Monday 3 December 2012

കാമരൂപിലെ യോനീപൂജ



ആസാമിലെ ഒരു പ്രമുഖ തീര്‍ഥാടനസ്ഥാനമാണ് കാമരൂപിലെ കാമാഖ്യ. ഗൗഹാതിനഗരത്തില്‍ 
നിന്ന് മൂന്നുനാഴിക മാറി, നീലാചല്‍ എന്ന കുന്നിന്‍ മുകളില്‍, ഹൃദ്യമായ ഗൃഹാകൃതികള്‍ക്കിടയില്‍ 
ഒരിടത്തരം ക്ഷേത്രം. മന്ദിരത്തിനകത്തെ ചെറിയ ഗുഹക്കുള്ളില്‍ നിലത്ത് കല്‍ഫലകത്തില്‍ 
കൊത്തിവെച്ചുകാണുന്ന കാമാഖ്യയുടെ യോനിയാണ് പ്രതിഷ്ഠ. ഗുഹാന്തരാളത്തിലെ നീരുറവ 
ശിലായോനീതടത്തില്‍ ഈര്‍പ്പമായി ഇറ്റി നില്‍ക്കുന്നു. തളം കെട്ടിയ വെള്ളം കൈക്കുമ്പിളില്‍ 
കോരിയെടുത്ത് രുചിക്കാം. ഉപ്പുരസമാണ്. അമ്മയുടെ ഋതുകാലധാരയുമായി ബന്ധപ്പെട്ട 
ചുവപ്പുചാന്തില്‍ അഭിഷിക്തമാണ് പരിസരം. 
ആര്‍ത്തവനാളുകളില്‍ നീരുറവയിലും 
രക്തത്തിന്റെ 

ലാഞ്ഛനകള്‍ കാണുമത്രേ.

ഈ താന്ത്രികക്ഷേത്രം ആസാമിന്റെ 
പൂര്‍വചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഭഗവതീ 
സങ്കല്പമായ കാമാഖ്യയുടെ ആധാരമാണ്. 
ബ്രഹ്മപുത്രയുടെ തീരത്തെ ആദ്യത്തെ രാജവംശം കാമാഖ്യയുടെ തിരുനാമത്തിലാണ് ജനിച്ചത്. കാമാഖ്യയുടെ ഊറ്റത്തെച്ചൊല്ലിയുള്ള അഭിപ്രായവൈരുധ്യങ്ങളില്‍നിന്നാണ
് വടക്കുകിഴക്കനിന്ത്യയില്‍ ശൈവ-വൈഷ്ണവ സംഘര്‍ഷങ്ങള്‍ തുടങ്ങിയത്. പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ശങ്കരദേവന്റെ 'ഏക ശരണ ധര്‍മ'മെന്ന വൈഷ്ണവപ്രസ്ഥാനം ശക്തിപൂജയെ തളര്‍ത്തിയെങ്കിലും കാമാഖ്യയും കാമാഖ്യയുടെ നാനാമൂര്‍ത്തീകരണങ്ങളും ഇപ്പോഴും ആസാമിലെയും പ്രാന്തസംസ്ഥാനങ്ങളിലെയും മതവിശ്വാസങ്ങളില്‍ പ്രതാപരുദ്രകളായ ദേവതകള്‍ തന്നെ. ക്ഷേത്രോല്‍പ്പത്തിയെയും യോനീപ്രതിഷ്ഠയെയും സംബന്ധിച്ച് അനേകം പഴംകഥകളുണ്ട്. അവ ദേശത്തിന്റെ പൂര്‍വചരിത്രത്തിലേക്കു മാത്രമല്ല, പ്രാദേശിക ദൈവാരാധനാസമ്പ്രദായങ്ങളും ആര്യന്‍മാരുടെ മതധാരണകളും തമ്മിലുള്ള അന്യോന്യസങ്കലനത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കും വെളിച്ചം വീശുന്നു. 'കലികപുരാണം', 'യോഗിനീതന്ത്രം' എന്നീ പൗരാണിക ഗ്രന്ഥങ്ങള്‍ ഈ പഴങ്കഥകള്‍ പൊരുത്തപ്പെടുത്തി കാമാഖ്യയുടെ വിവിധ ചൈതന്യപ്രത്യക്ഷങ്ങള്‍ സ്വരൂപിച്ച ഒരു ശക്തിസങ്കല്പം സ്ഥാപിച്ചിട്ടുണ്ട്.

