Wednesday, 4 January 2012

റാലെഗാന്‍ സിദ്ധിയില്‍ ഹസാരെ ചെയ്തത്‌






റാലേഗാന്‍ സിദ്ധി മുമ്പേ പ്രസിദ്ധമാണ്. സ്വാശ്രയ തത്വങ്ങളുടെ പ്രതീകമായ ഒരു ഗ്രാമമായാണ് അത് വ്യാപകമായി ഉദാഹരിക്കപ്പെട്ടത്. മാഗ്‌സസെ പുരസ്‌കാരമൊക്കെ ലഭിച്ച അണ്ണാ ഹസാരെ എന്ന ഗാന്ധിയനാണത്രെ അതിനെ ഒരു മാതൃകാ ഗ്രാമമാക്കിയത്. മൂന്നു നാലു വര്‍ഷം മുമ്പ് ചെന്നൈക്കടുത്തുള്ള കുടുംബകം ഗ്രാമം കാണാന്‍ പോയപ്പോഴാണ് ഹസാരെയെപ്പറ്റി കൂടുതല്‍ കേട്ടത്. ദരിദ്ര, പിന്നാക്ക ഗ്രാമമായിരുന്ന കുടുംബകത്തെ വൃത്തിയും സ്വാഭിമാനവുമുള്ള ഒരിടമാക്കി മാറ്റിയ രംഗസ്വാമി ഇളങ്കോയാണ് ആദ്യമായി ഹസാരെയെക്കുറിച്ച് ആരാധനയോടെ പറഞ്ഞത്. 

എച്ചില്‍ക്കൂന പോലുണ്ടായിരുന്ന തന്റെ ഊരിനെ ചെമ്പു പാത്രം പോലെ തേച്ചു മിനുക്കിയെടുക്കാന്‍ പ്രചോദനം തന്നത് ഹസാരെയും അദ്ദേഹത്തിന്റെ റാലേഗാന്‍ സിദ്ധി എന്ന ഗ്രാമവുമാണെന്ന് ഇളങ്കോ പറഞ്ഞു. ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കു വെളിച്ചമായി വര്‍ത്തിക്കുന്ന ഏതാനും പേരെ തിരഞ്ഞ് ഇന്ത്യ ചുറ്റിയുള്ള ഒരു യാത്രക്കിടെയായിരുന്നു ഇളങ്കോയെ കണ്ടത്. ആ യാത്രയില്‍ തന്നെ ഭുവനേശ്വറിന്റെ ഉള്‍ഗ്രാമങ്ങളില്‍ വികസനമെത്തിക്കാന്‍ ശ്രമിക്കുന്ന ഗ്രാം വികാസിന്റെ ശില്‍പ്പിയും മലയാളിയുമായ ജൊ മഡിയത്തിന്റെ പ്രവര്‍ത്തന മണ്ഡലങ്ങളിലും, രാജസ്ഥാനിലെ ടിലോണിയയില്‍ ബങ്കര്‍ റോയ്‌യുടെ ബേര്‍ഫുട് കോളേജിന്റെ പ്രദര്‍ശനശാലകളിലും അണ്ണാ ഹസാരെ എന്ന പേര് ഉയര്‍ന്നു കേട്ടു. യാത്ര മുംബൈയില്‍ അവസാനിച്ചെങ്കിലും അണ്ണാ ഹസാരെയുടെ പറഞ്ഞു കേട്ട ഗ്രാമത്തെ കാണാന്‍ പറ്റിയില്ല. 

ദില്ലിയില്‍ രാം ലീല മൈതാനിയില്‍, ഇന്ത്യയെ ഇളക്കി മറിച്ച ലോക്പാല്‍ സത്യാഗ്രഹത്തോടെ അണ്ണാ ഹസാരെ എന്ന പേര് എല്ലാ നാവുകളിലുമെത്തി. സഹജമായ സിനിസിസത്തോടെയാണ് മലയാളികള്‍ അണ്ണാ ഹസാരെയെ കണ്ടത്. എന്‍ ജി ഒാകളുടെ തോഴന്‍, മറ്റാരുടെയൊക്കെയോ ചട്ടുകം, സംഘ്പരിവാര്‍ അനുകൂലി, ദലിത് വിരുദ്ധന്‍, ഏകാധിപത്യ സ്വഭാവം പുലര്‍ത്തുന്ന കര്‍ക്കശക്കാരന്‍, ജനാധിപത്യത്തിന്റെ പുണ്യക്ഷേത്രമായ പാര്‍ലമെന്റിനേയും അപ്പോസ്തലരായ രാഷ്ട്രീയപ്രവര്‍ത്തകരേയും വില കല്‍പ്പിക്കാത്ത അരാജകവാദി, ലൈം ലൈറ്റില്‍ വരാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട കക്ഷി എന്നീ വിശേഷണ പരിസരങ്ങളില്‍ പ്രതിഷ്ഠിച്ചു കൊണ്ട് ഭൂരിഭാഗം പേരും ഹസാരെയെ ഡിസക്റ്റ് ചെയ്തു. സോഷ്യല്‍ കമ്മ്യൂണിറ്റികളില്‍, തങ്ങളുടെ വിപ്ലവവാഞ്ഛകള്‍ക്ക് വിലങ്ങു തടിയായ, അലസ മധ്യവര്‍ഗ്ഗത്തിന്റെ ബൂര്‍ഷ്വാ പരികല്‍പ്പനകള്‍ക്ക് പറ്റിയ അരാഷ്ട്രീയ വാദിയെന്ന് തീവ്രഇടതു നെറ്റിസണ്‍സ് വിധിയെഴുതിയപ്പോള്‍, എതിര്‍ക്കണോ അതോ അനുകൂലിക്കണോ എന്ന സഹജമായ നമ്പൂരി ശങ്കയോടെ ഇടതുപക്ഷക്കാര്‍ കമന്റുകളിട്ടു. ഹിന്ദുത്വ വാദികളാകട്ടെ ഹസാരെയുടെ വന്ദേമാതരം മുദ്രാവാക്യങ്ങളില്‍ മയങ്ങി ജയ് വിളിച്ചു. ഹസാരെയുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അഴിമതിക്കെതിരായ പോരാട്ടം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും ചിലര്‍ വാദിച്ചു. റാലേഗാന്‍ സിദ്ധി എന്ന റാലെഗാവ് വരെ ഒന്നു പോയി നോക്കാമെന്നു വെച്ചത് അപ്പോഴാണ്.

