Saturday, 7 January 2012


മഹര്‍ഷി ദയാനന്ദനും സ്വാധ്യായവും

ആര്യ ശബ്ദം ജാതി വാചകമല്ല. മറിച്ച്‌ ഗുണവാചകമാണ്‌. ആര്യനെന്നാല്‍ ശ്രേഷ്ഠന്‍ അഥവാ ദിവ്യഗുണങ്ങള്‍ ഉള്ളവന്‍ എന്നാണര്‍ഥം. അങ്ങനെ ദിവ്യഗുണങ്ങള്‍ പ്രകടിപ്പിക്കണമെങ്കില്‍ ആ മനുഷ്യന്റെ അകമെ അതായത്‌ മനസില്‍ സദ്‌ വിചാരങ്ങള്‍ മാത്രം ഉണ്ടായിരിക്കണം. പരോപദ്രവം ഒരിക്കലും ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാകാന്‍ പാടില്ല. ഒരു സാമാന്യ നിയമം പറയാം-

യന്മനസാ ധ്യായതി തദ്വാചാ വദതി യദ്‌ വാചാ വദതി തത്‌ കര്‍മ്മണാ കരോതി യത്കര്‍മണാ കരോതി തദഭിസമ്പദ്യതേ.
ഏതൊന്നിനെക്കുറിച്ചാണോ മനുഷ്യന്‍ മനനം ചെയ്യുന്നത്‌ അതിനെ വാണിയാല്‍ പ്രകടിപ്പിക്കുന്നു. വാണിയാല്‍ പ്രകടമാക്കുന്നതിനെ കര്‍മമായി അനുഷ്ഠിക്കുന്നു. അങ്ങനെ കര്‍മമനുഷ്ഠിക്കുന്നതു പോലെയായിത്തീരുന്നു ആ വ്യക്തി.

ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ള പ്രശ്നം ഏതൊരു നിയമത്തിന്റെ ആചരണത്താലാണ്‌ നമ്മള്‍ ശ്രേഷ്ഠന്മാരായിത്തീരുന്നത്‌ അതിന്റെ സ്വീകാര്യത നാം ഹൃദയംകൊണ്ടാണോ ചെയ്തിരിക്കുന്നത്‌ അതോ വെറും പ്രകടനമാണോ എന്നുള്ളതാണ്‌. ഇതിനുള്ള ഊരകല്ല്‌ നമ്മുടെ കര്‍മങ്ങളാണ്‌. ആ നിയമങ്ങള്‍ക്കനുസരിച്ചാണ്‌ നമ്മുടെ കര്‍മങ്ങളെങ്കില്‍ നാം ഹൃദയംകൊണ്ടാണ്‌ പ്രസ്തുത നിയമങ്ങളെ സ്വീകരിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാം. അന്യഥാ വെറും സദസ്യനാകാനുള്ള പ്രകടനം മാത്രമാണെന്നു പറയേണ്ടിവരും. മഹര്‍ഷി ദയാനന്ദന്‍ ഇതിനെ കുറിച്ച്‌ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌ -
വേദം എല്ലാ സത്യവിദ്യകളുടെയും ഗ്രന്ഥമാണ്‌. വേദങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും കേള്‍ക്കുകയും കേള്‍പ്പിക്കു കയും ചെയ്യേണ്ടത്‌ എല്ലാ ശ്രേഷ്ഠമനുഷ്യരുടെയും പരമധര്‍മമാണ്‌.

വേദങ്ങളുടെ പഠനം അഥവാ സ്വാധ്യായം, പാഠനം അഥവാ പ്രവചനം ഇവ രണ്ടിനെ കുറിച്ചും പറഞ്ഞ ഋഷി കേള്‍ക്കുക കേള്‍പ്പിക്കുക എന്നീ പദങ്ങള്‍ക്ക്‌ വിശേഷ സ്ഥാനം നല്‍കി. ഒരുപക്ഷേ ഈ പദങ്ങള്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക്‌ പഠിക്കുവാന്‍ സാധിക്കുന്നില്ല എന്ന്‌ ആരെങ്കിലും പറഞ്ഞേനെ. പക്ഷേ ഇവിടെ തുടക്കത്തില്‍ തന്നെ അതിന്‌ പരിഹാരം കണ്ടിരിക്കുന്നു. പഠിക്കുവാന്‍ സാമര്‍ഥ്യമില്ലാത്തവര്‍ കേള്‍ക്കട്ടെ. അങ്ങനെ കേള്‍ക്കുന്നവരുടെ കര്‍ത്തവ്യമാണ്‌ മറ്റുള്ളവരെ കേള്‍പ്പിക്കുക എന്നുള്ളത്‌. ഇവിടെ ധര്‍മം എന്ന പദം കര്‍ത്തവ്യത്തെ കുറിക്കുന്നതാകുന്നു.

