Saturday, 7 January 2012

നിത്യ ജീവിതത്തില്‍ അനുഷ്ടിക്കുന്ന ആചാരം








സുഖപ്രസവത്തിനായി ഗര്‍ഭിണികള്‍ ജപിക്കേണ്ട മന്ത്രം:-
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:

മുപ്പത്തി മുക്കോടി ദേവന്മാര്‍:-
8 വസുക്കള്‍,11 രുദ്രന്‍മാര്‍,12 സൂര്യന്മാര്‍,2 അശ്വനിദേവന്മാര്‍ എന്നിങ്ങനെ ആകെ 33. ഇവരെയാണ് മുപ്പത്തി മുക്കോടി ദേവന്മാര്‍ എന്ന് പറയുന്നത്.മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം:-ഓം ശരവണ ഭവ: എന്ന ഷഡാക്ഷരമന്ത്രം ജപിക്കുക.മുക്തിയേകുന്ന നഗരങ്ങള്‍:-അയോധ്യ, മഥുര, മായാപുരി, കാശി, അവന്തി, ദ്വാരക എന്നീ ഏഴു നഗരങ്ങള്‍.

ബലി കര്‍മങ്ങളില്‍ ജംബുദ്വീപേ ഭാരതഖണ്ഡേ എന്ന് പറയുന്നത്:-
പുരാതനകാല ഭാരതത്തിലെ അറിവ് അനുസരിച്ചു ലോകത്തെ ഏഴു ദ്വീപുകളാക്കി തിരിച്ചതില്‍ ജംബുദ്വീപ് ഏഷ്യയാണ്. മറ്റുള്ളവ പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന).

ധ്യാനവൃക്ഷം:-
നെല്ലിമരം, അത്തിമരം ഇവയുടെ ചുവട്ടിലിരുന്നു ധ്യാനം ചെയ്യുന്നത് വളരെ സവിശേഷമാണ്. പെട്ടെന്ന് സിദ്ധി ഉണ്ടാകുന്നു.



പഞ്ചപക്ഷികള്‍:- 
ചകോരം, പെരുമ്പുളള് , കാകന്‍, കോഴി, മയില്‍ എന്നിവയാണ്.ത്രിസന്ധ്യകള്‍:-പ്രഭാത സന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നിവയാണ്. രാത്രിയും പ്രഭാതവും സന്ധിക്കുന്ന സമയം പ്രഭാത സന്ധ്യ,പ്രാഹ്നവും മധ്യാഹ്നവുംകൂടി സന്ധിക്കുന്നത് മധ്യാഹ്ന സന്ധ്യ , വൈകുന്നേരവും രാത്രിയും കൂടി സന്ധിക്കുന്നത് സായം സന്ധ്യ.

പ്രണവമന്ത്രം:-
'ഓം' കാരത്തെതന്നെയാണ് പ്രണവമന്ത്രം എന്ന് പറയുന്നത്. ഇതില്‍ അ- ബ്രഹ്മാവ്‌, ഉ- വിഷ്ണു, മ- ശിവന്‍. എപ്പോഴും പുതുതായി ഇരിക്കുന്നത് എന്നും പ്രണവത്തിനു അര്‍ഥം ഉണ്ട്.

പഞ്ചാംഗം:-
വാരം(ആഴ്ച), നക്ഷത്രം, തിഥി, കരണം, നിത്യയോഗം ഇങ്ങിനെയുള്ള അഞ്ചു മാനങ്ങള്‍ അടങ്ങിയിട്ടുള്ളതിനെയാണ് പഞ്ചാംഗം എന്ന് പറയുന്നത്.
വാരം- ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സമയം.
നക്ഷത്രം- ചന്ദ്രന്‍ രാശിചക്രത്തില്‍ ഒരു നക്ഷത്ര മേഖലയില്‍ സഞ്ചാരം പൂത്തിയാക്കാന്‍ എടുക്കുന്ന സമയം.
തിഥി-ചന്ദ്രസ്ഫുടത്തില്‍ നിന്നും സൂര്യസ്ഫുടം കുറച്ചാല്‍ കിട്ടുന്ന ഭാഗ കലകള്‍.
കരണം- തിഥിയുടെ പകുതി.
നിത്യയോഗം(യോഗം)- സൂര്യസ്ഫുടവും, ചന്ദ്രസ്ഫുടവും കൂട്ടിയതിനെ കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നത്.
 

