Saturday, 7 January 2012

ശ്രാദ്ധം

ശ്രദ്ധയോടും തികഞ്ഞ വിശ്വാസത്തോടും കൂടി ചെയ്യുന്ന ക്രിയയ്ക്കാണ്‌ ശ്രാദ്ധം എന്നുപറയുന്നത്‌. പിതൃക്കളുടെ അനുഗ്രഹം ഏത്‌ വംശത്തിനും അത്യാവശ്യമായതുകൊണ്ട്‌ അതിന്‌ വിഘ്നം വരാതിരിക്കാന്‍ വേണ്ടി ജീവിച്ചിരിക്കുന്ന പിന്‍തലമുറ വര്‍ഷാവര്‍ഷം അനുഷ്ഠിക്കുന്ന അനുസ്മരണദിനമാണ്‌ ശ്രാദ്ധം. ശ്രാദ്ധം പലതരത്തില്‍ ഉണ്ട്‌ -

“ആളുകള്‍ക്ക്‌ ആഹാരം മാത്രം കൊടുത്തു നടത്തുന്നത്‌ അന്ന ശ്രാദ്ധം. സങ്കല്‍പപൂര്‍വ്വം ആചാര്യന്‌ ധനം, സ്വര്‍ണ്ണം തുടങ്ങിയവ ദാനം ചെയ്യുന്നത്‌ ഹിരണ്യശ്രാദ്ധം. ഉണക്കലരി, എള്ള്‌ എന്നിവ നനച്ച്‌ ബലിയിടുന്നത്‌ ആമശ്രാദ്ധം. അമാവാസി തുടങ്ങിയ ദിനങ്ങളില്‍ പിതൃക്കള്‍ക്കുവേണ്ടി നടത്തുന്ന പാര്‍വ്വണശ്രാദ്ധം. പ്രേതാത്മാവിനെ പിതൃക്കളുമായി സംയോജിപ്പിക്കുന്നത്‌ സപിണ്ഡീകരണ ശ്രാദ്ധം. തിഥി നോക്കിയും നക്ഷത്രം നോക്കിയും ശ്രാദ്ധമൂട്ടാറുണ്ട്‌. ഇവ അസ്തമനത്തിന്‌ മുന്‍പ്‌ ആറു നാഴികയെങ്കിലും ഉണ്ടായിരിക്കുമെന്നാണ്‌ പ്രമാണം. മരിച്ച തിഥിയോ നക്ഷത്രമോ ആണ്‌ പ്രധാനമായി വര്‍ഷം തോറും ശ്രാദ്ധം നടത്തുന്നതിന്‌ ഉത്തമം.
ഹൈന്ദവതത്വചിന്തകന്മാര്‍ പരേതന്റെ ആത്മാവിനെ അന്ധമായ അലയാന്‍ വിടുന്നില്ല. ശവസംസ്കാരത്തിന്‌ ശേഷം ചിതയില്‍ നിന്നും സഞ്ചയനം നടത്തി അസ്ഥിശേഖരിച്ച്‌ ഫലവൃക്ഷത്തിന്റെ ചുവട്ടില്‍ നിക്ഷേപിക്കുകയും, അങ്ങനെ ആത്മാവിന്‌ ഫലവൃക്ഷത്തില്‍ താല്‍ക്കാലികാഭയം നല്‍കുകയും ചെയ്യുന്നു. ഈ ഫലവൃക്ഷത്തില്‍ കുടികൊള്ളുന്ന ആത്മാവിന്‌, പിതൃലോകത്തെത്താന്‍ വേണ്ട അവയവപുഷ്ടിയാണ്‌ പതിനഞ്ചുദിവസത്തെ ശേഷക്രിയകള്‍കൊണ്ട്‌ നാം സങ്കല്‍പിക്കുന്നത്‌. പിണ്ഡം എന്ന അടിയന്തിരം 11 -ാ‍ം ദിവസമേ നടത്താവൂ. ചുരുക്കം ചിലര്‍ 15 ദിവസം കഴിഞ്ഞും നടത്താറുണ്ട്‌. ഈ ക്രിയാദികളുടെ, ഉദ്ദേശം, ഫലവൃക്ഷത്തില്‍ തങ്ങിയിരിക്കുന്ന ആത്മാവിനെ പിതൃലോകത്തേക്ക്‌ ഉദ്വസിക്കലാണ്‌. പിതൃലോകം എന്നാല്‍ ചന്ദ്രന്‍ എന്നാണ്‌ സങ്കല്‍പം. അങ്ങിനെ മറ്റ്‌ പിതൃക്കന്മാരുടെ കൂട്ടത്തില്‍ കഴിഞ്ഞുകൂടുന്ന തന്റെ പിതൃക്കളെ എല്ലാവര്‍ഷവും ക്ഷണിച്ചുവരുത്തി ആ ആത്മാവിന്റെ സാന്നിധ്യത്തില്‍ ഒരു ഉത്തമബ്രാഹ്മണന്‌ അന്നദാനവും പ്രതിഗ്രഹവും നല്‍കി പിതൃക്കളെ ഋണമോചിതരാക്കുകയാണ്‌ കൊല്ലന്തോറുമുള്ള ശ്രാദ്ധം കൊണ്ടുദ്ദേശിക്കുന്നത്‌. ഭൂമിയിലെ 365 ദിവസം ചന്ദ്രമണ്ഡലത്തിലെ ഒരു ദിവസം മാത്രമാണ്‌. അപ്പോള്‍ നാം വര്‍ഷത്തിലൊരിക്കല്‍ നിര്‍വഹിക്കുന്ന ശ്രാദ്ധം, പിതൃക്കളെ സംബന്ധിച്ചിടത്തോളം ദിവസംതോറുമാകുന്നു. പിതൃക്രിയകള്‍ ഉത്തമവിശ്വാസത്തോടുകൂടി ചെയ്യേണ്ടതും വെറും വഴിപാടായി കരുതാന്‍ പാടില്ലാത്തതുമാണ്‌. കാരണം, ഇതിന്റെ അടിസ്ഥാനം ഭയമോ പാപപുണ്യങ്ങളോ അല്ല, മറിച്ച്‌ പരേതനോട്‌ ശ്രാദ്ധകര്‍ത്താവിന്‌ തോന്നിയിരുന്ന സ്നേഹവും ബഹുമാനവുമാണ്‌. ബ്രാഹ്മണരുടെ ഇടയില്‍ പ്രഭാതം മുതല്‍ ഉച്ചവരെ നീണ്ടുനില്‍ക്കുന്ന വളരെ വിസ്തരിച്ച ക്രിയാദികളാണുള്ളത്‌. അവിടെ പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ ആവശ്യമായ അന്നദാനത്തിന്‌ ഒരു അതിഥിയും കൂടിയുണ്ടായിരിക്കണം. പക്ഷേ, മറ്റുപലര്‍ക്കിടയിലും ഇത്‌ വെറും ബലിതൂവല്‍ മാത്രമായി ലോപിച്ചുപോയിരിക്കുന്നു. പരദേശി ബ്രാഹ്മണര്‍ എല്ലാ അമാവാസിക്കും പിതൃസ്മരണ പുതുക്കുകയും പിതൃതര്‍പ്പണം നടത്തുകയും ചെയ്യാറുണ്ട്‌. മറ്റു ജാതികളില്‍ കഠിനമായ ലോപം വന്നതുകൊണ്ട്‌ വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രം ബലിയിടുന്ന രീതി നടപ്പിലായിരിക്കുന്നു.
- നീലകണ്ഠന്‍ നമ്പൂതിരി

No comments:

Post a Comment