Tuesday, 10 January 2012


എന്താണ്‌ വേദം? പ്രപഞ്ചോത്പത്തി

പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള അന്വേഷണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സഹസ്രാബ്ദങ്ങളായി പല മനുഷ്യരും ഇതിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്‌, ഇന്നും ശ്രമിക്കുന്നു, ഒട്ടൊക്കെ വിജയിച്ചിട്ടുമുണ്ട്‌. പ്രപഞ്ചം എന്നാലെന്താണെന്നുള്ള ചോദ്യത്തിന്‌ പല കാലങ്ങളിലായി അനേകം ചിന്തകന്മാര്‍ വിവിധങ്ങളായ ഉത്തരം നല്‍കിയിട്ടുണ്ട്‌. ഈ ചിന്തകന്മാരെ പ്രധാനമായും രണ്ടായി തിരിക്കാം. ആസ്തികരെന്നും നാസ്തികരെന്നും. സര്‍വശക്തിമാനും ബുദ്ധിമാനും ചേതനാവാനുമായ ഒരു സത്തയാല്‍ നിര്‍മിതമാണ്‌ ഈ ജഗത്ത്‌ എന്നു കരുതുന്നവര്‍ ആസ്തികര്‍. നാസ്തികരാകട്ടെ ഇതിനു വിപരീതവും. അവര്‍ ഏതെങ്കിലും അഭൗതികമായ ഒരു ചേതനവസ്തുവിനെയോ സത്തയേയോ അംഗീകരിക്കുന്നില്ല. ഈ ആസ്തികനാസ്തികരില്‍ അനവധി ഭേദങ്ങളുണ്ട്‌. ആദ്യമായി നാസ്തികരെക്കുറിച്ച്‌ ചിന്തിക്കാം. ഒരു കൂട്ടര്‍ ഈ ജഗത്തിന്റെ നിര്‍മാതാവായ ചൈതന്യസത്തയെ മാനിക്കുന്നില്ലെങ്കിലും അവരുടെ വിശ്വാസം ഇതിന്റെ നിയന്ത്രണം ഒരു ജ്ഞാനശൂന്യവും ഉദ്ദേശ്യഹീനവുമായ സത്തയുടെ നിത്യവും അചഞ്ചലവുമായ നിയമത്താല്‍ നടത്തപ്പെടുന്നു എന്നാണ്‌. അനാദിയായ ഈ നിയമം അനുസരിച്ച്‌ ഈ പ്രപഞ്ചത്തിലെ ഓരോന്നും അവരവരുടെ ജോലി അഥവാ പ്രവൃത്തി ചെയ്യുന്നു. ഒരു ശക്തിക്കും ഈ നിയമത്തെ വ്യത്യാസപ്പെടുത്തുവാനോ നശിപ്പിക്കുവാനോ ഉള്ള ശക്തിയുമില്ല.
ഇനി രണ്ടാമത്തെ കൂട്ടരാകട്ടെ ഈ അനാദിയായ നിയമത്തെയും തള്ളിപ്പറയുന്നു. അവരുടെ മതം ഈ പ്രകൃതിയിലെ ഗതിവിഗതികള്‍ അറിവില്ലാത്ത ഒരു ബാലന്റെ ചാപല്യമാര്‍ന്ന ചേഷ്ടകള്‍ പോലെയാണ്‌. ഈ ജഗത്തിലെ പ്രതിഭാസങ്ങള്‍ അവര്‍ക്ക്‌ അസ്പഷ്ടവും അനിശ്ചിതവും അനിയമിതവുമാണെന്നു മാത്രമല്ല ഒരു മനുഷ്യനും അടുത്ത ക്ഷണം ഇവിടെ എന്തു സംഭവിക്കും എന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയില്ല എന്നും കൂടിയാണ്‌. ഈ നിശ്ചിതമല്ലാത്ത ജഗത്‌ വ്യവഹാരം എന്തെങ്കിലും പ്രയോജനത്തിനോ വെളിപ്പെടുത്തലുകള്‍ക്കോ അല്ല. ഇതിനെ ഏതെങ്കിലും ബുദ്ധിമാനായ സത്ത തന്റെ സുവ്യക്തമായ വ്യവസ്ഥകള്‍ക്കനുസൃതമായി നിര്‍മിക്കാത്തതു കൊണ്ടാണ്‌ നമുക്ക്‌ ഈ പ്രതിഭാസങ്ങളുടെ പൊരുള്‍ അറിയപ്പെടാത്തത്‌. എന്തുകൊണ്ട്‌ മനുഷ്യമൂക്കിനു