ഗാന്ധി ജയന്തി ദിനത്തില്‍ അവിടെ എത്താമെന്നായിരുന്നു കരുതിയത്. ഗാന്ധി ജയന്തി ദിനം റാലെഗാവിന് ഗ്രാമ പരിവര്‍ത്തന ദിവസമാണ്. ഊഷരതയില്‍ നിന്നും ശാദ്വലതയിലേക്കുള്ള ഉയിര്‍പ്പിന്റെ ദിനം. ദില്ലിയിലെ സത്യാഗ്രഹത്തിനു ലഭിച്ച അഭൂതപൂര്‍ണ്ണമായ പ്രതികരണം ഗ്രാമത്തിലെ ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക് ആവേശം പകരുമെന്ന് ഉറപ്പായിരുന്നു. അണ്ണാ ഹസാരെ ഗാന്ധി ജയന്തി ദിനത്തില്‍ സ്വഗ്രാമത്തില്‍ എത്തിയേക്കാമെന്ന് പൂനെയിലെ പത്രപ്രവര്‍ത്തകനായ സുഹൃത്ത് അറിയിച്ചിരുന്നു. ഗാന്ധിജയന്തി ദിനത്തില്‍ പക്ഷെ പൂനക്ക് പത്തിരൂന്നൂറു കിലോമീറ്റര്‍ തെക്കുള്ള പ്രതാപ്ഗഡ് എന്ന വനദുര്‍ഗ്ഗത്തില്‍ പെട്ടു പോയി. റാലേഗനിലേക്ക് അടുത്ത ദിവസം മാത്രമാണ് ഇഛാഭംഗത്തോടെ പുറപ്പെട്ടത്. റാലേഗാനിലെ സകാല്‍ പത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടര്‍ ദത്താ സാങ്ങ്‌ഡെ ആശ്വസിപ്പിച്ചു: വരാഞ്ഞതു നന്നായി. ഗാന്ധി ജയന്തി ദിനത്തില്‍ ഇവിടെ വന്‍ തിരക്കായിരുന്നു. പത്രക്കാരും ആരാധകരും നാട്ടുകാരും. സൂചി കുത്താന്‍ സഥലമുണ്ടായിരുന്നില്ല. അണ്ണാജി ഇവിടെ തന്നെയുണ്ട്. കാണാന്‍ അവസരമുണ്ടാക്കാം. 




പൂനെയില്‍ നിന്ന് 89 കിലോമീറ്റര്‍ വടക്കു കിഴക്കാണ് അഹമ്മദ്‌നഗര്‍ ജില്ലയിലുള്ള റാലെഗാന്‍ സിദ്ധി ഗ്രാമം. നേരിട്ട് ബസ്സില്ല. പൂന ജില്ലയുടെ അതിര്‍ത്തി നഗരമായ ഷിരൂറില്‍ നിന്ന് മാറിക്കയറണം. ഷിരൂരില്‍ നിന്ന് പാര്‍നേര്‍ ടൗണിലേക്കുള്ള വഴിയിലാണ് റാലെഗാവ്. അരമണിക്കൂര്‍ ഇടവിട്ട് ബസ്സുണ്ട്. ചില ജീപ്പ് സര്‍വീസുമുണ്ട്. കൊങ്കണ്‍, മാവ്‌ല പ്രദേശങ്ങളുടെ ഹരിതാഭ പൂനയില്‍ നിന്നും കിഴക്കോട്ടു പോകുന്തോറും മങ്ങി വരും. മഴ മേഘങ്ങളെ സഹ്യാദ്രി തടഞ്ഞു വെക്കുന്നതു കൊണ്ട് മഴ നിഴല്‍ പ്രദേശത്താണ് അഹമ്മദ് നഗര്‍ ജില്ല. യാത്രയില്‍ ഭൂപ്രകൃതിയുടെ മാറ്റങ്ങള്‍ പ്രകടമാണ്. ഗ്രാമത്തെ പകുത്തു പോകുന്ന റോഡരികിലെ കവലയില്‍ ഞങ്ങള്‍ ബസ്സിറങ്ങി. റാലെഗാവില്‍ ദത്താജിയും, അദ്ധ്യാപകനായ സുഹൃത്ത് സന്തോഷ് സുല്‍ക്കെയും കാത്ത് നിന്നിരുന്നു. അണ്ണാജി ഗ്രാമത്തിലുണ്ട്, കൂടെ അരവിന്ദ് കെജ്രീവാളും. ഉച്ചക്കുശേഷം കാണാനുളള അവസരമൊരുക്കാം. 




