അഴിമതി, അന്തമില്ലാതെ കുതിക്കുന്ന പണപ്പെരുപ്പം, കള്ളപ്പണം തുടങ്ങിയവയാണ് രാജ്യമിന്ന് നേരിടുന്ന ഗുരുതരപ്രശ്‌നങ്ങളെന്ന് മിക്കവരും പറയും. ഇതൊക്കെത്തന്നെയാവും പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കത്തിക്കയറുകയെന്നും കരുതിയേക്കാം. എന്നാല്‍, വെറും മിഥ്യാധാരണയാണതെന്ന് പറയേണ്ടിവരും.
കോണ്‍ഗ്രസ്സോ ബി.ജെ.പി.യോ ബഹുജന്‍സമാജ് പാര്‍ട്ടിയോ, കക്ഷിയേതായാലും ഇത്തരം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അത്ര തത്പരരല്ലെന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്കതിന് അവരുടേതായ കാരണങ്ങളുണ്ടാവാം. പാര്‍ട്ടികള്‍ വേറെയുമുണ്ടെന്നത് ശരി. എന്നാല്‍, മേല്‍പ്പറഞ്ഞ മൂന്നുകക്ഷികളാണ് 2012-ല്‍ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളില്‍ മുഖ്യപ്രതിയോഗികള്‍. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. അതില്‍ എല്ലാവരുടെയും കണ്ണ് സ്വാഭാവികമായും വലിയ സംസ്ഥാനമായ യു.പി.യിലേക്കു തന്നെ.
ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്നു തുടങ്ങാം. ഉത്തര്‍പ്രദേശില്‍ സഖ്യകക്ഷികളുടെയൊന്നും തുണയില്ലാതെ തനിച്ചാണ് അവര്‍ ഭരിക്കുന്നത്. മായാവതിയുടെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാര്‍ കുത്തഴിഞ്ഞ ഭരണത്തിന്റെ പേരില്‍, പ്രത്യേകിച്ച് അഴിമതിയുടെ പേരില്‍ എല്ലാ തുറകളില്‍ നിന്നും ആക്രമണം നേരിടുകയാണ്. സമാജ്‌വാദി പാര്‍ട്ടിയും ബി.ജെ.പി.യും കോണ്‍ഗ്രസ്സുമെല്ലാം ബി.എസ്.പി. സര്‍ക്കാറിനെതിരെ തുടര്‍ച്ചയായി ആരോപണവുമായി രംഗത്തെത്തുന്നു. ഓരോന്നും വിശദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ആരോപണങ്ങളില്‍ ചിലത് തങ്ങള്‍ക്ക് പ്രഹരമേല്‍പ്പിക്കുമെന്ന് ബി.എസ്.പി. ആശങ്കപ്പെടുന്നു.അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഉത്തര്‍പ്രദേശിന്റെ വിഭജനമെന്ന കോണ്‍ക്രീറ്റ് കട്ടയെടുത്ത് അവര്‍ കാലിലിടുന്നത്.
സംസ്ഥാനം വിഭജിക്കണമെന്ന ആവശ്യത്തില്‍ ബി.എസ്. പി. ആത്മാര്‍ഥത പുലര്‍ത്തുന്നുണ്ടോ? മുന്‍കാല ചരിത്രം പരിശോധിക്കാം. നാലരവര്‍ഷമായി മായാവതി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നു. നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അവര്‍ സംസ്ഥാനവിഭജനമെന്ന ആവശ്യവുമായി സഭയില്‍ പ്രമേയം കൊണ്ടുവന്നത്. മിനിറ്റുകള്‍ക്കകം പ്രമേയം 'അംഗീകരിച്ചു'. ചര്‍ച്ചയുടെ പൊടിപോലുമുണ്ടായില്ല. സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായെന്ന് പ്രതിപക്ഷകക്ഷികള്‍ ബഹളം കൂട്ടുന്നതിനിടെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയെടുത്തത്. അതുകഴിഞ്ഞതോടെ സഭയുടെ പ്രവര്‍ത്തനം മരവിപ്പിച്ചതായി സ്പീക്കര്‍ സുഖ്‌ദേവ് രാജ്ഭാര്‍ പ്രഖ്യാപിച്ചു. പുതിയ നിയമസഭ തിരഞ്ഞെടുക്കും വരെ ഇനി നടപടികളൊന്നുമുണ്ടാവില്ല. എന്നാല്‍, താത്കാലികമായെങ്കിലും അഴിമതിക്കഥകളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ബി.എസ്.പി.ക്കു കഴിഞ്ഞുവെന്ന് പറയേണ്ടിയിരിക്കുന്നു. യു.പി. വിഭജിച്ച് പൂര്‍വാഞ്ചല്‍, പശ്ചിംപ്രദേശ്, അവധ്പ്രദേശ്, ബുന്ദേല്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ പ്രശ്‌നത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് മുഖ്യമന്ത്രി മായാവതി പ്രഖ്യാപിച്ചു. അതിനര്‍ഥം പന്ത് തന്റെ രാഷ്ട്രീയശത്രുക്കളുടെ കോര്‍ട്ടിലാണെന്നു തന്നെ. തെലുങ്കാന സംസ്ഥാനരൂപവത്കരണമെന്ന പ്രശ്‌നത്തില്‍ നിന്ന് തലയൂരാനാകാതെ പെടാപ്പാടിലാണ് കോണ്‍ഗ്രസ്. അതിനിടയില്‍ യു.പി. വിഭജനം അവര്‍ക്ക് പുതിയ കീറാമുട്ടിയാകുമെന്ന് മറ്റാരേക്കാളും മായാവതിക്ക് നന്നായറിയാം.