പ്രസക്തമായ കഥകളിങ്ങനെ:-
പിതാവായ ദക്ഷന്റെ യാഗത്തിന് ക്ഷണിക്കപ്പെടാതെ ചെന്ന് അപമാനിതയായ സതി ആത്മഹത്യചെയ്തു. ക്രുദ്ധനായ ശിവന്‍ പത്‌നിയുടെ ജഡവും ചുമന്ന് സംഹാരതാണ്ഡവത്തിനു പുറപ്പെട്ടു. ശിവന്റെ ക്രോധം മനുഷ്യവംശത്തെ മൊത്തത്തില്‍ സംഹരിക്കുമെന്നു ഭയന്ന വിഷ്ണു ചക്രായുധത്താല്‍ സതിയുടെ ജീവനറ്റ ദേഹം വെട്ടി തുണ്ടുകളാക്കി. യോനീഭാഗം വന്നുവീണത് ബ്രഹ്മപുത്രയുടെ തീരത്ത് ഒരു കുന്നിന്‍മുകളിലാണ്. കുന്ന് അതോടെ നീലിച്ച് നീലാചലമായി അറിയാന്‍ തുടങ്ങി. മൂന്നു ലോകങ്ങളും സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ പരമമായ സൃഷ്ടിശക്തി തന്നില്‍നിന്ന് ആവിര്‍ഭവിക്കുന്നുവെന്ന് ബ്രഹ്മാവ് ഊറ്റം കൊണ്ടു. ഈ അഹംഭാവത്താല്‍ പ്രകോപിതയായ മഹാദേവി സ്വശരീരത്തില്‍ നിന്ന് 'കേശി' എന്ന രാക്ഷസരൂപത്തെ ജനിപ്പിച്ചു. പിറന്നുവീണതും 'കേശി' ബ്രഹ്മാവിനെ പിടിച്ചു വിഴുങ്ങുവാനാഞ്ഞു. ഭയചകിതനായ ബ്രഹ്മാവ് വിഷ്ണുവിനെയും കൂട്ടി ഓടി രക്ഷപ്പെട്ടു. കേശീപുരം എന്നൊരു നഗരവും തീര്‍ത്ത് പാര്‍പ്പുതുടങ്ങിയ രാക്ഷസന്‍ മൂന്നു ലോകങ്ങളെയും വിരട്ടാന്‍ തുടങ്ങി. ബ്രഹ്മാവിനെ കൊല്ലുക എന്ന അട്ടഹാസം മൂവുലകങ്ങളിലും പ്രതിധ്വനിച്ചു. മരണഭയം നിമിത്തം പൊങ്ങച്ചം കളഞ്ഞ് ബ്രഹ്മാവ് വിഷ്ണുവിനെയും കൂട്ടിച്ചെന്ന് ദേവിയെ പ്രസാദിപ്പിച്ച് കേശിയില്‍ നിന്ന് സംരക്ഷണം യാചിച്ചു. സംതൃപ്തയായ ദേവി ബ്രഹ്മന്റെ ഊറ്റം തീര്‍ക്കാന്‍ കേശിയെ സൃഷ്ടിച്ചത് താന്‍ തന്നെയെന്ന് വെളിപ്പെടുത്തി. പിന്നെ മഹാദേവി സംഹാരമന്ത്രം ജപിച്ച് കേശിയെ ചാമ്പലാക്കി. ആ ചാമ്പലില്‍ നിന്ന് ഏറെ വലുതും ഏറെ ചെറുതുമല്ലാത്ത ഒരു പര്‍വതം സൃഷ്ടിക്കുവാന്‍ ബ്രഹ്മാവിനെ നിയോഗിച്ചു. പര്‍വതം നിറയെ പശുക്കള്‍ക്ക് തിന്നുവാന്‍ രുചികരമായ പുല്ലുവളരണം. പശുക്കൂട്ടം തിന്നുതീര്‍ക്കുന്ന പുല്ലിന്റെ അളവനുസരിച്ചാവും ബ്രഹ്മന്റെ പാപം ഒടുങ്ങുന്നത്. ബ്രഹ്മാവും വിഷ്ണുവും സമ്മതിച്ചു. ദേവി പ്രാര്‍ഥന നടത്തിയ ഇടത്തില്‍ അവര്‍ കണ്ടുനില്‍ക്കെ മഹാദേവിയുടെ സൃഷ്ടിശക്തിയില്‍നിന്ന് ഒരു യോനീചക്രം രൂപം കൊണ്ടു. എല്ലാറ്റിന്റെയും ആധാരവും തുടക്കവും ഈ യോനീചക്രമാണെന്ന് അവള്‍ അനുശാസിച്ചു. ഭാവിയില്‍ സൃഷ്ടിതുടങ്ങുംമുമ്പ് യോനീപൂജ നടത്തുവാന്‍ ബ്രഹ്മാവിനോട് ആജ്ഞാപിച്ചു. അങ്ങനെ ബ്രഹ്മാവിന്റെയും എല്ലാവരുടെയും നന്‍മക്കായി മഹാദേവി യോനീചക്രം സൃഷ്ടിച്ച് കാമരൂപത്തില്‍ പ്രതിഷ്ഠിച്ചു.