മാതൃകാ ഗ്രാമത്തെ ഒന്നാകമാനം ചുറ്റിക്കാണണമെന്നു ദത്താജിയോടു പറഞ്ഞു. റോഡിറങ്ങിയപ്പോഴേക്കും ഗ്രാമത്തിന്റെ പച്ചത്തഴപ്പുകള്‍ പ്രകടമായിത്തുടങ്ങി. വരുന്ന വഴിക്കു കണ്ട വരണ്ടു മുഷിഞ്ഞ ഡക്കാന്‍ കാഴ്ച്ചകളില്‍ നിന്നും തീര്‍ത്തും വിഭിന്നം. പാതയോരങ്ങളില്‍ അതിരിട്ടു നിഴല്‍ വീഴ്ത്തുന്ന ഫലവൃക്ഷങ്ങള്‍ക്കും പുളിമരങ്ങള്‍ക്കും പിറകില്‍ കൃഷിയിടങ്ങള്‍. മുപ്പതു വര്‍ഷം മുമ്പു വരണ്ടു പൊടിപിടിച്ച ഊഷരഭൂമിയായിരുന്നു ഇത്. ചെളിവെള്ളം തുണിയില്‍ പിഴിഞ്ഞരിച്ചു കുടിച്ച നാളുകള്‍. പട്ടിണിയും മരണവും കൈകോര്‍ത്തു നടന്ന വഴികള്‍. പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്ന അണ്ണാജി വിസ്മൃതമായി പോയ ഒരു ജനപഥത്തെ അപ്പടി മാറ്റി. ഗ്രാമത്തിനു ചുറ്റോടു ചുറ്റും വെള്ളമൊഴുകുന്ന കനാലുകളാണ്. വര്‍ഷത്തില്‍ അഞ്ചോ പത്തോ തവണ ലഭിക്കുന്ന മഴയിലെ വെള്ളം തുള്ളി പോലും പാഴാക്കാതെ ശേഖരിച്ച് അത്ഭുതം കാട്ടിയ റാലെഗാവ് മോഡല്‍ വാട്ടര്‍ ഷഡ് പദ്ധതി ലോകപ്രസിദ്ധമാണ്. ഇന്നും വാട്ടര്‍ഷെഡ് പ്രോഗ്രാമില്‍ പരിശീലനം ലഭിക്കാന്‍ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ഒരുപാടുപേര്‍ എത്തുന്നു. മഴ വെള്ളം സംഭരിച്ചും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചുമാണ് അണ്ണാ ഗ്രാമത്തിന് ജീവന്‍ നല്‍കിയത്. അദ്ദേഹത്തിന്റെ പ്രഥമ പരിഗണന പരിസ്ഥിതി സംരക്ഷണത്തിനായിരുന്നു. 

പഞ്ചസൂത്രം എന്ന പദ്ധതിയാണ് അദ്ദേഹം ഈ ഗ്രാമത്തില്‍ നടപ്പാക്കിയത്. മഴവെള്ളം തടുത്തു സംരക്ഷിക്കുക, മരങ്ങള്‍ മുറിക്കാതിരിക്കുക, അനിയന്ത്രിതമായ മേച്ചില്‍ അവസാനിപ്പിക്കുക, ലഹരിപദാര്‍ഥങ്ങള്‍ വര്‍ജ്ജിക്കുക, കുടുംബാസൂത്രണം പാലിക്കുക; അതാണ് ഹസാരെയുടെ പഞ്ചസൂത്രം. വൃത്തിയുടേയും സ്വാശ്രശീലങ്ങളുടെ അവബോധം ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കുക എന്നതായിരുന്നു അണ്ണാജിയുടെ അടുത്ത ലക്ഷ്യം. രാവിലെ തന്നെ അണ്ണാജി ചൂലുമായി ഇറങ്ങും, ചപ്പു ചവറുകളും കുപ്പകളും മലവും കോരും. പതുക്കെ പതുക്കെ മാലിന്യങ്ങല്‍ അപ്രത്യക്ഷമായി, കുട്ടികള്‍ പോലും പൊതു സ്ഥലത്ത് വിസര്‍ജ്ജനം നടത്താതെയായി. എല്ലാ വീടുകളിലും കംമ്പോസ്റ്റ് കുഴികളും കക്കൂസുകളും അദ്ദേഹവും സംഘവും നിര്‍മ്മിച്ചു നല്‍കി. മുപ്പതു വര്‍ഷം കൊണ്ട് പിന്നാക്കാവസ്ഥയില്‍ കിടന്നിരുന്ന റാലെഗാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സ്വാശ്രയ ഗ്രാമമായി മാറിയത് ഇങ്ങനെയൊക്കെയാണ്. ഗ്രെയിന്‍ ബാങ്കും മില്‍ക്ക് ബാങ്കുമുള്ള ഗ്രാമത്തില്‍ നിന്ന് പച്ചക്കറികളും പാലും ഇന്ന് പുറത്തേക്ക് കയറ്റി അയക്കുന്നു.