രണ്ടുദ്വാരമുണ്ടായി, അവന്റെ കൈവിരലുകളുടെ എണ്ണം എന്തുകൊണ്ട്‌ അഞ്ചായി ആറാകാത്തത്‌ എന്തുകൊണ്ട്‌, കഴുതയ്ക്ക്‌ എന്തുകൊണ്ട്‌ തലയില്‍ കൊമ്പില്ല, ആടിന്‌ എന്തുകൊണ്ട്‌ രണ്ടുകൊമ്പുണ്ടായി, കാണ്ടാമൃഗത്തിന്‌ ഒറ്റക്കൊമ്പുണ്ടായതിന്‌ കാരണം എന്ത്‌ ഈ വക ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരമില്ല. നമ്മുടെ ഏക മറുപടി നാം കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ ഇതൊക്കെ ഇങ്ങനെയാണ്‌. ഇതെല്ലാം ആകസ്മികമാണ്‌. ഇതിന്‌ പ്രത്യേക കാരണമോ യുക്തിയോ ഉദ്ദേശ്യമോ ഇല്ല. നാളെ കാണ്ടാമൃഗത്തിന്‌ നാലു കൊമ്പുണ്ടാകില്ലെന്നും കുരങ്ങന്റെ വാല്‌ പിന്‍ഭാഗത്തു നിന്നും മാറി തലയിലാകില്ലെന്നും മറ്റും ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയില്ലല്ലോ.
നാസ്തികരില്‍ വിഭിന്നത ഉള്ളതു പോലെ ആസ്തികരിലും വ്യത്യസ്ത ചിന്താഗതികള്‍ ഉണ്ട്‌. പക്ഷേ അവരുടെ അടിസ്ഥാനം സര്‍വജ്ഞനും സര്‍വശക്തിമാനുമായ ഒരു ഈശ്വരന്‍ അഥവാ പരമാത്മാവാണ്‌ ഈ ജഗത്തിന്റെ സ്രഷ്ടാവ്‌ എന്നുള്ളതാണ്‌. ഈ സൃഷ്ടി നിഷ്പ്രയോജനമാണെന്ന്‌ നാസ്തികരെപ്പോലെ ആസ്തികര്‍ ദൃഢമായി അവകാശപ്പെടുന്നില്ല. എങ്കിലും ഇതിന്റെ പ്രയോജനത്തെപ്പറ്റി നിശ്ചയാത്മകമായും സുസ്പഷ്ടമായും വിശദീകരിക്കുവാന്‍ അവര്‍ വളരെ പണിപ്പെടുന്നു. സര്‍വജ്ഞനും സര്‍വശക്തനുമാണ്‌ ഈശ്വരനെന്ന്‌ അംഗീകരിക്കുമ്പോഴും അവര്‍ക്ക്‌ ഈ സൃഷ്ടി എന്തിനു വേണ്ടി എന്തുദ്ദേശ്യത്തോടെ എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ കഴിയുന്നില്ല. ഈ പ്രശ്നത്തിന്‌ ചിന്തകന്മാര്‍ അഥവാ ദാര്‍ശനികന്മാര്‍ പലേ ഉത്തരങ്ങളും നല്‍കുന്നുണ്ട്‌. അവരുടെ വ്യാഖ്യാനങ്ങള്‍ ഈ സമസ്യയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അവരുടെ ഉത്തരങ്ങളിലുള്ള അഭിപ്രായ വ്യത്യാസം നിമിത്തം അവരില്‍ പരസ്പരം ഘോരമായ വെറുപ്പ്‌ സംജാതമായിട്ടുണ്ട്‌. ഈ കലഹം കണ്ടിട്ട്‌ നാസ്തികര്‍ ധാര്‍മികരായ ആസ്തികര്‍ക്കു നേരെ മൃഗബുദ്ധികളെന്ന ദോഷാരോപണം ഉന്നയിക്കാറുണ്ട്‌. നമുക്ക്‌ ഇവിടെ അത്തരം ആരോപണപ്രത്യാരോപണങ്ങളുടെ കണക്കെടുപ്പു കൊണ്ട്‌ പ്രയോജനമൊന്നുമില്ല. ഇത്രയും വിശദീകരിച്ചത്‌ പ്രപഞ്ചത്തെ കുറിച്ച്‌ മനുഷ്യരുടെ ഇടയില്‍ പ്രചരിച്ചിരിക്കുന്ന ആചാരവിചാരങ്ങളുടെ ആഴത്തിലുള്ള പ്രഭാവത്തെക്കുറിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടിയാണ്‌.
