Sunday, 2 December 2012

ശ്രീമദ്‌ ദേവീമഹാഭാഗവതംശ്രീമദ്‌ ദേവീഭാഗവതം ആദിപരാശക്തിയായ മൂലപ്രകൃതിയുടെ മാഹാത്മ്യം പ്രകീര്‍ത്തിക്കുന്നു. 18000 ശ്ലോകങ്ങളും 12 സ്കണ്ടങ്ങളുമിതിലുണ്ട്‌. വിഷ്ണുഭാഗവതം ശ്രവിക്കുന്നത്‌ പരീക്ഷിത്‌ മഹാരാജാവാണെങ്കില്‍ ശ്രീമദ്‌ ദേവീഭാഗവതം ശ്രവിക്കുന്നത്‌ അദ്ദേഹത്തിന്റെ പുത്രനായ ജനമേജയനാണ്‌.പരീഷിത്ത്‌ തക്ഷകദംശനമേറ്റ്‌ മൃതിയടഞ്ഞതുകൊണ്ട്‌ അദ്ദേഹം അധോഗതിയെ പ്രാപിച്ചുവത്രേ. തന്റെ പിതാവിനെ ദംശിച്ച തക്ഷകനെ വംശത്തോടുകൂടി ഇല്ലാതാക്കുവാന്‍ ജനമേജയന്‍ ഒരു സര്‍പ്പയജ്ഞം തന്നെ നടത്തി. അനേകായിരം സര്‍പ്പങ്ങള്‍ യാഗാഗ്നിയില്‍ പതിച്ച്‌ ദേഹം വെടിഞ്ഞു. അവസാനം ആസ്തികമുനിയുടെ ഉപദേശപ്രകാരം ജനമേജയന്‍ യാഗം അവസാനിപ്പിച്ചു. ഈ സമയത്ത്‌ അവിടെയെത്തിയ വ്യാസമുനി പരീക്ഷത്തിന്റെ സല്‍ഗതിയായിക്കൊണ്ട്‌ ജനമേജയന്‌ ഒന്‍പതുനാള്‍കൊണ്ട്‌ ദേവീഭാഗവതത്തെ ഉപദേശിച്ചു. ജനമേജയന്‍ ദേവീഭാഗവം ഭക്തിയോടുകൂടി ശ്രമിച്ചതിന്റെ ഫലമായി പരീക്ഷിത്ത്‌ സ്വര്‍ഗം പ്രാപിച്ചു.ജനമേജയന്‍ ദേവീഭാഗവതം ഒന്‍പതുനാള്‍കൊണ്ടാണ്‌ ശ്രവിച്ചത്‌ എന്നതിനെ അനുസ്മരിച്ച്‌ ദേവീഭാഗവത പാരായണം ഒന്‍പതുനാള്‍ നീണ്ടുനില്‍ക്കുന്ന നവാഹയജ്ഞമായി നടത്തുന്നുണ്ട്‌. ഇതിന്റെ ശ്രോതാക്കളും വക്താക്കളും തമ്മില്‍ ഒരു സവിശേഷമായ ബന്ധമുണ്ട്‌. വിഷ്ണുഭാഗതം ശ്രവിക്കുന്നത്‌ പരീക്ഷിത്തും ഉപദേശിക്കുന്നത്‌ വ്യാസപുത്രനായ ശുക്രബ്രഹ്മര്‍ഷിയുമാണ്‌. അതേസമയം ദേവീഭാഗവതം ശ്രവിക്കുന്നത്‌ പരീക്ഷിത്തിന്റെ പുത്രനായ ജനമേജയനും ഉപദേശിക്കുന്നത്‌ വ്യാസമഹര്‍ഷിയുമാണ്‌.ദേവീഭാഗവത്തിന്റെ ആദ്യദൃഷ്ടാവായിരിക്കുന്നത്‌ വിഷ്ണുഭഗവാന്‍ തന്നെയത്രേ. പ്രളയകാലജലത്തില്‍ വിഷ്ണു ഒരു അരയാലിലയില്‍ ബാലരൂപിയായി ശയിക്കുന്നുണ്ടായിരുന്നു. ആ സമയത്ത്‌ അദ്ദേഹം ചിന്തിച്ചു ഞാന്‍ ആരാണ്‌? എങ്ങനെയാണ്‌ ഈ അരയാലിലയില്‍ വന്നെത്തിയത്‌? ആരാണ്‌ എന്നെ സൃഷ്ടിച്ചത്‌? മനുഷ്യന്റെ അടിസ്ഥാനപരമായ ദാര്‍ശനികപ്രശ്നങ്ങളെക്കുറിച്ചാണ്‌ വിഷ്ണുഭഗവാന്‍ ചിന്തിക്കുന്നതെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ദാര്‍ശനികതലത്തില്‍ മനുഷ്യന്‍ എക്കാലത്തും ചോദിച്ചുപോന്നിട്ടുള്ളത്‌ ഇതേ ചോദ്യങ്ങള്‍ തന്നെയാണ്‌. ആ സമയത്ത്‌ പരാശക്തി അശരീരിയായി ഇങ്ങനെ പറഞ്ഞു :“സര്‍വ്വവും ഞാന്‍ തന്നെയാകുന്നു. എന്നില്‍ നിന്നും അന്യമായി സനാതനമായ ഒന്നുതന്നെയില്ല.”വിഷ്ണുഭഗവാന്‍ ദേവീഭാഗവതത്തിന്റെ സാരമായിരിക്കുന്ന ഈ അര്‍ദ്ധശ്ലോകത്തെ നിരന്തരം മനനം ചെയ്യുകയും അതിനുശേഷം സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്‌ ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. ബ്രഹ്മാവ്‌ സ്വപുത്രനായ നാരദനും, നാരദന്‍ വ്യാസനും ഉപദേശിച്ചുകൊടുത്തു. വ്യാസന്‍ ഇതിനെ 18000 ശ്ലോകങ്ങളോടും 12 സ്കണ്ടങ്ങളോടും കൂടിയ ഗ്രന്ഥമായി ചിട്ടിപ്പെടുത്തി.പുരാണത്തില്‍ ഉല്‍പത്തിയെ സംബന്ധിച്ച്‌ ഈ ഉപാഖ്യാനം അത്യന്തം രഹസ്യം നിറഞ്ഞതായ ഒരു ആദ്ധ്യാത്മിക പ്രതീക കല്‍പനയാണ്‌. പ്രളയം എന്നതിന്‌ സമഷ്ടിതലത്തില്‍ അഥവാ ഭൗതികതലത്തില്‍ പ്രപഞ്ചം നിശ്ശേഷം നശിച്ച്‌ വിലയം പ്രാപിക്കുന്ന അവസ്ഥയെന്നാണ്‌ അര്‍ത്ഥം. അതേ സമയം വൃഷ്ടിതലത്തില്‍ ജീവാത്മാവ്‌ പ്രപഞ്ചബോധത്തില്‍ നിന്നെല്ലാം പരിപൂര്‍ണമായും മുക്തിപ്രാപിച്ചിരിക്കുന്ന അവസ്ഥയെയും പ്രളയം എന്ന്‌ വിവക്ഷിക്കാം. ചിത്തപ്രവൃത്തികളാണ്‌ ജീവാത്മാവിന്‌ പ്രപഞ്ചബോധത്തെ നല്‍കുന്നത്‌. ഈ ചിത്തവൃത്തികളെ പരിപൂര്‍ണമായി നിരോധിച്ച്‌ ജീവാത്മാവ്‌ സ്വരൂപാവസ്ഥയില്‍ വര്‍ത്തിക്കുന്നതിനെയാണ്‌ യോഗശാസ്ത്രത്തില്‍ യോഗം എന്നുപറയുന്നത്‌. സദാ ചലിച്ചുകൊണ്ടിരിക്കുന്ന അരയാലിലയെ സദാമിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിന്റെ പ്രതീകമായി കണക്കാക്കാം. ബാല്യത്തിന്റെ നിഷ്കളങ്കതയെ അഥവാ യോഗാവസ്ഥയെ സൂചിപ്പിക്കുന്നതിനാണ്‌ വിഷ്ണുവിനെ ഒരു ബാലനായി ചിത്രീകരിക്കുന്നത്‌. ഒരു ബാലനെ സംബന്ധിച്ചിടത്തോളം പ്രപഞ്ചവ്യവഹാരങ്ങള്‍ കുറവായതുകൊണ്ട്‌ പ്രപഞ്ചബോധവും കുറവായിരിക്കും. അതുപോലെ തന്നെ ബാല്യാവസ്ഥയാണ്‌ ഒരുവന്‌ മാതാവിനോട്‌ അതിയായ ആശ്രയമനോഭാവം ഉണ്ടാക്കുന്നത്‌. മാതാവിന്‌ ഈ അവസ്ഥയില്‍ പുത്രനോട്‌ അതിയായ വാത്സല്യവും ഉണ്ടായിരിക്കും. പ്രപഞ്ചമാതാവിന്റെ രഹസ്യം അറിയുന്നതിന്‌ ഒരു ജീവാത്മാവ്‌ ബാല്യത്തിന്റെ നിഷ്കളങ്കതയോടുകൂടിയവനായിരിക്കണം എന്നൊരു അര്‍ത്ഥം ഇവിടെ സിദ്ധമാകുന്നു. ചിന്തവൃത്തികളെല്ലാം നിരോധിച്ച ഒരു യോഗിക്ക്‌ സിദ്ധമാകുന്ന പരമാര്‍ത്ഥജ്ഞാനത്തിന്റെ വിസ്താരമാണ്‌ ദേവീ ഭാഗവതം എന്ന ആദ്ധ്യാത്മികമായ അര്‍ത്ഥമാണ്‌ ഇവിടെ വിവക്ഷിതമാകുന്നത്‌.ദേവീഭാഗവതം ആരംഭിക്കുന്നത്‌ അതിവിശിഷ്ടമായ ഒരു ദേവീ ഗായത്രിയോടുകൂടിയാണ്‌. ഈ മന്ത്രം പരാശക്തിയുടെ ശിരസ്സിലണിഞ്ഞിരിക്കുന്ന രത്നകിരീടം എന്നപോലെ ശോഭിക്കുന്നു.ഓം സര്‍വചൈതന്യരൂപാം താംആദ്യം വിദ്യാം ച ധീ മഹിബുദ്ധിം യാനഃ പ്രചോദയാത്‌സര്‍വ ചൈതന്യസ്വരൂപയും, ആദ്യവിദ്യയുമായവളെ നമ്മള്‍ ധ്യാനിക്കുന്നു. അവള്‍ നമ്മുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ. (ബുദ്ധിയെ പ്രചോദിപ്പിച്ച്‌ സത്യദര്‍ശനത്തിന്‌ പര്യാപ്തമാക്കിത്തീര്‍ക്കട്ടെ.ശ്രീമദ്‌ വിഷ്ണുഭാഗവം ഭഗവാന്റെ തിരുസ്വരൂപമാണെന്നതുപോലെതന്നെ ദേവീഭാഗവതം ഭഗവതിയുടെയും തിരുസ്വരൂപമാണ്‌. ഇതിനെ സ്കന്ദസംഖ്യ, ശ്ലോകസംഖ്യ എന്നിവ വിഷ്ണു ഭാഗവത്തിലുള്ളതിന്‌ സമാനമാണ്‌. ദേവീഭാഗവതത്തിലെ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള സ്കന്ധങ്ങള്‍ പരാശക്തിയുടെ ശിരസ്സുമുതല്‍ പാദം വരെയുള്ള ശരീരഭാഗങ്ങളായി കല്‍പിച്ചിരിക്കുന്നു. പരാശക്തിയുടെ നാനാവിധമൂര്‍ത്തിഭാഗവങ്ങള്‍, ലീലകള്‍, അംശകലകള്‍ തുടങ്ങിയവയെക്കുറിച്ച്‌ ഈ ഗ്രന്ഥത്തില്‍ സവിസ്തരമായി പ്രതിപാദിച്ചിട്ടുണ്ട്‌.

No comments:

Post a Comment