വിവാഹനക്ഷത്രം :-
അത്തം, മകീര്യം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം, ഈ 11 നാളും വിവാഹത്തിന് ഉത്തമമാണ്. രോഹിണി, മകീര്യം, ചോതി, ഉത്രം നാളുകള്‍ 4 ഉം അത്യന്തം ഉത്തമങ്ങളാണ്. മൂലത്തിനും മകത്തിനും ആദ്യപാദവും, രേവതിക്ക് അന്ത്യപാദവും വര്‍ജിച്ചു ശിഷ്ടം സ്വീകരിക്കണം.
വിവാഹവാരം :-
വിവാഹത്തിന് എല്ലാ ദിനങ്ങളും ശുഭമെന്നുണ്ട്. എന്നിരുന്നാലും, ഞായറും ചൊവ്വയും ശനിയും ശോഭനമല്ല. ശുഭാശുഭപ്രധാനങ്ങളാണ്. തിങ്കളും ബുധനും വ്യാഴവും വെള്ളിയും അത്യുത്തമങ്ങളാണ്. വിവാഹം രാത്രി കാലത്താണെങ്കില്‍ വാരദോഷം ചിന്തനീയമല്ല.
മുഹൂര്‍ത്തലഗ്നം :-
വിവാഹമുഹൂര്‍ത്തത്തിന് മേടം രാശി ഒരിക്കലും ശുഭമല്ല. പ്രാശ്ചിത്തം ചെയ്തും സ്വീകരിക്കാന്‍ കൊള്ളാവുന്നതല്ല. വൃശ്ചികം രാശി നിന്ദ്യമാണ്. ശേഷം 10 രാശിയും വിവാഹ മുഹൂര്‍ത്തലഗ്നത്തിനു സ്വീകരിക്കാം. കന്നി, തുലാം, മിഥുനം രാശികള്‍ വിവാഹമുഹൂര്‍ത്തലഗ്നത്തിന്നു അത്യുത്തമമാണ്. കര്‍ക്കിടകം, മീനം, ധനു, ഇടവം രാശികള്‍ മാധ്യമമാണ്. എന്നാല്‍ ശുഭഗ്രഹം നില്‍ക്കുന്നുണ്ടെങ്കില്‍ ഈ രാശികളും ഉത്തമം തന്നെ. വ്യാഴം നില്‍ക്കുന്ന ചിങ്ങം രാശിസമയം ഉത്തമമാണ്. ഇങ്ങനെ രാശികളുടെ ബലാബലംനോക്കി സമയത്തിനൊത്ത് മുഹൂര്‍ത്ത ലഗ്നം നിശ്ചയിക്കപ്പെടണം.
ഗ്രഹസ്ഥിതി :-
വിവാഹമുഹൂര്‍ത്തലഗ്നത്തില്‍ ചന്ദ്രനും, അഷ്ടമത്തില്‍ രാഹുകുജന്മാരും നില്‍ക്കരുത്. എഴില്‍ ഒരു ഗ്രഹവും ഉണ്ടാകാന്‍ പാടുള്ളതല്ല. എഴാമിടം ശുദ്ധമായിരിക്കണം. നിത്യദോഷദളത്തിലും ഗ്രഹസ്ഥിതിദോഷദളത്തിലും ലഗ്നത്തില്‍ ആദിത്യന്‍ നില്‍ക്കുന്നത് വര്‍ജിക്കണമെന്നുപറഞ്ഞിട്ടുണ്ട്.
വിവാഹമാസങ്ങള്‍ :-
മീന 15 തിയതി മുതല്‍ മീനം കഴിയുവോളവും, കര്‍ക്കിടകം, കന്നി, കുംഭം, ധനുമാസങ്ങളും വിവാഹം നടത്താന്‍ ഉത്തമങ്ങളല്ല. ഉത്തരായനകാലം ശ്രേഷ്ഠവും ദക്ഷിണായനകാലം മധ്യമവുമാണ്. ഇവയില്‍ മേല്‍പറഞ്ഞ മാസങ്ങള്‍ വര്‍ജിക്കുകതന്നെ വേണം.
വരജനിഭം :-
വരന്റെ ജന്മനക്ഷത്രം, വിവാഹ മുഹൂര്‍ത്തത്തിനു ആ നക്ഷത്രം വര്‍ജിക്കണം. അനുജന്മനക്ഷത്രങ്ങള്‍ വര്‍ജിക്കണമെന്നില്ല. വധുവിന്റെ ജന്മനക്ഷത്രവും അനുജന്മനക്ഷത്രവും വര്‍ജിക്കേണ്ടതില്ല.
നിശാമധ്യം :-
വിവാഹം രാത്രിയാണെങ്കില്‍ രാത്രി മധ്യം രണ്ടുനാഴിക - അഷ്ടമമുഹൂര്‍ത്തം - സര്‍വ്വത്ര നിന്ദ്യമാണ്. വിവാഹത്തിന് അതിനിന്ദ്യമാണ്.