പരമാത്മാവ്‌ ഉണ്ടോ ഇല്ലയോ അദ്ദേഹം സര്‍വജ്ഞനാണോ അല്ലയോ ബലവാനാണോ നിര്‍ബലനാണോ ഇതൊന്നും ഒരു പ്രശ്നമേയല്ല, മനുഷ്യന്‍ അവന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്തുകയില്ല കാരണം പരമ്പരപരമ്പരയായി അത്‌ തുടര്‍ന്നു വരുന്നതാണ്‌. അതുകൊണ്ട്‌ ഇത്തരം വൈചാരിക ദൃഷ്ടികോണിലൂടെയുള്ള ദാര്‍ശനിക പരിചര്‍ച്ച കേവലം ബൗദ്ധിക കുതിച്ചുചാട്ടം മാത്രമാണ്‌. ഇതിലൂടെ ലാഭകരമായ പ്രയോജനങ്ങളൊന്നും സിദ്ധിക്കുകയില്ല. മനുഷ്യര്‍ ചൂതാദികള്‍ കളിച്ച്‌ സമയം വ്യര്‍ഥമാക്കുന്നതു പോലെ ദാര്‍ശനികര്‍ ദാര്‍ശനിക സമസ്യകളുടെ കുരുക്കുകളഴിക്കുകയും അധികാധികം മുറുക്കുകയും ചെയ്ത്‌ അവരുടെ സമയവും നഷ്ടപ്പെടുത്തുന്നു. ലോകര്‍ ഏറിയകൂറും ചിന്തിക്കുന്നത്‌ ഇത്തരത്തിലാണ്‌. അവര്‍ക്ക്‌ പ്രപഞ്ചോത്പത്തിയോ അതിന്റെ നിലനില്‍പ്പോ ഒന്നും ചിന്താവിഷയമല്ല. കുറഞ്ഞ സമയം കൊണ്ട്‌ എങ്ങനെ കൂടുതല്‍ പണമുണ്ടാക്കാം, ഭൗതികമായ സുഖങ്ങള്‍, ഭോഗങ്ങള്‍ ഇവ എങ്ങനെ വര്‍ധിപ്പിക്കാം ഇതൊക്കെയാണ്‌ അവരുടെ പ്രശ്നങ്ങള്‍. താന്താങ്ങള്‍ക്ക്‌ അനുഭവപ്പെടുന്ന ദുഃഖങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതില്‍ കവിഞ്ഞ ദാര്‍ശനികതയൊന്നും അവരിലില്ല. ഇക്കൂട്ടര്‍ ഈശ്വരനെ അന്വേഷിക്കുന്നതു പോലും മേല്‍ പറഞ്ഞ ദുഃഖപരിഹാരമെന്ന ഒരൊറ്റ ആവശ്യം പ്രമാണിച്ചാണ്‌. അതിനാല്‍ ദുഃഖ പരിഹാരം നല്‍കുന്ന എന്തും അവര്‍ക്ക്‌ ഈശ്വരനാണ്‌. അതിനു വേണ്ടി എന്തുചെയ്യാനും അവര്‍ക്ക്‌ മടിയില്ല. കര്‍മം, ധര്‍മം, ജ്ഞാനം, സത്യം, ദയ, ന്യായം, നീതി ഇതൊന്നും ഇക്കൂട്ടരുടെ ചിന്തകളില്‍ കടന്നു വരാറേയില്ല. തങ്ങളുടെ രക്ഷയ്ക്കായി എന്തിനെയും അന്ധമായി വിശ്വ സിക്കാനും പിന്തുടരാനും ഇവര്‍ സദാ തയാറായിരിക്കും. ഇക്കൂട്ടരെ നമുക്ക്‌ അജ്ഞാനികള്‍ എന്നു വിശേഷിപ്പിക്കാം.

No comments:

Post a Comment