Friday 28 December 2012

പൂര്‍വ്വജന്മമോ പാരമ്പര്യമോ ?


        രണ്ടാമത് ഈശ്വരന്‍ സൃഷ്ടിച്ചു എന്ന ആശയം സൃഷ്ടിയിലെ പൊരുത്തക്കേടിനു സമാധാനം തരുന്നില്ല ; അത് ഒരു സര്‍വ്വശക്തന്‍റെ ക്രൂരശാസനത്തെ വെളിപ്പെടുത്തുകയേ ചെയ്യുന്നുള്ളൂ .അപ്പോള്‍ ഒരു മനുഷ്യനെ സുഖിയോ ദുഖിയോ ആക്കാന്‍ അവന്‍റെ ജനനത്തിനുമുന്‍പ്തന്നെ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കണം ;അവ അവന്‍റെ പൂര്‍വ്വകര്‍മ്മങ്ങളത്രേ.

    ശരീരമനസ്സുകളുടെ പ്രവണതകളെയെല്ലാം നൈസര്‍ഗ്ഗിക വാസനകള്‍കൊണ്ടു വ്യാഖ്യാനിച്ചുകൂടേ ? ഇവിടെ സത്തയുടെ രണ്ടു സമാന്തരരേഖകളുണ്ട് - ഒന്ന് മനസിന്‍റെ , മറ്റേതു ജഡത്തിന്റെ . ജഡവും ജഡപരിണാമങ്ങളും കൊണ്ട് നമുക്കുള്ളതെല്ലാം വ്യാഘ്യാനിക്കാമെങ്കില്‍ ഒരു ആത്മാവിന്‍റെ ഉണ്മയെ കല്‍പ്പിക്കേണ്ട ആവശ്യമില്ല .പക്ഷെ ,ജഡത്തില്‍നിന്നു വിചാരം ഉദിച്ചതായി തെളിയിക്കാന്‍ കഴിയുന്നതല്ല ; ദാര്‍ശനികമായ ഏകത്വം അനിവാര്യമാണെങ്കില്‍ ആത്മികമായ ഏകത്വം (ആത്മാദ്വൈതം ) തീര്‍ച്ചയായും യുക്തിയുക്തമാണ് . ഭൌതികമായ ഏകത്വത്തെക്കാള്‍ (ഭൂതാദ്വൈതം ) ആശാസ്യതയില്‍ ഒട്ടു കുറവുമല്ല .

   പാരമ്പര്യംവഴി ശരീരങ്ങള്‍ ചില സവിശേഷപ്രവണതകളെ പ്രാപിക്കുന്നു എന്നത് അനിഷേധ്യമാണ് ; പക്ഷെ ,ആ പ്രവണതകള്‍ എന്ന് വച്ചാല്‍ ഒരു സവിശേഷമനസ്സിനുമാത്രം സവിശേഷരീതിയില്‍ വ്യാപരിക്കാനുതകുന്ന വെറും ഭൌതികാകാരമത്രേ . പൂര്‍വ്വ കര്‍മ്മപ്രഭവങ്ങളായ മറ്റു പ്രവണതകള്‍ ഓരോ ആത്മാവിനും സ്വന്തമായുണ്ട് .ഒരു സവിശേഷപ്രവണതയോട് കൂടിയ ജീവന്‍ ആ പ്രവണതയെ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും പറ്റിയ ഒരു ശരീരത്തില്‍ സദൃശസംയോഗനിയമപ്രകാരം വന്നുപിറക്കുന്നു .ഇത് ശാസ്ത്രത്തിനു സമ്മതമാണ് ; എന്തെന്നാല്‍ ശാസ്ത്രത്തിനു എല്ലാം ശീലത്തിലൂടെ വ്യാഖ്യാനിക്കണം .ശീലമാകട്ടെ അഭ്യാസംകണ്ടുവരുന്നതുമാണ് . അതുകൊണ്ട് നവജാതനായ ഒരു ജീവന്‍റെ സഹജശീലങ്ങള്‍ വ്യാഖ്യാനിക്കാന്‍ അഭ്യാസങ്ങള്‍ ആവശ്യമാണ് . അവ ഈ ജന്മം നേടാത്തവയാകയാല്‍ പൂര്‍വ്വജന്മങ്ങളില്‍ നിന്നു വന്നുചേര്‍ന്നവതന്നെയായിരിക്കണം .

    ഇവിടെ വേറൊരു ശങ്ക ; ഇതൊക്കെ ശരിയെന്നുവെച്ചാലും എന്‍റെ പൂര്‍വ്വജന്മത്തിലെ യാതൊന്നും ഞാന്‍ ഓര്‍ക്കാത്തതെന്ത് ?
ഇതിനു സമാധാനം പറയാന്‍ എളുപ്പമാണ് . ഞാനിപ്പോള്‍ ഇംഗ്ലിഷ് പറയുകയാണ്‌ .ഇതെന്‍റെ മാതൃഭാഷയല്ല . വാസ്തവത്തില്‍ മാതൃഭാഷയിലെ ഒരു വാക്കും ഇപ്പോള്‍ എന്‍റെ ബോധത്തില്‍ ഇല്ല . എന്നാല്‍ അവയെ ഉയര്‍ത്താന്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ ,അവയങ്ങു തള്ളിക്കയറുകയായി .അതുകൊണ്ട് തെളിയുന്നത് ബോധം മനസ്സമുദ്രത്തിന്റെ ഉപരിതലം മാത്രമെന്നാണ് ; അതിന്റെ ആഴത്തില്‍ നമ്മുടെ അനുഭവങ്ങള്‍ ഈട്ടം കൂടികിടപ്പുണ്ട് . ശ്രമിക്കൂ,പണിപ്പെടൂ , അവ പൊന്തിവരും , നിങ്ങളുടെ പൂര്‍വ്വജന്മത്തെ കുറിച്ച് പോലും നിങ്ങള്‍ക്ക് ബോധമുണ്ടാകും .

    നേരിട്ട് കാട്ടികൊടുക്കുന്ന തെളിവാണിത് .സാക്ഷാദര്‍ശനമാണ് ഒരു സിദ്ധാന്തത്തിന്റെ തികവുറ്റ തെളിവ് .ഇതാ ഋഷികള്‍ ലോകത്തെ വെല്ലുവിളിക്കുന്നു ; സ്മൃതി സമുദ്രത്തെ അടിയോളം ഇളക്കി മറിക്കുവാനുള്ള രഹസ്യം ഞങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നു അത് പരീക്ഷിക്കുവിന്‍ നിങ്ങള്‍ക്ക് പൂര്‍വ്വജന്മത്തിന്റെ പൂര്‍ണ സ്മൃതിയുണ്ടാകും .

No comments:

Post a Comment