വിഷ്ണുവുമായുള്ള ജാരവേഴ്ചയില്‍ ഭൂമിമാതാവിന് ജനിച്ച മിഥിലയിലെ നരകന്‍ എന്ന ദൈത്യന്‍ പ്രതാപശാലിയായി വളര്‍ന്നു. പിതാവിന്റെ ആശീര്‍വാദത്തോടെ നരകന്‍ പ്രാഗ്‌ജ്യോതിഷപുരത്ത് (ആസാമിന്റെ പഴയ പേര്‍) പ്രവേശിച്ച് പുതിയ ഒരു രാജവംശം സ്ഥാപിച്ചു. നരകനുമുമ്പ് പ്രാഗ്‌ജ്യോതിഷപുരം ശിവന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. വിഷ്ണുവിന്റെ ഉപദേശപ്രകാരം നരകന്‍ കാമാഖ്യയുടെ ആരാധകനായി. തന്റെ രാജ്യാതിര്‍ത്തിയില്‍ മറ്റൊരുതരം ആരാധനയും പാടില്ലെന്ന് വിലക്കി. പക്ഷേ, കാലക്രമത്തില്‍ നരകന്‍ തേസ്പൂരിലെ രാജാവും ശിവഭക്തനുമായിരുന്ന ബാണനുമായി സൗഹൃദത്തിലായി. ഈ ബന്ധം ആസുരരീതികളില്‍ നരകനെ ആകൃഷ്ടനാക്കി. ഇന്ദ്രനെയും ദേവന്‍മാരെയുമെന്നല്ല കാമാഖ്യയെത്തന്നെയും അയാള്‍ നിഷേധിക്കാന്‍ തുടങ്ങി. നരകന്‍ വഴിപിഴച്ചതറിഞ്ഞ് കുപിതനായ വിഷ്ണു പ്രാഗ്‌ജ്യോതിഷപുരത്തെത്തി അയാളെ വധിച്ചു. തന്നെ നശിപ്പിക്കാനെത്തിയ വിഷ്ണുവിന്റെ പാര്‍ശ്വത്തില്‍ ഉറയൂരിയ ഖഡ്ഗവും ദ്വേഷാഗ്നി പാറുന്ന നേത്രങ്ങളുമായി കാമാഖ്യയെ മരിച്ചുവീഴുംമുമ്പ് നരകന്‍ കണ്ടു. സദാ ഭര്‍തൃസംഗമം കൊതിച്ച് നീലാചലത്തില്‍ കഴിയുന്ന കാമാര്‍ത്തയായതിനാലാണ് ദേവിക്ക് കാമാഖ്യ എന്ന പേരുണ്ടായത്. പ്രാഗ്‌ജ്യോതിഷപുരത്തിന്റെ മറ്റൊരു പേരാണ് കാമരൂപ്. ശിവന്റെ രോഷാഗ്നിയില്‍ വെണ്ണീറായ കാമന്‍ വീണ്ടും രൂപംപൂണ്ടതിവിടെവെച്ചാണ്.

തന്റെ അന്ത്യകാലത്തില്‍ കാമാഖ്യയുടെ രൂപസൗഭാഗ്യത്തില്‍ ആകൃഷ്ടനായി നരകന്‍ ദേവിയോട് പ്രണയാഭ്യര്‍ഥന നടത്തി. പുലരുംമുമ്പ് ഒരമ്പലവും ഒരു നീരാട്ടുകുളവും മലമുകളിലേക്ക് ഒരു കല്‍പ്പാതയും പണിതുതീര്‍ക്കാന്‍ തയ്യാറെങ്കില്‍ അഭ്യര്‍ഥന സ്വീകരിക്കാമെന്ന് സൂത്രക്കാരിയായ കാമാഖ്യ സമ്മതിച്ചു. ഉപാധി സ്വീകരിക്കപ്പെട്ടു. അമ്പലവും കുളവും വഴിയും പണിതു തീരുന്നതുകണ്ട് പരിഭ്രാന്തയായ ദേവി തന്റെ മായയാല്‍ ഒരു കോഴിയെക്കൊണ്ട് പുലരും മുമ്പേ കൂവിപ്പിച്ച് നരകനെ തോല്‍പ്പിച്ചു.

സന്ധ്യാപൂജയുടെ കാലത്ത് അടച്ചിട്ട മന്ദിരത്തിനകത്ത് കാമാഖ്യ നഗ്നയായി നൃത്തം ചവിട്ടുമെന്നാണ് നിനവ്. മുസ്ലിം അധിനിവേശത്തെത്തുടര്‍ന്ന് ശിഥിലമാക്കപ്പെട്ടതായി പറയപ്പെടുന്ന കാമാഖ്യക്ഷേത്രം ഇന്ന് കാണുന്ന രീതിയില്‍ പുതുക്കിപ്പണിതത് എ.ഡി. 1665-ല്‍ കച്ച്- ബീഹാര്‍രാജവംശത്തില്‍പ്പെട്ട നരനാരായണനാണ്. ഇതേ രാജവംശത്തില്‍പ്പെട്ട ഒരു രാജാവിന് ദേവിയുടെ നഗ്നനൃത്തം കാണുവാന്‍ മോഹം തോന്നി. കെന്തുകാലായി എന്ന പുരോഹിതന്‍ ക്ഷേത്രഭിത്തിയിലെ ഒരു ദ്വാരത്തില്‍ക്കൂടി ഒളിഞ്ഞുനോക്കിക്കൊള്ളുവാന്‍ രാജാവിനെ ഉപദേശിച്ചു. രാജാവിന്റെ മിഴികള്‍ നൃത്തംചെയ്യുന്ന കാമാഖ്യയുടെ കണ്ണുകളുമായിടഞ്ഞു. ഗൂഢാലോചനയറിഞ്ഞ ദേവി കുപിതയായി പുരോഹിതന്റെ തല പിച്ചിച്ചീന്തി. രാജാവും സന്തതിപരമ്പരകളും തന്റെ കുന്നിനുനേരെപോലും നോക്കാന്‍ പാടില്ലെന്നു കല്പിച്ചു. ഈ കല്പന ഇപ്പോഴും അനുസരിക്കപ്പെടുന്നു. കച്ച്-ബീഹാര്‍ രാജവംശത്തില്‍പ്പെട്ടവരാരെങ്കില
ും നീലാചലത്തിനരികെക്കൂടി കടന്നുപോവുമ്പോള്‍ ഇന്നും കുടകൊണ്ട് സ്വയം മറച്ചുപിടിക്കുന്നു.