ജന്മാസ്തഖേടന്മാര്‍ :-
ജനിച്ച നക്ഷത്രകൂറിന്റെ - സ്ത്രീയുടെയും പുരുഷന്റെയും - ഏഴില്‍ ചാരവശാല്‍ ഗ്രഹങ്ങള്‍ നില്‍ക്കുന്ന സമയം വിവാഹം നടത്തരുത്. പ്രത്യേകിച്ച് ആദിത്യനും ചൊവ്വയും നില്‍ക്കുമ്പോള്‍ വിവാഹം അരുത്. സപ്തമത്തില്‍ നിന്ന് ഗ്രഹങ്ങള്‍ പകര്‍ന്നുപോകാന്‍ കാലതാമസം വരുമെന്നുകണ്ടാല്‍ ശുഭഗ്രഹയോഗമോ ശുഭദൃഷ്ടിയോ സപ്തമത്തിനുണ്ടായാല്‍ പ്രാശ്ചിത്തം ചെയ്തു നടത്താമെന്നുണ്ട്. ആദിത്യകുജന്മാര്‍ ജന്മരാശിക്കൂറിന്നേഴില്‍ ഉണ്ടായിരിക്കാന്‍ പാടില്ല. ഇവര്‍ നിന്നാല്‍ പ്രാശ്ചിത്തവും പരിഹാരവും ചെയ്തു വിവാഹം വിധിക്കരുത്.
"ജാമിത്രശുദ്ധി സ്ത്രീണാം തു വിശേഷേണനിരീക്ഷ്യതെ" എന്നുള്ളതിനാല്‍ വധുവിന്റെ ജന്മരാശിയുടെ ഏഴാം ഭാവം പരിപൂര്‍ണ്ണമായും ശുദ്ധമായിരിക്കണം എന്നു സിദ്ധാന്തിക്കുന്നതിനാല്‍ പ്രാശ്ചിത്തം ബാധകമാകുന്നത് പുരുഷജന്മ രാശിക്കൂറിന്റെ ഏഴിലെ ഗ്രഹയോഗത്തിനു മാത്രമാണ്.
കൃഷ്ണാഷ്ടമി :-
നിത്യദോഷത്തില്‍ പൂര്‍വ്വാപരപക്ഷങ്ങളിലെ അഷ്ടമികള്‍ വര്‍ജിക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹത്തിന് കൃഷ്ണാഷ്ടമി വര്‍ജിക്കേണ്ടതില്ല. ശുക്ലാഷ്ടമി വര്‍ജിക്കുകയും വേണം.
അഭിജിത് മുഹൂര്‍ത്ത മഹിമ :-
അഭിജിത് മുഹൂര്‍ത്തം വിവാഹാദി ശുഭകര്‍മ്മങ്ങള്‍ക്ക് ഏറ്റവും വിശേഷമാണ്. തിഥി വാരാദി ഏതെങ്കിലും ദോഷമുണ്ടെങ്കില്‍ത്തന്നെയും ആ ദോഷശക്തിയെ ഇല്ലാതാക്കുന്നതും നന്മയെ പ്രദാനം ചെയ്യുന്നതുമായ ഒന്നാണ് അഭിജിത് "മുഹൂര്‍ത്തം"
ആദിത്യന്‍ നേരെമുകളില്‍ വരുമ്പോള്‍ ഉണ്ടാകുന്ന മദ്ധ്യാഹ്നം 4 - മിനിട്ടുകഴിച്ച് മുന്‍പ് പിന്‍പുമുള്ള 45 - വിനനാഴികളെയാണ് അഭിജിത് മുഹൂര്‍ത്തം എന്നു പറയുന്നത്. ഇതില്‍ മദ്ധ്യാഹ്നത്തിന് മുമ്പുള്ള സമയം ഏറ്റവും ശ്രേയസ്കരമാണ്.
അഭിജിത് മുഹൂര്‍ത്തത്തില്‍ ഉല്‍പാദം, വിഷ്ടി, വ്യതിപാദം മുതലായ എല്ലാ ദോഷങ്ങളെയും ഹനിക്കപ്പെടുന്നു. തെക്കേ ദിക്ക് ഒഴിച്ച് മറ്റു ദിക്കുകളിലേക്ക് അഭിജിത് മുഹൂര്‍ത്ത സമയം യാത്ര പുറപ്പെട്ടാല്‍ കാര്യസാദ്ധ്യം ഉണ്ടാകുകയും ചെയ്യും. "ചന്ദ്രാത്മജ സ്യാത ഭിജിന്‍ മുഹൂര്‍ത്തം" വര്‍ജ്ജ്യമെന്ന് അടുത്ത പദ്യത്തില്‍ സൂചിപ്പിക്കുന്നു. അതായത് ബുധനാഴ്ച മാത്രം ഗുളിക നാഴികയും മദ്ധ്യാഹ്നത്തിനു ശേഷം രാഹുകാലവും വരുന്നതിനാലായിരിക്കണം ബുധനാഴ്ച അഭിജിത് മുഹൂര്‍ത്തം വര്‍ജ്ജ്യമെന്ന് പറയാന്‍ കാരണം
No comments:
Post a Comment