അഹമ്മദ്‌നഗറിലേക്കു നീളുന്ന, തണല്‍മരങ്ങള്‍ അനുഗമിക്കുന്ന റോഡു മുറിച്ചു കടന്ന്, ഒരു കരിമ്പു പാടത്തിനരികിലൂടെ അണ്ണാ ഹസാരെ താമസിക്കുന്ന യാദവ് ബാബ ക്ഷേത്രത്തിലേക്കു ഞങ്ങള്‍ പോയി. വ്യജവാറ്റിനു ചൂളക്കായി മരം പൊളിച്ചു കടത്തി തകര്‍ന്നു നിലംപൊത്താറായ ഈ ക്ഷേത്രത്തെ പുനരുദ്ധരിച്ചാണ് കിഷന്‍ ബാബുറാവ് ഹസാരെ പാഴായിപ്പോയ ഒരു ഗ്രാമത്തിന്റെ ശ്രദ്ധയെ തന്നിലേക്കാകര്‍ഷിച്ചത്. 1975 മുതല്‍ ഈ ക്ഷേത്രത്തിലെ ഒറ്റ മുറിക്കുള്ളിലാണ് അദ്ദേഹം താമസിക്കുന്നത്. മുറിപൂട്ടി അദ്ദേഹം കെജ്രീവാളിനോടൊപ്പം ഗ്രാമത്തിന്റെ മറ്റേ അറ്റത്തുള്ള പദ്മാവതീ ക്ഷേത്രകോംപൗണ്ടിലെ ഗസ്റ്റ് ഹൗസിലേക്കു പോയിരിക്കുകയാണ്. ക്ഷേത്രത്തിനു പിന്നില്‍ ജീവന്‍ ശിക്ഷാമന്ദിര്‍ എന്ന പ്രൈമറി വിദ്യാലയത്തിന്റെ മുറ്റത്ത് കൊച്ചു കുട്ടികള്‍ ഓടിക്കളിക്കുന്നു. ചെറിയ ക്ഷേത്രില്‍ ആരുമില്ല. കയറുന്നിടത്ത് ഒരു മെറ്റല്‍ ഡിറ്റക്റ്റര്‍ മാത്രം. സിദ്ധനായ യാദവ് ബാബയുടെ അര്‍ദ്ധകായപ്രതിമയുള്ള ക്ഷേത്രം. ചുമരുകളില്‍ ബാബമാരുടേയും ദൈവങ്ങളുടേയും വലിയ ചിത്രങ്ങള്‍ വരച്ചുവെച്ചിരിക്കുന്നു. ഭക്തിപ്രസ്ഥാനത്തിന് പ്രചോദനം നല്‍കിയ നിരവധി ബാബമാര്‍ക്കാണ് റാലെഗാവിനെപ്പോലുള്ള മറാത്തി ഗ്രാമങ്ങളില്‍ സ്വാധീനം. ദൈവങ്ങളേക്കാള്‍ അവര്‍ക്ക് അടുപ്പം തുക്കാറാമിനെപ്പോലേയും, ഏകാനാഥിനെപ്പോലെയും മറ്റു പ്രശസ്തരും അപ്രശസ്തരുമായ സന്തുകളോടും ബാബമാരോടുമാണ്. ഗ്രാമവഴികളിലൂടെ സഞ്ചചരിക്കുന്ന ശ്രമണന്‍മാരായ അവധൂതന്‍മാരെ ഇപ്പോഴും അവിടെ കാണാം.