ഈ കഥകള്‍ സൂചിപ്പിക്കുന്ന സംശയമറ്റ ഒരു വസ്തുത നരകന്റെ ആഗമനത്തിനുമുമ്പ് പ്രാഗ്‌ജ്യോതിഷപുരത്ത് ശൈവാരാധനയും യോനീപൂജയും നടപ്പുണ്ടായിരുന്നുവെന്നാണ്. കിരാതരും മ്ലേച്ഛരുമായി മഹാഭാരതത്തില്‍ വ്യവഹരിക്കപ്പെട്ട ബ്രഹ്മപുത്രാസമതലത്തിലെ പൂര്‍വികരില്‍ ശിവപക്ഷക്കാര്‍ ലിംഗവും ഭഗവതിപക്ഷക്കാര്‍ യോനിയും പൂജിച്ചു. അമ്മത്തായ്‌വഴി തുടരുന്ന ഗാരോ, ഖാസി ആദിവാസികളാവണം യോനീപൂജ തുടങ്ങിയത്. വിഷ്ണുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രാഗ്‌ജ്യോതിഷപുരത്തെത്തിയ നരകനാവും ഈ ഭാഗത്ത് ആര്യന്‍മാരുടെ ആദ്യത്തെ മതപ്രചാരകന്‍. ആസാമിലെ ആദ്യത്തെ രാജവംശം സ്ഥാപിച്ച നരകനും തേസ്പൂരിലെ ബാണനും പുരാണത്തിലെ നരകാസുരനും ബാണാസുരനും (ഉഷാനിരുദ്ധപ്രണയോപാഖ്യാനം ഓര്‍ക്കുക) തന്നെയായിരുന്നുവോ എന്നത് സംശയാസ്പദമാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ആസാം ഭരിച്ചിരുന്ന ചില പില്‍ക്കാല രാജകുടുംബങ്ങള്‍ പ്രതാപശാലിയായിരുന്ന നരകന്റെ പാരമ്പര്യം അവകാശപ്പെടുന്നുണ്ട്. നരകന്റെ ഉയര്‍ച്ചതാഴ്ചകള്‍ പരാമര്‍ശിക്കുന്ന മിത്തിനെ സംബന്ധിച്ച് പ്രസിദ്ധ പണ്ഡിതനായ ഡോ: ബാണികാന്ത് കാക്കട്ടിയുടെ കാഴ്ചപ്പാട് ശ്രദ്ധേയമാണ്.

''...... മൊത്തം സ്വഭാവങ്ങളില്‍ മദ്യവും മാംസവുമായി കുഴഞ്ഞുകിടന്നിരുന്ന ശൈവയിസമായിരുന്നു പ്രാദേശിക കിരാതവര്‍ഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന മതം. ആര്യവല്‍ക്കരണത്തിന് വിധേയരായിക്കഴിഞ്ഞിരുന്ന, വെട്ടിപ്പിടിച്ചെത്തിയ രാജാക്കന്‍മാര്‍ ഈ മതത്തെ മ്‌ളേച്ഛമായിക്കരുതി നിരോധിച്ചു. അതേസമയം പ്രാദേശികവര്‍ഗങ്ങളുടെ എളുപ്പത്തിലുള്ള അംഗീകാരം നേടാനായി അവര്‍ മറ്റൊരു പ്രാദേശിക ആരാധനാസമ്പ്രദായത്തെ ഉജ്ജീവിപ്പിച്ചു. ലിംഗബിംബത്തിലൂടെ ആരാധിക്കപ്പെടുന്ന ശിവപൂജയ്ക്കു വിരുദ്ധമായി യോനീബിംബത്തിലൂടെ ആരാധിക്കപ്പെടുന്ന അമ്മമഹാദേവീപൂജയായിരുന്നു ഇത്. കാമാഖ്യയുടെ അമ്മമഹാദേവീസങ്കല്പത്തിന്റെ കര്‍ത്താക്കള്‍ ഖാസി, ഗാരോ തുടങ്ങിയ, ഇന്നും അമ്മത്തായ്‌വഴി തുടരുന്ന, ആദിവാസിവര്‍ഗങ്ങളായിരുന്നിരിക്ക
ണം. ആര്യവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രസ്തുത വര്‍ഗങ്ങളുടെ സഖ്യവും സഹകരണവും കാംക്ഷിച്ച് കാമാഖ്യപൂജക്ക് രാജകീയ സംരക്ഷണം നല്‍കപ്പെട്ടു. അമ്മമഹാദേവി, കാമാഖ്യ എന്നീ സങ്കല്പങ്ങള്‍ ദുര്‍ഗ, കാളി തുടങ്ങിയ മറ്റു മാതൃദേവതാസങ്കല്‍പങ്ങളുമായി എളുപ്പം പൊരുത്തപ്പെടുത്താവുന്നതാണ്. ദുര്‍ഗയും കാളിയും മഹാഭാരതത്തിലും പുരാണങ്ങളിലും നേരത്തെതന്നെ അംഗീകരിച്ച് വാഴ്ത്തപ്പെട്ട ആര്യവത്കൃത ദേവതകളാണുതാനും. സ്വന്തം മതത്തെ അടിച്ചമര്‍ത്തുന്നതിലും മറ്റൊരു ശത്രുമതത്തെ ഉണര്‍ത്തിവാഴ്ത്തുന്നതിലുമുള്ള വിപത്ത് ശൈവര്‍ക്ക് ഉടനെ ബോധ്യമായി. അവര്‍ ഗൂഢാലോചന നടത്തി; ശത്രുമതത്തിനെതിരെ മാത്രമല്ല, ഉദ്ധാരകരായ വൈഷ്ണവഗുരുവിനും ആര്യദൈത്യനുമെതിരായും. നരകനെ പ്രീണിപ്പിച്ച് ആര്യമാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിച്ചു. ദേവി കാമാഖ്യയുടെ ബിംബം അപഹരിച്ചു. മുന്‍കാല സംരക്ഷകന്‍മാരാല്‍ത്തന്നെ പിന്നീട് നരകന്‍ വധിക്കപ്പെട്ടു.