ബഹുജന്‍ സമാജ് പാര്‍ട്ടി അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ചവറ്റുകുട്ടയില്‍ തള്ളുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ പാരമ്പര്യവും അത്ര മികച്ചതൊന്നുമല്ല. മായാവതിയുടെ ഉത്തര്‍പ്രദേശില്‍ ഇടനിലക്കാര്‍ കുന്നോളം പണമുണ്ടാക്കുകയാണെന്നും മറ്റുമൊക്കെ രാഹുല്‍ഗാന്ധി പ്രസംഗിച്ചു നടക്കുന്നുണ്ട്. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ കാര്യമോ? കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രമക്കേട്, 2 ജി സ്‌പെക്ട്രം അഴിമതി, ആദര്‍ശ് ഹൗസിങ് സൊസൈറ്റി കുംഭകോണം... മൂടിവെച്ച കോഴക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നു.
കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ അഴിമതി പൊറുപ്പിക്കുന്നതിനേക്കാള്‍ മോശം ചരിത്രം സാമ്പത്തികമേഖലയിലെ കെടുകാര്യസ്ഥതയാണെന്ന് ഞാന്‍ പറയും. അതിന്റെ ദൂരവ്യാപകപ്രത്യാഘാതം അതിഗുരുതരമാവാനിടയുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാറാണിത്. എന്നാല്‍, ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അടിസ്ഥാന വിഭവസമാഹാരണത്തിലുമൊക്കെ തികഞ്ഞ പരാജയമാണ് ഈ സര്‍ക്കാര്‍. ഭീതിജനകമായ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് എന്തെങ്കിലുമൊരു ഉപായം കണ്ടെത്താന്‍ അവര്‍ക്കു കഴിയുന്നില്ല. അതു തന്നെയാണ് നമ്മുടെ കീശ ചോര്‍ത്തി പ്രതിസന്ധിയിലാക്കുന്നതും.
സഭയില്‍ വിലക്കയറ്റം ചര്‍ച്ച ചെയ്താല്‍ ബുദ്ധിമുട്ടാകുമെന്ന് കോണ്‍ഗ്രസ്സിന്റെ തന്ത്രങ്ങള്‍ മെനയുന്നവര്‍ക്കറിയാം. പാര്‍ലമെന്റില്‍ ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങിയ വേളയില്‍ കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചില്ലറവില്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപമെന്ന കോണ്‍ക്രീറ്റ് കട്ടയെടുത്തിട്ടത് യാദൃച്ഛികമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ...?
വിശദാംശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ബി.എസ്.പി.യുടെ നീക്കത്തില്‍ നിന്ന് ഇതെങ്ങനെയാണ് വ്യത്യസ്തമാകുന്നത്. ഉത്തര്‍പ്രദേശിനെ വിഭജിക്കുന്നതിന് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയകക്ഷികളുടെയൊന്നും പിന്തുണയുണ്ടാവില്ലെന്ന് മായാവതിസര്‍ക്കാറിന് വ്യക്തമായിട്ടറിയാം. നേരിട്ടുള്ള വിദേശനിക്ഷേപമെന്നത് സങ്കീര്‍ണപ്രശ്‌നമാണെന്നും അതിന് യു.പി.എ. യിലെ സഖ്യകക്ഷികളുടെ പിന്തുണ പോലും കിട്ടില്ലെന്നും മന്‍മോഹന്‍സിങ് സര്‍ക്കാറിനുമറിയാം. സ്വാഭാവികമായും വലിയ കക്ഷിയായ മമതബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സും അതിനെ എതിര്‍ത്തു. ഭിന്നിപ്പിച്ച് നേട്ടം കൊയ്യുകയെന്ന ക്ലാസിക് തന്ത്രം തന്നെയാണിത്. ജനങ്ങളെ ബാധിക്കുന്ന യഥാര്‍ഥപ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാനുള്ള തന്ത്രം.