വര്‍ത്തമാനകാലത്ത്‌ മനുഷ്യര്‍ക്ക്‌ വേദപഠനപാഠനങ്ങളില്‍ ഉത്സാഹം കുറഞ്ഞിരിക്കുകയാണ്‌. ഈ രോഗത്തിന്റെ കാരണം മറ്റൊന്നല്ല, സ്വാധ്യായത്തിന്റെ കുറവാണ്‌. വേദം ആര്യന്മാരുടെ ധാര്‍മിക അഥവാ കര്‍ത്തവ്യബോധക ഗ്രന്ഥമാണ്‌. ഇത്‌ ശ്രേഷ്ഠ മനുഷ്യരുടെ സംസ്കാരത്തിന്റെ ആദിസ്രോതസ്സും കേന്ദ്രവുമാണ്‌. എപ്പോള്‍ മനുഷ്യര്‍ ആ ആദിസ്രോതസ്സ്‌ അഥവാ കേന്ദ്രത്തില്‍ നിന്നും വിമുഖരാകുന്നുവോ അപ്പോള്‍ മാനവസമാജത്തിലും ശീഥിലീകരണം ആരംഭിക്കുന്നു.
മുസ്ലീംങ്ങളുടെ മതവിശ്വാസം എത്ര ഉറച്ചതാണെന്നു നോക്കൂ. കാരണം നിത്യവുമുള്ള ഖുറാന്‍ സ്വാധ്യായമാണ്‌. ഹിന്ദുക്കളില്‍ എന്തുകൊണ്ടാണ്‌ ഇത്രയും ഹീനവും നിന്ദ്യവുമായ ആചാരങ്ങള്‍ ഉത്പന്നമായി പ്രചരിച്ചത്‌? ഇതിന്റെ ഉത്തരം അവര്‍ തങ്ങളുടെ ധര്‍മഗ്രന്ഥവും അറിവിന്റെ ഉറവയുമായ വേദങ്ങളെ തിരസ്കരിച്ച്‌ ആ സ്ഥാനത്ത്‌ സാമ്പ്രദായിക ഗ്രന്ഥങ്ങളെ പ്രതിഷ്ഠിച്ച്‌ അവയെ പ്രാമാണങ്ങളായി അംഗീകരിച്ചു എന്നതാണ്‌. ഫലമോ അനാചാരങ്ങളുടെ അന്ധകാര കൂപത്തില്‍ പതിച്ചു. വൈയക്തികവും സാമാജികവുമായ അപചയം നിമിത്തം രാഷ്ട്രം ദീര്‍ഘകാല അടിമത്തത്തിനു വിധേയമായി വിദേശഭരണം നിലനി ന്നു. അതില്‍ നിന്നും മോചനം നേടാന്‍ മഹര്‍ഷി ദയാനന്ദനെന്ന അനന്യദേശഭക്തന്റെ ഉജ്വലമായ ജീവത്യാഗം വേണ്ടി വന്നു. അദ്ദേഹത്തിന്റെ വേദങ്ങളിലേക്കു മടങ്ങാനുള്ള ഉറച്ച ആഹ്വാനം ഭാരതീയര്‍ക്ക്‌ പുരാണ കഥയിലെ പാലാഴി മഥനത്തില്‍ ലഭിച്ച അമൃതു സമാനം ശക്തിയും ഓജസ്സും വീര്യവും നല്‍കി. സംസ്കൃത ഭാഷയ്ക്ക്‌ നഷ്ടപ്രായമായിരുന്ന ജീവന്‍ തിരികെ ലഭിച്ചു. നാലു വേദങ്ങളുടെയും യഥാതഥമായ സംരക്ഷണം ദയാനന്ദ ശിഷ്യരിലൂടെ നടപ്പിലായി. ആര്‍ഷ പദ്ധതിക്കനുസൃതമായി വേദപഠനങ്ങള്‍ക്കുള്ള ഗുരുകുലങ്ങള്‍ സ്ഥാപിതമായി. സര്‍വോപരി ദേശഭക്തരായ അനേകം വീരസന്താനങ്ങളെ ഭാരതമാതാവിനു പ്രദാനം ചെയ്തു.

ആര്യന്മാരുടെ പരമധര്‍മം അഥവാ കര്‍ത്തവ്യമാണ്‌ വേദങ്ങളുടെ പഠനപാഠനം അഥവാ സ്വാധ്യായം. സ്വാമി ദയാനന്ദന്‍ മറ്റു പ്രാചീന ഋഷിമാരായ മനു, പതഞ്ജലി, യാജ്ഞവല്‍ക്യന്‍, വേദവ്യാസന്‍ എന്നിവരുടെ വാക്കുകള്‍ക്ക്‌ ആര്യജാതി അല്‍പമെങ്കിലും മൂല്യം കല്‍പിക്കുന്നുണ്ടെങ്കില്‍ വേദങ്ങളുടെയും ഋഷികൃതമായ മറ്റു ഗ്രന്ഥങ്ങളുടെയും അധ്യയനം നിത്യവും ചെയ്യണം. ഇതിലൂടെ മാത്രമേ മനുഷ്യര്‍ക്ക്‌ മാനവസംസ്കാരത്തോട്‌ ആഭിമുഖ്യം ഉണ്ടാവുകയുള്ളൂ. ഐക്യവും സമാധാനവും ശാന്തിയും ദേശഭക്തിയും ഉണ്ടാവുകയുള്ളൂ. വൈയക്തികവും സാമാജികവുമായ മേന്മ സാധ്യമാകൂ. അതിനാല്‍ വേദങ്ങളുടെ സ്വാധ്യായം ഒഴിച്ചുകൂടാനാകാത്തതാണ്‌. സ്വാധ്യായാന്മാ പ്രമദഃ…….

- പി.ജി.പി.ആര്യ

No comments:

Post a Comment