നരകന്റെ പതനത്തിനുശേഷം ആസാമിലെ മതവിശ്വാസവും യോനീപൂജയും പല പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായി. നരകന്‍ പൂജിച്ചിരുന്ന യോനീവൃത്തം സൃഷ്ടിശക്തിയുടെ ആധാരമായ അമ്മ മഹാദേവിയുടെ പ്രതീകമായിരുന്നു. ദുര്‍ഗ, കാളി തുടങ്ങിയ ആര്യവത്കൃത സങ്കല്പങ്ങളുമായി ഇണങ്ങിയതാണത്. വിഷ്ണുവിന്റെ പാര്‍ശ്വവര്‍ത്തിനിയായി കാമാഖ്യയെ കണ്ടുകൊണ്ടാണ് നരകന്‍ മരിച്ചുവീണത്. എന്നാല്‍ പിന്നീട് കാമാഖ്യ അറിയപ്പെടുന്നത് ശിവപത്‌നിയായ പാര്‍വതിയുടെ മറ്റൊരു രൂപപ്രത്യക്ഷമായിക്കൊണ്ടാണ്. കാമാഖ്യയെ സ്വായത്തമാക്കുവാന്‍ വൈഷ്ണവര്‍ നടത്തിയ തന്ത്രങ്ങളോട് അതേ നാണയങ്ങളില്‍ ശൈവര്‍ പ്രതികരിച്ചുവെന്നര്‍ഥം. നീലാചലത്തില്‍ സതിയുടെ യോനീഖണ്ഡം വീണ കഥയുടെ സാംഗത്യമിതാണ്. ശൈവയിസവുമായുള്ള വേഴ്ചയോടെയാണ് ദേവി കാമരൂപിണിയും കാമാഖ്യയുമായത്. സദാ ഉത്തേജിതനായി, നഗ്നനായി, അശ്ലീലരൂപനായി, എഴുന്നുനില്‍ക്കുന്ന രോമങ്ങളോടുകൂടിയവനായി, ഋഷിപത്‌നികള്‍ക്കും പുത്രികള്‍ക്കുമൊപ്പം അഴിഞ്ഞാടുന്ന ശിവന്റെ സങ്കല്പവുമായി യോജിക്കുന്ന കാമാതുരയായി നീലാചലത്തിലെ ദേവി കാമാഖ്യയുടെ സങ്കല്പത്തിന് സംഭവിച്ച രതിപ്രഭാവത്തിന് ബ്രഹ്മപുത്രാ സമതലത്തില്‍ അതിവേഗം പ്രചാരം സിദ്ധിച്ചു. പ്രാദേശിക പ്രാകൃതവര്‍ഗങ്ങള്‍ക്കിടക്ക് ലൈംഗികസങ്കോചങ്ങള്‍ പരിചയമില്ലായിരുന്നുവെന്നതും അവരുടെ എല്ലാ ആരാധനാപ്രകാരങ്ങളിലും വൃദ്ധിപൂജയുടെ അന്തര്‍ഗതങ്ങളുണ്ടെന്നതും പുതിയ സങ്കല്പത്തിന്റെ വളര്‍ച്ചക്കുചേര്‍ന്ന പശ്ചാത്തലമായിരുന്നു. കാമാഖ്യയുടെ മാറിയ അവതാരത്തെ സ്ഥിരീകരിക്കുവാന്‍ പുതിയ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ജനിച്ചു.''

