ബുദ്ധമതം ഹിന്ദുമതത്തിന്‍റെ പൂര്‍ത്തീകരണം
(1893 സെപ്റ്റംബര്‍ 26 )
നിങ്ങള്‍ കേട്ടതുപോലെ ഞാനൊരു ബൌദ്ധനല്ല , എങ്കിലും അതാണുതാനും. ചൈനയോ ജപ്പാനോ സിലോണോ ആ മഹാഗുരുവിന്‍റെ ഉപദേശങ്ങളെ
അനുസരിക്കുന്നെങ്കില്‍ ,ഭാരതം അവിടുത്തെ
ഈശ്വരാവതാരമായി ആരാധിക്കുന്നു.നിങ്ങളിപ്പോള്‍ കേട്ടല്ലോ, ഞാന്‍ ബുദ്ധമതത്തെ വിമര്‍ശിക്കാന്‍ പോവുകയാണെന്ന് ,പക്ഷെ അതുകൊണ്ട് നിങ്ങള്‍ ഇത്രമാത്രമേ അര്‍ത്ഥമാക്കേണ്ടു എന്നു ഞാന്‍
ആഗ്രഹിക്കുന്നു . ഈശ്വരാവതാരമെന്നു ഞാന്‍ ആരാധിക്കുന്ന അവിടുത്തെ വിമര്‍ശിക്കുക
എന്നത് എന്നില്‍നിന്ന് ഉണ്ടാകാതിരിക്കട്ടെ. ഞങ്ങള്‍ക്ക് ബുദ്ധനെക്കുറിച്ചുള്ള
അഭിപ്രായം അവിടുത്തെ ശിഷ്യന്മാര്‍ അവിടുത്തെ വേണ്ടപോലെ
മനസ്സിലാക്കിയിട്ടില്ലെന്നാണ്.ഹിന്ദുമതവും – ഹിന്ദുമതം കൊണ്ടു
വൈദികമതമാണ് ഞാന്‍ വിവക്ഷിക്കുന്നത് – ബുദ്ധമതമെന്ന് ഇന്ന്
പറയപ്പെടുന്നതും തമ്മിലുള്ള ബന്ധം ഏതാണ്ട് ജൂതമതവും ക്രിസ്തുമതവും
തമ്മിലുള്ളതുതന്നെയാണ്.യേശുക്രിസ്തു ഒരു ജൂതനായിരുന്നു ,ശാക്യമുനി ഒരു ഹിന്ദുവുമായിരുന്നു. ജൂതന്മാര്‍ ക്രിസ്തുവിനെ തിരസ്കരിച്ചു
.അല്ല ക്രൂശിച്ചു ;ഹിന്ദുക്കള്‍ ശാക്യമുനിയെ സ്വീകാരിച്ചിരിക്കുന്നു ,ഈശ്വരനെന്നാരാധിക്കയും ചെയ്യുന്നു. ആധുനികബുദ്ധമതവും ബുദ്ധഭഗവാന്‍റെ
ഉപദേശങ്ങള്‍ എന്നു നാം ധരിച്ചിരിക്കേണ്ടതും തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം , ഞങ്ങള്‍ ഹിന്ദുക്കള്‍ കാണിക്കാനാഗ്രഹിക്കുന്നത് മുഖ്യമായി ഇതാണ് ; ശാക്യമുനി വന്നതു പുതിയതൊന്നും പഠിപ്പിക്കാനല്ല. ക്രിസ്തുവിനെ പ്പോലെ
അവിടുന്നും വന്നത് പൂര്‍ത്തികരിക്കാനാണ് .സംഹരിക്കാനല്ല . ഒന്നുണ്ട് യേശുവിന്‍റെ
കാര്യത്തില്‍ , പഴയ ആളുകളാണ് ,ജൂതന്‍മാരാണ് ,അവിടുത്തെ മനസ്സിലാക്കാഞ്ഞത് ;ബുദ്ധന്‍റെ
കാര്യത്തില്‍ ആകട്ടെ ,അവിടുത്തെ സ്വന്തം
അനുയായികള്‍ ആണ് അവിടുത്തെ ഉപദേശങ്ങളുടെ അര്‍ത്ഥംധരിക്കാഞ്ഞത് . ജൂതന്‍ പഴയ
നിയമത്തിന്‍റെ പൂര്‍ത്തികരണം മനസ്സിലാക്കാഞ്ഞത്പോലെ ബൌദ്ധന്‍ ഹിന്ദുമത സത്യങ്ങളുടെ
പൂര്‍ത്തികരണം മനസ്സിലാക്കിയില്ല . ഞാന്‍ വീണ്ടും പറയുന്നു ,ശാക്യമുനി വന്നത് സംഹരിക്കാനല്ല
; അവിടുന്നു ഹിന്ദുമതത്തിന്‍റെ പൂര്‍ത്തികരണമായിരുന്നു,അതിന്‍റെ ന്യായമായ നിഗമനം,ന്യായമായ വികാസം.
