Friday, 20 January 2012


അഗ്‌നി-6 വരുന്നു; ഇന്ത്യയ്ക്ക് ഭൂഖണ്ഡാന്തര മിസൈല്‍

എന്‍.എസ്. ബിജുരാജ്‌


പ്രതിരോധ സന്നാഹങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് 5000 കിലോമീറ്റര്‍ സഞ്ചാര ദൈര്‍ഘ്യമുള്ള അഗ്‌നി-5 മിസൈല്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇതു കഴിഞ്ഞ് അഗ്‌നി-6 നിര്‍മിക്കുന്നതിലൂടെ ഭൂഖണ്ഡാന്തര മിസൈലിനും രൂപം നല്‍കാനുള്ള പദ്ധതികള്‍ അണിയറയില്‍ തയ്യാറാവുകയാണ്


ഭൂതല-ഭൂതല മിസൈല്‍ ശ്രേണിയായ അഗ്‌നിയുടെ ആറാം പതിപ്പ് - അഗ്‌നി-6 - നിര്‍മിക്കുന്നു. ഇതോടെ ഭൂഖണ്ഡാന്തരമിസൈല്‍ ശേഷി ഇന്ത്യ കൈവരിക്കും. ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന അഗ്‌നി-5 ലക്ഷ്യം നേടുന്നതോടെ, അഗ്‌നി-6 ന്റെ നിര്‍മാണം തുടങ്ങാനാണ് രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) ആലോചിക്കുന്നത്. അഗ്‌നി-6 പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഭൂഖണ്ഡാന്തരമിസൈല്‍ (ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍-ഐ.സി.ബി.എം.) ശേഷിയുള്ള അപൂര്‍വം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും. ഇപ്പോള്‍ അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്കാണ് നിര്‍ണായകമായ ഈ സൈനികശേഷിയുള്ളത്.
6000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് ഒരു ലക്ഷ്യത്തെ ആക്രമിക്കാന്‍ ശേഷിയുള്ളതായിരിക്കും അഗ്‌നി-6; അണ്വായുധവും വഹിക്കാനാകും. പോര്‍മുനയുടെ (വാര്‍ ഹെഡ്) ഭാരം കുറയുന്നതനുസരിച്ച് സഞ്ചാരദൈര്‍ഘ്യം 7000 കിലോമീറ്ററിലധികമായി വര്‍ധിപ്പിക്കാനും കഴിയും. ഭൂഖണ്ഡാന്തര മിസൈല്‍ വികസനം അന്താരാഷ്ട്രരംഗത്ത് സൃഷ്ടിച്ചേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡി.ആര്‍.ഡി.ഒ. വൃത്തങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകുന്നില്ല. എങ്കിലും പടിഞ്ഞാറ് യൂറോപ്പ് പൂര്‍ണമായും കിഴക്കോട്ട് ജപ്പാന്‍ വരെയും അഗ്‌നി-6 ന്റെ പരിധിയില്‍ വരുമെന്ന സൂചന അവര്‍ നല്‍കുന്നുണ്ട്.
ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന അഗ്‌നി-5 ന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഫിബ്രവരിയിലോ മാര്‍ച്ച് ആദ്യമോ നടക്കും. 5000 കിലോമീറ്റര്‍ സഞ്ചാര ശേഷിയുള്ള ഇതിന് യൂറോപ്പിന്റെ പകുതിയും ചൈന മുഴുവനും ആക്രമണപരിധിയില്‍ കൊണ്ടുവരാനാകും. ഏഷ്യവിട്ട് മറ്റൊരു ഭൂഖണ്ഡത്തില്‍ ഭാഗികമായി എത്താന്‍ ശേഷിയുണ്ടെങ്കിലും അഗ്‌നി-5 നെ ഒരു ഭൂഖണ്ഡാന്തര മിസൈലായി പ്രതിരോധവൃത്തങ്ങള്‍ വിശേഷിപ്പിക്കുന്നില്ല. അതിനടുത്ത് ശേഷിയുള്ള (നിയര്‍ ഇന്റര്‍ കോണ്ടിനെന്റല്‍) മിസൈലാണ് അഗ്‌നി-5. മൂന്നു ഘട്ടങ്ങളും ഖര ഇന്ധനവുമുള്ള ഇതിന്റെ ആദ്യ പരീക്ഷണ വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. ഒഡിഷാതീരത്തിനടുത്തുള്ള വീലര്‍ ദ്വീപില്‍നിന്നാണ് വിക്ഷേപണം. 'താണ്ഡവം' എന്ന് പേരിട്ടിരിക്കുന്ന താത്കാലിക ആക്രമണലക്ഷ്യത്തിനുനേരേയാണ് പരീക്ഷണം നടക്കുക.
മിസൈല്‍രംഗത്തെ ഒട്ടേറെ ആധുനിക സാങ്കേതിക വിദ്യകള്‍ കൂടിയാണ് അഗ്‌നി-5 ല്‍ പരീക്ഷണ വിധേയമാക്കുന്നതെന്ന് ഡി.ആര്‍.ഡി.ഒ.യിലെ മിസൈല്‍ ഗവേഷണ വികസനവിഭാഗം ചീഫ് കണ്‍ട്രോളര്‍ അവിനാശ് ചന്ദര്‍ പറഞ്ഞു. വിവിധ പദാര്‍ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പ്രത്യേകതരം വസ്തുകൊണ്ടാണ് (കോമ്പോസിറ്റ് മെറ്റീരിയല്‍) ഇതിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലെ റോക്കറ്റ് എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റീല്‍ കൊണ്ടുള്ള പതിവുരീതി ഉപേക്ഷിച്ചാണിത്. എന്‍ജിന്റെ ഭാരം കുറയുന്നതിനൊപ്പം പ്രവര്‍ത്തനക്ഷമത ഇതിലൂടെ വര്‍ധിക്കുകയും ചെയ്യും. മൂന്നാംഘട്ടത്തില്‍ 'കോണിക്കല്‍' രൂപത്തിലുള്ള മോട്ടോറാണ്. ഇന്ത്യന്‍ മിസൈല്‍ പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം മോട്ടോര്‍ പരീക്ഷിക്കുന്നത്. കേബിളിന്റെ എണ്ണം കുറയ്ക്കുന്നതിനായി മിസൈലിലെ ഇലക്‌ട്രോണിക് ഘടകങ്ങളെത്തമ്മില്‍ ഡിജിറ്റല്‍ വിദ്യയിലൂടെയാണ് പരസ്​പരം ബന്ധിപ്പിച്ചിരിക്കുന്നത്. നേരത്തേ ഒരു മിസൈലിനുള്ളില്‍ എല്ലാംകൂടി ഏകദേശം പത്തുകിലോമീറ്റര്‍ നീളത്തില്‍ കേബിളുകള്‍ ഉപയോഗിച്ചിരുന്നു. മിസൈലിന്റെ പ്രയാണഗതിയെ സ്വയംനിയന്ത്രിക്കുന്ന പുതിയ റിങ് ലേസര്‍ ഗിയറോ, മൈക്രോ നാവിഗേഷണല്‍ സിസ്റ്റം എന്നിവയും അഗ്‌നി-5-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂമിയില്‍നിന്ന് ബഹിരാകാശ സമാനമായ ഉയരത്തിലേക്ക് പറന്നുയര്‍ന്നശേഷം ആക്രമണലക്ഷ്യത്തിനടുത്തുവെച്ച് തിരികെ അന്തരീക്ഷത്തില്‍ പ്രവേശിക്കുകയാണ് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ചെയ്യുക. അതിവേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഘര്‍ഷണം മൂലമുണ്ടാകുന്ന ഉയര്‍ന്ന ചൂട് താങ്ങാനുള്ള പ്രത്യേകതരം കവചവും മൂന്നാംഘട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. ശത്രുരാജ്യങ്ങളുടെ മിസൈല്‍വേധപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അഗ്‌നി-5 ലുണ്ട്.
മറ്റ് മിസൈലുകളില്‍നിന്ന് വ്യത്യസ്തമായി പ്രത്യേകതരം ലോഹ കവചത്തിനുള്ളില്‍ (കാനിസ്റ്റര്‍) ആണ് അഗ്‌നി-5 ശേഖരിച്ചുവെക്കുകയെന്ന് അവിനാശ് ചന്ദര്‍ പറഞ്ഞു. ഏറെക്കാലം കേടുപാടുകൂടാതെ മിസൈല്‍ സൂക്ഷിച്ചുവെക്കാന്‍ ഇതിലൂടെ കഴിയും. അതുകൊണ്ടുതന്നെ പ്രത്യേക തയ്യാറെടുപ്പൊന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ അഗ്‌നി-5 നെ ശത്രുവിനെതിരെ പ്രയോഗിക്കാന്‍ കഴിയും. എപ്പോഴും വിക്ഷേപണസജ്ജമായിരിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. കരമാര്‍ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന റോഡ് മൊബൈല്‍ ലോഞ്ചറാണ് 20 മീറ്ററോളം (ഏകദേശം ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരം) നീളംവരുന്ന അഗ്‌നി-5 നായി തയ്യാറാക്കിയിരിക്കുന്നത്. കരസേനയ്ക്കുവേണ്ടിയുള്ള മോഡലാണ് ഇപ്പോള്‍ പരീക്ഷിക്കാന്‍ പോകുന്നത്. ഡി.ആര്‍.ഡി.ഒ.യുടെ നൂറോളം ശാസ്ത്രജ്ഞരും ആയിരത്തിലേറെ സാങ്കേതിക വിദഗ്ധരും ആദ്യപരീക്ഷണം വിജയകരമാക്കാന്‍ ഉറക്കമിളയ്ക്കുകയാണ്. ആണവ ഇന്ധനത്തിലോടുന്ന 'അരിഹന്ത്' ശ്രേണിയിലുള്ള മുങ്ങിക്കപ്പലില്‍നിന്ന് തൊടുക്കുവാനാകുന്ന ഇതിന്റെ പ്രത്യേക മോഡലും നിര്‍മിക്കും. 