നീലാചലത്തിനു തൊട്ട് ഒരു പൊയ്കയുണ്ട്. ശിവന്‍ ദേവിയോടൊപ്പം അവിടെ ജലക്രീഡ നടത്തുന്നു. സമീപത്തുള്ള ഭസ്മകൂടമെന്ന മറ്റൊരു കുന്നില്‍ വസിക്കുന്ന ഉര്‍വശി ദേവന്‍മാരുടെ അമൃതം കാമാഖ്യയ്ക്കുവേണ്ടി അപഹരിച്ചുകൊണ്ടുവന്നവളാണ്. അവള്‍ നിത്യവും യോനീവൃത്തത്തിന് അമൃതം നല്‍കുന്നു. നീലാചലത്തിന് വളരെ കിഴക്കുമാറി സുവര്‍ണശ്രീ എന്നൊരു നദിയുണ്ട്. നീരാട്ടിനൊരുങ്ങുന്ന ദേവിയുടെ മേനിയില്‍ ശിവന്‍ പൂശുന്ന ചന്ദനച്ചാറും സ്വര്‍ണരേണുക്കളും കഴുകിയെടുത്തൊഴുകുന്നതിനാലാണ് നദിക്ക് ഈ പേരുണ്ടായത്. ഗൗഹാതിനഗരത്തിലെ 'ഉഗ്രതാര' ക്ഷേത്രം നില്‍ക്കുന്നയിടത്താണ് സതിയുടെ നാഭീഖണ്ഡം വീണത്. നരകന്റെ പ്രേമാഭ്യര്‍ഥനയും കച്ച്‌രാജാവിന്റെ അശ്ലീലമായ മോഹവും കാമാഖ്യയെ ചൂഴ്ന്നുണ്ടായ രതിപ്രസരത്തിന്റെ ഭാവനകള്‍തന്നെ. പ്രാഗ്‌ജ്യോതിഷപുരം കാമരൂപമായി മാറിയതും ഒരുപക്ഷേ, ഈ വിശ്വാസപരിവര്‍ത്തനങ്ങളുടെ കാലത്താവും.