ഹിന്ദുമതത്തിന്
അദ്ധ്യാത്മികവും ആചാരപരവും എന്ന രണ്ടു ഭാഗങ്ങള്‍ ഉണ്ട് .അധ്യാത്മികഭാഗം
സന്ന്യാസിമാര്‍ വിശേഷാല്‍ പഠിക്കുന്നു . അതില്‍ ജാതിയില്ല .ഭാരതത്തില്‍ ഏറ്റവും
ഉയര്‍ന്ന ജാതിയിലുള്ളവനും എത്രയും താഴ്ന്ന ജാതിയിലുള്ളവനും സന്ന്യസിക്കാം. അപ്പോള്‍
രണ്ടുജാതിയും സമമായി ത്തീരുന്നു .മതത്തില്‍ ജാതിയില്ല ;ഒരു സാമുദായിക വ്യവസ്ഥ മാത്രമാണ് , ശാക്യമുനിതന്നെ ഒരു
സന്ന്യാസിയായിരുന്നു.ഒളിഞ്ഞുകിടന്ന വേദങ്ങളിലെ സത്യങ്ങള്‍ പുറത്തുകൊണ്ടുവന്ന്
ലോകമൊട്ടുക്ക് വാരി വിതരണം ചെയ്യാനുള്ള ഹൃദയവിശാലത അവിടെക്കുണ്ടായിരുന്നു എന്നതാണ്
അവിടുത്തെ മഹിമ .മതപ്രചാരണം ലോകത്തിലാദ്യം പ്രയോഗത്തില്‍ കൊണ്ടുവന്നയാള്‍
അവിടുന്നാണ്, പോരാ,മതംമാറ്റമെന്ന ആശയം
വിഭാവനം ചെയ്ത ആദ്യത്തെയാള്‍ അവിടുന്നാണ്.
ആ പരമ ഗുരുവിന്‍റെ മഹാമഹിമ കുടികൊള്ളുന്നത്,എല്ലാവരിലും പാവങ്ങളിലും,അവിടേക്കുള്ള
അനുകംബയിലാണ്. അവിടുത്തെ ശിഷ്യരില്‍ ചിലര്‍ ബ്രാഹ്മണര്‍ ആയിരുന്നു. ബുദ്ധന്‍
ഉപദേശിക്കും കാലത്ത് സംസ്കൃതം ഭാരതത്തില്‍ വായ്മോഴിയല്ലായിരുന്നു.അന്ന് അത് പണ്ഡിതന്മാരുടെ
ഗ്രന്ഥഭാഷമാത്രമായിരുന്നു.ബുദ്ധന്‍റെ ചില ബ്രാഹ്മണശിഷ്യര്‍ക്ക് അവിടുത്തെ
ഉപദേശങ്ങള്‍ സംസ്കൃതത്തിലേക്ക് ഭാഷാന്ദരം ചെയ്യണമെന്നുണ്ടായിരുന്നു ; പക്ഷേ അവിടുന്ന് അവരോടു തുറന്നു പറഞ്ഞു ,''ഞാന്‍ പാവങ്ങള്‍ക്ക് വേണ്ടിയാണ് ,ജനങ്ങള്‍ക്ക് വേണ്ടി
;ഞാന്‍ ജനങ്ങളുടെ ഭാഷയില്‍ പറയട്ടെ'' .അതുകൊണ്ട് ഇന്നോളം,അവിടുത്തെ ഉപദേശങ്ങളില്‍ ഏറിയ ഭാഗവും അന്നത്തെ ഭാരതത്തിലെ വായ്മൊഴിയിലാണ്
(പാലിയില്‍).
തത്ത്വജ്ഞാനത്തിന്‍റെ നില എന്തുമാകട്ടെ ;
പരതത്വവാദത്തിന്‍റെ നില എന്തുമാകട്ടെ ; ലോകത്തില്‍
മരണമെന്നൊന്നുള്ളിടത്തോളം കാലം, മനുഷ്യഹൃദയത്തില്‍ ദൌര്‍ബല്യമെന്നോന്നുള്ളിടത്തോളം
കാലം,തന്‍റെ ദൌര്‍ബല്യംകൊണ്ട്
തന്നെ മനുഷ്യന്‍റെ ഹൃദയത്തില്‍നിന്ന് പുറപ്പെടുന്ന ഒരു കരച്ചില്‍ ഉള്ളിടത്തോളം
കാലം,ഈശ്വരനില്‍ വിശ്വാസം ഉണ്ടായിരിക്കതന്നെ ചെയ്യും .
