Saturday, 7 January 2012

സന്ന്യാസത്തിലെ ആദര്‍ശവും അനുഷ്ഠാനവും

സന്യാസം എന്നാല്‍ മരണത്തോടുള്ള സ്നേഹം എന്ന്‌ വളരെ ചുരുക്കമായി പറയാം. പ്രാപഞ്ചികന്മാര്‍ ജീവിതത്തെ സ്നേഹിക്കുന്നു; സന്ന്യാസി മരണത്തെ സ്നേഹിക്കണം. അപ്പോള്‍ നാം ആത്മഹത്യ ചെയ്യണോ? ഒരിക്കലുമരുത്‌. ആത്മഘാതികള്‍ മരണത്തെ സ്നേഹിക്കുന്നവരല്ല; ആത്മഹത്യയ്ക്കൊരുങ്ങിയവന്‍ ഒരിക്കല്‍ പരാജയം പറ്റിയാല്‍ വീണ്ടും അതിന്‌ തുനിയാത്തത്‌ തന്നെ അത്‌ സ്പഷ്ടമാക്കുന്നു. പിന്നെ മരണത്തോടുള്ള സ്നേഹമെന്താണ്‌? നാം മരിക്കണമെന്നത്‌ നിശ്ചയം തന്നെ, അപ്പോള്‍ നല്ലൊരു ലക്ഷ്യത്തിനുവേണ്ടി മരിക്കാം. ഉണ്ണുന്നതുകൊണ്ട്‌ നിങ്ങള്‍ ശരീരം പോഷിപ്പിക്കുന്നു. അന്യരുടെ സുസ്ഥുതിക്കുവേണ്ടി ബലകഴിക്കാനല്ല ആ ശരീരം നിങ്ങള്‍ പോറ്റുന്നതെങ്കില്‍ ഉണ്ണുന്നതുകൊണ്ട്‌ മെച്ചമെന്ത്‌? പുസ്തകവായനകൊണ്ട്‌ നിങ്ങള്‍ മനസ്സ്‌ പോഷിപ്പിക്കുന്നു. ലോകത്തിന്‌ മുഴുവന്‍ വേണ്ടി ബലികഴിക്കാനല്ല അത്‌ പുലര്‍ത്തുന്നതെങ്കില്‍ മാനസപോഷണം കൊണ്ടും മെച്ചമൊന്നുമില്ല. നിങ്ങളുടെ ദശലക്ഷം സഹോദരന്മാരെ സേവിക്കുന്നതാണ്‌ നല്ലത്‌; ക്ഷുദ്രമായ ആ അഹന്ത വീര്‍പ്പിക്കുന്നതല്ല. അങ്ങനെ ക്രമേണ മരിക്കയാണ്‌ നിങ്ങള്‍ ചെയ്യേണ്ടത്‌. ആ മട്ടിലുള്ള മരണത്തിലത്രേ സ്വര്‍ഗ്ഗം. നന്മകളെല്ലാം അതില്‍ സംഭരിച്ചിട്ടുണ്ട്‌. തദ്വിപരീതമായതിലത്രേ പൈശാപികവും തീയതുമായതെല്ലാം നിലകൊള്ളുന്നത്‌.

ആദര്‍ശാനുഷ്ഠാനത്തിന്‌ വേണ്ട ഉപായങ്ങളെപ്പറ്റിയാണ്‌ ഇനി. ഒന്നാമതായറിയേണ്ടത്‌ അസാദ്യമായ ആദര്‍ശമൊന്നും നമുക്കരുതെന്നാണ്‌. എത്തും പിടിയുമില്ലാത്ത ആദര്‍ശം ജനതയെ ദുര്‍ബലപ്പെടുത്തുകയും അധഃപതിപ്പിക്കും. മറുവശത്ത്‌, ആവശ്യത്തിലധികം പ്രായോഗികതയും തെറ്റാണ്‌. അല്‍പം ഭാവനകൂടിയില്ലെങ്കില്‍, നിങ്ങെ നയിക്കാന്‍ പറ്റിയ ആദര്‍ശമൊന്നുമില്ലെങ്കില്‍, വെറുമൊരു മൃഗമാണ്‌ നിങ്ങള്‍. അതുകൊണ്ട്‌ നമ്മുടെ ആദര്‍ശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കാനും പാടില്ല. ഈ രണ്ടു തെറ്റും നാം ഒഴിവാക്കണം. നമ്മുടെ നാട്ടിലുള്ള പഴയ ആശയം ഗുഹയിലിരുന്ന്‌ മരണാവധി ധ്യാനത്തില്‍ മുഴുകുകയെന്നതാണ്‌. മുക്തിവിഷയത്തില്‍ മറ്റുള്ളവരെ പിന്‍തള്ളിക്കൊണ്ടുള്ള പോക്ക്‌ തെറ്റാണ്‌. സമസൃഷ്ടങ്ങളുടെ മോക്ഷത്തിന്‌ ശ്രമിക്കാത്തവന്‌ മോക്ഷം സിദ്ധിക്കില്ലെന്ന്‌ എത്രയും നേരത്തെ, അഥവാ അല്‍പം താമസിച്ചായാലും മനസ്സിലാക്കുക തന്നെ വേണം. വമ്പിച്ച ആദര്‍ശനിഷ്ടയും അതോടൊപ്പം പ്രായോഗികതയും സ്വജീവിതത്തില്‍ സമ്മേളിപ്പിക്കാന്‍ ശ്രമിക്കണം.
- സ്വാമി വിവേകാനന്ദന്‍

No comments:

Post a Comment