രതികല്പനകളുടെ വികാസംതന്നെയാണ് കാമാഖ്യയില്‍ മറ്റൊരവതാരംകൂടി ആരോപിക്കപ്പെട്ടതിനു കാരണം. പാര്‍വതിയായിക്കഴിഞ്ഞശേഷം പഴയ അമ്മമഹാദേവീസങ്കല്‍പം ചിരസൗന്ദര്യത്തിന്റെയും രതിയുടെയും പ്രതീകമായ ത്രിപുരയായി. ഈ രൂപവും കാമാഖ്യയിലെ യോനീവൃത്തത്തിന് എളുപ്പം ഉള്‍ക്കൊള്ളാവുന്നതാണ്. ത്രിപുരദേവീസങ്കല്‍പത്തിന് മൂന്ന് ഉപാവിഷ്‌കാരങ്ങളുണ്ട് - ത്രിപുരബാല, ത്രിപുരസുന്ദരി, ത്രിപുരഭൈരവി. ത്രിപുരബാല കന്യകാരൂപമാണ്. കുമാരീപൂജയാണ് പ്രിയം. കാമാഖ്യക്ഷേത്രത്തില്‍ മുന്‍പ് കന്യകാപൂജയും നടപ്പുണ്ടായിരുന്നു. ജാതിഭേദമില്ലാതെ ഏതു കന്യകയിലും ത്രിപുരയെ നിരൂപിച്ച് ആരാധന നടത്താം. പൂജക്കിടെ ഭക്തന് കാമാസക്തി ഉണര്‍ന്നാല്‍ അയാള്‍ക്ക് സ്വര്‍ഗപ്രാപ്തിയുണ്ടാവുമെന്നാണ് വിശ്വാസം. ലൈംഗികത വഴിയുന്ന പല ആരാധനാശൈലികളുമുണ്ട്. ഭക്തന്‍ പാട്ടുകാരികള്‍ക്കും നര്‍ത്തകികള്‍ക്കും, അഭിസാരികകള്‍ക്കുമൊപ്പം രാത്രി ഉറക്കമിളയ്ക്കണം. സന്ധ്യാപൂജയുടെ വേളയില്‍ ദേവിയുടെ മന്ദിരത്തില്‍ നഗ്നകളായ കന്യകകള്‍ നൃത്തം ചെയ്യുന്ന ആചാരം നിലനിന്നിരുന്നു (കച്ച് രാജാവ് കണ്ടത് ഈ നൃത്തമായിരിക്കണം). ഇപ്പോഴും കാമാഖ്യക്ഷേത്രത്തില്‍ കുമാരീപൂജയുണ്ട്. അഞ്ചുവയസ്സിനും ഒമ്പത് വയസ്സിനുമിടയിലുള്ള ബാലികകളെയാണ് പൂജക്കിരുത്തുന്നത്. ദേവാലയപ്രാന്തത്തില്‍ ഈ പ്രായക്കാരായ പെണ്‍കുട്ടികള്‍ സന്ദര്‍ശകരോട് നാണയത്തുട്ടുകള്‍ ആവശ്യപ്പെടും. നിരസിക്കുന്നത് ശരിയല്ല. കാമരൂപത്തിലെ എല്ലാ കന്യകകളും ത്രിപുരബാലയുടെ അവതാരങ്ങളാണ്. ദേവിയെ നിരസിക്കുന്നതിന് തുല്യമാണവരെ നിരസിക്കുന്നത്. ത്രിപുരസുന്ദരിക്ക് മൂന്ന് പ്രത്യക്ഷങ്ങളുണ്ട്. മൂന്നും ആരാധിക്കപ്പെടുന്നു. ശരീരമധ്യമാണ് ധ്യാനകേന്ദ്രം. സുഭഗയും സര്‍വാഭരണവിഭൂഷിതയുമാണ് ദേവി. 'ഉദയസൂര്യന്റെ പ്രഭാപൂരത്തോടെ, തുളുമ്പുന്ന യൗവനത്തോടെ, വളര്‍ച്ചമുറ്റിയ മുലകളോടെ, ഉദരത്തിനുചുറ്റും മൂന്നു മാംസഞൊറികളുമായി തെല്ല് മദ്യത്തിന്റെ ലഹരിയുമാര്‍ന്ന് ത്രിപുരസുന്ദരി താമരത്തല്‍പ്പത്തിലിരിക്കുന്നു;
 നയനങ്ങള്‍ക്കു പ്രിയംകരിയായി, പ്രപഞ്ചത്തില്‍ ആസക്തിയുടെ തിരക്കൂത്തുകള്‍ക്കു കാരണക്കാരിയായി' (കലികപുരാണം). ആദ്യത്തെയും അവസാനത്തെയും പ്രത്യക്ഷത്തില്‍ ദേവി നഗ്നയാണ്. ത്രിപുരഭൈരവി ചുവപ്പുനിറമുള്ളവളും ചുവന്ന പട്ടുടുത്തവളുമാണ്. ത്രിപുരയുടെ ഏറ്റവും പ്രാഭവമാര്‍ന്ന പ്രത്യക്ഷമാണിത്. ആയിരം സൂര്യന്‍മാരുടെ തീക്ഷ്ണതയാര്‍ന്ന കണ്ണുകള്‍ മദ്യലഹരിയില്‍ ചപലവും ദ്രുതവുമായി ചലിക്കുന്നു. ഭഗ (യോനി), ഭഗജ്ജീവ (ക്ലിറ്റോറിയസ്), ഭഗാസ്യ (യോനീവക്ത്രം), ഭഗമാലിനി (യോനീമാല ചാര്‍ത്തിയവള്‍) ഭഗോദരി, ഭഗാരോഹ (യോനീമണ്ഡലം) എന്നീ ആറു ദാസികളുടെ സാന്നിധ്യം അവളുടെ അനന്തമായ കാമത്തെ സൂചിപ്പിക്കുന്നു. ചുവന്നതെന്തും ദേവിക്ക് പ്രിയമാണ്. ചുവന്ന പൂക്കള്‍, ചുവന്ന തുണിക്കഷണങ്ങള്‍, ചുവന്ന ചാന്ത് എന്നിവ കാമാഖ്യയില്‍ പൂജാദ്രവ്യങ്ങളാണ്. മൃഗബലി ഭൈരവിയെ പ്രീതിപ്പെടുത്തും. പെണ്‍മൃഗങ്ങള്‍ പാടില്ല. കാമാഖ്യയില്‍ നിത്യവും ആണാടിനെ ബലികൊടുക്കുന്നു. ഒമ്പത് യോനീരൂപങ്ങള്‍ക്ക് നടുവില്‍ സ്ഥിതിചെയ്യുന്ന ഒരു യോനീരൂപത്തിലാണ് (ശ്രീചക്രം) ഭൈരവിയെ നിരൂപിക്കുന്നത്. അപ്പോള്‍ അവള്‍ ത്രിപുരമഹാസുന്ദരിയാണ്. നീലാചലത്തിലെ യോനീചക്രത്തില്‍ ഭൈരവീസങ്കല്പം ആരോപിക്കപ്പെടുന്നത് ഇങ്ങനെയാണ്. യോഗിനീതന്ത്രത്തില്‍ കാമരൂപത്തെ ഒമ്പത് യോനികളുടെ ഇരിപ്പിടമായി വിവരിക്കുന്നുണ്ട്. നീലാചലത്തെ യോനീചക്രം അവയ്ക്കിടയിലെ കേന്ദ്രപുണ്യസ്ഥാനമാണ്.