സാക്ഷികള്‍:-

സാക്ഷികള്‍ പതിന്നാലാണ് ഇവര്‍ സര്‍വ്വ സാക്ഷികള്‍ എന്ന് പറയുന്നു.
സൂര്യന്‍, ചന്ദ്രന്‍, അഗ്നി, ജലം, ഹൃദയം, കാളന്‍, പകല്‍, രാത്രി, പ്രാതസന്ധ്യ, സായംസന്ധ്യ, ധര്‍മ്മം, വായു, ആകാശം, ഭൂമി.

സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)
സത്യം പറയണം, പ്രിയം പറയണം, അപ്രിയമായ സത്യം പറയാതിരിക്കണം, പ്രിയമാണെങ്കിലും അസത്യം പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.

വീരാസനം:-

ഇടതുകാലിന്‍റെ മുട്ടിന്‍മേല്‍ വലതുകാല്‍വച്ചും, ഇടതു കൈമുട്ട് വലതുകാലിന്‍റെ അഗ്രത്തില്‍ വച്ചും വലതു കൈയ്യില്‍ ജ്ഞാനമുദ്ര ധരിച്ചും ഉള്ള ഇരിപ്പ്.

സപ്തമാതൃക്കള്‍:-

ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ്.

കൂവളം നട്ടാല്‍:-
ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.






പൂജാമുറിയും ദിക്കും:-

വീട്ടിലെ പൂജാമുറി കിഴക്കോട്ടു അഭിമുഖമായിട്ടായിയിക്കണം. ചിത്രങ്ങളും കിഴക്കൊട്ടായിട്ടു സ്ഥാപിക്കണം. തെക്കോട്ട് അഭിമുഖമായി ഒരിക്കലും നമസ്ക്കരിക്കരുത്. അതിനനുസരിച്ചു ദൈവങ്ങളുടെ പടവും മറ്റും സ്ഥാപിക്കുക.


ആല്‍മര പ്രദിക്ഷിണം:-ഏഴുതവണയാണ് ആലിനെ പ്രദിക്ഷിണം ചെയ്യേണ്ടത്. ഇങ്ങിനെ ചെയ്യുന്നത് നമ്മുടെ സപ്തശരീരങ്ങളിലും പ്രാണോര്ജ്ജം നിറക്കുന്നു. ആലിന്‍റെ മൂലത്തില്‍ ബ്രഹ്മാവും, മധ്യത്തില്‍ വിഷ്ണുവും, അഗ്രത്തില്‍ ശിവനും വസിക്കുന്നു എന്നാണു വിശ്വാസം. ആലില്‍നിന്ന് ഈശ്വരചൈതന്യം തുടങ്ങുന്നു. ചിട്ടപ്രകാരം ജാത കര്‍മ്മ-ഉപനയനാദി സംസ്ക്കാരം കഴിച്ച ആളാകണം.


നിലവിളക്ക് കെടുത്തുന്ന വിധം:-ഒരു പുഷ്പമോ, തുളസി ഇലയോ, കൂവളദളമോ തിരിനാളത്തിന് മുകളില്‍വച്ചു കെടുത്താം. ഇതാണ് ഉത്തമം. നാല് കൈവിരലുകള്‍ വിശറിപോലെ ഉപയോഗിച്ചു മെല്ലെ വീശിക്കെടുത്തുന്നത് മാധ്യമം. ഊതി ക്കെടുത്തുന്നത് അധമം.




ധ്യനംചെയ്യുമ്പോള്‍:-
ധ്യാനം ചെയ്യുമ്പോള്‍ പുലിയുടെയോ മാനിന്‍റെയോ തോലുകള്‍ ഉപയോഗിക്കാറുണ്ട് കാരണം ഈ തോലുകള്‍ക്ക് വിദ്യുച്ഛക്തിയെ ശരീരത്തിലേക്ക് പ്രവഹിപ്പിക്കാനുള്ള കഴിവുണ്ട്. ഇവ ശരീരത്തിലെ വിദ്യുച്ഛക്തിയെ തറയിലേക്കു പ്രവഹിപ്പിക്കാതെ തടയുന്നു. ധ്യാനം ചെയ്യുമ്പോള്‍ പലകയിലോ ദര്‍ഭയിലോ വേണം ഇരിക്കാന്‍. വെറും തറയില്‍ ഇരിക്കരുത്.




കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്‌.


നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.


അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക്‌ നയിക്കും.


നാസ്തികത,വേദനിന്ദ,ദേവനിന്ദ,ദേഷ്യം,ഡംഭ്‌,ദുരഭിമാനം,ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.


പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്‌. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.


അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനും,ശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മം, ഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത്‌ സൗഖ്യം ലഭിക്കുകയില്ല.


അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തുന്നു, പുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ അനുഭവങ്ങള്‍ വ്യാപിക്കുന്നു.


പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹം,ധനം, തുടങ്ങി സര്‍വ്വവും നശിക്കുന്നു.


സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.


പ്രയോജനമില്ലാതെ കൈകള്‍കൊണ്ട്‌ എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.


ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ ,തുളസിയിലയോ മുടിയില്‍ ചൂടരുത്‌.


ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്‌.


ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്‌.


സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌.


വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്‌.


അമിതമായി ഭക്ഷിക്കരുത്‌.


മടിയില്‍ വെച്ച്‌ ഭക്ഷണം കഴിക്കരുത്‌.


വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്‌.


ഒന്നിനെയും‌ ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു.ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.


നൂറു വര്‍ഷത്തേക്ക്‌ വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്‌.
ഉച്ച വെയില്‍, ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്‌.


രണ്ടു കൈകളുംകൊണ്ട്‌ തലചൊറിയരുത്‌. തലമുടി വലിച്ചുപറിക്കുക,തലയിലടിക്കുക എന്നിവയും പാടില്ല.
ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്‌.


അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍,ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത്‌ ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്‌.


അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വ്രദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍,താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്‌.


സന്ധ്യക്ക്‌ മുടി ചീകരുത്‌.


അനുമതി കൂടാതെ അന്യന്റെ വാഹനം,കിടക്ക,ഇരിപ്പിടം,കിണര്‍,വീട്‌,തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.


കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും,എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.


സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.


സന്ധ്യാ സമയത്ത്‌ സ്ത്രീസംഗം പാടില്ല.


ഭക്ഷണം,ദാനം,മൈഥുനം,ഉപവാസം,വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.


ആയുസ്സ്‌,ധനം,സ്ത്രീസംസര്‍ഗ്ഗം,മന്ത്രം,ഔഷധദാനം,മറ്റൊരുത്തനാല്‍ നേരിട്ട അപമാനം,മാനം,ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.


സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും ,ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.
മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്‌.


ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോ, ജലപാനം ചെയ്യുകയോ ചെയ്യരുത്‌.


യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്‌.


ഇത്‌ മറ്റൊരള്‍ക്ക്‌ എന്ന് പറഞ്ഞ്‌ വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്‌.


ഭര്യ രക്ഷിക്കപ്പെട്ടാല്‍ സന്താനം രക്ഷിക്കപ്പെടും ,സന്താനം രക്ഷിക്കപ്പെട്ടാല്‍ ആത്മാവ്‌ രക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.


മദ്യപാനം,ദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കം,ഭര്‍ത്രവിരഹം,പരദൂഷണം,ചുറ്റിത്തിരിയല്‍,പകലുറക്കം,അന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.


അന്യദേശത്ത്‌ പോകുന്ന ഭര്‍തതാവ്‌ ഭാര്യയുടെ ഉപ്ജീവനാദികള്‍ക്കുള്ള ഏര്‍പ്പട്‌ ചെയ്തിട്ടെ പോകാവൂ.


ബ്രഹ്മഹത്യ,നിഷിദ്ധ മദ്യം സേവിക്കല്‍,മോഷണം,ഗുരുപത്നീ ഗമനം,ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച്‌ മഹാപാതകങ്ങള്‍.