ക്ഷേത്രത്തില്‍ നിന്നിറങ്ങി ഞങ്ങള്‍ തെരുവിലൂടെ നടന്നു. വൃത്തിയും വെടിപ്പുമുള്ള ചെറുചെറു വീടുകള്‍.. എല്ലാം അണ്ണാജി ശരിയാക്കി കൊടുത്തതാണ്. ഇരു നില മന്ദിരമുള്ള ബാബുമാരുടെ വീടുകളും ഉണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ദിവസം മുഴുവന്‍ കാവല്‍ കിടക്കുയായിരുന്നു ഒരു കാലത്ത് അദ്ദേഹത്തിന്റെ പ്രധാന പണിയെന്ന ഒരു ഗ്രാമവാസി പറഞ്ഞു. പക്ഷെ ഇപ്പൊ അണ്ണാജി എന്നു പറഞ്ഞാല്‍ ഓഫീസുകാര്‍ എല്ലാം ചെയ്തു തരും. മിക്ക വീടുകളിലൂം എരുമകളും പശുക്കളുമുണ്ട്. ആടുകളും. പാലാണ് ഗ്രാമത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്ന്. കോഴിയെ മാത്രം എവിടേയും കണ്ടില്ല. ഗ്രാമത്തിന്റെ സസ്യാഹാര ശീലവുമായി ബന്ധപ്പെട്ടതാകാം ഇത്. മാസം പൊതുവെ ഗ്രാമത്തില്‍ ആരും കഴിക്കാറില്ല. മറാത്തികളുടെ രീതി അതാണ്. കഴിക്കുന്നവര്‍ ധാരാളമുണ്ടു താനും. പക്ഷെ വീടുകളില്‍ പൊതുവെ പാകം ചെയ്യാറില്ല. പുറത്തു പോയി കഴിക്കും. അണ്ണാജി മാംസാഹാരത്തിനെതിരാണ്. പുറത്തു പോയി കഴിക്കുന്നതും അദ്ദേഹത്തിനിഷ്ടമല്ല. പക്ഷെ ഒന്നും പറയാറില്ല. എന്നാല്‍ ലഹരിപദാര്‍ഥങ്ങളോന്നും ഗ്രാമത്തിന്റെ പരിസര പ്രദേശങ്ങളില്‍ കണാന്‍ പാടില്ല. മദ്യശീലങ്ങളില്‍ മുങ്ങിപ്പോയ ഗ്രാമത്തെ കഷ്ടപ്പെട്ടാണ് ആദ്ദേഹം മാറ്റിയെടുത്തത്. ഒന്നു രണ്ടു തവണ കുരുത്തം കെട്ടവര്‍ക്ക് അദ്ദേഹം ചുട്ട അടിയും കൊടുത്തിട്ടുണ്ടെന്ന് മഹിളാ മണ്ഡലത്തിലെ ഒരു അമ്മ പറഞ്ഞു. കെട്ടിയിട്ട് ബെല്‍റ്റു കൊണ്ടൊക്കെ അടിച്ചിട്ടുണ്ടോ..? ഞങ്ങള്‍ ചോദിച്ചു. മക്കള്‍ കുരുത്തക്കേടു കാട്ടിയാല്‍ നമ്മള്‍ അടിക്കാറില്ലെ.. അമ്മ അങ്ങിനെയാണ് മറുപടി പറഞ്ഞത്. വീടുകളിലൊക്കെ ഇപ്പോള്‍ വൈദ്യുതിയുണ്ട്. തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജ്ജത്താലാണ്. ചാണകം കൊണ്ടുള്ള ചെറിയ ചെറിയ ബയോഗ്യാസ് പ്ലാന്‍റുകള്‍ പൂട്ടികിടക്കുയാണ്. വൈദ്യുതി വന്നത് എല്ലാവരേയും മടിയന്‍മാരാക്കിയെന്നു തോന്നുന്നു. 


വീടുകള്‍ക്കു പിറകിലുള്ള കൃഷിയിടങ്ങളിലേക്കു ഞങ്ങള്‍ നടന്നു. പുല്ലു വളര്‍ന്ന മേച്ചില്‍പ്പുറം പോലെയുള്ള ഒരിടത്ത് പശുക്കളും ആടുകളും. കനാലിനോടു ചേര്‍ന്നുകിടക്കുന്ന ആ ഭൂമി ദലിതുകളുടേതാണെന്ന് ആടുകളുമായി വന്ന ഒരു പരിസരവാസി പറഞ്ഞു. പൂട്ടാന്‍ പണമില്ലാത്തതു കൊണ്ട് ഞങ്ങളാണ് ഇതൊക്കെ ഉഴുതുകൊടുത്തത്. അയാള്‍ പറഞ്ഞു. ദലിതുകള്‍ക്ക് ഗ്രാമത്തില്‍ പറയത്തക്ക വിവേചനമൊന്നുമില്ല. തീണ്ടലും തോടായ്മയുമില്ല. മഹാത്മ ഫൂലെയുടെ സ്വാധീനം ഇവിടെ പ്രകടമാണ്. ഹസാരെയുടെ കര്‍ശന നിര്‍ദേശങ്ങള്‍ക്കു പുറമെ കാലങ്ങളായുള്ള സന്തുകളുടെ ഭക്തിമാര്‍ഗ്ഗവും ഇതിനു കാരണമായിട്ടുണ്ട് എന്നു പറയാം. പറമ്പില്‍ വലിയൊരു കിണറുണ്ട്. അതില്‍ നിറയെ തൂക്കാണാം കുരുവിയുടെ കൂടുകളും പ്ലാസ്റ്റക്ക് മാലിന്യങ്ങളും.