ശക്തിസ്വരൂപിണിയും, രക്താര്‍ത്തയും, കാമാതുരയുമായ ഭഗവതി എന്ന സങ്കല്പം ദക്ഷിണേന്ത്യയിലാണ് ആദ്യം ആവിര്‍ഭവിച്ചതെന്ന് അഭിപ്രായമുണ്ട്. പക്ഷേ, അത് യോനീപൂജയായി പരിണമിച്ചതും താന്ത്രികകല്പനകളായി വ്യാപകമായി പ്രസരിച്ചതും ആസാമിലെ കാമാഖ്യക്ഷേത്രത്തില്‍ വെച്ചാണ്. തന്ത്രബുദ്ധയിസത്തിലെ താരസങ്കല്പവും ബ്രഹ്മപുത്രയുടെ തീരങ്ങളില്‍വെച്ചാണ് പുഷ്ടിപ്രാപിച്ചിട്ടുള്ളത്. ശൈവവിശ്വാസങ്ങള്‍ക്കൊപ്പം ശക്തിപൂജയും നൂറ്റാണ്ടുകളോളം ആസാമിലെ മതജീവിതത്തില്‍ പ്രഭാവം പുലര്‍ത്തി. വൈഷ്ണവ അവധൂതനായിരുന്ന ശങ്കരദേവന്റെയും അനുയായികളുടെയും ദീര്‍ഘമായ പ്രയത്‌നങ്ങള്‍ക്ക് പിന്നീടാണ് ശക്തിപ്രസ്ഥാനം ക്ഷീണിച്ചത്. പക്ഷേ, ഇന്നും സമതലത്തിലെ ജീവിതത്തില്‍ കാമാഖ്യ അതിഗാഢമായ ഒരന്തര്‍ഗതമാണ്. ബിഹുനൃത്തങ്ങളിലൂടെ, ഫോക്ക്ഗാനങ്ങളിലൂടെ, ഗ്രാമീണരുടെ വിശ്വാസങ്ങളിലൂടെ അത് പ്രകടമാവുന്നു. കാമാഖ്യയിലെ ഏഴു സഹോദരിമാര്‍ ബ്രഹ്മപുത്രയുടെ ഒഴുക്കിനെതിരെ കിഴക്ക് സാദിയവരെ യാത്രചെയ്യുന്നുവെന്നു ഗ്രാമീണര്‍ വിശ്വസിക്കുന്നു. വസൂരിയുടെ പൂമൊട്ടുകള്‍ വിതച്ചുകൊണ്ടാണ് ദേവിയുടെ യാത്ര. ഗ്രാമത്തില്‍ ആര്‍ക്കെങ്കിലും വസൂരിബാധയുണ്ടാവുമ്പോള്‍ ഭയവും വിനയവും അനുനയവും കലര്‍ന്ന കാമാഖ്യകീര്‍ത്തനങ്ങള്‍ ഗ്രാമീണര്‍ പാടുന്നു:

''വൃക്ഷങ്ങളും ലതകളും അവളുടെ ആഗമനമറിഞ്ഞ് തലകുനിക്കുന്നു. കാമാഖ്യയിലെ ഏഴു പെണ്ണുങ്ങള്‍ ഒഴുക്കിനെതിരെ ബ്രഹ്മപുത്രയിലൂടെ പുറപ്പാടായിരിക്കുന്നു. പര്‍വതങ്ങളിലേക്ക് പടര്‍ന്നുകൊണ്ടാണവര്‍ വരുന്നത്. ഭയപ്പെടേണ്ടകൂട്ടരേ, കാമാഖ്യ കനിവുറ്റവളാണ്. അവളുടെ വഞ്ചിനിറയെ പൂച്ചെണ്ടുകളുണ്ട്. സ്‌നേഹോപഹാരമായി പൂമൊട്ടുകള്‍ നിറയെ വാരിക്കോരി വിതരണംചെയ്തു കൊണ്ടാണവളുടെ യാത്ര.''

കാമാഖ്യക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് 'അമ്പുബാച്ചി' (അമ്പ് = ജലം, ബാച്ചി = ആവിഷ്‌കരണം, പ്രകടനം). അമ്പുബാച്ചിയുടെ മൂന്നുദിവസങ്ങള്‍ ആസാമില്‍ പൊതുവെ വ്രതാനുഷ്ഠാന ദിവസങ്ങളാണ്. ഈ ദിവസങ്ങളില്‍ കാമാഖ്യ രജസ്വലയാവുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രവാതിലുകള്‍ അടച്ചിട്ടിരിക്കും. പൂജാവിധികളൊന്നും നടക്കില്ല. പക്ഷേ, ക്ഷേത്രപരിസരത്തില്‍ ഒരു വമ്പിച്ച മേള നടക്കുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തീര്‍ഥാടകര്‍ ഈ ദിവസങ്ങളില്‍ നീലാചലത്തില്‍ വന്നുചേരും. നാലാംദിവസം 
ക്ഷേത്രകവാടങ്ങള്‍ അവര്‍ക്കുവേണ്ടി തുറക്കപ്പെടുന്നു. പതിവ് 
പൂജകള്‍ ആരംഭിക്കും. പുരോഹിതന്‍ നല്‍കുന്ന ചുവന്ന 
തുണിക്കഷണങ്ങളുമായാണ് തീര്‍ഥാടകര്‍ മടങ്ങുക. 
കാമാഖ്യയുടെ ആര്‍ത്തവരക്തം പുരണ്ട ആ തുണിക്കഷണങ്ങള്‍ 

അഭിവൃദ്ധിയുടെ വാഗ്ദാനമാണ്.

No comments:

Post a Comment