ഉറങ്ങുക, ഉറക്കമൊഴിക്കുക,കുളിക്കുക,ഇരിക്കുക,കിടക്കുക,വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്‌.


ഭക്ഷണസമയത്ത്‌ സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്‌. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്‌.


നാലും കൂടിയ വഴിം തറകെട്ടിയ വൃക്ഷം‌,പൂന്തോട്ടം,ദുഷ്ടസ്ത്രീകളുടെ ഗൃഹം‌ എന്നിവടങ്ങളില്‍ രാത്രി പോകാന്‍ പാടില്ല.


ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.


കലഹം,വൈരം എന്നിവ കഴിവതും ഒഴിവാക്കണം. ദേവപൂജ, പിതൃപൂജ,അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക്‌ ശുഭ ഫലങ്ങള്‍ കൈവരും.






നീണ്ട്‌ നിവര്‍ന്ന് കിടക്കണം, സ്ത്രീകള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങരുത്‌,ഇടതു വശം ചരിഞ്ഞ്‌ കിടന്നുറങ്ങുക. എഴുന്നേല്‍ക്കുമ്പോള്‍ വലതുവശം ചരിഞ്ഞ്‌ എഴുന്നേല്‍ക്കന്‍ ശ്രദ്ധിക്കുക. ശിരോരോഗങ്ങള്‍ , മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്‍ ഇവ ഏറെക്കുറെ പരിഹരിക്കുവാന്‍ കിടപ്പിലെ നിയമങ്ങള്‍ സഹായിക്കും.


ആണ്‍കുട്ടികള്‍ക്ക്‌ ചോറൂണു (കുട്ടികള്‍ക്കു ആദ്യമായി അരിയാഹാരം കൊടുക്കുന്ന ചടങ്ങ്‌) നടത്തുന്നത്‌ 6,8,10 മാസങ്ങളിലും ,പെണ്‍കുട്ടികള്‍ക്കു 5,7,9 മാസങ്ങളിലുമാണു ശുഭകരം.


ഒരു അതിഥി ആരുടെ ഗൃഹത്തില്‍ നിന്ന് നിരശനായി മടങ്ങുന്നവൊ ആ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങള്‍ ലഭിക്കുന്നു. ഗൃഹസ്ഥന്റെ പുണ്യങ്ങള്‍ അതിഥി കൊണ്ടു പോകുകയും ചെയ്യുന്നു.


ഗൃഹ നിര്‍മ്മാണത്തിനു ഉത്തമമായ ഭൂമി തിരഞ്ഞെടുക്കുന്നത്‌ മുതല്‍ ഗൃഹപ്രവേശങ്ങള്‍ വരെയുള്ള കര്‍മ്മങ്ങള്‍ വാസ്തുശാസ്ത്ര വിധി പ്രകാരം തന്നെ നടത്തുക എന്നത്‌ ആ ഗൃഹത്തില്‍ ഐശ്വര്യത്തോടെയും ആയൂരാരോഗ്യ സൗഖ്യത്തോടെയും ജീവിക്കുന്നതിനു അത്യന്താപേക്ഷിതമാണു.


സൂര്യോദയം വരെയും സൂര്യാസ്തമയം വരെയും മന്ത്രജപം ,നാമജപം, സ്തോത്രജപം ധ്യാനം തുടങ്ങിയവ അനുഷ്ഠിക്കണം. ഇതുമൂലം ഐശ്വര്യം ,ഏകാഗ്രത, മനഃശുദ്ധി, കര്‍മ്മശുദ്ധി ,ആരോഗ്യം തുടങ്ങിയവ കൈവരുന്നു.


ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌ കത്തിക്കരുത്‌ കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട്‌ ആ വിളക്ക്‌ കൊണ്ട്‌ വേണം നിലവിളക്ക്‌ കൊളുത്തുവാന്‍.


ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം. ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌. വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.


സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും, പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം നിലവിളക്ക്‌ കെടുത്തി വെക്കാം. വസ്ത്രം കൊണ്ട്‌ വീശി കെടുത്തുന്നത്‌ ഉത്തമം, കൈ കൊണ്ട്‌ വീശികെടുത്തുന്നത്‌ മദ്ധ്യമം, എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത്‌ അധമം ,ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം)


ഒരു‌ ഗൃഹസ്ഥനു ഈ പ്രപഞ്ചത്തിലെ ബാധ്യതകളില്‍ വെച്ച്‌ ഏറ്റവും മുഖ്യമായത്‌ പിത്രകര്‍മ്മമാണു (ശ്രാദ്ധം). പുലയുള്ളപ്പോഴും ,സ്ത്രീകള്‍ക്കു ആര്‍ത്തവസമയത്തും ശ്രാദ്ധമൂട്ടാന്‍ വിധിയുല്ല. പിത്രവിന്റെ മക്കള്‍ക്കും, ഇളയ സഹോദരങ്ങള്‍ക്കും സാഹചര്യവശാല്‍ ഭാര്യക്കും ,മക്കളുടെ മക്കള്‍ക്കും, സഹോദരിമാരുടെ മക്കള്‍ക്കുംശ്രാദ്ധമൂട്ടാവുന്നതാണു.പെണ്‍മക്കള്‍ ശ്രാദ്ധമൂട്ടുമ്പോള്‍ വിധിപ്രകാരം ചെയ്യിക്കുവാന്‍ ഒരു ആചാര്യന്‍ ഉണ്ടായിരിക്കണം.


സ്ത്രീകള്‍ ഭസ്മം നനച്ച്‌ തൊടരുത്‌. പുരുഷന്മാര്‍ രാവിലെ നനച്ചും, വൈകിട്ട്‌ നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്‌.


അരയ്ക്ക്‌ താഴെ വെള്ളിയാഭരണങ്ങളെ ഉപയോഗിക്കാവൂ.വീട്ടുവതില്‍ക്കല്‍ നിന്നും അടുക്കളയില്‍ നിന്നും പല്ല് തേക്കരുത്‌. സ്ത്രീകള്‍ ശരീര നഗ്നത കാട്ടരുത്‌. ആഭരണം ധരിക്കാതിരിക്കരുത്‌. ,മുടി അഴിച്ചിട്ട്‌ നടക്കരുത്‌ ,തലമുണ്ഡനം ചെയ്യരുത്‌, പൂജിക്കാത്ത പുഷ്പങ്ങള്‍ ചൂടരുതു.


വിവാഹിതകള്‍ സിന്ദൂരം ധരിക്കാതിരിക്കരുത്‌. തലമുടി ചീപ്പില്‍ കെട്ടികിടക്കരുത്‌., തലമുടി ചീകുമ്പോള്‍ മുടിതാഴെ വീണുകിടക്കാന്‍ പാടില്ല. ഇടത്തോട്ട്‌ മുണ്ട്‌ ഉടുക്കരുത്‌, വെളിയില്‍ ലുങ്കിധരിച്ച്‌ പോകരുത്‌.


ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന തീര്‍ത്ഥം വാങ്ങി ഒന്നോ രണ്ടോ തുള്ളി സേവിച്ചതിനു ശേഷം ശിരസ്സില്‍ തളിക്കുക. തീര്‍ത്ഥം സേവിക്കുമ്പോള്‍ കുണ്ടില്‍ തട്ടാന്‍ ഇടവരരുത്‌. സേവിച്ചതിനു ശേഷമുള്ള തീര്‍ത്ഥത്തില്‍ നിന്ന് ഒരു തുള്ളി പോലും  താഴെ വീഴരുത്‌.


ചന്ദനം ക്ഷേത്രത്തിനു വെളിയില്‍ ഇറങ്ങിയേ അണിയാവൂ.അര്‍ച്ചനാ പുഷ്പം വാങ്ങി ശിരശ്ശില്‍ വെക്കുക.


ക്ഷേത്ര നടയില്‍ നിന്ന് തൊഴുമ്പോള്‍ ഇടത്തോ വലത്തോ ചേര്‍ന്ന് കരിഞ്ഞ്‌ നിന്ന് തൊഴണം
ധാരാളം പണം ചെലവിട്ട്‌ ദൂരസ്ഥലത്തേക്കുള്ള ക്ഷേത്രദര്‍ശനതതിനായി പുറപ്പെടുമ്പോള്‍ ദേശാധിപത്യക്ഷേത്രത്തില്‍ ദര്‍ശനവും യഥാശക്തി കാണിക്കയും അര്‍പ്പിക്കതെയുള്ള യാത്ര ശുഭകരമായിരിക്കുകയില്ല.