ഏതു നിലയ്ക്കായാലും ബി.ജെ.പി. കാര്യങ്ങള്‍ വ്യത്യസ്തമായി കാണുമെന്ന് പ്രതീക്ഷിച്ചാല്‍ തെറ്റു പറയാനാവില്ല. എന്നാലെന്തെന്നറിയില്ല, അഴിമതിയും കള്ളപ്പണവുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അവര്‍ മടിച്ചു നില്‍ക്കുകയാണ്. ഒരു സംഭവം ചൂണ്ടിക്കാട്ടാം. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചത്. എന്തുകൊണ്ട്? 2 ജി അഴിമതിക്ക് വഴിയൊരുക്കിയത് ചിദംബരത്തിന്റെ നിലപാടുകളാണെന്ന് ബി.ജെ.പി. പറയുന്നു.
ഇതിലെന്തെങ്കിലും യുക്തി കണ്ടെത്താനാവുമോ? 2 ജി അഴിമതിക്കേസ് ഇപ്പോള്‍ കോടതിയിലാണ്. കോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17-നാണ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിക്ക് സി.ബി.ഐ.യില്‍ നിന്ന് അഞ്ഞൂറോളം പേജുകളുള്ള രേഖകള്‍ കിട്ടിയത്. ഇതു പരിശോധിച്ചശേഷം അദ്ദേഹം പ്രത്യേക കോടതിയില്‍ സത്യവാങ്മൂലം നല്‍കും. മന്ത്രി ചിദംബരത്തിന്റെ പങ്കു വെളിപ്പെടുത്തുന്ന തെളിവുകളെന്ന വാദവുമായി കഴിഞ്ഞ സപ്തംബറില്‍ സുബ്രഹ്മണ്യന്‍സ്വാമി സുപ്രീംകോടതിയില്‍ ചില രേഖകള്‍ സമര്‍പ്പിക്കുകയുമുണ്ടായി. സുപ്രീംകോടതിയും പ്രത്യേകകോടതിയും തങ്ങളുടെ ചുമതല നിര്‍വഹിക്കില്ലെന്നു കരുതാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടോ?2 ജി അഴിമതിപ്രശ്‌നം പാര്‍ലമെന്റിന്റെ രണ്ടു സമിതികള്‍ ഇപ്പോള്‍ പരിശോധിച്ചു വരികയാണ്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും (പി.എ.സി.) 2 ജി വിഷയത്തിനുമാത്രം രൂപവത്കരിച്ച ജോയന്റ് പാര്‍ലമെന്ററി കമ്മിറ്റിയും (ജെ.പി.സി). ഇക്കാര്യം ബി. ജെ.പി. ഓര്‍ക്കുന്നുപോലുമില്ലേ?
വിലക്കയറ്റമുള്‍പ്പെടെയുള്ള സുപ്രധാനജനകീയപ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നത് തടസ്സപ്പെടുത്തുമെന്നതല്ലാതെ, ചിദംബരത്തെ ബഹിഷ്‌കരിക്കുന്നതിലൂടെ സത്യത്തില്‍ എന്തു നേട്ടമുണ്ടാക്കാനാവുമെന്നാണ് ബി.ജെ.പി കരുതുന്നത്.
രോഷവും ആശങ്കകളും രാജ്യത്തിന്റെ എല്ലാ ഭാഗത്തും പുകയുകയാണ്. മുംബൈയിലെ വ്യവസായമേധാവികള്‍ തൊട്ട് നിത്യക്കൂലിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ദരിദ്രനാരായണന്മാരായ തൊഴിലാളികള്‍ വരെ പ്രതിഷേധസ്വരമുയര്‍ത്തുന്നു. എന്നാല്‍, ഡല്‍ഹിയിലെയും ലഖ്‌നൗവിലെയും മുഖ്യരാഷ്ട്രീയകക്ഷികളെയെല്ലാം അന്ധതയും ബധിരതയും ബാധിച്ചുവെന്നാണ് തോന്നുന്നത്. കോണ്‍ക്രീറ്റ് കട്ടകള്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ വീഴുമ്പോഴും കടുത്ത തലവേദനയില്‍ നമ്മള്‍ കുഴഞ്ഞുവീഴുകയാണ്.
No comments:
Post a Comment