2013-14 വര്‍ഷത്തില്‍ അഗ്‌നി-5 ന്റെ ഈ നാവികപ്പതിപ്പ് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ഡീസല്‍, ഇലക്ട്രിക് മുങ്ങിക്കപ്പലുകളില്‍നിന്ന് വ്യത്യസ്തമായി, ഒരിക്കല്‍പ്പോലും ഉപരിതലത്തിലേക്ക് പൊങ്ങിവരാതെ മാസങ്ങളോളം വളരെയേറെ ദൂരം ആഴക്കടലിനടിയിലൂടെ സഞ്ചരിക്കാനും മുങ്ങിഒളിച്ചുകിടക്കാനും കഴിയുന്നവയാണ് ആണവ മുങ്ങിക്കപ്പലുകള്‍. ഇവയില്‍നിന്ന് കടലിനടിയിലെവിടെനിന്നും മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നതിനാല്‍ നാവികപ്പതിപ്പിന്റെ ആക്രമണപരിധി എത്രയെന്ന് നിശ്ചയിക്കാന്‍പോലും കഴിയില്ല.
അഗ്‌നി-5 നെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെ ഈ മിസൈല്‍ തങ്ങളുടെ വടക്കുകിഴക്കേ അറ്റത്തുള്ള ചെറിയ പട്ടണങ്ങള്‍ക്കുപോലും ഭീഷണിയാണെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിള്‍സ് ഡെയ്‌ലി' വിലയിരുത്തിക്കഴിഞ്ഞു. ചൈനയുടെ സൈനികശേഷി ഉയര്‍ത്തുന്ന ഭീഷണിക്കുള്ള മറുപടിയായാണ് ഈ മിസൈലിനെ ഇന്ത്യന്‍ സൈനിക വിദഗ്ധരും കാണുന്നത്. എന്നാല്‍, പ്രതിരോധ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂഖണ്ഡാന്തര മിസൈല്‍ ശേഷിയിലേക്കുള്ള നിര്‍ണായകമായ ചവിട്ടുപടിയാണിത്. കൂടുതല്‍ വിപുലീകരിച്ച് അഗ്‌നി-6 ല്‍ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകളുടെ അടിസ്ഥാനരൂപങ്ങളാണ് അഗ്‌നി-5 ലുള്ളത്. ഇവയ്ക്കുപുറമെ ഒറ്റ മിസൈല്‍ കൊണ്ടുതന്നെ ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ ഇന്‍ഡിപ്പെന്‍ഡെന്‍ഡ്‌ലി ടാര്‍ജറ്റെഡ് റിഎന്‍ട്രി വെഹിക്കിള്‍ (എം.ഐ.ആര്‍.വി.) വിദ്യയും ആറാംപതിപ്പിലുണ്ടാകും. മിസൈലിന്റെ ഭാരവും നീളവും കുറയ്ക്കാനായി കോമ്പോസിറ്റ് മെറ്റീരിയലിന്റെ ഉപയോഗവും ഇതില്‍ കൂടുതലായിരിക്കും.
10 വര്‍ഷം മുന്‍പാണ് എ-6 എന്ന കോഡ്‌നാമത്തില്‍ അതിരഹസ്യമായി അഗ്‌നി-6 ന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇതേപോലെത്തന്നെ മറ്റൊരു പരമരഹസ്യംകൂടി ഡി.ആര്‍.ഡി.ഒ.യിലെ ശാസ്ത്രജ്ഞര്‍ സൂക്ഷിക്കുന്നുണ്ട്- 14,000 കിലോമീറ്ററിനടുത്ത് സഞ്ചാരശേഷിയുള്ള 'സൂര്യ' മിസൈല്‍ വികസന പദ്ധതി. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണും ഇതിന്റെ സഞ്ചാരശേഷിക്കുള്ളില്‍ വരും. വിക്ഷേപിച്ച് 20 സെക്കന്‍ഡുകൊണ്ട് ഭൂമിയില്‍നിന്ന് 32 കിലോമീറ്റര്‍ ഉയരത്തിലേക്ക് ശബ്ദത്തിന്റെ 6.5 ഇരട്ടി വേഗത്തില്‍ (മാക്ക് 6.5) മിസൈലിനെ തള്ളിവിടാന്‍ കഴിയുന്ന ഹൈപ്പര്‍സോണിക്ക് റോക്കറ്റ് ബൂസ്റ്റര്‍ എന്‍ജിന്‍ ഡി.ആര്‍.ഡി.ഒ. നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് പ്രയോഗക്ഷമമാകും. ഇത് സൂര്യയ്ക്കുവേണ്ടിയാണെന്നാണ് കരുതുന്നത്. ''ഇന്ത്യയുടെ സ്വാധീനമേഖല വളരുകയാണ്. അതിനൊപ്പം സൈനിക താത്പര്യങ്ങളും വളരും. അവിടെയൊക്കെ എത്താനുള്ള പ്രഹരശേഷി (ഡിറ്ററന്‍സ് കേപ്പബിലിറ്റി) നമുക്കുവേണം''-അവിനാശ് ചന്ദര്‍ പറയുന്നു. എന്നാല്‍, 'സൂര്യ' പദ്ധതി നിലവിലുള്ളതായി ഇന്ത്യന്‍ പ്രതിരോധവകുപ്പോ ഡി.ആര്‍.ഡി.ഒ.യോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം അവര്‍ അതില്ലെന്നു പറയുന്നുമില്ല.