ബ്രാഹ്മമുഹൂര്‍ത്തത്തില്‍ (പുലര്‍ച്ചക്ക്‌ ഏഴര നാഴിക മുമ്പ്‌)എഴുന്നേല്‍ക്കുക. അതിനു സാധിച്ചില്ലങ്കില്‍ സൂര്യോദയത്തിനു മുമ്പ്‌ എഴുന്നേല്‍ക്കണം. എഴുന്നേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ "കരാഗ്രേ വസതേ ലക്ഷ്മിഃ കരമദ്ധ്യേസരസ്വതിഃ കരമൂലേ ഗോവിന്ദഃ പ്രഭാതേ കരദര്‍ശനം"എന്ന മന്ത്രം ചൊല്ലി, മലര്‍ത്തി ചേര്‍ത്ത്‌ പിടിച്ച ഉള്ളം കൈകളില്‍ നോക്കികൊണ്ട്‌ ദര്‍ശനം സാധിക്കുകയാണു..


അടുത്ത പടി ഭൂമി തൊട്ടുവന്ദിക്കലാണു."സമുദ്രവസനേ ദേവീ പര്‍വ്വത സ്ത്നമണ്ഡിതേ വിഷ്ണുപത്നി നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമേ" എന്ന മന്ത്രം ചൊല്ലി കട്ടിലിലോ കിടക്കയിലോ കിടന്നു ആദ്യം വലത്‌ കൈ ഭൂമിയില്‍ തൊട്ട്‌ വന്ദിക്കണം


മലമൂത്രവിസര്‍ജ്ജനം സ്വന്തം വാസസ്ഥാനത്തോടടുത്താവരുത്‌ എന്നാണു ശാസ്ത്രവിധി., പഴുത്തമാവിലയും ഉപ്പും ,കുരുമുളകും കൂട്ടിപ്പൊടിച്ചതൊക്കെയാണു ദന്തശോധനക്ക്‌ ആരോഗ്യകരം.,മുങ്ങിക്കുളിയാണു അരോഗ്യത്തിനു ഉത്തമം., അതും സൂര്യോദയത്തിനു മുമ്പ്‌ ആവുകയും വേണം.


പ്രഭാതത്തില്‍ പശുവിനെ കണികാണുന്നത്‌ ഐശ്വര്യപ്രദമാണു. ,ദീപത്തോട്‌ കൂടിയ നിലവിളക്ക്‌, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലം പിരി ശംഖ്‌, ഗ്രന്ഥം, തുടങ്ങിയവയും മംഗളപ്രദമായ കണികളായി കരുതിവരുന്നു.


അതികാലത്തുണരുക, പ്രഭാതസ്നാനം, സാത്വികജീവിതരീതി, അഹിംസ, വ്രതശുദ്ധി, തുടങ്ങിയവശീലിക്കെണ്ടതാണു.


എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ക്രോധം, ചികിത്സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം,വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മദ്യമാംസാദിസേവ, ഔഷധസേവ, തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല.


ഒരു‌ മാസത്തില്‍ രണ്ടു തവണ ജന്മനക്ഷത്രം വന്നാല്‍ രണ്ടാമത്തേതാണു പിറന്നാള്‍ ദിവസമായി എടുക്കേണ്ടത്‌,


ദാനങ്ങളില്‍ ഏറ്റവും മഹത്തായ ദാനമാണു അന്നദാനം


വീട്ടിലായാലും ക്ഷേത്രത്തിലായാലും വിഗ്രഹപൂജ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പൂജാ വിധികളുണ്ട്.ഫലം ഇച്ഛിക്കാതെയുള്ള ഈശ്വരാര്‍പ്പണമാണ്‌ വേണ്ടതെങ്കിലും ലൗകിക ജീവിതത്തില്‍ ഭൗതികമായ ഉയര്‍ച്ചയും നിഷ്കളങ്കനായ ഭക്തന്‌ ദൈവം അനുഗ്രഹമായി ചൊരിയുമെന്നാണ്‌ ആചാര്യമതം.