റാലെഗാന്‍ 'അണ്ണാഗിരി' ആണെന്നാണ് കേള്‍വി. ഗ്രാമത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇടമില്ല എന്നു കേട്ടത് ശരിയാണോ എന്നറിയാന്‍ ചില അന്വേഷണങ്ങള്‍ നടത്തി. ഗ്രാമത്തില്‍ ശരദ് പവാറിന്റെ എന്‍. സി. പി.യും ശിവസേനയും സജീവമാണ്. ഗ്രാമത്തിന്റെ സര്‍പഞ്ച് എന്‍ സി പി ക്കാരനാണ്. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ഇവിടെ വേരില്ല. പക്ഷെ എല്ലാവരും അണ്ണാജിയുടെ കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഗ്രാമത്തിന്റെ നട്ടെല്ലായ വിവിധ സഹകരണ സംഘങ്ങളില്‍ അണ്ണാജിയുടെ ആഭിപ്രായം മാനിച്ചാണ് ആളുകളെ തിരഞ്ഞെടുക്കുക. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ പുതിയ ആളുകള്‍ സ്ഥാനമേല്‍ക്കും. കഴിവു തെളിയാക്കാത്തവരെ തിരിച്ചു വിളിക്കും. സ്ത്രീകള്‍ക്ക് എല്ലായിടത്തും സജീവ പങ്കാളിത്തമുണ്ട്. ഗ്രാമത്തിലെ തരുണ മണ്ഡലത്തില്‍ പകുതിയിലധികവും യുവതികളാണ്. 

ഗ്രാമത്തിന്റെ മൂഖശ്രീ പക്ഷെ സന്ത് നീലോബാരി സ്‌കൂളാണ്. അണ്ണാ ഹസാരെ രാജ്യത്തിനു മാതൃക കാണിച്ചു കൊടുത്ത സ്‌കൂള്‍. തോറ്റവര്‍ക്കുള്ള സ്‌കൂള്‍ എന്നതാണ് അതിന്റെ ഖ്യാതി തന്നെ. സ്‌കൂളിനോടു ചേര്‍ന്നുള്ള ഹോസ്റ്റലിലേക്കാണാദ്യം പോയത്. ഇവിടെ പ്രവേശനം തോറ്റ കുട്ടികള്‍ക്കാണ്. പ്രശ്‌നക്കാരായ കുട്ടികള്‍ക്കും. ഹോസ്റ്റലില്‍ ചേരുന്ന ഓരോ കുട്ടിയും റാലേഗാവിന് അഭിമാനമേകുന്ന നേട്ടങ്ങളായി മാറാറുണ്ടെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു. കൗണ്‍സലിങ്ങ്, കായികപരിശീലനം, പ്രത്യേക പഠന രീതികള്‍ എന്നിവയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. ചൂരലും ശിക്ഷകളുമില്ല. മരങ്ങള്‍ നിറഞ്ഞ മനോഹരമായ കോംപൗണ്ടിലാണ് മുന്നു നിലയുള്ള സന്ത് നീലോബാരി വിദ്യാലയം. ഭക്തകവിയും അവധൂതനുമായ സന്ത് നീലോബായുടെ പേരിലാണ് സ്‌കൂള്‍. വിശാലമായ മുറ്റത്ത് മരത്തണലുകളില്‍ അധ്യയനം ചെയ്യുന്ന വിദ്യാര്‍ഥികള്‍. സാഹചര്യങ്ങള്‍ കൊണ്ട് പഠനത്തില്‍ തീരെ മോശമായ വിദ്യാര്‍ഥികളാണേറേയും. മുംബൈ മുതല്‍ കോലാപ്പൂര്‍ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് കുട്ടികള്‍ പഠിക്കാനെത്തുന്നു. വീട്ടില്‍ പഠിക്കാന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് രാവിലേയും വൈകുന്നേരവും ക്ലാസുകളുണ്ട്. അണ്ണാ ഹസാരെ മുന്‍കൈയ്യെടുത്ത് അടുത്തിടെ തുടങ്ങിയ കമ്പ്യൂട്ടര്‍ ലാബ് കാണേണ്ട കാഴ്ച്ചയാണ്. നഗരങ്ങളിലെ പോഷ് സ്‌കൂളുകളെ പോലും വെല്ലുന്ന സംവിധാനം. ആരില്‍ നിന്നും കടം വാങ്ങാതെ ഗ്രാമീണര്‍ പിരിച്ചെടുത്ത സംഭാവനകളും അവരുടെ ശ്രമദാനവും കൊണ്ടാണ് കുഗ്രാമമായിരുന്ന റാലെഗാവിലെ തോറ്റവര്‍ക്കായുള്ള സ്‌കൂള്‍ പടുത്തുയര്‍ത്തിയത്. തൊണ്ണൂറിനു മുകളിലാണ് സ്‌കൂളിന്റെ വിജയശതമാനം. 