ഒരുവശത്ത് ആ മഹാഗുരുവിന്‍റെ ശിഷ്യന്മാര്‍ വേദങ്ങള്‍
ആകുന്ന ശാശ്വതശിലകളാല്‍ ബലിഷ്ഠമാക്കപ്പെട്ടിരുന്ന തത്ത്വജ്ഞാനത്തെ തച്ചുടക്കുവാന്‍
ആഞ്ഞടിച്ചു.അവയെ തകര്‍ക്കാനവര്‍ക്ക് കഴിഞ്ഞില്ല. മറുവശത്ത് സ്ത്രീപുരുഷഭേദമെന്യേ
ഏവരും സപ്രേമം സമാശ്രയിച്ചിരുന്ന ശാശ്വാതെശ്വാരനെ അവര്‍ ജനമധ്യത്തില്‍ നിന്ന്
എടുത്തു മാറ്റിക്കളഞ്ഞു.ഫലമോ? ഭാരതത്തില്‍ ബുദ്ധമതത്തിനു
പ്രകൃത്യാതന്നെ അങ്ങു മരിക്കേണ്ടിയും വന്നു. ഇന്നു ഭാരതത്തില്‍,ബുദ്ധമതത്തിന്‍റെ ജന്മഭൂമിയില്‍,തന്നെത്താന്‍
ബൌദ്ധനെന്നുവിളിക്കുന്ന ഒരാളുമില്ല.
അതേസമയം ബ്രാഹ്മണ (വൈദിക)മതത്തിനും ചിലത്
നഷ്ടപ്പെട്ടു-ആപരിഷ്കരണോത്സാഹവും , ഏവരോടുമുള്ള ആ അദ്ഭുതമായ
അനുകമ്പയും അവുടാര്യവും,ബഹുജനങ്ങളിലേക്ക് ബുദ്ധമതം ആവാഹിച്ച
ആ അദ്ഭുതനവജീവനും;ഒരു ഹിന്ദുവും
അസത്യഭാഷിയായി അറിയപ്പെടുന്നില്ല.ഒരു ഹിന്ദുവനിതയും അസതിയായി
അറിയപ്പെട്ടിരുന്നില്ല എന്ന് ഒരു ഗ്രീക്ക്ചരിത്രകാരനെക്കൊണ്ട് ഭാരതത്തെക്കുറിച്ച്പറയത്തക്കവിധം
ഭാരതീയസമുദായത്തെ മഹത്താക്കിയതും ആ നവജീവന്‍ ആയിരുന്നുവല്ലോ?.
ഹിന്ദുമതത്തിന് ബുദ്ധമതത്തെക്കൂടാതെയോ,ബുദ്ധമതത്തിനു ഹിന്ദുമതത്തെക്കൂടാതെയോ ജീവിക്കുകസാധ്യമല്ല. അപ്പോള്‍
ശരിക്കു ധരിക്കൂ,ഈ വേര്‍പിരിയല്‍ ഞങ്ങള്‍ക്ക് എന്ത് കാണിച്ചുതരുന്നു
എന്ന്,ബൌദ്ധന്‍മാര്‍ക്ക് ബ്രാഹ്മണരുടെ കുശാഗ്രബുദ്ധിയും
തത്ത്വജ്ഞാനവും ഇല്ലാതെയും,ബ്രാഹ്മണര്‍ക്ക് ബൌദ്ധന്‍റെ
ഹൃദയാലുത്വം കൂടാതെയും നിലനില്ക്കാവതല്ല.ഇതാണ് ഹിന്ദു ബൌദ്ധവിയോജനം നമുക്ക്
കാണിച്ചുതരുന്നതായി നാം ധരിക്കേണ്ടത്.ബൌദ്ധരും ബ്രാഹ്മണരും തമ്മിലുണ്ടായ ഈ വേര്‍പാടാണ്
ഭാരതത്തിന്‍റെ അഥപധനത്തിനു കാരണം.അതുകൊണ്ടാണ് ഭാരതം
മുപ്പതുകോടിപിച്ചക്കാരുടെ പാര്‍പ്പിടമായിരിക്കുന്നത്;അതുകൊണ്ട്
കഴിഞ്ഞ ആയിരംകൊല്ലമായി ഭാരതം അക്രമികളുടെ അടിമയായി കഴിയുന്നതും.നമുക്കിനി,ബ്രാഹ്മണന്‍റെ അദ്ഭുതമേധാശക്തിയെ ആ പരമഗുരുവിന്‍റെ ഹൃദയത്തോടും
മഹാമനസ്സിനോടും അദ്ഭുതമായ മാനവീകരണ ശക്തിയോടും
യോജിപ്പിക്കാം.
ഈ ലേഖനം ഞാൻ കോപ്പി ചെയ്തിട്ടുണ്ട് ഞാൻ എഴുതുന്ന ഒരു ലേഖനത്തിനായി . കടപ്പാട് ഉപയോഗിച്ചിട്ടുണ്ട്
ReplyDelete