ആവാഹനം- ഈശ്വരനെ ക്ഷണിക്കുക.
ആസനം- ഇരിപ്പിടം നല്‍കുക.
പാദ്യം- തൃപ്പാദങ്ങള്‍ കഴുകുക.
അര്‍ഘ്യം- അര്‍പ്പിക്കുന്നതിനുള്ള ജലം.
ആചമനം- കുടിക്കാന്‍ ജലം നല്‍കുക.
മധുവര്‍ഗ്ഗം- പാല്‍, തേന്‍ തുടങ്ങിയവ നല്‍കുക.
സ്നാനം- നീരാട്ട്
വസ്ത്രം- വസ്ത്രം ധരിപ്പിക്കുക.
യജ്ഞോപവീതം- പൂണൂല് ധരിപ്പിക്കുക.
ഗന്ധം- വാസന ദ്രവ്യങ്ങള്‍, ചന്ദനം, കുങ്കുമം ചാര്‍ത്തുക.
പുഷ്പം- പൂചൂടുക.
ധൂമം- സംബ്രാണി തുടങ്ങിയവ കത്തിക്കുക.
ദീപം- വിളക്ക് തെളിയിക്കുക.
നൈവേദ്യം- പ്രസാദ നിവേദനം.
താംബൂലം- വെറ്റയും പാക്കും നല്‍കുക.
നീരഞ്ജനം- നാളികേര ആരതി.

1 comment:

  1. ജോലിയിൽ നിന്ന് റിട്ടയർ ചെയ്യുമ്പോൾ ,അല്ലെങ്കിൽ പ്രായാധിക്യം കൊണ്ട് ,ചെയ്തിരുന്ന ജോലികൾ ചെയ്യാൻ കഴിയാതെ വരുമ്പോൾ ആകെ ഒരു ശൂന്യത അനുഭവപ്പെടുന്നു . നിഷ്‌ക്രിയത്വം ,"ജീവിതം നിഷ്പ്രയോജനം "എന്ന തോന്നൽ ഉണ്ടാക്കും .ഹൃദയം ദുർബലമാകും ,മനസ്സ് തളരും .നമ്മുടെ തളർച്ചയ്ക്കു കാരണം നമ്മുടെ മനസ്സിന്റെ ദൗർബല്യമാണെന്നു മനസ്സിലാക്കി സ്വയം മനസ്സിനെ ഉയർത്തണം .ഇതാണ് ഭഗവത് ഗീതയിൽ കൃഷ്ണൻ അർജുനനോട് പറഞ്ഞത് "ക്ഷുദ്രം ഹൃദയ ദൗർബല്യം
    ത്യക്തോതിഷ്ഠ പരന്തപ" ".
    മനസ്സിനെഉയർത്താൻ സാധനകൊണ്ടേ കഴിയു .സാധനയ്ക്കു മാർഗദർശനം നൽകാൻ സത്ഗുരുവും ആവശ്യമാണ് . എങ്കിലും തുടക്കം കുറിയ്ക്കാൻ ക്ഷേത്ര ദർശനം ,സത്‌സംഗം ,ഭക്തന്മാരുമായുള്ള സംസർഗം ,നാമജപം എന്നിവയാകാം .ഒരു സത്ഗുരുവിന്റെ നിർദ്ദേശാനുസരണം യോഗ ധ്യാനവും പരിശീലിയ്ക്കണം .ഇപ്രകാരം ജീവിതം ചിട്ടപ്പെടുത്തുന്നവർക്കു മനസ്സിനെ അലട്ടുന്ന പിരിമുറുക്കങ്ങൾ ഒഴിവാക്കാം. .അനുഭവങ്ങളുടെ ഒഴുക്കിൽപ്പെട്ടുപോകാതെ സമബുദ്ധി കൈവരിയ്ക്കാം .കഴിയുന്നതും ഏകാന്തത ഒഴിവാക്കിക്കൊണ്ട് ,മനസ്സിനെ പരമാത്മാവിലേയ്ക്ക് തിരിച്ചു വിടുക .ഈശ്വരചിന്തയിൽ മുഴുകുക .

    ReplyDelete