സ്‌കൂളിനോടു ചേര്‍ന്നാണ് മീഡിയാ സെന്റര്‍. ഗ്രാമത്തിന്റെ നാടകീയമായ വളര്‍ച്ച വിവരിക്കുന്ന വലിയ മൂന്നു ഹോളുകള്‍, പഴയ ഗ്രാമത്തിന്റെയും ഭാവ മാറ്റം വന്ന പുതിയ ഗ്രാമത്തിന്റെയും കഥകല്‍ പറയുന്ന ചിത്രങ്ങള്‍. ശില്‍പ്പങ്ങള്‍. ഹസാരെക്കും ഗ്രാമത്തിനും ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ലഭിച്ച പുരസ്‌കാരങ്ങള്‍. എല്ലാം ചിട്ടയായി വെച്ചിരിക്കുന്നു. ദിവസവും ഇവിടെ സന്ദര്‍ശകരുണ്ടാവും. മുമ്പ് സ്വയം പര്യാപ്ത ഗ്രാമത്തെക്കുറിച്ച് പഠിക്കാനെത്തുന്നവരായിരുന്നു വന്നു കോണ്ടിരുന്നത്. ഇപ്പോള്‍ അണ്ണാ ഹസാരെയുടെ ആരാധകരാണ് കൂടുതലും. മുറികളിലൊന്നില്‍ ഹസാരെയുടെ പാദത്തില്‍ ദിഗ്വിജയ് സിങ്ങ് വീഴുന്ന ചിത്രവും തൂക്കിയിട്ടതു കണ്ടു.
 


തിരിച്ചു വിളിക്കൂ കഴിവില്ലാത്തവരെ..

















തിരക്കുകള്‍ക്കോടുവില്‍ പദ്മാവതി ക്ഷേത്രത്തിലെ സന്ധ്യാ ആരതിക്കു തൊട്ടു മുമ്പാണ് ഹസാരെയെ കണ്ടത്. വിശാലമായ ക്ഷേത്രാങ്കണത്തിന്റെ ഒരു കോണിലുള്ള ഗസറ്റ് ഹൗസില്‍ ആരാധകരുടെയും പ്രാദേശിക മുഖ്യന്‍മാരുടേയും തിരക്ക്. മുറിയില്‍ ഒപ്പം അരവിന്ദ് കെജ്രീവാളിമുണ്ട്. അണ്ണാജിക്കും ചെവി പതുക്കെയായതിനാല്‍ കുറച്ചുറക്കെ സംസാരിക്കണമെന്ന് കെജ്രീവാള്‍ പറഞ്ഞു.

?അഴിമതിക്കെതിരായ ചര്‍ച്ചകളാണല്ലോ നാടെങ്ങും.

എത്ര കാലം ഇങ്ങനെ കണ്ണടച്ചിരിക്കാന്‍ പറ്റും. അഴിമതി ശീലമാവും മുമ്പ് അതിനെ വേരോടെ പിഴുതെറിയണം.

?ദില്ലിയില്‍ അങ്ങുനടത്തിയ സത്യാഗ്രഹം രാജ്യത്തെ യുവാക്കളെ ഉണര്‍ത്തി എന്നാണ് വാര്‍ത്തകള്‍.

എണ്ണയില്‍ മുക്കിയ പന്തങ്ങള്‍ പോലെയാണ് യുവാക്കള്‍. ധാര്‍മ്മികതയുടെ ഒരു തീപ്പൊരി വീണാല്‍ മതി അവര്‍ കത്തിക്കോളും. 

?രാഷ്ട്രീയപാര്‍ട്ടികളെ കണ്ണടച്ചെതിര്‍ക്കേണ്ടതുണ്ടോ. 

അധിക രാഷ്ട്രീയക്കാരും നടന്‍മാരാണ്, ജനസേവനം ഒരു നാട്യവും. തിരഞ്ഞെടുപ്പില്‍ ജയിച്ചുകഴിഞ്ഞാല്‍ അതോടെ എല്ലാ ഉത്തരവാദിത്തവും കഴിഞ്ഞു എന്നാണ് അവരുടെ വെപ്പ്. ആത്മാര്‍ഥതയുള്ള ഏതാനും രാഷ്ട്രീയക്കാരുണ്ടായാല്‍ മാത്രം രാജ്യം രക്ഷപ്പെടില്ല. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടാവണം. അതിന് അവര്‍ ബാധ്യസ്ഥരുമാണ്.

?ജനാധിപത്യ മാര്‍ഗ്ഗത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കേണ്ടേ.

രാഷ്ട്രീയക്കാരുടെ വിചാരം അവര്‍ ജനങ്ങളുടെ മാലിക് ആണെന്നതാണ്. തങ്ങള്‍ ജനങ്ങലുടെ സേവകന്‍മാരാണ് എന്ന കാര്യം അവര്‍ മനപ്പൂര്‍വം മറന്നു കളയുന്നു. ഇന്ന് ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് രാജ്യത്തോട് നൂറു ശതമാനം ആത്മാര്‍ഥതയുള്ളത് ? അധികാരത്തിനു വേണ്ടിയുള്ള നാടകമാണ് എല്ലാം. സ്വാതന്ത്ര്യം നേടി നാളിതുവരെയായിട്ടെന്താണ് സംഭവിച്ചത്. ആഴിമതിയും സ്വജനപക്ഷപാതവും കൂടി. വെളുത്ത ഭരണക്കാര്‍ക്കു പകരം ഇരുണ്ട ഭരണക്കാര്‍ കസേരയില്‍ ഇരുന്നു. കൊള്ളയും അഴിമതിയും തുടരുന്നു. ഇതിനു വേണ്ടിയാമോ 

ബാപ്പുജിയും ഭഗത്‌സിങ്ങുമൊക്കെ പ്രയത്‌നിച്ചത് ?  