ന്യൂഡല്‍ഹിക്ക് മിസൈല്‍വേധ സുരക്ഷ


കഴിഞ്ഞവര്‍ഷം പരീക്ഷിച്ചു വിജയിച്ച മിസൈല്‍ വേധസംവിധാനം പ്രയോഗത്തിലേക്ക്. തലസ്ഥാനമായ ന്യൂഡല്‍ഹിയിലാണ് രാജ്യത്തെ ആദ്യ ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് (ബി.എം.ഡി.) സംവിധാനം നടപ്പാക്കുന്നത്. ഡല്‍ഹിക്കുനേരേ ശത്രുകേന്ദ്രങ്ങള്‍ മിസൈല്‍ തൊടുക്കുകയാണെങ്കില്‍ അതിനെ മറ്റൊരു മിസൈല്‍ ഉപയോഗിച്ച് ആകാശത്തുവെച്ചുതന്നെ തകര്‍ത്തുകളയാനും അതുവഴി ആക്രമണത്തെ പരാജയപ്പെടുത്താനും ഇതിലൂടെ കഴിയും. രണ്ടാം ഘട്ടത്തില്‍ മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളെയും ഈ സംവിധാനത്തിന്റെ സംരക്ഷണയില്‍ കൊണ്ടുവരും.
അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്താനും ആണവശക്തികളായിരിക്കുകയും അണ്വായുധം ഇന്ത്യയിലെവിടേക്കും വിക്ഷേപിക്കാനുള്ള ശേഷി ഈ രാജ്യങ്ങള്‍ കൈവരിക്കുകയും ചെയ്ത പശ്ചാത്തലം വിലയിരുത്തിയശേഷമാണ് മിസൈല്‍വേധ സംവിധാനം തുടക്കത്തില്‍ രാജ്യതലസ്ഥാനത്തുതന്നെ നടപ്പാക്കാന്‍ പ്രതിരോധ വകുപ്പ് തീരുമാനമെടുത്തത്. ഡി.ആര്‍.ഡി.ഒ.യാണ് ഇതിനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ പ്രതിരോധരംഗത്ത് നെറ്റ്‌വര്‍ക് കേന്ദ്രീകൃത യുദ്ധതന്ത്രത്തിന്റെ (നെറ്റ്‌വര്‍ക്ക് സെന്‍ട്രിക് വാര്‍ഫെയര്‍) തുടക്കം കൂടിയാണിത്. 'പൃഥ്വി' മിസൈലിന്റെ പരിഷ്‌കരിച്ചരൂപം ഉപയോഗിച്ച് കഴിഞ്ഞവര്‍ഷം ഡി.ആര്‍.ഡി.ഒ. മിസൈല്‍വേധ സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നു.

ന്യൂഡല്‍ഹിയില്‍ ബി.എം.ഡി. നടപ്പാക്കുന്നതിനുള്ള റഡാറുകള്‍, ഇന്റര്‍സെപ്റ്ററുകള്‍, മിസൈലുകള്‍, മിസൈല്‍ ലോഞ്ചറുകള്‍, ഇവയെ തമ്മിലും കണ്‍ട്രോള്‍ റൂമുമായും ബന്ധിപ്പിക്കുന്ന നെറ്റ്‌വര്‍ക്ക് എന്നിവയും സജ്ജമായിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ആസ്ഥാനത്താണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. ഘട്ടംഘട്ടമായി രാജ്യത്തിന്റെ ഭൂപ്രദേശം പൂര്‍ണമായും ഈ സംവിധാനത്തിന്റെ സംരക്ഷണത്തില്‍ കൊണ്ടുവരും.

No comments:

Post a Comment