Friday, 9 December 2011

സരബ്‌ജിത് സിംഗിന്റെ മോചനം: പാക് സര്‍ക്കാരിന് നോട്ടീസ്

ലാഹോര്‍: സ്ഫോടന കേസില്‍ അറസ്റ്റിലായി പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാരന്‍ സരബ്‌ജിത് സിംഗിന്റെ മോചനത്തിനുള്ള റിട്ട്‌ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി പാക്‌ സര്‍ക്കാരിന്റെ നിലപാട്‌ ആരാഞ്ഞു. മൂന്ന്‌ ആഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കാനാണ്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.
സരബ്‌ജിത് സിംഗിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു പാക് പ്രസിഡന്റിന് നല്‍കിയ ദയാഹര്‍ജി നിയമവിരുദ്ധമെന്നു കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പാക് സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി ആരാഞ്ഞത്. അഭിഭാഷകനായ റാണ ഇലാമുദ്ദീന്‍ ഖാസിയാണ് പ്രസിഡന്‍റിന്റെ ഇടപെടല്‍ നിയമവിരുദ്ധമെന്നു കാട്ടി ഹര്‍ജി സമര്‍പ്പിച്ചത്.
1990ല്‍ പഞ്ചാബ് പ്രവിശ്യയിലുണ്ടായ സ്ഫോടനക്കേസിലാണ് ഇന്ത്യന്‍ സ്വദേശി സരബ്‌ജിത് സിംഗ് ശിക്ഷിക്കപ്പെട്ടത്. സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിധിക്കെതിരെ സരബ്‌ജിത് സിംഗ് ലാഹോര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും അത്‌ തള്ളിയിരുന്നു. തുടര്‍ന്ന്‌ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫിന്‌ ദയാഹര്‍ജി നല്‍കി. എന്നാല്‍ അതും നിരസിക്കപ്പെട്ടു.
ഈയിടെ സരബിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കു ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതു നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് റാണയുടെ വാദം. പാക് ഭരണഘടനയുടെ 45മതു വകുപ്പു പ്രകാരം സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ അവകാശികളുടെ അനുമതിയില്ലാതെ വധശിക്ഷയില്‍ ഇളവ് നല്‍കാനാവില്ലെന്നു ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
2008ല്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ ഇടപെടലോടെ വധശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു.

No comments:

Post a Comment