?ജനാധിപത്യ സംവിധാനങ്ങളെ അഴിച്ചു പണിയുക പ്രായോഗികമാണോ.

ജനാധിപത്യം എന്നു പറഞ്ഞാല്‍ ഒരാളെ തിരഞ്ഞെടുത്ത് അയക്കുക മാത്രമല്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ട കാലം കഴിഞ്ഞു. വോട്ടു ചെയ്താല്‍ മതി, ബാക്കിയൊക്കെ തങ്ങളെ തേടിയെത്തിക്കൊളളും എന്ന ധാരണ മാറ്റണം. തങ്ങള്‍ക്കുള്ള അവകാശങ്ങളേപ്പറ്റി അവര്‍ ബോധവാന്‍മാരാകണം. കഴിവില്ലാത്ത, അഴിമതിക്കാരനായ സാമാജികനെ തിരിച്ചു വിളിക്കാനുള്ള അധികാരവും ജനങ്ങള്‍ക്കു വേണം. അങ്ങനെയൊരു നിയമം വന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് ഉത്തരവാദിത്തം കൂടും.


?അത് പ്രായോഗികമാണോ.

അങ്ങനെ സംഭവിച്ചാല്‍ ലോകം അവസാനിക്കുമോ. അതോന്നും പറ്റില്ല എന്നു പറയുന്നതൊക്കെ രാഷ്ട്രീയക്കാരുടെ കാപട്യമാണ്. ഭരണഘടന രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്.

?ലോക്പാല്‍ബില്ലിന്റെ പ്രശ്‌നത്തില്‍ താങ്കള്‍ പാര്‍ലമെന്റിനെ വെല്ലുവിളിക്കുകയാമെണന്നാണ് ആക്ഷേപം.

പാര്‍ലമെന്റിനേക്കാള്‍ മുകളിലാണ് ജനം. ജനത്തിനു വേണ്ടിയാണ് പാര്‍ലമെന്റ്. ഇക്കാര്യത്തില്‍ ആരെയാണ് ഇവര്‍ പേടിക്കുന്നത്. പാര്‍ലമെന്റിനെയാരും തളളിപ്പറഞ്ഞിട്ടില്ല. അതില്‍ ചടഞ്ഞിരിക്കുന്നവരുടെ ആത്മാര്‍ഥതയെക്കുറിച്ചാണ് വിമര്‍ശനം.

?മാതൃകാ രാഷ്ട്രീയക്കാരന്‍ ആരായിരിക്കണം.
 
അയാള്‍ ചാരിത്ര്യപുരുഷനായിരിക്കണം. മറ്റുള്ളവര്‍ക്കു മാതൃകയാവണം. അയാള്‍ കര്‍മ്മയോഗിയുമായിരിക്കണം. തുക്കാറാം പറഞ്ഞിട്ടുള്ള പോലെ പറയുന്നത് പ്രവര്‍ത്തിക്കണം. അത്തരത്തിലുള്ള ആളുകള്‍ക്ക് സമൂഹത്തെ മാറ്റാന്‍ പറ്റും. അത്തരം എത്രയോ ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരത്തിലുള്ള ആളുകളെയാണ് നിയമസഭകളിലേക്കും ലോകസഭയിലേക്കും തിരഞ്ഞെടുത്തയക്കേണ്ടത്. സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്നിലേക്കു വരേണ്ടത്. കാരണം അവര്‍ക്ക് എന്തിനേയും സമഭാവനയോടെ കാണാനുള്ള കഴിവുണ്ട്. കാരണം അവള്‍ അമ്മയാണ്.

?അങ്ങയുടെ സമരരീതികളെക്കുറിച്ചും ആക്ഷേപമുണ്ട്.

(കെജ്രീവാളിനെ നോക്കി)ഐസാ ഹെ..? സമരം അക്രമമാര്‍ഗ്ഗത്തിലായാല്‍ പ്രസക്തി പോയി. നശീകരണം ഒരിക്കലും അംഗീകരിക്കാനാവില്ല. സ്വന്തം വീട്ടുമുതല്‍ നശിപ്പിച്ചല്ല സമരം ചെയ്യേണ്ടത്.

?അഴിമതി മാത്രമാണോ പ്രശ്‌നം


അഴിമതി വലിയ പ്രശ്‌നം തന്നെയാണ്. രാജ്യത്തിന്റെ വികസനവും പരമപ്രധാനമാണ്. സ്വാശ്രയശീലവും ലാളിത്യവും പാലിക്കുന്ന ജനസമൂഹവും രാജ്യവും ഔന്നത്യമുള്ളതായിരിക്കും.  


                                           കടപാട് മാതൃഭൂമി ന്യൂസ്‌ 

No comments:

Post a Comment